Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജുറാസിക് പാര്‍ക്കിലേക്ക് സ്പീല്‍ബെർഗ് വിളിച്ചു, എന്നിട്ടും ശ്രീദേവി നോ പറഞ്ഞു

spielberg-sreedevi

തെന്നിന്ത്യയിലെയും ബോളിവുഡിലെയും എല്ലാ പ്രമുഖ നടന്‍മാര്‍ക്കൊപ്പവും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് ശ്രീദേവി. അതുപോലെ ശ്രീദേവി വേണ്ടെന്നു വച്ച കഥാപാത്രങ്ങളും ശ്രദ്ധേയമാണ്. അതിന് അവര്‍ക്ക് വ്യക്തമായ കാരണങ്ങളുമുണ്ടായിരുന്നു. താൽപര്യമില്ലാത്ത സിനിമകളോട് നോ പറയാന്‍ ശ്രീദേവിക്ക് മടിയുണ്ടായിരുന്നില്ല. ഹോളിവുഡിലെ സൂപ്പർഹിറ്റ് സംവിധായകൻ സ്റ്റീവന്‍ സ്പീല്‍ബെര്‍ഗിനോടു പോലും ശ്രീദേവിയ്ക്ക് ആ നിലപാടായിരുന്നു. അത്രമേല്‍ പ്രൊഫഷനല്‍ ആയിരുന്നു ശ്രീദേവി.

ലോകമേറ്റെടുത്ത സൂപ്പർഹിറ്റ് സിനിമയായ ജുറാസിക് പാര്‍ക്കിലേക്ക് ഒരു ചെറിയ വേഷത്തില്‍ ശ്രീദേവിയെയാണു സ്പീല്‍ബെര്‍ഗ് തിരഞ്ഞെടുത്തത്. അതും 1993–ൽ. അന്ന് ഇന്ത്യന്‍ സിനിമയില്‍ കത്തി നില്‍ക്കുകയായിരുന്നു ശ്രീദേവി. ഇത്ര ചെറിയ വേഷത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് ശ്രീദേവി സ്പീല്‍ബെര്‍ഗിനെ അറിയിച്ചു. ജുറാസിക് പാര്‍ക്ക് ലോകം മുഴുവന്‍ ഹിറ്റ് ആയപ്പോഴും റോള്‍ നിഷേധിച്ചതില്‍ ശ്രീദേവിക്ക് കുറ്റബോധമൊന്നുമില്ലായിരുന്നു. ഹോളിവുഡില്‍ അഭിനയിക്കുന്ന ആദ്യ ബോളിവുഡ് നടിയെന്ന ഖ്യാതി ശ്രീദേവിക്ക് അതോടെ നഷ്ടമായി.

Sridevi-2

‘ഡര്‍’ എന്ന ചിത്രത്തില്‍ ഷാരുഖ് ഖാന്റെ നായികയാകാന്‍ ശ്രീദേവി വിസമ്മതിച്ചു. യാഷ് ചോപ്ര സംവിധാനം ചെയ്ത് നിര്‍മ്മിച്ച ചിത്രമായിരുന്നു അത്. ചിത്രത്തില്‍ തനിക്കു കിട്ടിയത് ഒരു സാധാരണ റോള്‍ ആണെന്നായിരുന്നു ശ്രീദേവി കാരണം പറഞ്ഞത്. ചാന്ദ്നി, ലംഹേ എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് ഡര്‍ ശ്രീദേവിയെ തേടിയെത്തിയത്.  ഈ വേഷം പിന്നീട് ചെയ്തത് ജൂഹി ചൗളയായിരുന്നു.  ജൂഹിയെ സംബന്ധിച്ച് ഇത് നല്ലൊരു വേഷമാണ്. പക്ഷേ എനിക്കിത് ഞാന്‍ കാലങ്ങള്‍ക്കു മുമ്പെ ചെയ്‌തൊരു വേഷമായിട്ടാണു തോന്നിയതെന്നും ശ്രീദേവി അന്നു വ്യക്തമാക്കി. കഥാപാത്രങ്ങളെ സംബന്ധിച്ച് ഇത്രയേറ കാര്‍ക്കശ്യമുള്ളൊരു നടി ബോളിവുഡിന്റെ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമാണ്. 

ബാഹുബലിയില്‍ രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച ശിവകാമിയായി ശ്രീദേവിയായിരുന്നു എത്തേണ്ടിയിരുന്നത്. പക്ഷേ ശ്രീദേവി എസ്.എസ്.രാജമൗലിയോടും നോ പറഞ്ഞു. ബോണി കപൂര്‍ ചിത്രത്തിന്റെ നിര്‍മാണ പങ്കാളിത്തം ആവശ്യപ്പെട്ടതാണു കാരണമെന്നു അഭ്യൂഹങ്ങളുയര്‍ന്നെങ്കിലും അതിനൊന്നും സ്ഥിരീകരണമല്ല. പിന്നീട് ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക്, അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ...എന്നു മാത്രമാണ് ശ്രീദേവി ഉത്തരം പറഞ്ഞത്.