Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവാവിന്റെ അറസ്റ്റ്; ആന്റണി പെരുമ്പാവൂർ പ്രതികരിക്കുന്നു

antony-perumbavoor

മോഹന്‍ലാലിനും നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരിനുമെതിരെ നവമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തൃശൂര്‍ കുന്നംകുളം പെരുമ്പിലാവ് സ്വദേശി നസീഹ് അഷറഫാണ് അറസ്റ്റിലായത്. ആന്‍റണി പെരുമ്പാവൂരിന്‍റെ പരാതിയെ തുടര്‍ന്ന് സിഐ ബൈജു കെ. പൗലോസിന്‍റെ നേതൃത്വത്തിലുളള സംഘം നസീഹിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സംഭവത്തിൽ ആന്റണി പെരുമ്പാവൂർ മനോരമ ഓൺലൈനോട് പ്രതികരിക്കുന്നു. ‘സുഖമില്ലാത്ത ഒരാൾ ആണെങ്കിൽ അവരുടെ മാതാപിതാക്കളോ ബന്ധുക്കളോ ഇതു പോലൊരു അവസ്ഥ ഉണ്ടാകാതിരിക്കാൻ നോക്കണമായിരുന്നു. ലഹരി കഴിച്ചതുകാരണം ആ ബോധത്തിൽ പറഞ്ഞുപോയതാണെന്നും നാളെ ശരിയായ ബോധം വരുമ്പോൾ മാറ്റിപ്പറയാമെന്നും പറയുന്ന ന്യായമൊന്നും ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല.

ആർക്കെതിരെയും എന്തുമോശവും പറയാവുന്ന അവസ്ഥയിലേക്കെത്തിയിരിക്കുകയാണ്. സംസ്കാരശൂന്യവും മറ്റുള്ളവരെ തീർത്തും അപമാനിക്കുന്ന രീതിയിലാണ് ഈ യുവാവിന്റെ പ്രസ്താവന. ഇന്ന് ഇതിനെതിരെ പ്രതികരിച്ചില്ലെങ്കിൽ ഇതുപോലെ മനോനില തെറ്റിയവർ നാളെയും, എന്നെ അല്ലെങ്കിൽ മറ്റുള്ളവർക്കെതിരെ അപവാദ പ്രചരണങ്ങളുമായി എത്തും. ആന്റണി പെരുമ്പാവൂർ പറഞ്ഞു.

ഇതുപോലെ തലയ്ക്ക് സുഖമില്ലാത്തവർ പടച്ചുവിടുന്ന അബദ്ധപ്രചാരണങ്ങളെ വാർത്തയാക്കുന്ന ചില ഓൺലൈൻ പത്രങ്ങളുമുണ്ട്. അതാണ് ഏറ്റവും സങ്കടകരമായ മറ്റൊരു കാര്യം. അവർക്കെതിരെയും ശക്തമായ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം.

മോഹന്‍ലാലടക്കം ചലച്ചിത്ര മേഖലയിലെ ഒട്ടേറെ താരങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുളള പ്രസ്താവനകളുമായി നസീഹ് െഫയ്സ്ബുക്കില്‍ സെല്‍ഫി വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇത് വാട്സ്ആപ്പിലൂടെയും മറ്റ് നവമാധ്യമങ്ങളിലൂടെയും വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് ആന്‍റണി പെരുമ്പാവൂര്‍ പൊലീസിനെ സമീപിച്ചത്.