Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരിച്ചുവരവിലെ മഞ്ജു അല്ല ഈ ജോ

jo-and-the-boy ജോ ആൻഡ് ദ് ബോയ് ഫസ്റ്റ്ലുക്ക് പോസ്റ്റർ

ഫിലിപ്സ് ആൻഡ് ദ് മങ്കിപെന്നിന്റെ വിജയത്തിനു ശേഷം അതേ ടീമിന്റെ വക മറ്റൊരു ചിത്രം. ചിത്രത്തിന്റെ ടൈറ്റിലിൽ വരെ അതേ സാമ്യം– ജോ ആൻഡ് ദ് ബോയി. മഞ്ജു വാര്യരും സനൂപും പ്രമുഖ താരങ്ങളായി എത്തുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ സംവിധായകൻ റോജിൻ തോമസ് മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു.

ഫിലിപ്സ് ആൻഡ് ദ് മങ്കിപെന്നിൽ നിന്ന് ജോ ആൻഡ് ദ് ബോയിയെ വ്യത്യസ്തമാക്കുന്നതെന്താണ്?

മങ്കിപെൻ പോലെ ഒരു ചിത്രമേ അല്ല ജോ ആൻഡ് ദ് ബോയി. ഇതൊരു ഫാമിലി ഫൺ മൂവി ആണ്. ആകെ ഉള്ള സാമ്യം എന്നത് അതേ ടീം തന്നെയാണ് ഇവിടെയും പ്രവർത്തിച്ചിരിക്കുന്നതെന്നതു മാത്രമാണ്. പിന്നെ ഷാനിൽ മുഹമ്മദ് വേറൊരു ചിത്രം ഇതേ സമയം ചെയ്യുന്നതിന്റെ തിരക്കിലായതുകൊണ്ട് അദ്ദേഹവും ഇതിൽ ഉണ്ടായിട്ടില്ല. മ്യൂസിക് ചെയ്തിരിക്കുന്നത് രാഹുൽ സുബ്രഹ്മണ്യം തന്നെയാണ്. അതുപോലെ കാമറയും നീല്‍ ഡി കുന്‍ഹയാണ് ചെയ്തത്. ഗുഡ് വിൽ എന്റർടെയിൻമെന്റിന്റെ ബാനറിൽ ആലീസ് ജോർജാണ് ചിത്രം നിർമിക്കുന്നത്. ക്രിസ്മസ് റിലീസായയി ചിത്രം തിയേറ്ററുകളിൽ എത്തും.

rojin-manju-sanoop റോജിൻ, മഞ്ജു വാര്യർ, സനൂപ്

അടുത്ത ചിത്രത്തിനു എന്തുകൊണ്ട് രണ്ടു വർഷം വേണ്ടി വന്നു?

അതേ, ഈ രണ്ടു വർഷം മുഴുവനും ഈ ചിത്രത്തിന്റെ പണിപ്പുരയിൽ തന്നെയായിരുന്നു. അതു മുഴുവനും ചിത്രത്തിലും കാണാൻ സാധിക്കും. ആർട്ട് ഡയറക്ടേഴ്സിന് ഒരുപാട് വർക്ക് ചെയ്യാൻ പറ്റിയ ഒരു ചിത്രമാണിത്. അതുകൊണ്ടു തന്നെയാണ് ഇതുവരെയും ഫോട്ടോകളൊന്നും പുറത്തു വിടാതിരുന്നതും. സ്റ്റിൽസ് ഔട്ട് ആയിക്കഴിഞ്ഞാൽ ചിത്രത്തിന്റെ പുതുമ നഷ്ടമാകുമോ എന്നൊരു സംശയം. ടെക്നിക്കൽ സൈഡ് ആയാലും ഇതുവരെ ചെയ്തിട്ടില്ലാത്ത പലതും ഈ ചിത്രത്തിൽ പരീക്ഷിച്ചിട്ടുണ്ട്. ലൊക്കേഷൻ, സബ്ജക്ട് വൈസെല്ലാം തന്നെ ഫ്രഷ്നസ് ഫീൽ ചെയ്യും. അങ്ങനെ ഒരുപാട് സർപ്രൈസുകൾ ജോ ആൻഡ് ദ് ബോയി പ്രേക്ഷകർക്കായി കാത്തുവച്ചിട്ടുണ്ട്.

രണ്ടാം വരവിൽ മഞ്ജു വാര്യർ പ്രത്യക്ഷപ്പെട്ട ചിത്രങ്ങളെല്ലാം തന്നെ ഭർത്താവിനു വേണ്ടാത്തവൾ എന്ന പ്രതീതി ജനിപ്പിക്കുന്നതാണെന്ന് പൊതുവേ ഒരു ആക്ഷേപമുണ്ട്. അതിനൊരു പൊളിച്ചെഴുത്ത് ആയിരിക്കുമോ ജോ ആൻഡ് ദ് ബോയി?

തീർച്ചയായും. ഈ ചിത്രത്തിലെ മഞ്ജു ചേച്ചിയെ കുറിച്ചു പറഞ്ഞാൽ ഇതിലെ ജോ തന്നെ ചേച്ചിയാണ്. തിരിച്ചുവരവിൽ കണ്ട ചിത്രങ്ങളിലൊന്നുമുള്ള മഞ്ജു ചേച്ചിയേ അല്ല ഇതിലെ ജോ. ഗെറ്റ് അപ് മുഴുവൻ മാറിയിട്ടുണ്ട്. ലുക്ക് വൈസ് ആയാലും സ്റ്റൈൽ വൈസ് ആയാലുമെല്ലാം തന്നെ ചെയ്ഞ്ചാണ്. സമ്മർ ഇൻ ബത്്ലഹേമിലും ദയയിലുമൊക്കെ നമ്മൾ കണ്ട് ഇഷ്ടപ്പെട്ട അതേ യങ് ചൈൽഡിഷ് കാരക്ടർ. കരിയറിൽ ആദ്യമായി ഇതിൽ മഞ്ജു ചേച്ചി സ്റ്റണ്ട് ചെയ്തിട്ടുണ്ട്.

Philips and the Monkey Pen Crew in I Me Myself

മാത്രമല്ല 18 വർഷത്തിനു ശേഷമുള്ള മഞ്ജു ചേച്ചിയുടെ, സിനിമയിലെ തന്നെ രണ്ടാമത്തെ പാട്ടും പാടിയിട്ടുണ്ട്. സനൂപും മഞ്ജുചേച്ചിയും ചേർന്നാണ് ആ പാട്ട് പാടിയിരിക്കുന്നത്. അവിടെയും ഒരു യാദൃശ്ചികത ഉണ്ടായി. മഞ്ജു ചേച്ചി ആദ്യമായി പാടിയത് കണ്ണെഴുതി പൊട്ടും തൊട്ടിൽ എം.ജി രാധാകൃഷ്ണൻ സാറിന്റെ സംഗീതത്തിലാണ്. രണ്ടാമത്തെ പാട്ട് പാടിയിരിക്കുന്നത് അദ്ദേഹത്തിന്റെ തന്നെ ശിഷ്യനായ രാഹുലിന്റെ സംഗീതസംവിധാനത്തിലും.

എന്തുകൊണ്ട് മഞ്ജു വാര്യരും വീണ്ടും സനൂപും?

അതൊരു വലിയ ഉത്തരമായിരിക്കും. ഈ ചിത്രം കഴിയുമ്പോൾ പ്രേക്ഷകർ തന്നെ പറയും ആ കഥാപാത്രത്തിലേക്ക് മഞ്ജു വാര്യർ തന്നെയാണ് ഏറ്റവും യോജിച്ചതെന്ന്. അല്ലാതെ വേറേ ഒരാളും ഇല്ല എന്ന്. ഒരോ ഷോട്ടും ഒ.കെ പറയുന്ന സമയത്തും മുഴുവൻ ടീമും എൻജോയി ചെയ്യുകയായിരുന്നു. അത്രയും ലൈവ് ആയിരുന്നു മഞ്ജു ചേച്ചി. ചൈൽഡിഷ് കാരക്ടർ ആയതിനാൽതന്നെ അതും മുഖത്തു വരണം അതേ സമയം തന്നെ ബോൾഡ്നസും ഫീൽ ചെയ്യണം. ഇതു വളരെ നന്നായി തന്നെ ചേച്ചി ചെയ്തിട്ടുണ്ട്.

സത്യം പറഞ്ഞാൽ രണ്ടു വർഷം മുൻപ് കഥ തുടങ്ങുന്ന സമയത്ത് മഞ്ജു ചേച്ചിയേ മനസിൽ ഉണ്ടായിരുന്നില്ല. മങ്കി പെൻ ചെയ്യുന്ന സമയത്തെ ഒരു ഇൻഫ്ളുവൻസിൽ നിന്നും ഉണ്ടായ കഥയാണ് ഇത്. മൂന്നു വർഷം കൊണ്ടാണ് മങ്കി പെൻ ഉണ്ടായത്. ആ സമയത്ത് സനൂപ് എന്നൊരു കുട്ടിയേ മനസിൽ ഇല്ല. പെട്ടെന്നാണ് സനൂപ് റയാൻ ഫിലിപ് ആയി എത്തുന്നത്. അതായത് ക്രിയേറ്ററും കാരകട്റും തമ്മിലുള്ള ഒരു ബന്ധം അതാണ് ഈ ചിത്രത്തിലും. ഫിലിപ്സ് ആൻഡ് മങ്കിപെന്നിലെ റയാന്റെ അഭിനയ പ്രകടനം തന്നെയാണ് ഇതിലും സനൂപിനെ കൊണ്ടെത്തിച്ചത്. കഥ എഴുതിയപ്പോഴും ബോയി ആയി നമസിൽ സനൂപിനെ അല്ലാതെ മറ്റാരെയും കാണാനും കഴിഞ്ഞില്ല.

ജോ ആൻഡ് ദ് ബോയി പ്രേക്ഷകർക്ക് എന്താണു നൽകുന്നത്?

നേരത്തേ പറഞ്ഞതു പോലെ ഇതിലെ ജോ ആയി എത്തുന്നത് മഞ്ജു വാര്യർ ആണ്. മഞ്ജു ചേച്ചിയുടെയും സനൂപിന്റെയും ഒരു റിലഷൻഷിപ്പാണ് ചിത്രം. അവർ രണ്ടുപേരും അപരിചിതരാണ്. രണ്ടു വ്യക്തികൾ. രണ്ടു പേരും വ്യത്യസ്തമായ കാഴ്ചപ്പാടുള്ളവർ. ഇവർ രണ്ടു പേരും കൂടി ഒന്നിച്ചപ്പോഴുളളതാണ് ചിത്രം. മഞ്ജു ചേച്ചി ആനിമേറ്ററുടെ റോളിലാണ്.

മഞ്ജു വാര്യർ, സനൂപ് അല്ലാതെ വേറേ ആരെയൊക്കെയാണ് ജോ ആൻഡ് ദ് ബോയിയിൽ കാണാൻ സാധിക്കുക?

ജോയുടെ അച്ഛനായി ലാലു അലക്സ്, അമ്മയായി കലാ രഞ്ജിനി, പിന്നെ പേളി മാണി ഇവരെക്കൂടാതെ സർപ്രൈസ് ആയിട്ടുള്ള ഫ്രഷ് കാരക്ടേഴ്സും എത്തുന്നുണ്ട്.

എന്തുകൊണ്ടാണ് ചിത്രത്തിന് ഇത്രയും രഹസ്യ സ്വഭാവം സൂക്ഷിച്ചത്?

ഒരു ചിത്രം അത് സർപ്രൈസ് ആയി തരുമ്പോഴുള്ള ഒരു ഫീലിങ്ങ് ഉണ്ടല്ലോ അതാ. ചിത്രത്തിന്റെ പുതുമ നഷ്ടപ്പെടാതെ സൂക്ഷിക്കാൻ സാധിക്കും.

ആദ്യ ചിത്രം ഫിലിപ്സ് ആൻഡ് ദ് മങ്കിപെൻ, ഇപ്പോഴിതാ ജോ ആൻഡ് ദ് ബോയി.ടൈറ്റിലെ സാമ്യം മനഃപൂർവം കൊണ്ടുവന്നതാണോ?

അയ്യോ, മനഃപൂർവം കൊണ്ടു വന്നതൊന്നുമല്ല. ഇത് ശരിക്കും യാദൃശ്ചികമായി സംഭവിച്ചതാണ്. പേരു കേട്ടപ്പോൾ മഞ്ജു ചേച്ചിയും ചോദിച്ചു ഫിലിപ്സ് ആൻഡ് ദ് മങ്കിപെൻ, ഇപ്പോൾ ജോ ആൻഡ് ദ് ബോയി എന്ന്. ഫിലിപ്സ് ആൻഡ് ദ് മങ്കിപെന്നിൽ മങ്കിപെൻ എന്താണെന്ന് ആർക്കും അറിയില്ലാരുന്നു. അതൊരു പുതിയ വാക്ക് ആയിരുന്നു. ടൈറ്റിലിൽ തന്നെ ഒരു രഹസ്യ സ്വഭാവം ഒളിപ്പിച്ചു വച്ചിരുന്നു. എന്നാൽ ജോയുടെ കാര്യത്തിൽ അങ്ങനെയല്ല. ഇതിലെ മുഴുവൻ കഥയും ജോയെയും ബോയിയെയും അടിസ്ഥാനമാക്കിയുള്ളതാണ്.കേൾക്കുമ്പോൾ തന്നെ മനസിലാകും ഇത് ജോയുടെയും ഒരു ബോയിയുടെയും കഥയാണെന്ന്. പക്ഷേ ഈ ടൈറ്റിലിനുള്ളിൽ ഒരുപാട് രഹസ്യങ്ങൾ ഞങ്ങൾ ഒളിപ്പിച്ചു വച്ചിട്ടുണ്ട്. വേറേ ഒരുപാട് ടൈറ്റിലുകൾ നോക്കിയെങ്കിലും ഇത്രയും അനുയോജ്യമായ മറ്റൊന്ന് കണ്ടുപിടിക്കാൻ സാധിച്ചില്ല.