Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആങ്കുട്ടിപ്പൂവ്

Aankuttipoovu-1 അതേ "കുറ്റം' കുറേ വർഷങ്ങൾക്ക് മുമ്പ് ചെയ്ത് ശീലിച്ച് മനോഹരമായ ജീവിതപടവുകൾ കയറിയ അവന്റെ അച്ഛൻ- പ്രകാശൻ പി.ടിയുടെ ബാല്യകാല കുറിപ്പുകളും, ഒരു പ്രധാനപ്പെട്ട ക്ഷണക്കത്തും. വര– വിനോദ് വേദഗിരി

രാജ്യദ്രോഹക്കുറ്റത്തിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയ പതിനാല് വയസ്സുള്ള മകൻ നിരഞ്ജനെ ഒാർത്ത്, അതേ "കുറ്റം' കുറേ വർഷങ്ങൾക്ക് മുമ്പ് ചെയ്ത് ശീലിച്ച് മനോഹരമായ ജീവിതപടവുകൾ കയറിയ അവന്റെ അച്ഛൻ- പ്രകാശൻ പി.ടിയുടെ ബാല്യകാല കുറിപ്പുകളും, ഒരു പ്രധാനപ്പെട്ട ക്ഷണക്കത്തും.

രണ്ട്- ബി ക്ലാസ്സ്, അജ്ഞതയുടെ പിരമിഡ് ആയിരുന്നെങ്കിൽ കസേര ശരിക്കും നട്ടെല്ല് നിവർത്തി മരിച്ചവന്റെ ചരിത്രസ്മാരകമാണ്. മേശയാണെങ്കിൽ കഞ്ചാവടിച്ചുവരുന്ന അയൽവാസി ജോസഫേട്ടനെപ്പോലെ... മാറാരോഗങ്ങൾ പിടിപെട്ട് സദാനേരവും ശരീരമാട്ടി വിലപിക്കുന്നവരാണ് ബെഞ്ചുകൾ.

ഇതൊക്കെക്കൂടി ചേർന്നാൽ സൈനബടീച്ചറുടെ രണ്ടാംക്ലാസ്സായി. രണ്ട് ബി ക്ലാസ്സ് എന്നതിന്റെ കൂടെ പ്രകാശ് പി.ടി എന്നുപേരുള്ള എന്റെ ജീവിതത്തിലെ ആദ്യത്തെ പെണ്ണുകാണൽ ചടങ്ങിന് സാക്ഷ്യം വഹിച്ച ക്ലാസ്സ് എന്നും കൂടി ചേർക്കണം.

ഷിനി എന്നായിരുന്നു അവളുടെ പേര്.

കാണാൻ അത്ര ഭംഗിയൊന്നുമില്ലാത്ത അവളെ എന്തിന്റെ ആവേശത്തിലാണ് എഴാം വയസ്സുകാരൻ ആഗ്രഹിച്ചുപോയതെന്ന് ഇപ്പോഴത്തെ പത്തുനാൽപ്പത് ജനുവരി കണ്ടവന് തീർത്തും അജ്ഞമാണ്. കാർന്നോരും ഞാനും ഒരേ ക്ലാസ്സിലാണ്. കാർന്നോര് എന്നു പറഞ്ഞാൽ അച്ഛന്റെ ഏട്ടന്റെ മകൻ. എന്നേക്കാളും രണ്ടു കറുത്ത വാവിന്റെ മൂപ്പേ അവനുള്ളൂ. ഞാനും അവനും ഒരേ ക്ലാസ്സിലായതുകൊണ്ട് പെണ്ണുകാണൽ ചടങ്ങിന് ഏതായാലും പരോക്ഷത്തിൽ ഒരു കാർന്നോത്തരം സാധ്യമായി.

-ഡാ എനിക്കോളെ ഭയങ്കര ഇഷ്ടാ...

കാർന്നോര് ഞെട്ടി.

അവന്റെ വലിയ കണ്ണുകൾ ഉരുണ്ടുതുറിക്കുന്നതൊന്നും എന്നെ ബാധിക്കുന്ന കാര്യമേയല്ലെന്ന ലാഘവത്തോടെ ആ ഞെട്ടലിന് മുകളിലേക്ക് ഞാൻ അടുത്ത ആവശ്യം കൂടിയങ്ങോട്ട് വിരിച്ചിട്ടു.

-എനിക്കോളെ കല്ല്യാണം കഴിക്കണം.

സാമർത്ഥ്യവേഗതയിൽ എന്റെ പതിന്മടങ്ങ് പിന്നിലുള്ള സ്റ്റോപ്പിലാണ് അവൻ. പക്ഷേ, വകതിരിവിന്റെ കാര്യത്തിൽ അതിന്റെ ഇരട്ടി മുന്നിലുമാണ്. അതുകൊണ്ടുതന്നെ രണ്ടുമൂന്നാല് ദിവസം അവൻ അങ്ങനെയൊരു സംഭവം നടന്ന മേനിയേ കാണിച്ചില്ല. ഒടുവിൽ, കൂടെക്കൂടെയുള്ള എന്റെ ആവശ്യം സഹിക്കാൻ പറ്റാതെയായപ്പോൾ അവൻ തീർത്തുപറഞ്ഞു.

-ഞാൻ മേമയോട് പറയും(മേമ എന്ന് പറയുന്നത് സാക്ഷാൽ എന്റെ അമ്മ)

അത് കേട്ടതും ഇരച്ചുവന്ന കുറച്ച് തീക്കനൽക്കട്ടകൾ കല്ല്യാണചിന്തകളെയങ്ങോട്ട് നീരാവിയാക്കിക്കളഞ്ഞു. കാരണം, രണ്ടുദിവസങ്ങൾക്ക് മുമ്പാണ് അമ്മമാർ ദേഷ്യപ്പെടുമ്പോൾ ചിലപ്പോൾ തീക്കനലും ഉപയോഗിച്ചേക്കുമെന്ന ഭീതിജനകമായ തിരിച്ചറിവ് ഞാൻ സ്വന്തമാക്കുന്നത്. അച്ഛമ്മക്ക് കുറേ ആടുകളുണ്ട്. മക്കളുടെ പരിപാലനം കഴിഞ്ഞ് സ്വസ്ഥമായതിന് ശേഷമാണ് അച്ഛമ്മ ആടുകളുടെ അമ്മയായത്. യഥാർത്ഥ ഉടമസ്ഥ അച്ഛമ്മയാണെങ്കിലും താഴെയുള്ള തൊടിയിൽ നിറഞ്ഞുനിൽക്കുന്ന പുല്ല് തിന്നാൻ രാവിലെ അവയെ ഇറക്കിവിടേണ്ടതും വൈകുന്നേരം വലിച്ചുകയറ്റേണ്ടതും എന്റെ അമ്മയുടെ ഉത്തരവാദിത്തമാണ്. സ്ക്കൂൾ വിട്ടുകഴിഞ്ഞ വൈകുന്നേരങ്ങളിൽ ഞാൻ അമ്മയുടെ പിന്നാലെ കൂടും. കൈയ്യിൽ ഒരു ചെറിയ വടിയുമുണ്ടാകും. അന്ന് കൂട്ടത്തിലുള്ള ഒരാട്ടിൻക്കുട്ടി നടക്കാതെയായപ്പോൾ ഞാൻ വടികൊണ്ട് ആദ്യമൊന്നടിച്ചു. ചിണുങ്ങിക്കൊണ്ട് തിരിഞ്ഞുനിന്നപ്പോൾ വീണ്ടും അടിച്ചു. ചക്രങ്ങൾ നഷ്ടപ്പെട്ട കളിപ്പാട്ടവണ്ടിയെപ്പോലെ ആട് തിരിയാൻ തുടങ്ങിയപ്പോഴാണ് ജീവിതത്തിലാദ്യമായി ഞാൻ ആ പദം പ്രയോഗിച്ചത്.

-നടക്ക് പൊല്യാട്ച്ച്യേ, നടക്കാൻ...

വീടിന്റെ തൊട്ടുമുകളിലുള്ള പറമ്പിൽ കളിക്കുന്ന തല തെറിച്ച കുട്ടികളിലെ ബഹളങ്ങൾക്കിടയിൽ നിന്നും വീണുകിട്ടിയ പ്രയോഗം. ഭാഷയുടേയും വിശേഷണത്തിന്റേയും ഗൗരവമറിയാത്തവന്റെ നാക്ക് തുടരെത്തുടരെ അതേ ആകൃതിയിലും ആവേശത്തിലും ചലിച്ചപ്പോഴാണ് വീട്ടിലെത്തിയ എന്റെ മുന്നിലേക്ക് തീക്കനൽക്കട്ട നീട്ടപ്പെട്ടത്.

ഒരു കൈയ്യിലെ വലിയ ചിരട്ടയിൽ ചുവന്ന തീക്കനൽക്കട്ടകളും, മറുകൈയ്യിൽ സ്റ്റീൽകയിലും പിടിച്ച് അമ്മ!

-തൊള്ള തൊറക്കെടാ... തോന്ന്യാസം പറയണ ആ നാവ് അണക്കിനി വേണ്ട. തൊറക്കെടാ. ചിരട്ടയിലെ ജ്വലിക്കുന്ന ചോരക്കട്ടകൾ കയിലിലേക്ക് മാറ്റി അമ്മ വായിലേക്കിടാൻ മുഖത്തോടടുപ്പിച്ചു. കണ്ണിലേക്ക് ചൂടിന്റെ ആവി പടർന്നു.

ഒടുവിൽ സുരക്ഷിതത്വത്തിന്റെ ബ്രായ്ക്കറ്റ് നിർമ്മിച്ച് ആ തീക്കെണിയിൽ നിന്നും എന്നെ രക്ഷിച്ചത് അച്ഛച്ചനായിരുന്നു. അച്ഛച്ചന് കുട്ടികളെ തല്ലുന്നതും കരയിക്കുന്നതും തീരെ ഇഷ്ടമല്ലായിരുന്നു.

അങ്ങനെ കഴിഞ്ഞുപോയ ഒാർമ്മകളിലൂടെ എന്റെ ആവശ്യത്തിൽ തന്ത്രപൂർവ്വം കുരുക്കുകളിട്ട് മുറുക്കിയ കാർന്നോരോട് ഞാൻ മിണ്ടാതെയായി. അവനിൽ നിന്നും ക്രമേണ ഒഴിഞ്ഞ് നടക്കാൻ തുടങ്ങി. തമ്മിലുള്ള അകലം സഹിക്കാൻ കഴിയാതെയായപ്പോൾ അവനൊന്ന് മയപ്പെട്ടു.

-അണക്ക് അത്രക്ക് നിർബന്ധാണെങ്കിൽ ഒാളോട് ഞാമ്പറയാ.

ശ്വാസങ്ങളാൽ മാത്രം മുറിക്കപ്പെടാതിരുന്ന സൗഹൃദത്തിനിടയിൽ ഒരു ദിവസം അവൻ പച്ചക്കൊടി കാട്ടി.

-വേണ്ട, അമ്മയോട് പറയാനല്ലേ...

ഞാൻ കണ്ണിൽ വെള്ളം നിറയ്ക്കാൻ തുടങ്ങി.

-ഇല്ലെടാ. മ്മക്ക് ഒാളോട് പറഞ്ഞ് ശരിയാക്കാ 

അവൻ വലിയ കണ്ണുകൾ മിഴിച്ച് നന്നായി ചിരിച്ചു.

-വേണ്ട.

-അപ്പോ അണക്ക് പേടിയാണല്ലേ...

അവന്റെ പ്രകോപനത്തിനൊന്നും ഞാൻ പിടി കൊടുത്തില്ല. വേണ്ട എന്നു പറഞ്ഞാൽ വേണ്ട. അത്ര തന്നെ.

ദിവസങ്ങൾ കുറച്ചെണ്ണം സ്ക്കൂള് വിട്ട കുട്ടികളെപ്പോലെ പാഞ്ഞുപോയി.

Aankuttipoovu വെളുത്ത മാലാഘമാർ... അവരുടെ കൈകളിൽ വിരിഞ്ഞ വെളുത്ത പൂക്കൾ. അവർ ചിരിച്ചുകൊണ്ട് അതെനിക്ക് നേരെ നീട്ടി. ആ പൂക്കളുടെ കഴുത്ത് നീണ്ട് വന്ന് എന്നെ പൊതിഞ്ഞു. - വര: വിനോദ് വേദഗിരി

അന്നൊക്കെ മഴക്കാലങ്ങളിൽ ക്ലാസ്സിൽ മാഷുമാരില്ലാത്ത സമയം ഞങ്ങൾക്ക് ഒരു കളിയുണ്ട്. മേശക്ക് ചുറ്റും കുടകൾ നിവർത്തിയും ബാഗുകൾ തൂക്കിയിട്ട് മറച്ചും ഒരു കൂടുപോലെയുണ്ടാക്കും. മഴ പെയ്ത് ഇടിവെട്ടുന്ന നേരത്ത് ഞങ്ങളെല്ലാവരും കൂടി കഷ്ടപ്പെട്ട് നിർമ്മിച്ച ഇരുട്ടിൻകഷ്ണത്തിലേക്ക് പതിയെ ഉൗളിയിടും. എന്നിട്ട് അടയിരിക്കുന്ന കിളികളെപ്പോലെ തലകൾ പുറത്തേക്കാക്കി മഴ ആസ്വദിക്കും. അങ്ങനെയുള്ള ഒരു സന്ദർഭത്തിൽ ആകാശത്ത് മഴ മേഘങ്ങൾ നിർമ്മിച്ച ഇടിയുടെ പതിന്മടങ്ങ് ശക്തിയുള്ള ഒരിടിവാൾ കാർന്നോര് ഒറ്റക്ക് ക്ലാസ്സിനുള്ളിൽ രൂപപ്പെടുത്തി. അവൻ പോയി ഷിനിയോട് കാര്യം പറഞ്ഞു.

അവൾ എന്റെ മുഖത്തേക്കും അവന്റെ മുഖത്തേക്കും മാറിമാറി നോക്കി. പിന്നെ ഒരൊറ്റ ആർപ്പായിരുന്നു.

പുറത്തെ മഴയേക്കാളും ഭീകരമായി അവളുടെ കണ്ണിൽ നിന്നുള്ള പെയ്ത്ത്.

എന്റെ നെഞ്ചിൻകൂടാണെങ്കിൽ ഉള്ളിലെ മിടിപ്പിന്റെ വേഗതയിൽ തകരാനായി.

അതോടെ ദേഷ്യം മുഴുവൻ കാർന്നോരാടായി. ഇത്രയും ദിവസങ്ങൾ അവൻ എല്ലാം അടക്കി നിർത്തിയിട്ട് ഇന്ന് എന്തിനാണത് പറയാൻ മിനക്കെട്ടത്. അവനും ഭയത്തിന്റെ ചീളുകൾ വിഴുങ്ങിയതുപോലെ ഞെളിപിരി കൊള്ളുന്നുണ്ടായിരുന്നു. ടീച്ചർ ക്ലാസ്സിലെത്തിയാൽ രണ്ടു പേർക്കും ഉൽസവം ഉറപ്പാണ്. മൂത്രപ്പുരയുടെ അരികിലുള്ള കമ്മ്യൂണിസ്റ്റപ്പകൾ കാറ്റത്ത് ആടിക്കളിക്കുന്നു. സൈനബടീച്ചർ അപ്പവടി കൊണ്ടാണ് അടിക്കുക. അങ്ങനെ അന്നാദ്യമായി ഞാനും അവനും ചാടിപ്പോക്ക് പരിശീലിക്കാൻ നിർബന്ധിതരായി. പതിയെ ബാഗുമെടുത്ത് പിന്നാമ്പുറത്തെ വാതിലിലൂടെ കഞ്ഞിപ്പുര വഴി ആരും കാണാതെ പുറത്ത് ചാടി, കുട പോലും നിവർത്താതെ, തിരിഞ്ഞുനോക്കാതെ ഒരൊറ്റ പാച്ചിൽ. ആരൊക്കെയോ പിന്നിലുണ്ടെന്ന പൊട്ടചിന്തയിൽ ഒാട്ടത്തിനിടയിൽ എവിടൊക്കെയോ വീണു.

പാടം, വരമ്പ്, തെങ്ങുതോട്ടം, കീരേട്ടന്റെ പയറുകണ്ടം, കറപ്പേട്ടന്റെ കുളം....

വീടിനടുത്തെത്തിയപ്പോൾ പെട്ടെന്ന് കാർന്നോര് പിന്നിൽ നിന്നും എന്നെ പിടിച്ചുവലിച്ചു.

-ഡാ പ്പോ അങ്ങോട്ട് പോണ്ട. അതും ഇക്കോലത്തില്. വൈന്നേരായില്ല്യല്ലോ.

സംഗതി ശരിയാണ്.

നേരത്തെ വീട്ടിലെത്തിയാൽ ചോദ്യങ്ങൾക്ക് കുറവുണ്ടാകില്ല, പ്രത്യേകിച്ച് കൂട്ടുകുടുംബമായതിനാൽ.

അമ്മ, അച്ഛൻ, അച്ഛമ്മ, അച്ഛച്ചൻ, പാപ്പൻ, വല്ല്യമ്മ... അങ്ങനെ നീണ്ടുപോകും ആ നിര.

-യ്യെന്തിനാ ഒാളോട് ഇപ്പോ അത് പറയാൻ പോയത്?

എനിക്ക് ദേഷ്യവും കരിച്ചിലും വരുന്നുണ്ടായിരുന്നു.

 -പറ്റിപ്പോയെടാ.

അവൻ കുറ്റബോധപ്പെട്ടു.

ഞങ്ങളുടെ വീടിന് തൊട്ടപ്പുറത്ത് ഒരു വലിയ കാവുണ്ട്. നിറയെ ആൽമരങ്ങളും കാഞ്ഞിരവള്ളികളും പുല്ലാണികളും അപ്പക്കാടുകളും കൂരിവള്ളികളും ചിത്രോടക്കല്ലും ഒക്കെയുള്ള കാട്. കാർന്നോര് ആദ്യം കാവിനുള്ളിലേക്ക് നോക്കി. പിന്നെ എന്നേയും.

കാവിലെ ഏറ്റവും വലിയ ആൽമരത്തിന് ചുവട്ടിലേക്ക് പുല്ലാണിക്കാടുകൾക്കിടയിലൂടെ ഞങ്ങൾ നുഴഞ്ഞുകയറി.

മഴ ചോർന്നിരുന്നില്ല.

ആകെ നനഞ്ഞ് കുതിർന്നിട്ടുണ്ട്. മുകളിൽ ഇലകളുടെ തലപ്പാവ് കാരണം ഞങ്ങൾ ഇരിക്കുന്നിടത്തേക്ക് പിന്നീട് മഴത്തുള്ളികൾ വന്നില്ല. രണ്ട് ശരീരങ്ങളുടെ കിതപ്പുകൾക്കിടയിലേക്ക് ഇടക്കിടെ കുറ്റിച്ചൂളാന്റെ കരച്ചിലും കുരുവികളുടെ വർത്തമാനങ്ങളും വവ്വാലുകളുടെ ചിറകടികളും പാളി നോക്കി. കാപ്പി നിറത്തിലുള്ള വലിയ ചേരട്ടകളും കട്ടുറുമ്പുകളും വഴി മാറി നടന്നു.

തണുത്ത് വിറച്ച് കുറേ നേരം ഇരുന്നപ്പോഴേക്കും മഴ പതിയെ പതിയെ തേഞ്ഞു തീർന്നു. വെയിലിന്റെ ഇൗർക്കിൾക്കഷ്ണങ്ങൾ നനവ് കുത്തിയെടുക്കാൻ ചിലയിടങ്ങളിലൂടെ ഇറങ്ങി വന്നു. വസ്ത്രങ്ങൾ ഉൗരി പിഴിഞ്ഞ് വെയിലത്ത് ഉണക്കാനിട്ടു. ബാഗിൽ നിന്നും നനഞ്ഞ പുസ്തകങ്ങൾ പുറത്തെടുത്ത് വെയിലിലേക്ക് ചേർത്തുവെച്ചു. എന്നിട്ട് നിലത്ത് ചിതറിക്കിടക്കുന്ന ആലിലകളുടെ ഗർഭപാത്രത്തിലേക്ക് ഞങ്ങൾ ഒരു പോലെ മഴ പെയ്യരുതേ എന്ന പ്രാർത്ഥനയോടെ ചുരുണ്ടു.

നല്ല ഇടവെയിലുള്ളതിനാൽ പുസ്തകങ്ങളും ട്രൗസറും ഷർട്ടും വേഗം ഉണങ്ങിക്കിട്ടി. പുസ്തകങ്ങൾ ബാഗിലാക്കി ട്രൗസറും ഷർട്ടും ധരിച്ച് സ്ക്കൂൾ വിട്ട് വരുന്ന മറ്റ് കുട്ടികളേയും കാത്തിരിക്കുമ്പോഴാണ് ആ കാഴ്ച കാണുന്നത്.

പാപ്പൻ, അതായത് അച്ഛന്റെ അനിയൻ എണ്ണയൊക്കെ തേച്ച് ഉഴിഞ്ഞ് കാവിലേക്കങ്ങനെ നടന്നുവരുന്നു.

തൊണ്ട വരണ്ടുപോയി. ടീച്ചറിൽ നിന്നും കിട്ടാതെ പോയ അടി പാപ്പനിൽ നിന്നും കിട്ടും..

ഞങ്ങൾ അപ്പക്കാടിലേക്ക് ഒന്നുകൂടി പതുങ്ങി.

പാപ്പൻ രണ്ടുകൈകൊണ്ട് തലയിലും ദേഹത്തും ഉരസിക്കൊണ്ട് ഞങ്ങളുടെ തൊട്ടരികിലൂടെ നടന്ന് കുറച്ചപ്പുറത്തേക്കെത്തി. നീലഭൃംഗാദി വെളിച്ചെണ്ണയുടെ മണം ഞങ്ങൾ പതുങ്ങിയിരുന്നിടത്തേക്ക് പാളി നോക്കി. പാപ്പൻ സ്ഥിരമായി തലയിൽ ഇടുന്നത് ആ വെളിച്ചെണ്ണയാണ്. തോർത്ത് മാത്രമാണ് വേഷം. ചെറിയൊരു കാടിനടുത്തെത്തിയ മൂപ്പര് ചുറ്റുഭാഗവും നോക്കി തോർത്ത് ഒന്നാകെ മുകളിലേക്ക് കയറ്റി ഇരുന്നു. കാർന്നോരും ഞാനും പെട്ടെന്ന് മുഖം തിരിച്ചു. ഞങ്ങൾക്കറിയാമായിരുന്നു കാര്യങ്ങൾ.

വീട്ടിലെ കക്കൂസിൽ ആരെങ്കിലും ഉണ്ടെങ്കിൽ അത്യാസന്ന നിലയിലുള്ളവർക്കുള്ള വെന്റിലേറ്ററാണ് കാവ്. കാവിലേക്ക് പോകുന്ന സമയത്ത് ഞങ്ങൾ അവിടെ ഉണ്ടെങ്കിൽ പാപ്പൻ ച്യവനപ്രാശം വേണോടാ എന്ന് ചോദിച്ച് രണ്ടുപേരേയും വിളിക്കും. അതിന് പിന്നിൽ മറ്റൊരു കഥയുണ്ട്. നേഴ്സറീൽ പോണ കാലത്ത് പാപ്പൻ തിന്നുന്ന ച്യവനപ്രാശം ഞങ്ങൾ ചുളുവിൽ എടുത്തുകൊണ്ടുപോയി ചരുമുറിയിൽ വെച്ച് വൃത്തിയാക്കി തിന്നു. അമ്മയും വല്ല്യമ്മയും വന്ന് നോക്കുമ്പോൾ ഞങ്ങൾ ഒഴിഞ്ഞ കുപ്പിയും പിടിച്ച് ച്യവനപ്രാശം മേല് മുഴുവൻ വാരിത്തേച്ച് ചിരിച്ചോണ്ട് ഇരിക്കുകയായിരുന്നത്രേ. അരക്കുപ്പിയോളം ച്യവനപ്രാശം തീർത്തെന്നറിഞ്ഞ അച്ഛമ്മ എന്റെ കുട്ട്യോൾടെ കരള് കരിഞ്ഞുപോവുമെന്ന് കരഞ്ഞ് നെഞ്ചത്തടിച്ചു. പിന്നെ ഉള്ള ആടുകളെയെല്ലാം കറന്ന് പാലൂട്ടി. വൈകുന്നേരം പണി കഴിഞ്ഞുവന്ന പാപ്പൻ ച്യവനപ്രാശ കഥ കേട്ട് ചൂടാവുന്നതിന് പകരം പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്. അതിന് ശേഷമാണ് കാവിലേക്ക് പോകുമ്പോഴെല്ലാം പാപ്പൻ ച്യവനപ്രാശം വേണോന്നും ചോദിച്ച് ഞങ്ങളെ കളിയാക്കാൻ തുടങ്ങിയത്.

ഞാൻ ഇടക്കിടെ പാപ്പനെ നോക്കി. ഒന്നും വ്യക്തമല്ലെങ്കിലും പലപ്പോഴായി കണ്ണുതുറിക്കുന്നതും ആശ്വാസം കൊള്ളുന്നതും കാണാമായിരുന്നു. ഒടുവിൽ എല്ലാം കഴിഞ്ഞ് പാപ്പൻ കുറച്ചപ്പുറത്തേക്ക് മാറിനിന്ന് വീണ്ടും ചുറ്റുപാടും നോക്കി.

കാർന്നോര് മുഖം വീർപ്പിച്ച് ഒരേ ഇരിപ്പാണ്.

ഇപ്പോൾ പാപ്പൻ നിന്നുകൊണ്ട് വലതുകൈ ഉൗരയ്ക്ക് താങ്ങി തോർത്തുമുണ്ടിനടിയിലൂടെ ഇടതുകൈ കടത്തി എന്തൊക്കെയോ ചെയ്യുന്നുണ്ട്. ഞാൻ പതിയെ കാർന്നോരെ തോണ്ടി. അവൻ ദേഷ്യത്തിൽ എന്നെയൊന്ന് നോക്കി.

-ഇയ്യെന്താണ്ടാ തൂറണത് കണ്ടീല്ലേ?

-അതല്ലെടാ പാപ്പൻ വേറെന്തൊക്കെയോ ചെയ്യണ്ട്

അവനും മനസ്സില്ലാമനസ്സോടെ അങ്ങോട്ട് നോക്കി.

ഏകദേശം രണ്ടുമൂന്ന് മിനുട്ടോളം പാപ്പൻ അങ്ങനെത്തന്നെ നിന്നു. എന്തോ കുത്തി ദ്വാരമുണ്ടാക്കുന്നതുപോലെ പാപ്പന്റെ കൈകൾ ചലിക്കുന്നുണ്ടായിരുന്നു. അവസാനം, സെഞ്ച്വറിയടിച്ച ക്രിക്കറ്റ് കളിക്കാരനെപ്പോലെ  പാപ്പൻ  നന്ദിസൂചകമായി മുകളിലേക്ക് നോക്കി കുറേ നേരം നിന്നു. കൈയ്യിന്റെ വേഗം കുറഞ്ഞ് കുറഞ്ഞ് നിശ്ചലമായി. കൈ പിൻവലിച്ച് ഒരിക്കൽക്കൂടി ചുറ്റുപാടും നോക്കി പാപ്പൻ ഞങ്ങൾക്കരികിലൂടെ മൂളിപ്പാട്ടും പാടി നടന്നു പോയി.

പാപ്പൻ നന്നായി പാടുമായിരുന്നു. കേരളോൽസവങ്ങളിൽ പങ്കെടുത്ത് കിട്ടിയ കുറേ ട്രോഫികൾ പാപ്പന്റെ മുറിയിലുണ്ട്.

ഞാനും കാർന്നോരും മുഖാമുഖം നോക്കി. ഞങ്ങൾക്കൊന്നും മനസ്സിലായില്ല.-പാപ്പൻ എന്താ ചെയ്തത്?

ഞാൻ അവനോട് ചോദിച്ചു.

-ൻക്ക്യറ്യപ്പോ അത്.

അവൻ ചൂടായി. അവന് വിശക്കാൻ തുടങ്ങിയിരുന്നു, അല്ലെങ്കിലും അവനൊരു ചെറിയ തീറ്റ റപ്പായിയാണ്.

അപ്പോഴേക്കും സ്ക്കൂൾ വിട്ട് കുട്ടികൾ വരാൻ തുടങ്ങിയിരുന്നു. ഞങ്ങൾ ബാഗ് തോളിലേക്ക് ചേർത്ത് പതിയെ കാവിനുള്ളിൽ നിന്നും വീടിന്റെ വഴിയിലേക്ക് ചേർന്നു.

സംശയങ്ങളായിരുന്നു മനസ്സ് നിറയെ...

എന്നാലും പാപ്പൻ എന്തായിരിക്കും അവിടെ വെച്ച് ചെയ്തത്?

എട്ട്- എ ക്ലാസ്സ്, ഒച്ചുകൾ അഥവാ തലമുറജീനുകളുടെ തൊലിയില്ലാവണ്ടിയെ കാണിക്കുന്നു.

കാർന്നോരെ വല്ല്യച്ഛൻ വേറെ സ്ക്കൂളിൽ ചേർത്തു.

സ്ക്കൂൾ ജീവിതത്തിൽ അനുഭവപ്പെട്ട ആദ്യ മാറ്റം അതായിരുന്നു.

വലംകൈയ്യായി എന്നും കൂടെയുണ്ടായിരുന്നവനാണ്. സർക്കാർസ്ക്കൂളുകളിൽ പഠിപ്പ് കുറവാണെന്ന കാരണം പറഞ്ഞാണ് വല്ല്യച്ഛൻ ആ പണി ചെയ്തത്. ഞാൻ അവന്റെ സ്ക്കൂളിൽ ചേരാൻ ഒരു ശ്രമമൊക്കെ നടത്തി നോക്കി.

-പഠിക്കണംന്ന്ള്ളോൻ എവിടെ പോയാലും പഠിക്കും.

അച്ഛൻ അംബേദ്ക്കറായി, ഞാൻ സർക്കാർസ്ക്കൂളിന്റെ സ്വന്തം ആളുമായി.

പുതിയ സ്ക്കൂൾ, പുതിയ പുതിയ ചങ്ങാതിമാർ. 

ഹൈസ്ക്കൂളിലെത്തിയ ശേഷമാണ് ബാക്ക്ബെഞ്ച് എന്ന വിഖ്യാത ഇടത്തിനെപ്പറ്റി ധാരണയുണ്ടാവുന്നത്. പെൺക്കുട്ടികൾക്ക് അദ്ധ്യാപകരെ പേടിയായതിനാൽ അവരാരും അനുസരണക്കേടിന് വല്ലാതെ മുതിരാറില്ല, അത് ബാക്ക് ബെഞ്ചിലെ കുട്ടികളാണെങ്കിലും. പക്ഷേ, ബാക്ക് ബെഞ്ചിലെ ഒാരോ ആൺക്കുട്ടിയും ഒാരോ രാജ്യങ്ങളാണ്. പേര് പറയുകയാണെങ്കിൽ ഉനൈസ്, അനിൽകുമാർ, സജീർ, ബിജു, ഇല്ല്യാസ്, നജീബ്. "കച്ചറ'നിർമ്മാണത്തിന്റെ സംസ്ഥാനഅംഗങ്ങളായി സ്ക്കൂള് മുഴുവൻ വിലസുന്നവർ. സാധാരണ അവസ്ഥയിൽ മൂന്ന് വർഷമാണ് ഹൈസ്ക്കൂൾ വിദ്യാഭ്യാസം തികയ്ക്കാൻ വേണ്ടതെങ്കിൽ അവർ ഇപ്പോൾ തന്നെ മൂന്ന് വർഷം പൂർത്തിയാക്കിക്കഴിഞ്ഞിട്ടുണ്ട്. ഇൗ ആറംഗസംഘം ക്ലാസ്സിൽ ടെക്സ്റ്റ് ബുക്ക് കൊണ്ടുവരുന്ന പതിവൊന്നുമില്ല. ചില മാഷുമാർ ടെക്സ്റ്റ് കൊണ്ടുവരാത്തവരെ ക്ലാസ്സിൽ നിന്നും പുറത്താക്കും. ആ പുറത്താക്കലിൽ നിന്നും രക്ഷപ്പെടാനായി ഇവർ എന്നും പിരീയഡിന് മുമ്പായി തൊട്ടടുത്ത ക്ലാസ്സുകളിൽ പോയി പുസ്തകം കടം വാങ്ങിക്കൊണ്ടുവരും. അതിന് സഹായിക്കാൻ അവർക്കെല്ലാം ഒാരോ കാമുകിമാർ മറ്റ് ക്ലാസ്സുകളിൽ ഉണ്ടായിരിക്കും. ഇനി അഥവാ ഇല്ലെങ്കിൽ തന്നെ അവർ ഉണ്ടാക്കും. കണിശതയുള്ള അദ്ധ്യാപകരെ മറികടക്കാൻ തങ്ങളുടെ കാമുകിമാരിൽ നിന്നും പുസ്തകം വാങ്ങി അവർ നല്ല പിള്ള ചമഞ്ഞിരിക്കും. വൈകുന്നേരം ഞങ്ങൾ വലിയ ബാഗും ചുമന്ന് കിതച്ച് നീങ്ങുമ്പോൾ അവർ രണ്ടു നോട്ട് ബുക്ക് അരയിൽ തിരുകി കല്ല്യാണത്തിന് പോയി മടങ്ങുന്ന ലാഘവത്തോടെ നെഞ്ചുയർത്തി നടക്കും. ക്ലാസ്സിലെ പിൻബെഞ്ചിന്റെ ഭാഗത്തേക്ക് ഭൂരിഭാഗം അധ്യാപകരും ശ്രദ്ധിക്കാറില്ല എന്നത് വേറെ കാര്യം. അത് ഇൗ ആറംഗസംഘത്തോട് വിവേചനമുണ്ടായിട്ടൊന്നുമല്ല. ശ്രദ്ധിച്ചിട്ടും വലിയ കാര്യമൊന്നുമില്ല എന്ന് മനസ്സിലാക്കിയതുകൊണ്ടുള്ള ഒരുതരം സമരസപ്പെടലാണ്. 

പക്ഷേ, എനിക്ക് എന്തുകൊണ്ടോ അങ്ങനെ ഒരു വിഭാഗീയതയോട് തീരെ യോജിപ്പുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ എല്ലാവരോടും നന്നായി ഇടപഴകുകയും ചെയ്യും. പ്രത്യേകിച്ച് ഉനൈസിന്റെ ബെഞ്ചിൽ പോയിരുന്നാൽ ഏറ്റവും പുതിയ സിനിമകളുടെ കഥ കേൾക്കാൻ പറ്റും. അവർ അണ്ടിയും തേങ്ങയും കട്ട് വിറ്റ് പൈസയുണ്ടാക്കി ഇറങ്ങുന്ന പടങ്ങളെല്ലാം കാണും. പൊടിപ്പും തൊങ്ങലും വെച്ച് സ്വന്തമായി മ്യൂസിക്കൊക്കെയിട്ട് ഭംഗിയായി, സിനിമ കാണാത്തവർക്ക് പറഞ്ഞുതരികയും ചെയ്യും. കുട്ടത്തിൽ ഞാൻ ഏറ്റവും ചെറുതായതിനാൽ അവർക്ക് എന്നോട് വലിയ വാൽസല്യവുമായിരുന്നു.

അന്ന്, ക്ലാസ്സിൽ മാഷ് വരാത്ത പിരീയഡായിരുന്നു. ഞാൻ കുറച്ചു സമയം പിൻബെഞ്ചിൽ പോയിരുന്നു. ആ കൂട്ടത്തിൽ ഉനൈസിനെയാണ് എനിക്ക് കൂടുതൽ ഇഷ്ടം. ഉണ്ടക്കണ്ണുകളും കയറിയ നെറ്റിയും ചുരുണ്ട മുടിയും പ്രേംനസീറിനെപ്പോലെയുള്ള മീശയും വിരിഞ്ഞ ശരീരവുമുള്ള അവൻ ശാരീരികമായി നോക്കുകയാണെങ്കിൽ അദ്ധ്യാപകർക്ക് പോലും മുന്നിലായിരിക്കും. ചില്ലറ കുരുത്തക്കേടുകൾ ഒഴിച്ചു നിർത്തിയാൽ മൂത്താപ്പ എന്ന ഇരട്ടപ്പേര് വിളിക്കുന്ന അവൻ ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ നിഷ്ക്കളങ്കനായിരുന്നു.

പഠിക്കാൻ ഉനൈസ് പറ്റെ പുറകോട്ടായിരുന്നു. സ്ക്കൂൾ അദ്ധ്യാപകരുടെ തൊഴിൽ നഷ്ടപ്പെടാതിരിക്കാനുള്ള കൂട്ടുകൃഷിക്ക് ഇരപ്പെടുന്ന ഒരുപാട് പേരിൽ ഒരാളായ ഇൗ സുഹൃത്ത് എന്റെ ജീവിതത്തെ രണ്ടായി വിഭജിച്ചു.

ഉനൈസുമായുള്ള സൗഹൃദത്തിന് മുമ്പ്/ശേഷം.

ആ കഥയാണ് പറയാൻ പോവുന്നത്. ഹൈസ്ക്കൂൾ കാലത്തിന്റെ ആദ്യ ഘട്ടത്തിലാണ് എന്റെ മുഖത്ത് ഒന്നുരണ്ട് വലിയ കുരുക്കൾ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. ഒരു ദിവസം ഞാൻ അവന്റെ അരികിൽ പോയിരുന്നപ്പോൾ അവനാദ്യം ശ്രദ്ധിച്ചത് ആ കുരുക്കളെയായിരുന്നു.

-മോറാകെ നാശായല്ലടാ..

-അത് മുഖക്കുര്വാ.

അത് കേട്ട് അവനൊന്ന് ചിരിച്ചു.

-മോത്തുള്ളത് പിന്നെ മൊകക്കുരുല്ലാതെ ചന്തിക്കുര്വാവോ. മ്പക്ക് അതൊക്കെന്ന് ഉഷാറാക്കണ്ടേ..

അവൻ ചിരി കൊണ്ട് ചോദ്യം ചെത്തിമിനുക്കി.

എനിക്ക് ഒന്നും മനസ്സിലായില്ല. പക്ഷേ, മുമ്പ് കുരു കണ്ട് അമ്മയോട് ഭീതിപ്പെട്ടപ്പോൾ അതീ പ്രായത്തിലുണ്ടാവും എന്ന് മാത്രമേ അമ്മ പറഞ്ഞ് തന്നിരുന്നുള്ളൂ. തൽക്കാലം അതൊന്നും ഞാൻ അവനോട് പറയാൻ പോയില്ല.

-മേത്ത് കൊഴുപ്പ് വല്ലാതെ കൂടീട്ടാ പൊട്ടാ ഇത് വരൺത്. ഇയ്യ് പരിപാട്യൊന്നും തൊടങ്ങീട്ട്ല്ല്യ ലേ?

അവൻ മുഖം എന്റെ ചെവിയിലേക്ക് നട്ടുകൊണ്ട് പറഞ്ഞു.

-പരിപാട്യോ? എന്ത് പരിപാടി?

എനിക്കൊന്നും മനസ്സിലായില്ല.

-ഇത് പോകാനൊരു വഴിണ്ട്. പറയണോ?

അവൻ ചോദിച്ചു.

അങ്ങനെയൊരു വഴിയുണ്ടെന്നറിഞ്ഞപ്പോൾ അതറിയാൻ എനിക്ക് പൂതി തോന്നി. കാരണം കുരുക്കളാൽ കുറച്ച് അസ്വസ്ഥയുണ്ടായിരുന്നു മുഖത്ത്, പോരാത്തതിന് അതിങ്ങനെ മുഴച്ചുനിൽക്കുമ്പോൾ ഒരുതരം വൃത്തികേടും...

-എന്ത് വഴി?

ഞാൻ തിരക്കി.

ഉനൈസ് ആദ്യം പുറത്തേക്ക് നോക്കി, പിന്നെ പെൺക്കുട്ടികളുടെ ഭാഗത്തേക്ക് നോക്കി. ശേഷം ബെഞ്ചിന്റെ  മറുവശത്തിരുന്ന് ഏതോ സിനിമാക്കഥയിൽ മുഴുകിയ മറ്റ് സുഹൃത്തുക്കളേയും വളരെ സൂക്ഷ്മമായി നിരീക്ഷിച്ചു. ഒടുവിൽ എന്റെ ചെവിക്കരികിലേക്ക് മടങ്ങിയെത്തി.

-ഇത്ര കാലായിട്ടും തൊടങ്ങീലാന്ന് വെച്ചാ...

അവന്റെ മുഖം ചുവക്കുന്നത് ഞാനറിഞ്ഞു.

എന്നിട്ടും എന്താണവൻ ഉദ്ദ്യേശിച്ചതെന്ന് ഉൗഹിക്കാൻ പോലും കഴിഞ്ഞില്ല.

പിന്നീട് ഏകദേശം എട്ടുപത്ത് മിനുട്ട് നീണ്ട രഹസ്യഭാഷണത്തിലൂടെ അവൻ എന്റെ മനസ്സ് പിടിച്ച് നടന്നു. ഞാനാണെങ്കിൽ എന്തോ പാപം കേൾക്കുന്നവന്റെ കുറ്റബോധത്തോടെ ചെവി പൊത്തി ദൂരേക്കോടാൻ വെമ്പി. അപ്പോഴെല്ലാം ശരീരത്തിലെ ഏതൊക്കെയോ ധമനികൾ ജാരന്മാരെ പോലെ അതിൽ നിന്നും പിന്തിരിപ്പിക്കുന്നുണ്ടായിരുന്നു. കേൾക്കുന്നത് വേണ്ടാത്തതാണെന്നറിഞ്ഞിട്ടും ശരീരം അതിനായി പിന്നെയും പിന്നെയും ആഗ്രഹിക്കുന്നു. കുറച്ച് കഴിഞ്ഞപ്പോഴേക്കും ഒരദ്ധ്വാനവുമില്ലാതെ വെറുതെ അവൻ പറഞ്ഞത് കേട്ടുകൊണ്ടിരുന്ന ഞാൻ വല്ലാതെ വിയർത്തുപോയിരുന്നു.

-ഇയ്യൊന്ന് ടൈ്ര ചെയ്യടാ. ന്നട്ട് നാളെ എന്നോട് വിവരം പറയ്.

ഉനൈസ് ചിരിച്ചുകൊണ്ട് കണ്ണിറുക്കി.

ചുമക്കാൻ കഴിയാത്ത അത്രയും ആകാംക്ഷ താങ്ങിപിടിച്ചുകൊണ്ടാണ് ഞാൻ അന്ന് സ്ക്കൂളിൽ നിന്നുമിറങ്ങിയത്. ഉനൈസ് പറഞ്ഞത് ശരിയാണോ എന്നതായിരുന്നു എനിക്കാദ്യം തോന്നിയ സംശയം. പിന്നെ പിന്നെ സംശയങ്ങളുടെ നീണ്ട നിര ടിക്കറ്റ് കിട്ടാത്തവരെപ്പോലെ ഉന്തും തള്ളുമുണ്ടാക്കി. 

കേട്ടതൊരു നല്ല ശീലമല്ല എന്ന ഉപദേശം ഉള്ളിൽ കിടന്ന് വല്ലാതെ അലോസരപ്പെടുത്തിയെങ്കിലും അതിൽ സംഭവിച്ചേക്കാവുന്ന അവൻ പറഞ്ഞ സുഖാനുഭവത്തെ കുറിച്ചോർത്തപ്പോൾ ഞാൻ മറ്റെല്ലാം മറന്നു. രാത്രിയാകുന്നതുവരെ ഇൗയൊരു ചിന്തയുടെ തിരുവാതിരക്കളിയായിരുന്നു എന്റെ ചുറ്റിലും. 

അന്ന് വീടുപണി നടക്കുന്ന സമയമാണ്. മൂന്ന് റൂമുകളിൽ ഒന്ന് മാത്രമേ മുഴുവൻ പണി കഴിച്ചിട്ടുള്ളൂ. അവിടെയാണ് ഞങ്ങൾ എല്ലാവരും കിടക്കുന്നത്. കൂട്ടക്കിടത്തമാണ്. പിന്നെയുള്ള ഒരു മുറിയിൽ വീട്ടിലേക്ക് വേണ്ട മേശ, കസേര, അലമാര മറ്റ് ജംഗമവസ്തുക്കൾ നിക്ഷേപിച്ചിരിക്കുകയാണ്. വീടിന്റെ മുഴുവൻ പണി കഴിഞ്ഞിട്ടേ അതെല്ലാം അതത് സ്ഥാനങ്ങളിൽ ഇടം പിടിക്കുകയുള്ളൂ. ശേഷിക്കുന്ന അടുത്ത മുറിയിൽ വീടിന് ഘടിപ്പിക്കാനുള്ള ജന്നലുകളും വാതിലുകളും ഉണ്ടാക്കാനുള്ള മരങ്ങൾ വൃത്തിയായി അട്ടിവെച്ചിരിക്കുകയാണ്. അതായിരുന്നു എന്റെ പഠനമേശ. അതിന് മുകളിലായിരുന്നു എന്റെ പാഠപുസ്തകങ്ങളും സ്ക്കൂൾ ആയുധങ്ങളും. കറണ്ട് കിട്ടിയിട്ടില്ല. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ ഏകദേശം ആറരമണിക്ക് തന്നെ തുടങ്ങും പഠനം. അനിയത്തി ഡൈനിങ്ങ് ഹാളിൽ നിലത്തിരുന്നാണ് പഠിക്കാറ്. അത് നന്നായെന്ന് എനിക്കാദ്യമായി തോന്നി.

അങ്ങനെ ജീവിതത്തിലാദ്യമായി ഞാൻ ഉനൈസ് പറഞ്ഞുതന്ന വിദ്യ പ്രയോഗിക്കാൻ തീരുമാനിച്ചു. അതിനായി അനിയത്തി പഠനത്തിലാണെന്ന് ഉറപ്പുവരുത്തി. അച്ഛന്റേയും അമ്മയുടേയും സ്വകാര്യസംഭാഷണം തീർന്നിട്ടില്ലെന്ന് സ്ഥീരീകരിച്ചു. വാതിൽക്കൽ ഉണ്ടായേക്കാവുന്ന ചലനങ്ങൾ കാണത്തക്കരീതിയിൽ ഇരുന്ന് അവൻ പറഞ്ഞതോർത്ത് വിറ കൊണ്ടു.

ചുമരിലെ ക്ലോക്കിലെ സെക്കന്റ് സൂചി ഒാട്ടമൽസരത്തിൽ ചേർന്നതുപോലെ മുറുക്കി പാഞ്ഞു.

ആരെങ്കിലും മുറിയിലേക്ക് വരുമോ എന്ന ആധി പിടിക്കുമ്പോഴെല്ലാം ചുവപ്പിച്ച മുഖവുമായി അത് എന്നെ ഒറ്റക്കണ്ണുമായി നോക്കുന്നുണ്ടായിരുന്നു.

പുസ്തകത്തിലൂടെ എന്റെ കണ്ണുകൾ വെറുതെ ഇഴയുകയായിരുന്നു. അക്ഷരവടിവുകൾക്കെല്ലാം വല്ലാത്ത സൗന്ദര്യം, ലഹരി.

ഇരുപത് മിനുട്ട് കഴിഞ്ഞിട്ടും ഉനൈസ് പറഞ്ഞതുപോലെ ഒന്നും നടന്നില്ല. മാത്രമല്ല അപ്പോഴേക്കും അമ്മ അടുക്കളയിൽ നിന്നും ചോറുണ്ണാനുള്ള അറിയിപ്പ് അഴിച്ചുവിടുകയും ചെയ്തു.

വല്ലാത്ത നിരാശ്ശയായി.

ആൺക്കുട്ടിയല്ല എന്ന തോന്നൽ, അങ്ങനെയാണ് അവൻ പറഞ്ഞിരുന്നത്.

-എല്ലാ ആങ്കുട്ട്യേളും ചെയ്യണതാണ് ഇത്. ഞാനൊക്കെ തൊടങ്ങീട്ട് കൊല്ലം അഞ്ചാറെണ്ണം കഴിഞ്ഞു. ഇയ്യ് പ്പഴും മൊട്ടാടാ, വിര്യാൻ മറന്നോയ പാവം മൊട്ട്...?

രാത്രി ചോറുണ്ണാൻ കഴിഞ്ഞില്ല. അപ്പോൾ തന്നെ ഉനൈസിനെ കാണണമെന്ന് തോന്നി. ആധി പിടിച്ച എനിക്ക് ഉറക്കം നഷ്ടപ്പെട്ടു. ഇനി അവൻ പറഞ്ഞത് സംഭവിക്കാനുള്ള വഴികൾ എനിക്കില്ല എന്നുണ്ടോ? കരച്ചിൽ വന്നു. രാവിലെ സ്ക്കൂളിലേക്ക് ഒാടുകയായിരുന്നു. ക്ലാസ്സിലല്ല ഗേറ്റിങ്കലാണ് ഉനൈസിനെ കാത്തു നിന്നത്. നടന്നുവരുമ്പോൾ അവൻ എന്നെ നോക്കി വല്ലാതെ ചിരിച്ചു.

-എങ്ങനെണ്ട്രാ?

വലിയൊരു ഭൂഖണ്ഡം കണ്ടുപിടിക്കാൻ സഹായിച്ച സഹയാത്രികനെപ്പോലെ അവൻ ചോദിച്ചു.

ഗ്രൗണ്ടിൽ, ആളില്ലാത്ത ഭാഗത്തേക്ക് മാറ്റി നിർത്തി ഞാൻ കാര്യം പറഞ്ഞു, എനിക്ക് കരച്ചിലും സങ്കടവും നിരാശയും വരുന്നുണ്ടായിരുന്നു.

അവൻ വീണ്ടും നിഷ്ക്കളങ്കമായി ചിരിച്ചു.

-വെഷമിക്കണ്ട്ര. ആദ്യായിട്ടല്ലേ, ചെലോൽക്ക് അങ്ങനെയാ. ഒന്നാഞ്ഞുപിടിക്കെടാ യ്യ്.

അവൻ എന്നെ സമാധാനിപ്പിക്കാൻ പറഞ്ഞതാണെന്ന് എനിക്കുറപ്പായിരുന്നു.

-അത് പോട്ടെ.  അങ്ങനെ ചെയ്യണ സമയത്ത് അന്റെ മനസ്സിലെന്തേനി?

ഞാൻ ഒാർമ്മിച്ച് നോക്കി. സത്യത്തിൽ എന്തായിരുന്നു?

അച്ഛനോ അമ്മയോ അനിയത്തിയോ വന്നേക്കുമോ എന്ന ഭയമല്ലാതെ....

-അങ്ങനെ പ്രത്യേകിച്ചൊന്നൂല്ല.

-തേങ്ങാക്കൊല. അത് പോട്ടെ. അണക്ക് ലോകത്ത് വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട പെണ്ണേതാ?

-ന്റെ അമ്മ.

-അച്ഛനാ, യ്യ് ന്റേന്ന് വാങ്ങും ട്ടോ... ടാ ഇൗ സിനിമാ നടീളൊക്കെ ണ്ടാവൂലേ... അല്ലേല് അയൽവാസ്യേള്...

അതിപ്പോ ആരാ... ഞാനൊന്നോർത്തു.

-എനിക്ക് റോജയെ ഇഷ്ടാ, തമിഴ് നടി.

-എന്നാ ഒാലെങ്ങട്ട് വിചാരിക്ക് അപ്പോ.

-അതെങ്ങനാ? ങ്ങനൊരു പൊട്ടൻ. ഒരു കാര്യം ചെയ്യാം. ഞാൻ അണക്ക് വൈകുന്നേരം ഒരു സാനം തരണ്ട്. അപ്പോ ഒക്കെ മനസ്സിലാവും.

എന്താണ് സാധനം എന്ന് എത്ര ചോദിച്ചിട്ടും അവൻ പറഞ്ഞില്ല.

ഞങ്ങളവിടന്ന് തൽക്കാലം പിരിഞ്ഞു. പിന്നെയെനിക്ക് വൈകുന്നേരമാവാനായി തിടുക്കം. പിരീയഡുകൾ എത്ര ഉന്തിയിട്ടും അച്ഛമ്മയുടെ ആടുകളെ പോലെ മുന്നോട്ട് പോവാതെ തിരിഞ്ഞുനിന്നു. അങ്ങനെ ഒരു വിധത്തിൽ ദേശീയഗാനത്തിനുള്ള സമയമായി. അവസാനബെൽ മുഴങ്ങിയതും സ്ക്കൂൾ ഗ്രൗണ്ട് കുട്ടികളാൽ മൂടി. ഉനൈസിനെ കാണാനായി ഞാൻ തിരഞ്ഞു. തിരഞ്ഞ് തിരഞ്ഞ് ഗേറ്റ് കടക്കാനായപ്പോൾ ആ തിരക്കുകൾക്കിടയിൽ വെച്ച് അവൻ ചുളുവിൽ എന്റെ അരയിലേക്ക് മടക്കിയ കുറച്ച്  കടലാസുകൾ തിരുകിത്തന്നു. സ്ക്കൂൾ വിട്ടപ്പോ സ്വന്തം ക്ലാസ്സിൽ നിന്നും കാണാതായ അവൻ അവിടേക്ക് എവിടെനിന്നാണ് പൊട്ടിവീണതെന്ന് എനിക്ക് തീരെ മനസ്സിലായില്ല.

-ആരും കാണണ്ടേ, നാളെത്തന്നെ കൊണ്ടോരണം.

അതും പറഞ്ഞ് അവൻ പെട്ടെന്ന് കുട്ടികൾക്കിടയിൽ ലയിച്ചില്ലാതാവുകയും ചെയ്തു.

വീട്ടിലെത്തിയ ഉടനെ ഞാൻ അരയിൽ നിന്നും പുസ്തകം വലിച്ചൂരി. വിറക്കുന്ന കൈകളോടെ നിവർത്തി.

അതൊരു പുസ്തകമായിരുന്നു, മടക്കി മടക്കി ചെടിച്ചുപോയ ഒരു പുസ്തകം.

രണ്ട് ചുണ്ടുകൾ തമ്മിൽ ചേരുന്ന ചിത്രമായിരുന്നു മുഖച്ചട്ടയിൽ.

ഞാൻ ആ പുസ്തകം മുറിയിലെ മരക്കഷ്ണങ്ങൾക്കിടയിലേക്ക് ആരും കാണാത്ത വിധത്തിൽ തിരുകിവെച്ചു.

രാത്രിയിൽ പഠിക്കുന്ന നേരത്ത് തലേന്നാളത്തെ എല്ലാ തയ്യാറെടുപ്പുകളും നടത്തി പുസ്തകമെടുത്ത് നിവർത്തി വായിക്കാൻ തുടങ്ങി. ശരീരത്തിലെവിടൊക്കെയോ എന്തൊക്കെയോ മാറ്റങ്ങൾ, പടക്കം പൊട്ടുന്നതുപോലുള്ള നെഞ്ചിടിപ്പ്.

ഞാൻ വീണ്ടും ശ്രമിക്കാൻ തുടങ്ങി.

എന്റെ മനസ്സിൽ ആദ്യമായി ഒരു പെണ്ണിന്റെ പച്ചയായചിത്രം യാതൊരു മറയുമില്ലാതെ വളരെ ഭംഗിയോടെ ആ പുസ്തകം വരച്ചുചേർത്തു.

വേഗത കൂടി, ഭ്രാന്തമായ വാശിയായിരുന്നു.

ഒരു ചെറിയ വേദന, ശരീരമാകെ ഒരു തരിപ്പ്.

മുഖം മുകളിലേക്കുയർന്നു. ഗ്യാലറികളിൽ നിന്നെന്നപോലെ ചുറ്റുവട്ടത്തുനിന്നും ഹൂവാ എന്ന ശബ്ദം ചെവിയിലേക്കടിഞ്ഞു. വെളുത്ത മാലാഘമാർ... അവരുടെ കൈകളിൽ വിരിഞ്ഞ വെളുത്ത പൂക്കൾ. അവർ ചിരിച്ചുകൊണ്ട് അതെനിക്ക് നേരെ നീട്ടി. ആ പൂക്കളുടെ കഴുത്ത് നീണ്ട് വന്ന് എന്നെ പൊതിഞ്ഞു.

ഒരു പൂവ് പോലെ ശരീരം വിരിയുന്നത് ഞാൻ അറിഞ്ഞു.

തളർന്നിരിക്കുമ്പോൾ എനിക്ക് പണ്ടത്തെ കാവ് ഒാർമ്മ വന്നു, പാപ്പനെ ഒാർമ്മ വന്നു.

അപ്പോഴേക്കും ഒരാങ്കുട്ടിപ്പൂവിന്റെ സുഗന്ധം ആ മുറിയിലൊന്നാകെ പരന്നുകഴിഞ്ഞിരുന്നു.

സുഹൃത്തേ,

താങ്കൾക്കിത് വായിച്ചപ്പോൾ ഒരു പക്ഷേ പൈങ്കിളിയായി തോന്നിയിട്ടുണ്ടാകാം.  പക്ഷേ എനിക്കിത് ഒട്ടും പൈങ്കിളിയല്ല. കാരണം, പൊതുശൗച്യാലയത്തിൽ വച്ച് സ്വയംഭോഗം ചെയ്തു എന്നതിന്റെ പേരിൽ അറസ്റ്റിലായ മകന്റെ അച്ഛനാണ് ഞാൻ. കഴിഞ്ഞ പത്ത് പതിനഞ്ച് ദിവസമായി അവൻ ജയിലിലാണ്. അപ്പോൾ പിന്നെ തീർച്ചയായും ഞാനവന്റെ കാലത്ത് നിന്നുകൊണ്ട് എന്റെ കാലം ഒാർക്കുകതന്നെ ചെയ്യും. രാജ്യദ്രോഹക്കുറ്റമാണ് അവന്റെ മുകളിൽ ചുമത്തിയിരിക്കുന്നത്. ബഹുമാനപ്പെട്ട നിയമപാലകരും അധികാരികളും അത് രാജ്യദ്രോഹക്കുറ്റമായിട്ടാണ് കാണുന്നതെങ്കിൽ ഞാനവന്റെ പ്രവൃത്തിയെ ഉൽസവക്കൊടിയേറ്റമായാണ് കാണുന്നത്. അതുകൊണ്ടുതന്നെ അവൻ ഒരു ആങ്കുട്ടിപ്പൂവായി വിരിഞ്ഞതിന്റെ ആഘോഷമാണ് ഇൗ വരുന്ന സെപ്തംബർ 10 ഞായറാഴ്ച. ആയതിനാൽ നിങ്ങളെ ഏവരേയും അന്നേ ദിവസം വീട്ടിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുകയാണ്. ആ വഴി വന്ന് ഒരില ചോറ് തിന്നും കുറച്ച് പാട്ടുകൾ കേട്ടും അവനോടൊപ്പം നിൽക്കാം നമുക്ക്.

 സ്നേഹപൂർവ്വം പ്രകാശൻ പിടി