Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുരുഷൻ ഒരു ലെസ്ബിയൻ കവിത എഴുതുന്നു

kavithakal

കഥാകൃത്തുക്കൾ എഴുതിയ കവിതകളും കവികൾ എഴുതിയ കഥകളും വായിച്ചിട്ടുണ്ടോ? സുഭാഷ് ചന്ദ്രൻ, കെ.എ സെബാസ്റ്റ്യൻ, പി.വി. ഷാജികുമാർ, ഇ.സന്തോഷ്കുമാർ എന്നിവരുടെ കവിതകൾ..

പുരുഷൻ ഒരു ലെസ്ബിയൻ കവിത എഴുതുന്നു

subhash-chandran സുഭാഷ്‌ ചന്ദ്രൻ

മുള്ളും ഇലയും പരസ്പരം വീഴുന്ന 

ആ പഴംചൊല്ലിനെ മറന്ന് നമുക്കൊരിക്കൽ

ഇലയും ഇലയും തമ്മിലെന്ന പോൽ 

പ്രണയിക്കണം. 

        ഒരു ഇലത്താളം മുഴങ്ങുമ്പോൽ!

        ഇലത്താളത്തിനാരേ ആ പേരിട്ടു?

പരസ്പരം ഇഴുകിയിറങ്ങാൻ സാധിക്കാത്ത 

രണ്ടാഴങ്ങൾ അതിൽ വക്കുകളാൽ സന്ധിക്കുന്നു;

തങ്ങളുടെ ചുറ്റതിരുകളാൽ!

        അതിന്റെ നാഭിച്ചുഴികൾ നോക്കൂ

        അതിന്റെ പാവാടച്ചരടുകൾ!

ജീവിതോത്സവത്തിന്റെ ഉന്മത്തവാദ്യങ്ങളിൽ 

അതിന്റെ  പേരില്ല;  പക്ഷേ ഉൽസവം എന്ന വാക്കിൽ 

ഏറ്റവും മുഴങ്ങുന്നത്‌ അതാണ്

ൽ ൽ ൽ ൽ ൽ ൽ....

കേൾക്കുന്നില്ലേ?

        രണ്ടുപെണ്ണുങ്ങൾ തമ്മിൽ 

        എപ്പോഴും സാധ്യമാകുന്ന 

        സംസാരക്കലപിലയല്ല അത്‌.

        ആൺഖരങ്ങൾക്കിടയിൽ ഒലിക്കുന്ന 

        ചില്ലക്ഷരങ്ങളുടെ തേൻ!

        രണ്ട്‌ അർദ്ധഗോളങ്ങൾ 

        മുഖാമുഖം ഒട്ടി ഭൂഗോളം ചമയൽ!

        ശൂന്യതയെന്ന് കാണികൾക്കു തോന്നിയാലും 

        സ്നേഹത്തിന്റെ രണ്ട് 

        പാതിയാകാശങ്ങളുടെ കലരൽ!

        വായുദേവതയ്ക്ക്‌

        വെള്ളോട്ടിൽ തീർത്ത

        സ്തനകഞ്ചുകം. 

        രണ്ടു ലോഹച്ചിരട്ടകൾ കൊണ്ടൊരു 

        പെണ്ണപ്പം ചുടൽ!

പെണ്ണേ, അടുത്ത ജന്മത്തിൽ 

എനിക്കുമൊരു പെണ്ണാകണം

ഒന്നുമില്ലാത്തവർ പരസ്പരം 

വാരിക്കോരിക്കൊടുക്കുന്ന അൽഭുതം കാണിച്ച്‌ 

നമുക്ക്‌ ഭൂമിയിലെ എല്ലാ പുരുഷഗ്രന്ഥികളേയും

വ്രീളാവിവശരാക്കണം. 

        കൂട്ടിത്തൊടുവിക്കൂ....

        ഝിൽ!

        കാൽച്ചങ്ങലയുടെ കിലുക്കമല്ല അത്‌,

        ഉത്സവത്തിന്റെ ഒരുക്കം!

∙∙∙

മരിച്ചവരുടെ പാതിരാകുർബാന

k.sebastian കെ.എ. സെബാസ്റ്റ്യൻ

പണ്ടുമുതലേ പാതിരാകുർബാനകളെ

എനിക്കു പേടിയാണ്.

ഒരു മാസാദ്യ വെള്ളിയാഴ്ചയിൽ

ചാരുബെഞ്ചിലിരുന്ന് മരിച്ചുപോയ

അച്ഛൻ പാതിരാകുർബാനയിൽ

പങ്കുകൊള്ളുന്നതു ഞാൻ കണ്ടിരുന്നു.

        മറ്റൊരു കറുത്തവാവിന്റെ രാത്രിയിൽ

        ഷേവ് ചെയ്യാത്ത ചിറ്റപ്പനെ!

        രാമഴപെയ്ത ഇന്നലെ ചട്ടയും മുണ്ടും

        മേക്കാമോതിരവും ധരിച്ച 

    ‌     എന്റെ അമ്മയെ!

മേടയിൽ എ.സിയുടെ

തണുപ്പിലുറങ്ങുന്ന അച്ചനും

വീട്ടിലുറങ്ങുന്ന കപ്പ്യാരും

അറിയുന്നേയില്ല, പാതിരയിലെ

പള്ളിയിലെ വരുത്തുപോക്ക്.

        ഒരിക്കൽ ഊഞ്ഞാലും അമ്മിഞ്ഞയും

        ഓർത്തെടുത്ത ഒരു കുഞ്ഞ്

        വീട്ടിലേക്കുള്ള വഴി തിരയുമ്പോൾ

        അൾത്താരയിൽനിന്ന് ഇറങ്ങിവന്ന

        പുരോഹിതൻ അതിനെ

        വാരിയെടുത്തുകൊണ്ട് പറഞ്ഞു:

        അരുതു കുഞ്ഞേ, നമ്മൾ

        മരിച്ചവരാണ്.

വട്ടക്കല്ലിൽ കെടുത്തിവച്ച

ചൂട്ടുകറ്റകൾ തിരിച്ചുകൊണ്ട് അവർ

തിരിച്ചുപോയി; കുന്നിറങ്ങിയപ്പോൾ

ചൂട്ടുകറ്റകളുടെ ദീപക്കാഴ്ച തീർന്നു.

കുന്നിൻ മുകളിൽ പരലോകത്തിന്റെ

ഇരുട്ടു നിറഞ്ഞു.

∙∙∙

സത്യേട്ടന്‍

pv-shajikumar പി.വി. ഷാജികുമാർ

സത്യവതിയുടെ റിസൽറ്റ്

കാത്തുനില്‍ക്കവെ

സത്യേട്ടന്‍ കരഞ്ഞു.

സത്യേട്ടനെന്ന 

പേരായിട്ടും 

ഉള്ളിലൊരുതുള്ളി

സത്യേട്ടനില്ലാതിരുന്നിട്ടും

സത്യവതിയോടിനി

സത്യേട്ടനായിരിക്കുമെന്ന്

ദൈവത്തെ പിടിച്ചൂ

സത്യേട്ടന്‍.

        സത്യേട്ടന്റെ 

        സത്യേട്ടനാവലില്‍ 

        സത്യം തോന്നി

        ദൈവം 

        ലാബ് റിപ്പോര്‍ട്ടില്‍ 

        സത്യം തിരുത്തി.

സത്യവതിയുടെ കാന്‍സര്‍ 

നട്ടെല്ലിലെ തേയ്മാനമായി.

        സന്തോഷേട്ടനായി

        സത്യേട്ടന്‍ 

        ലല്ല ലലലാ നടക്കുമ്പോള്‍

        മുന്നിലതാ മോഹിനി.

സത്യേട്ടാ..

സത്യത്തിന് വയസ്സായില്ല..

സ്വർഗവാതില്‍പ്പക്ഷിയെക്കൊണ്ട്

ദൈവം തൊണ്ട തുറപ്പിച്ചത് 

വെറുതെ.

സത്യേട്ടന്‍ സത്യേട്ടനെ 

കാറ്റില്‍പറത്തിയത് 

പെട്ടെന്നായിരുന്നു.

∙∙∙

പുറപ്പാട്

e-santhosh-kumar ഇ. സന്തോഷ് കുമാര്‍

തിബത്തന്‍ അഭയാർഥി ഗ്രാമം,

സന്ന്യാസി മഠം.

വൈകുന്നേരം,

സുവര്‍ണക്ഷേത്രത്തിന്റെ കവാടം

സൂര്യകിരീടം പോലെ.

        തെരുവുകളില്‍ തിരക്കു കുറവായിരുന്നു.

        വിൽപനക്കാരും.

സന്ധ്യാവന്ദനത്തിനു പുറപ്പെട്ട ഇളംകാറ്റ്

തെന്നിവീഴാതിരിക്കാനെന്നോണം

ലാമമാരുടെ കുങ്കുമക്കുപ്പായങ്ങളില്‍ 

പിടിച്ചു. 

ഒരു മഴ ചാറി വന്നു,

പിണങ്ങി,

പിന്നെ മാഞ്ഞു പോയി.

        കടകളില്‍ പനിപിടിച്ച വെളിച്ചം. 

        കൂനിക്കൂടിയിരിക്കുന്ന ആ നിഴല്‍

        ഒരു വയസ്സന്‍ സന്ന്യാസിയാണ്. 

        ഇത്തിരിയോളം ചായ കൊണ്ട് 

        അയാള്‍ തണുപ്പിന്റെ ഒരു നദി കടക്കും.

കാണുന്നുണ്ടോ, കാണുന്നുണ്ടോ -

അയാളുടെ നെറ്റിയില്‍ കാലം വരച്ച

ഏകാന്തതയുടെ വാര്‍ഷികവലയങ്ങള്‍?

കേള്‍ക്കുന്നുണ്ടോ, കേള്‍ക്കുന്നുണ്ടോ -

ആ ചായക്കോപ്പയുടെ ശൂന്യതയില്‍ 

നിന്നു

നാടു നഷ്ടപ്പെട്ട മനുഷ്യര്‍ 

ഉള്ളിലൊതുക്കിയ

ഒരു കൊടുങ്കാറ്റിന്റെ 

നിശ്ശബ്ദമായ ആരവം?

        മഠത്തിനു പിന്നിലെ മൈതാനത്തില്‍ 

        പന്തുകളിക്കുന്ന കുഞ്ഞുലാമമാര്‍.

        മുണ്ഡനം ചെയ്യപ്പെട്ട ശിരസ്സുകള്‍,

        അവരില്‍നിന്നു ഞെട്ടറ്റുവീണ 

        കുട്ടിക്കാലം.

ആരോ നീട്ടിയടിച്ച പന്ത്

കളിയില്‍നിന്നു വഴിതെറ്റി

നമ്മുടെ നേര്‍ക്കു വന്നു.

മറ്റൊരു ലോകത്തുനിന്നുള്ള

ഒരു ചോദ്യം.

        മൈതാനത്തിലേക്കു തന്നെ 

        അതു തിരിച്ചുവിടുമ്പോള്‍

        സുവര്‍ണക്ഷേത്രത്തിലെ

        മണികള്‍ മുഴങ്ങുകയായി.

ദൂരെനിന്നു മഴ തിരിച്ചെത്തി.

(കര്‍ണാടകത്തിലെ ബൈലക്കൂപ്പ, സെപ്റ്റംബര്‍ 2010)

Read More Articles on Malayalam Literature & Books to Read in Malayalam