Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു ലൈക്ക്, പ്ലീസ്

KAVITHAKAL

കഥാകൃത്തുക്കൾ എഴുതിയ കവിതയും കവികൾ എഴുതിയ കഥകളും വായിച്ചിട്ടുണ്ടോ? സന്തോഷ് എച്ചിക്കാനം, പി.എഫ്. മാത്യൂസ്, വി. ദിലീപ്, ബിപിൻ ചന്ദ്രൻ എന്നിവരുടെ കവിതകൾ..

ഇഴയടുപ്പം

സന്തോഷ് ഏച്ചിക്കാനം

മഴയിൽ നിലാവിന്റെ നൂലുകൾമുക്കി–

യെടുത്തിട്ടൊരു തുകിൽ തുന്നണം

അതിലെനിക്കെന്റെയോർമകൾ

കടഞ്ഞെടുത്ത നിറത്തിനാൽ

എഴുതിയെടുക്കണം നിന്റെ നിർമല രൂപം

കാത്തിരുന്നു നീയടുത്തുവരുന്തോറും

കാലവർഷത്തിൽ മാഞ്ഞുപോകുന്നു ഞാനും

എന്റെയോർമയും നീയാ തുകിൽ പോലെന്നെ–

യെടുത്തെങ്ങോട്ടോ മറയുന്നു...

∙∙∙

ഒരു ലൈക്ക്, പ്ലീസ്

dileep

വി. ദിലീപ്

സർ, ഒരു ലൈക്ക് 

തന്നേച്ചും പോകണം സർ.

സോഷ്യൽമീഡിയയിൽ 

സുരക്ഷിതവിപ്ലവം നയിക്കുന്ന 

ഒരു എൻജിഒ എന്നനിലയിൽ 

സാമൂഹികപ്രതിദ്ധത തെളിയിക്കാൻ 

എനിക്കിതു കൂടിയേ തീരൂ.

മനുഷ്യസ്‌നേഹിയെന്ന ബലൂൺ 

ഊതിവീർപ്പിക്കെ കീഴ്ശ്വാസം 

പോകാതിരിക്കാൻ 

കനിവോടെയെന്നെ ലൈക്കിവിട്ടൂടേ സർ?

മെയിൽ ഷോവനിസ്റ്റായിട്ടും 

ചങ്ക്‌ഫെമിനിസ്റ്റായി നിവരാൻ....

കൈക്കൂലിക്കാരനായിട്ടും 

കമ്യൂണിസ്റ്റായി നെഞ്ചുവിരിക്കാൻ....

പേനയോടു പോലും

പ്രതിബദ്ധതയില്ലാത്ത 

സാഹിത്യകാരനായിട്ടും

മൗലികപ്രതിഭയുടെ കിരീടമണിയാൻ....

വേണം സർ താങ്കളുടെ വിലപ്പെട്ട ലൈക്ക്.

നിരീശ്വരവാദിയായ 

ഈശ്വരവിശ്വാസിയെന്ന നിലയിൽ 

ഇതുകൂടി പറയട്ടെ.,

എന്നെ കൈവിടാതിരുന്നാൽ 

സാറിനും കുടുംബത്തിനും 

വലംപിരിശംഖിന്റെ

പുണ്യം കൈവരും.

സോ...മടിച്ചു നില്ക്കാതെ, 

മിഴിച്ചു നില്ക്കാതെ

പ്രപഞ്ചനന്മയെ കരുതി

കുടുംബ നന്മയെ കരുതി

കുത്തിയേച്ചു പോകണം 

സർ ഒരു ലൈക്ക്..!

∙∙∙

വാക്ക്

mathew

പി.എഫ്. മാത്യൂസ്

പുഴക്കരയിലെ ആകാശത്തേക്ക്

വിറയലോടെ കയറിപ്പോയ

ചുവന്ന പട്ടം എന്റെ- 

മുത്തശ്ശി പറഞ്ഞ  കഥയാണ്.

        അതുകേട്ടുറങ്ങിയുണർന്നപ്പോൾ

        ഓർമകളിറങ്ങിപ്പോയ 

        മുത്തശ്ശിയുരുവിട്ട വാക്കുകളിൽ

        കഥയില്ലായിരുന്നു.

        കെട്ടറുത്തിറങ്ങിപ്പോന്ന

        വാക്കിന്റെ ചന്തം ചോര നിലാവായാ -

        കാശം കയറിത്തുടങ്ങി...

 ∙∙∙

വിശപ്പുവരപ്പ്

vipin

ബിപിൻ ചന്ദ്രൻ

ചീട്ടുകളി ക്ലബിന്റെ ഓണാഘോഷം

കുട്ടികളുടെ പടംവരപ്പിനു വിഷയം–

കുമ്പിളിൽ കഞ്ഞികുടിക്കുന്ന കോരൻ!

        കെന്റക്കിക്കുഞ്ഞുങ്ങളുടെ 

        കടലാസിലൊക്കെ

        കുടവയറൻ കോരന്മാർ നിറഞ്ഞു.

മെലിഞ്ഞുണങ്ങിയ കോരന്റെ 

ചിലന്തിവല കെട്ടിയ 

ചന്തിവരച്ചവന്

സമ്മാനമൊന്നും കിട്ടിയില്ല.

∙∙∙

Read More Articles on Malayalam Literature & Books to Read in Malayalam