Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘എന്നെ ഏറ്റവും രസിപ്പിച്ച സിനിമ’; വിനായകൻ

vinayakan

‘‘എനിക്കു ലഭിച്ച പുരസ്കാരം ജനം ഏറ്റെടുക്കുന്ന കാഴ്ചയാണ്. അതിനു പിന്നിൽ ഒരു പ്രതിഷേധമുണ്ട്. സിനിമയോ ഞാനോ അതിനു മുൻപിലില്ല. യുവാക്കളുടെ പ്രതിഷേധമാണത്.’’ – തനിക്കു ലഭിച്ച അംഗീകാരം നെഞ്ചേറ്റുന്നവർ ഉയർത്തുന്ന പുതിയ രാഷ്ട്രീയത്തിന്റെ മുന്നിൽ നിൽക്കാൻ വിനായകനു താൽപര്യമില്ലെങ്കിലും ആ പൊതുബോധമാണു സമൂഹമാധ്യമങ്ങളിൽ തന്നെ പിന്തുണച്ചു വന്ന പോസ്റ്റുകൾക്കു പിന്നിലെന്നു വിനായകൻ വിശ്വസിക്കുന്നു.

സന്തോഷം ആപേക്ഷികമാണ്

അവാർഡ് പ്രഖ്യാപിച്ചു 10 മിനിറ്റ് കഴിഞ്ഞതോടെ ഞാൻ‍ അതിൽനിന്നു മാറി നടക്കാൻ തുടങ്ങിയിരുന്നു. ഓരോ ദിവസവും ലഭിക്കുന്ന പ്രതികരണങ്ങളും അഭിനന്ദനങ്ങളും വലിയ കാര്യമാണു സംഭവിച്ചതെന്ന് എന്നെ ബോധ്യപ്പെടുത്തുന്നു. മുഖ്യമന്ത്രി വിളിച്ച് അഭിനന്ദിച്ചു, ലാലേട്ടൻ വിളിച്ച് അഭിനന്ദിച്ചു. അതിലൊക്കെ സന്തോഷമുണ്ട്. പ്രയത്നിച്ചാൽ എന്തും കിട്ടുമെന്നാണ് എന്റെ അനുഭവം. എൺപതുകളിലും തൊണ്ണൂറുകളിലും സിനിമ കണ്ടു വളർന്നയാളാണു ഞാൻ. ഇടക്കാലത്തു സിനിമ കാണുന്നതു നിർത്തിയിരുന്നു. ആധ്യാത്മിക ചിന്തകളാണ് ഇപ്പോൾ മനസ്സിൽ കൂടുതലും. സംഗീതം, പാട്ട്, നൃത്തം – മൂന്നും ചേരുന്നതാണ് എന്റെ സന്തോഷം. ഞാൻ സാധാരണ മനുഷ്യനാണ്. പ്രതികരണം കൃത്രിമമാകാൻ പാടില്ല. അതാണു മാധ്യമങ്ങൾ വീട്ടിലെത്തിയപ്പോൾ അഭിനയിക്കാൻ കഴിയില്ലെന്നു പറഞ്ഞത്.

Vinayakan

മാധ്യമങ്ങളിൽ കാണാറില്ലല്ലോ

ഞാൻ എന്നെ എപ്പോഴും വിലയിരുത്താറുണ്ട്. മാധ്യമങ്ങൾക്കു മുന്നിൽ വരാനുള്ള യോഗ്യത എനിക്കില്ലെന്നാണ് ഇതുവരെ തോന്നിയത്. വ്യവസ്ഥിതികളിൽ എനിക്കു വിശ്വാസമില്ല. പുരസ്കാരം ലഭിച്ചപ്പോൾ എനിക്ക് അതിനുള്ള ധൈര്യം വന്നു. അഭിനയിച്ചു 18 കൊല്ലം കഴിഞ്ഞാണ് എന്റെ പടം സിനിമയുടെ പോസ്റ്ററിൽ വരുന്നത് – ബിഗ്ബിയിൽ. ജനത്തിനു മുന്നിൽ നിൽക്കാനുള്ള അംഗീകാരം ഇപ്പോഴാണു കിട്ടിയത്. എനിക്കു പുരസ്കാരം ലഭിച്ചതോടെ സിനിമയിൽ ഏറെ മാറ്റങ്ങൾ വരും. ഇവിടെ സിനിമയുടെ മോശം സമയം ഇപ്പോഴാണു മാറിയത്. കമ്മട്ടിപ്പാടവും മഹേഷിന്റെ പ്രതികാരവും കലിയുമെല്ലാം അതാണു കാണിക്കുന്നത്. 1980, ’90 കാലയളവിലെ സിനിമകളിൽ നല്ല സിനിമയുണ്ടായിരുന്നു. എന്നെ ഏറ്റവും രസിപ്പിച്ച സിനിമ റാംജീറാവു സ്പീക്കിങ് ആണ്.

Vinayakan

ഗംഗയാകാനുള്ള തയാറെടുപ്പുകൾ

മദ്യപാനവും ആഹാരവും അമിതമായപ്പോൾ തടി കൂടി. പിന്നീടു 40 ദിവസംകൊണ്ടാണു ശരീരഭാരം 62 കിലോയായി കുറച്ചത്. രാത്രി ഒൻപതിന് ഇറങ്ങിയോടും. 20 വർഷമായി രാജീവ് രവി ആലോചിച്ച ചിത്രമാണു കമ്മട്ടിപ്പാടം. ഞാൻ വളർന്ന പരിസരങ്ങളിലാണു കഥ നടക്കുന്നത്. ഗംഗയാകാൻ മാനസികമായി വലിയ തയാറെടുപ്പുകൾ വേണ്ടിവന്നില്ല. എറണാകുളത്ത് ഏറ്റവും ആദ്യം അഴുക്കു നിറയുന്നതും അവസാനം ഇറങ്ങിപ്പോകുന്നതും കമ്മട്ടിപ്പാടത്തുനിന്നാണ്. സിനിമയിൽ കാണുന്ന പലതും ഞാൻ നേരിട്ടു കണ്ടിട്ടുള്ള കാര്യങ്ങളാണ്. ആറു മാസം മഴയിൽ താമസിക്കുമ്പോഴും അതിൽ സന്തോഷം കണ്ടെത്തിയിരുന്നു അവിടെയുള്ളവർ. വീടും കുടിവെള്ളവുമില്ലാത്ത ഒട്ടേറെപ്പേർ ഇപ്പോഴും നമ്മുടെ ഇടയിലുണ്ട്.

vinayakan

പാട്ട്

രാജീവ് രവി പറഞ്ഞിട്ടാണ് പുഴു, പുലികൾ... എന്ന തുടങ്ങുന്ന പാട്ടു ചിട്ടപ്പെടുത്തിയത്. സംഗീതം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. വൈകാതെ സംവിധായകൻ റാഫിയുടെയും സുഗീതിന്റെയും ചിത്രങ്ങളിൽ സംഗീതം ചെയ്യുന്നുണ്ട്. ചെറുപ്പത്തിൽ ഡാൻസായിരുന്നു ഹരം. 2000 രൂപയാണു ശമ്പളം. ഒൻപതുപേരുണ്ടായിരുന്നു ട്രൂപ്പിൽ. 10,000 രൂപ ഡ്രസിനുതന്നെ വേണം. ഒരേ ഡ്രസാകുമ്പോൾ ഇവർക്കു വേറെ ഡ്രസില്ലേയെന്നു ജനം ചോദിക്കും. ഞാൻ കയ്യിൽനിന്നു ചെലവാക്കിയെങ്കിലും വൈകാതെ പണി നിർത്തി. വീണ്ടും കോറിയോഗ്രഫി ചെയ്യണമെന്ന് ആഗ്രഹമുണ്ട്.

vinayakan-chemban

കഥ

ഞാൻ സിനിമ ചെയ്യുന്നതു കഥ കേട്ടിട്ടല്ല. പലപ്പോഴും ഷൂട്ട് ചെയ്യുന്നതു സിനിമയിൽ കാണില്ല. അതുകൊണ്ടു വൺ ലൈൻ മാത്രമേ കേൾക്കാറുള്ളൂ. സെലക്ടീവാകാൻ അത്രമാത്രം പടമുള്ള ആളൊന്നുമല്ല ഞാൻ. ഏതു വേഷവും ചെയ്യും. വില്ലൻ വേഷങ്ങളിലാണു സ്വാതന്ത്ര്യം കൂടുതൽ. എന്നാൽ തെലുങ്കിലൊന്നും ഇനി വില്ലനാകാനില്ല. ആറു ദിവസമൊക്കെയാണു തലകീഴായി കെട്ടിത്തൂക്കി ഇടിക്കുന്നത്.

Your Rating: