Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടി എന്തുകൊണ്ട് ഒച്ചയെടുത്തില്ല?’; സൈറയ്ക്കെതിരെ വിമര്‍ശനവുമായി പ്രതിയുടെ ഭാര്യ

zaira

വിമാനത്തില്‍ വെച്ച് ലൈംഗിക അതിക്രമത്തിന് ഇരയായ നടി സൈറ വസീമിനെതിരെ വിമര്‍ശനവുമായി കേസിലെ പ്രതി വികാസ് സച്ച്‌ദേവിന്റെ ഭാര്യ. സൈറയുടെ പബ്ലിസിറ്റി സ്റ്റണ്ട് ആണ് ഇതെന്നും പൊതുജനമധ്യത്തിൽ ആളാകുകയായിരുന്നു നടിയുടെ ഉദ്ദേശമെന്നും കേസിൽ അറസ്റ്റിലായ വികാസിന്റെ ഭാര്യ ദിവ്യ പറയുന്നു. സൈറ വസീമിനെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണത്തിൽ കഴിഞ്ഞ ദിവസമാണ് 39കാരനായ വികാസ് സച്ച്‌ദേവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 

വികാസ് ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രയിലായിരുന്നുവെന്ന് ദിവ്യ പറയുന്നു. അമ്മാവന്‍ മരിച്ചുപോയതിനെ തുടര്‍ന്ന് അദ്ദേഹം ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രയിലായിരുന്നു.  ആകെ ക്ഷീണിതനായിരുന്നു. തന്നെ ശല്യം ചെയ്യരുതെന്നും ഭക്ഷണം പോലും ആവശ്യമില്ലെന്നും എയർഹോസ്റ്റസിനോട് പറഞ്ഞിരുന്നു. ഉറക്കം വന്നതിനെ തുടര്‍ന്ന് ഒരു ബ്ലാങ്കറ്റ് മാത്രം ആവശ്യപ്പെട്ടു. തുടർന്ന് വിമാനം ലാൻഡ് ചെയ്യാറായപ്പോൾ സൈറ അദ്ദേഹത്തോട് പെട്ടന്ന് ദേഷ്യപ്പെടുകയായിരുന്നു. ഇത് തന്റെ സ്ഥലമല്ലെന്നും കാല് താഴ്ത്തിവെക്കാനും ആവശ്യപ്പെട്ടു. അദ്ദേഹം അവരോട് മാപ്പ് പറഞ്ഞു. അറിയാതെ സംഭവിച്ചതാണെന്ന് പറയുകയും ചെയ്തു. എന്റെ ഭർത്താവ് നിരപരാധിയാണ്. ഇതിന് മുമ്പ് ഇങ്ങനെയൊരു സംഭവം പോലും ഉണ്ടായിട്ടില്ല.–ദിവ്യ പറഞ്ഞു.

Aamir Khan Dangal Movie Actress Zaira Wasim Harassed

‘ലൈംഗിക അതിക്രമം ഉണ്ടായെങ്കില്‍ എന്തുകൊണ്ടാണ് സംഭവസ്ഥലത്ത് വെച്ച് തന്നെ സൈറ പ്രതികരിക്കാതിരുന്നത്? രണ്ട് മണിക്കൂറിന് ശേഷം മാത്രം അവര്‍  പ്രതികരിച്ചത് എന്തുകൊണ്ടാണ്? സൈറയുടെ അമ്മയും അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. രണ്ട് സ്ത്രീകളും അപ്പോള്‍ ഒച്ചയെടുക്കാതിരുന്നത് എന്തുകൊണ്ടാണ്”, ദിവ്യ ആരോപിച്ചു.

കഴിഞ്ഞ ദിവസം രാത്രിയാണ് ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ എയര്‍ വിസ്താരയുടെ വിമാനത്തില്‍ വെച്ച് അപമാനിക്കപ്പെട്ടുവെന്ന് സൈറ വസീം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. വിമാനത്തിലെ വെളിച്ചക്കുറവ് മുതലെടുത്ത് പിറകിലെ സീറ്റിലിരുന്നയാള്‍ കാലുകൊണ്ട് ദേഹത്ത് ഉരസിയെന്നും കുറേ സമയം ഇത് തുടര്‍ന്നുവെന്നും വിമാന ജീവനക്കാരോട് സഹായം അഭ്യര്‍ഥിച്ചെങ്കിലും ആരും സഹായിച്ചില്ലെന്നും പരാതിപ്പെട്ടിരുന്നു. സൈറയുടെ പരാതി പ്രകാരം പൊലീസ് കേസെടുക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.