Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപ് അത്തരത്തിൽ പ്രവർത്തിക്കുന്നയാളല്ല: കമൽ

vidya-kamal-manju

മലയാളത്തിന്റെ പ്രിയപ്പെട്ട മാധവിക്കുട്ടിയാകാൻ വിദ്യാ ബാലനു പകരം മഞ്ജു വാര്യർ. എഴുത്തുകാരി മാധവിക്കുട്ടിയുടെ കഥ പറയുന്ന ചിത്രമായ ‘ആമി’യിൽ നിന്നും ബോളിവുഡ് അഭിനേത്രി വിദ്യാബാലൻ പിന്മാറിയതിന്റേയും ആ സ്ഥാനത്തേക്കു മഞ്ജു വാര്യർ എത്തിയതിന്റേയും കഥകൾ സംവിധായകൻ കമൽ വിശദീകരിക്കുന്നു. ഒപ്പം സമകാലികമായി സിനിമ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും മനസു തുറക്കുന്നു.

എന്തുകൊണ്ടാണ് ‘ആമി’യിൽ നിന്നും വിദ്യാ ബാലൻ പിന്മാറിയത് ?

എനിക്ക് ഇപ്പോഴും മനസിലാവാത്ത കാര്യമാണിത്. ഒമ്പതു മാസം മുമ്പാണു വിദ്യയുമായി കരാറായത്. സിനിമയുടെ സ്ക്രിപ്റ്റും മാധവിക്കുട്ടിയുടെ പുസ്തകങ്ങളും അവരുടെ വിഡിയോയുമെല്ലാം വിദ്യക്കു നൽകിയിരുന്നു. ചിത്രത്തിലെ സംഭാഷണങ്ങളും വിദ്യ പഠിച്ചിരുന്നു. ഷൂട്ടിങ്ങിന് അഞ്ചു ദിവസം മുമ്പാണ് ഈ കഥാപാത്രമായി മാറാൻ തനിക്കാവില്ലെന്ന് അറിയിച്ചുകൊണ്ടുള്ള സന്ദേശമെത്തിയത്. എല്ലാ തയാറെടുപ്പുകളും പൂർത്തിയായ ശേഷം പെട്ടന്ന് സിനിമ മുടങ്ങേണ്ടി വരുന്ന സാഹചര്യമുണ്ടായി. എന്റെ 37 വർഷം നീണ്ട സിനിമാ ജീവിതത്തിൽ ഇത് ആദ്യത്തെ സംഭവമാണ്. വിദ്യയുടെ തീരുമാനം വ്യക്തിപരമായി എന്നെ വേദനിപ്പിച്ചു. സിനിമയ്ക്കു വേണ്ടി ആദ്യമായി വിദ്യയെ ക്യാമറക്കു മുന്നിൽ നിർത്തിയത് ഞാനാണ്. എന്നെ മാത്രമല്ല, ഈ സിനിമയുമായി ബന്ധപ്പെട്ട എല്ലാവരേയും ഈ തീരുമാനം വിഷമിപ്പിച്ചിട്ടുണ്ട്.

kamala-vidhya

∙ സംഘപരിവാറുമായി കമലിനുണ്ടായ വിവാദം അവരുടെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടോ?

ഇല്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഈ വിവാദമുണ്ടാകുന്നതിന് ഏതാനും ദിവസങ്ങൾക്കുമുമ്പാണ് വിദ്യ സിനിമയിൽ നിന്നും പിന്മാറുന്നതായി അറിയിച്ചത്. രാഷ്ട്രീയമായ കാരണങ്ങളുണ്ടാകില്ല. മറ്റു ചില കാരണങ്ങളുണ്ടാകാമെന്നാണു ഞാൻ കരുതുന്നത്. ബോളിവുഡ് സംവിധായകൻ സജ്ജയ് ലീലാ ബൻസാലിയുടെ പുതിയ ചിത്രം രജപുത്ര വനിതകളെ അപമാനിക്കുന്നതാണെന്നു പറഞ്ഞ് ഈയിടെ ഷൂട്ടിങ് തടസപ്പെടുത്തിയത് ഈയിടെയാണല്ലോ. സിനിമകൾക്കു നേരേ ഇത്തരം സംഭവങ്ങൾ വല്ലാതെ ആവർത്തിക്കുന്നുണ്ട്. മതം മാറ്റമടക്കം തന്റെ ജീവിതത്തിൽ നിർണായകമായ പല തീരുമാനങ്ങളെടുത്ത മാധവിക്കുട്ടിയുടെ കഥ പറയുന്ന ചിത്രത്തിനെതിരെയും ഇത്തരം ഭീഷണികൾ ഉണ്ടായെക്കാമെന്നു ഒരുപക്ഷേ വിദ്യ സംശയിച്ചിരിക്കണം.

അതല്ലെങ്കിൽ ഹിന്ദിയിൽ ചിത്രങ്ങൾ കുറഞ്ഞ നിലവിലെ സാഹചര്യത്തിൽ ഒരു‍ തെന്നിന്ത്യൻ ചിത്രത്തിൽ അഭിനയിക്കുന്നതു തനിക്കു തിരിച്ചടിയാകുമെന്നു കരുതിയിരിക്കാം. എന്റെ അഭ്യൂഹങ്ങളാണ്. എന്താണു ശരിയെന്നു വെളിപ്പെടുത്തേണ്ടത് വിദ്യയാണ്. താൻ വിളിച്ചിട്ടും സംസാരിക്കാൻ വിദ്യ തയാറായില്ല. ‍ഞങ്ങളുടെ പൊതു സുഹൃത്തായ റസൂൽ പൂക്കുട്ടി വഴി ബന്ധപ്പെട്ടപ്പോൾ ചിത്രത്തിൽ നിന്നും പിന്മാറിയതിൽ വിഷമമുണ്ടെന്നും സിനിമ ഉപേക്ഷിക്കാനുണ്ടായ കാരണം പിന്നീടു നേരിൽ കാണുമ്പോൾ എന്നോട പറയുമെന്നുമാണ് പൂക്കുട്ടിയോടു പറഞ്ഞത്.

∙ വിദ്യാബാലനു മാധവിക്കുട്ടിയുമായുണ്ടായിരുന്ന സാമ്യമാണല്ലോ അവരെ നായികയാക്കാനുളള പ്രധാന കാരണം. ആ സ്ഥാനത്തേക്കു മഞ്ജു വാര്യരെത്തുമ്പോൾ എത്രത്തോളം അനുയോജ്യയായിരിക്കും?

തീർച്ചയായും ഈ വേഷം മഞ്ജുവിനു വെല്ലുവിളി തന്നെയാണ്. പക്ഷേ ഇത്തരം മുൻധാരണകൾക്കു പ്രസക്തിയില്ലെന്നു ഞാൻ കരുതുന്നു. എഴുത്തിൽ തുറന്നെഴുതലുകൾ നടത്തിയ സാഹിത്യകാരിയാണ് മാധവിക്കുട്ടി. ധീരമായ നിലപാടുകൾ മഞ്ജുവിന്റെ ജീവിതത്തിലും കാണാം. ഈ കഥാപാത്രത്തെ മഞ്ജുവിനു നന്നായി ഉൾക്കൊള്ളാനാകുമെന്നാണു പ്രതീക്ഷ. കഥാപാത്രത്തിനായി മഞ്ജു ചില തയാറെടുപ്പുകൾ നടത്തുന്നുണ്ട്. കഥാപാത്രത്തിനായി കുറച്ചുകൂടി വണ്ണംവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

∙ സംഭവബഹുലമാണ് മാധവിക്കുട്ടിയുടെ ജീവിതം. മതം മാറ്റമുൾപ്പെടെയുള്ള കാര്യങ്ങൾ വാർത്തയും വിവാദവും സൃഷ്ടിച്ചു. ആമിയിൽ ഇതെങ്ങനെയാണ് ചിത്രീകരിക്കുക?

വിവാദങ്ങളെ ഭയന്ന് അവരുടെ ജീവിതത്തിലെ വഴിത്തിരിവുകളൊന്നും സിനിമയിൽ ഒഴിവാക്കിയിട്ടില്ല. ഏറെ തയാറെടുപ്പോടെ മൂന്നു വർഷം കൊണ്ടു പൂർത്തിയാക്കിയതാണ് ചിത്രത്തിന്റെ കഥ. ചിത്രത്തിനായി ഞാൻ മാധവിക്കുട്ടിയുടെ കൃതികളത്രയും വീണ്ടും വായിച്ചു. അവരെക്കുറിച്ച് അറിയാവുന്നവരെയെല്ലാം കണ്ടു വിവരങ്ങൾ ശേഖരിച്ചു. ചിത്രത്തിന്റെ കഥ മാധവിക്കുട്ടിയുടെ മക്കളോടും മറ്റു കുടുംബാംഗങ്ങളോടും ചർച്ച ചെയ്തിട്ടുണ്ട്. ഈ സിനിമ പുറത്തുവരണമെന്നത് അവരുടെ കൂടി ആഗ്രഹമാണ്. മാധവിക്കുട്ടിയുടെ ജീവിതത്തിലെ എല്ലാ ഏടുകളിലൂടെയും ഈ സിനിമ കടന്നുപോകും. ഒരു കാര്യം ഉറപ്പിച്ചുപറയാം, മാധവിക്കുട്ടിയുടെ ജീവിതത്തെ കളപ്പെടുത്തുന്നതായിരിക്കില്ല എന്റെ സിനിമ. മലയാളികൾക്കറിയാത്ത മറ്റൊരു മാധവിക്കുട്ടിയാകും ചിത്രം കണ്ടിറങ്ങുമ്പോൾ പ്രേക്ഷകരുടെ മനസിലുണ്ടാവുക.

∙ മഞ്ജുവിനെ കമലിന്റെ ചിത്രത്തിൽ അഭിനയിപ്പിക്കരുതെന്ന് ദിലീപിന്റെ ഭാഗത്തുനിന്നും ശ്രമങ്ങളുണ്ടായെന്നു ചില പ്രചരണങ്ങളും ശക്തമാണല്ലോ ?

ഒരിക്കലുമില്ല. പ്രഫഷണലായ ഒരു അഭിനേതാവാണ് ദിലീപ്. മഞ്ജുവും അതുപോലെതന്നെ. ഈ തരത്തിൽ ദിലീപ് പ്രവർത്തിക്കുന്നയാളല്ല.

∙ അടിച്ചേൽപ്പിക്കപ്പെടുന്ന ദേശീയതയെപ്പറ്റിയുള്ള ചർച്ചകൾക്കു കമലുമായി ബന്ധപ്പെട്ട വിവാദം പ്രേരണയായല്ലോ. പക്ഷേ സിനിമയിലെ സഹപ്രവർത്തകരിൽ നിന്നും ഇക്കാര്യത്തിൽ കമലിനു വേണ്ടത്ര പിന്തുണയുണ്ടായോ?

അത്തരം കാര്യങ്ങളെപ്പറ്റി ഞാൻ ആശങ്കപ്പെടുന്നില്ല. അതു വ്യക്തികളുമായും സാഹചര്യങ്ങളുമായും ബന്ധപ്പെട്ടതാണ്. നേരത്തെ തുഞ്ചൻപറമ്പുമായി ബന്ധപ്പെട്ട് എംടിക്കെതിരെ ആരോപണമുണ്ടായപ്പോൾ പ്രതിഷേധമുഖത്ത് ഒട്ടേറെ പേരെത്തിയിരുന്നു. അന്നു സിനിമാരംഗത്തുനിന്ന് ഞാൻ മാത്രമാണുണ്ടായിരുന്നത്. പൊതുവെ ചലച്ചിത്രപ്രവർത്തകരിൽ ഇത്തരം കാര്യങ്ങളിൽ ഒരു അലസത പ്രവർത്തിക്കുന്നുണ്ടെന്നു വേണം പറയാൻ.

∙ ‘പാക്കിസ്ഥാനിലേക്കു പൊയ്ക്കോ’ എന്ന ബിജെപി നേതാവിന്റെ പരാമർശത്തിനെതിരെ കമലിനു പിന്തുണയുമായി നടൻ അലൻസിയർ കാസർകോട് ബസ് സ്റ്റാൻഡിൽ നടത്തിയ ഏകാംഗ പ്രകടനം ശ്രദ്ധിച്ചിരുന്നോ? ഇത് കമലിന്റെ അടുത്ത ചിത്രത്തിൽ കഥാപാത്രമാകാനാണെന്നു വ്യാഖ്യാനമുണ്ടായിരുന്നു. ആമിയിൽ അലൻസിയറിനു വേഷമുണ്ടോ?

അലൻസിയറെ അറിയാത്തവരാണ് ഇതുപറയുന്നത്. സമൂഹമനസാക്ഷിയെ ഉണർത്താൻ ഇതുപോലെ എത്രയോ സന്ദർഭങ്ങളിൽ അലൻസിയർ പ്രവർത്തിച്ചിരിക്കുന്നു. കാര്യങ്ങളെ ലഘൂകരിച്ചുകാണാനേ ഇത്തരം പ്രസ്താവനകൾ കൊണ്ടുകഴിയൂ. അലൻസിയറിന്റെ പ്രതിഷേധം കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു.