Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാധവിക്കുട്ടിയുടെ എന്റെ കഥയ്ക്ക് ഇന്നു പിറന്നാള്‍

madavikutty എന്റെ കഥയ്ക്ക് 42 വയസ്

പിറന്നാളും ഓർമ ദിനവും ഒന്നും അല്ലാഞ്ഞിട്ടും ഗൂഗിൾ ഇന്ന് ഡൂഡിൽ ഒരുക്കി മാധവിക്കുട്ടിയെ ആദരിക്കുന്നു. "എന്റെ കഥ" എന്ന അപൂർവ്വ സുന്ദരമായ പുസ്തകത്തിന്റെ ഓർമയ്ക്കായി മാത്രം. 1976 ൽ ഈ ദിവസമാണ് ആത്മകഥ എന്ന് അവകാശപ്പെടാവുന്ന "എന്റെ കഥ" പുറത്തിറങ്ങിയത്. അതിന്റെ ഓർമയ്ക്കായി ഗൂഗിളിലെ കലാകാരനായ മഞജിത് ഥാപ്പ് ആണ് ഇതൊരുക്കിയത്. 

ഓരോ എഴുത്തുകാരികളെയും പോലെ വിചാരിക്കും എന്നാണു "എന്റെ കഥ" പോലെ ജീവിതത്തെ ഇങ്ങനെ തുറന്നു പിടിച്ച ഒരു ആത്മകഥ എഴുതാനാവുക? മാധവിക്കുട്ടിയുടെ മുഖവും എഴുത്തു ശൈലിയും ഉണ്ടായിട്ടുള്ള എത്രയോ പേരുണ്ടായിട്ടും വീണ്ടും ഒരു മാധവിക്കുട്ടി ഉണ്ടാകാത്തത് അത്രമേൽ സ്വന്തം ജീവിതത്തെ ആർക്കും തുറന്നു വയ്ക്കാൻ ആകാത്തതു കൊണ്ടാണ്. അക്ഷരങ്ങൾക്കൊപ്പം ശരീരവും ആഘോഷിക്കപ്പെട്ട എഴുത്തുകാരിയായിരുന്നു മാധവിക്കുട്ടി എന്ന കമല സുരയ്യ. അതെ കാരണം കൊണ്ടു തന്നെയാണ് സംവിധായകനായ കമൽ "ആമി" എന്ന ചിത്രമെടുക്കുമ്പോൾ അതിൽ മഞ്‍ജു വാരിയർ എന്ന മാധവിക്കുട്ടിയുടെ ശരീരത്തോട് ഒട്ടും ചേരാത്ത ഒരാൾ വന്നപ്പോൾ മലയാളി അതിനെ കൃത്യമായി എതിർത്തത്. ഒരിക്കലും അക്ഷരങ്ങൾ മാത്രമായിരുന്നില്ല അവർ. 

ഒരു സ്ത്രീയ്ക്ക് അവരുടെ ജീവിതം, അതും ബാല്യവും കൗമാരവും കടന്നു യൗവ്വനവും ഇങ്ങനെ പരസ്യപ്പെടുത്തി എഴുതാമോ? അത്ര എളുപ്പമായിരുന്നില്ല മാധവിക്കുട്ടിക്ക് "എന്റെ കഥ" പുറത്തിറങ്ങിയതിന് ശേഷം മുന്നോട്ടുള്ള പോക്ക്. കുടുംബത്തിൽ നിന്നും സുഹുത്തുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നുമൊക്കെയുണ്ടായ എതിർപ്പുകളെ മറികടന്നു തന്നെയാണ് മാധവിക്കുട്ടി ജീവിതം അക്ഷരങ്ങളാക്കിയത്, അതുകൊണ്ടു തന്നെ എതിർപ്പുകൾ നാലുവശത്തു നിന്നും ബാധിച്ചിരുന്നു. 

aami–google

പ്രണയത്തെ കുറിച്ച് അത്രമേൽ ഉറക്കെ സംസാരിക്കുക എന്നാൽ ആഴത്തിൽ പ്രണയിക്കുക എന്നും കൂടിയാണ്. പ്രണയം എന്നാൽ ആത്മാവിനോട് ഇഴുകി ചേർന്നു പോയ ഒരു അനുഭൂതിയായിരുന്നു അവർക്ക്. ശരീരത്തിനുമപ്പുറം പ്രണയം എന്ന അനുഭൂതിയെ കണ്ടെത്തലായിരുന്നു മാധവിക്കുട്ടി നടത്തിയിരുന്നത്, ഒരുപക്ഷേ, സാധാരണ മനുഷ്യർക്ക് ബുദ്ധിമുട്ടുള്ള നിലപാട്. ഓരോ പ്രണയത്തിലും അവർ പൂർണമായി അഭിരമിച്ചു, പിന്നീട് മുറിവേൽക്കുകയും കരയുകയും വീണ്ടും പ്രണയത്തിനായി ഉൽക്കടമായി കൊതിക്കുകയും ചെയ്തു, അതിനു ശേഷം അടുത്ത പ്രണയത്തിലേക്ക് ആ മുറിവ് പറ്റിയ ഹൃദയവുമായി അവർ ചെന്ന് കയറുകയും ഹൃദയം വീണ്ടും തളിർക്കുകയും പൂവിടരുകയും ചെയ്തു. അതെ! സാധാരണക്കാർക്ക് മാധവിക്കുട്ടിയുടെ പ്രണയത്തെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടു തന്നെ എന്റെ കഥ എന്ന പുസ്തകത്തെ കണ്ടെത്തുകയും ബുദ്ധിമുട്ടാണ്.

അനുഭവങ്ങളിലൂടെ മാത്രമായിരുന്നില്ല പലപ്പോഴും എന്റെ കഥ വളർന്നത്. ഭാവനയുടെയും അനുഭവത്തിന്റെയും മിശ്രമായ പ്രതികരണമായിരുന്നു എന്റെ കഥ എന്ന പുസ്തകം. പലയിടത്തും അത്തരമൊരു പ്രസ്താവന മാധവിക്കുട്ടി നടത്തിയിട്ടുള്ളത് അധികമാരും ശ്രദ്ധിക്കുകയും ചെയ്തില്ല. സ്വപ്‌നങ്ങൾ ഭാവനകളായി പുറത്തു വരുമ്പോൾ എല്ലാം എഴുത്തുകാരിയുടെ ജീവിതത്തോട് ചേർത്ത് കെട്ടി വയ്ക്കാനായിരുന്നു വായനക്കാർക്കും താൽപ്പര്യം. നമ്മൾ അറിയുന്ന ജീവിതങ്ങളിൽ വന്നുപെടുന്ന ദുരന്തങ്ങൾക്ക് കാഴ്ച സുഖമുണ്ടാകുമല്ലോ എന്ന മനുഷ്യ ചിന്താഗതി തന്നെയാണ് എഴുത്തുകാരിയെ സദാചാര പ്രണയികളുടെ സ്ഥിരം ഇരയാക്കി മാറ്റിയത്.

മാധവിക്കുട്ടിക്ക് ഒന്നും പ്രശ്നമായിരുന്നില്ല. സഹായം ആഗ്രഹിച്ചു വരുന്നവർക്ക് കയ്യിൽ കിടക്കുന്ന വളയൂരി കൊടുത്തു, പ്രണയം അഭ്യർത്ഥിച്ചു വരുന്നവർക്ക് സ്വതസിദ്ധമായ ചിരിയും നൽകി അവർ മനുഷ്യരുടെ സദാചാര നിലപാടിനോട് കലഹിച്ചു. മനുഷ്യത്വം ആവോളമുണ്ടായിരുന്ന ഒരു സ്ത്രീ എന്നതിനപ്പുറം പ്രണയത്തിനു വേണ്ടി എന്തും ചെയ്യാൻ മടിയ്ക്കാത്തവളായി മാധവിക്കുട്ടി മാറുന്നത് കമല സുരയ്യയിലേക്കുള്ള മാറ്റത്തിലൂടെയാണ്. എന്റെ കഥ വിവാഹത്തിന്റെ ജീവിതത്തിൽ കൊണ്ട് വന്നു നിൽക്കുകയാണ്. മതം മാറ്റം പിന്നീട് അവരുടെ ജീവിതം കണ്ട ഏറ്റവും വലിയ സത്യമായിരുന്നെങ്കിൽ അത് മുഴുവനായി അക്ഷരങ്ങളിലേക്ക് പകർത്താൻ എഴുത്തുകാരിക്ക് ആയിട്ടില്ല. 

എന്റെ കഥ, ആത്മകഥ എന്ന് പറയുമ്പോഴും അതിനുള്ളിലെ ഭാവനയുടെ തീവ്ര പ്രസരം കാണാതെ പോകരുത്. ജീവിതം അത്രമേൽ തുറന്നിങ്ങനെ കിടക്കുമ്പോൾ എല്ലാം അതിനുള്ളിൽ നിന്ന് വരുന്നതാണെന്നും കരുതരുത്. ആത്മാവിനുള്ളിൽ മൂടി വച്ച രഹസ്യങ്ങളെ സങ്കൽപ്പങ്ങളുടെ കൂട്ട് പിടിച്ചെഴുതാൻ എഴുത്തുകാർക്ക് കഴിവുകളുണ്ട്. അതിനെ മടിയില്ലാതെ എഴുതാനും ജീവിതത്തിൽ പകർത്താനും ആയി എന്നത് തന്നെയാണ് മാധവിക്കുട്ടിയെ ജനപ്രിയയാക്കുന്നത്. എഴുത്തുകാരിയുടെ പ്രിയപ്പെട്ടവളും വായനക്കാരുടെ വൈകാരികതയും ആക്കി മാറ്റുന്നത്. അങ്ങനെ വരുമ്പോൾ "എന്റെ കഥ" ഒരു ഗവേഷ പുസ്തകമാകുന്നു. എത്ര പഠനങ്ങൾക്കും സിനിമകൾക്കും നിരൂപണങ്ങൾക്കും വായനയ്ക്കും അപ്പുറം നിൽക്കുന്ന ഒരു ഊർജ്ജ പ്രവാഹം ആ പുസ്തകം പേറുന്നുണ്ട്. 

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം