Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അൽഫോൻസ് സ്വന്തം വില കളഞ്ഞു: മോഹൻ

mohan-alphonse മോഹൻ, അൽഫോൻസ് പുത്രൻ

പ്രേമമെന്ന ചിത്രം അടുത്തകാലത്ത് മലയാള സിനിമ കണ്ട വൻ വിജയങ്ങളിലൊന്നായിരുന്നു. എല്ലാത്തലത്തിലും സാധാരണക്കാരായ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത ചിത്രം. തമിഴിലേക്ക് മൊഴിമാറ്റം നടത്തിയപ്പോഴും വൻ വിജയം. പക്ഷേ വിവാദങ്ങളെന്നും ആ ചിത്രത്തിനൊപ്പമുണ്ടായിരുന്നു. ആദ്യം വ്യാജ സിഡിയിറങ്ങിയതിനെ ചൊല്ലിയെങ്കിൽ പിന്നീടിപ്പോൾ സംസ്ഥാന അവാർ‍ഡിന്റെ പശ്ചാത്തലത്തിൽ. പ്രേമം സംസ്ഥാന അവാർഡുകളിൽ ഒരെണ്ണം പോലും നേടിയില്ല.

അതുമാത്രമല്ല സംവിധായകനായ അൽഫോൺസ് പുത്രൻ ജൂറി ചെയർമാനിൽ നിന്ന് മാധ്യമങ്ങള്‍ വഴി വിമർശനം കേൾക്കേണ്ടി വരികയുമുണ്ടായി. അതേ ചൊല്ലി ഏറെക്കാലത്തിനു ശേഷം അൽഫോൺസ് നൽകിയ മറുപടിയും അതുപോലെ ചൂടേറുന്നു. ജൂറി ചെയർമാൻ മോഹന് ഇത് സംബന്ധിച്ച് അൽഫോൻസിനോട് പറയാനുള്ളത്...

‘അൽഫോൻസിന് എന്റെ മനസിലൊരു വിലയുണ്ടായിരുന്നു. ഇപ്പോഴത്തെ ഈ അഭിപ്രായ പ്രകടനത്തിലൂടെ അൽ‌ഫോൺസ് തകർത്ത് കള‍ഞ്ഞത് അതാണ്. ആകെ രണ്ടു ചിത്രങ്ങളല്ലേ അൽഫോൺ‌സ് ചെയ്തിട്ടുള്ളൂ. ജൂറിക്കു മുന്നിലേക്കെത്തിയ എഴുപത്തിയൊമ്പത് ചിത്രങ്ങളിൽ ഒരെണ്ണം മാത്രമാണ് പ്രേമം. അതിനുമപ്പുറം മഹത്തരമാണെന്ന് കരുതുന്നില്ല. ശിങ്കിടികൾ ഒരുപാടു പേരുണ്ടാകും ചിത്രത്തെ പൊക്കിപ്പറയുവാൻ. അതുകേട്ട് നമ്മളൊരിക്കലും തുള്ളാൻ നിൽക്കരുത്. അതൊരിക്കലും ശരിയായ കാര്യമല്ല. മോഹൻ പറഞ്ഞു.

കലാസൃഷ്ടികൾ അതാര് ചെയ്യുന്നതായാലും, അത് മാത്രമാണ് ശരിയായിട്ടുള്ളതെന്ന് ചിന്തിക്കരുത്. അതൊരിക്കലും നല്ല കാര്യമല്ല. മറ്റുള്ളവരുടെ കലാ സൃഷ്ടി ആസ്വദിക്കാനുള്ള സഹിഷ്ണുതാ മനോഭാവമാണ് ഒരു കലാകാരന് ഏറ്റവും ആവശ്യമായിട്ട് വേണ്ടത്. അവനവന്റെ മാത്രം നല്ലതെന്ന് ചിന്തിക്കരുത്. മറ്റുള്ളവയെ പുച്ഛിക്കരുത്. അൽഫോൻസിന് ഇനിയും ചിത്രങ്ങളെടുക്കേണ്ടതുണ്ട്. ഈ ഒരു മനോഭാവത്തോടെ സിനിമയെടുക്കുന്ന ആളിനെ മറ്റ് ജൂറി ആയാലും പൊതുജനങ്ങളായാലും എങ്ങനെയാകും ഏത് തലത്തിലാകും കാണുക. എന്റെ സൃഷ്ടി‌ മാത്രമാണ് മഹത്തരം എന്നൊരിക്കലും കരുതരുത്. അവാർഡില്ലാത്തതിനാൽ നിരാശരാകുമ്പോൾ അതിന് നമുക്ക് അർഹതയുണ്ടോ എന്നുകൂടി ചിന്തിക്കണം. നമ്മുടെ വിവരമില്ലായ്മ മറ്റുള്ളവരെ അറിയിക്കുവാൻ മാത്രമേ ഈ വർത്തമാനങ്ങൾ ഉപകരിക്കൂ.

ജൂറി ചെയർമാനെതിരെ അൽഫോൻസിന്റെ പൊട്ടിത്തെറി‍

ചിത്രത്തിന്റെ വ്യവസ്ഥാപിത നിയമങ്ങളേയോ ചട്ടക്കൂടുകളേയോ മാറ്റിയെഴുതുകയാണ് അൽഫോൺസ് ചെയ്തതെന്ന് കരുതുന്നില്ല. ഞാനുൾപ്പെടെയുള്ള പഴയകാല സംവിധായകർ ആദ്യകാലങ്ങളിൽ അത്തരത്തിൽ സിനിമകളെടുത്തിട്ടുണ്ട്. അൽഫോൺസ് പഴയവീഞ്ഞ് പുതിയ കുപ്പിയിൽ അവതരിപ്പിക്കും പോലെയാണ് ചെയ്തത്. ഇങ്ങനൊന്നും പറയണമെന്ന് കരുതിയതല്ല. പറയിപ്പിക്കുകയാണ് ചെയ്തത്.

പിന്നെ എനിക്ക് വിവരമുണ്ടോ എന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്. എനിക്കതിനെ കുറിച്ചൊന്നും പറയാനില്ല. അവർ എന്റെ ചിത്രങ്ങളും അൽഫോൺസിന്റേയും ചിത്രങ്ങൾ കണ്ടിട്ട് തീരുമാനിക്കട്ടെ. പ്രേമത്തെ കുറിച്ച് എനിക്കിത്രയേ പറയുവാനുള്ളൂ. പക്ഷേ പ്രേക്ഷകർക്ക് ആവശ്യം പുതിയ അവതരണങ്ങളാണ്. കണ്ടു പഴകിയ കാര്യങ്ങളല്ല അവർ‌ക്ക് വേണ്ടത്. അവർ പ്രതീക്ഷിക്കാത്തതാണ് നമ്മൾ കൊടുക്കേണ്ടത്. അതിലാണ് സിനിമയുടെ നിലനിൽപ്.

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പുതിയകാല സംവിധായകരുടെ സിനിമകൾക്ക് തന്നെയാണ് പുരസ്കാരങ്ങൾ കൊടുത്തത്. അവാർഡ് ചാർലി, ഒഴിവുദിവസത്തെ കളി, അമീബ ഇവയുടെ സംവിധായകരെല്ലാം പുതിയകാലത്തെ ആളുകളാണ്. ഏകപക്ഷീയമായ ഒരു തീരുമാനത്തിന്റെ അടിസ്ഥാനത്തിലല്ല ഒരിക്കലും അവാർഡ് കൊടുക്കുന്നത്. അവാർഡ് കിട്ടാത്തവർ എന്തിനാണ് ഇത്രയും നിരാശയെന്ന് മനസിലാകുന്നില്ല. കഴിവുണ്ടെങ്കിൽ ഇനിയുള്ള കാലത്തും നല്ല സിനിമകൾ ചെയ്യാമല്ലോ.

പഴയ സംവിധായകരുടെ സിനിമകള്‍ വന്നിരുന്നുവെങ്കിലും അതിന് നിലവാരമില്ലായിരുന്നു. ആ സിനിമകളുടെ നിർമ്മാതാക്കളാണ് ജൂറിക്ക് ചിത്രങ്ങളയച്ചത്. സംവിധായകർ പോലുമല്ല. അവർക്കറിയാം അവാര്‍ഡ് കിട്ടാൻ പോകുന്നില്ല, അതിനുള്ള നിലവാരമില്ലെന്ന്. മോഹനൻ പറഞ്ഞു. എഴുപത്തിയൊമ്പത് സിനിമകൾ അന്ന് ജൂറിക്ക് മുന്നിലെത്തിയിരുന്നു. അവരുടെയെല്ലാം ചോദ്യത്തിന് ഞാൻ ഉത്തരം പറയുവാൻ തയ്യാറല്ല. പക്ഷേ അൽഫോൺസിനോട് ഇത്രയെങ്കിലും പറയണമെന്നു തോന്നി. മോഹൻ പറഞ്ഞു.

Your Rating: