Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി ഫെയ്സ്ബുക്കിൽ പ്രതികരിക്കാനില്ല : ടൊവിനോ

tovino

ശിവാസ് ട്രിലജി എന്ന പുസ്തകം വായിച്ചു തീർത്തതിന്റെ ആവേശത്തില്‍ ഒരു ഹിമാലയന്‍ ട്രിപ്പ് പോയിട്ടുണ്ട് ടൊവിനോ തോമസ്. കോളജില്‍ പഠിക്കുമ്പോള്‍ ഒരിക്കല്‍ ഖസാക്കിന്റെ ഇതിഹാസം കളഞ്ഞുകിട്ടി. അന്നു തുടങ്ങിയ വായനയാണ്. സിനിമകളെപ്പോലെ തന്നെ ടൊവിനോ പുസ്തകങ്ങളെയും സ്നേഹിക്കുന്നു. ഇപ്പോള്‍ വീട്ടില്‍ ഒരു കു‍ഞ്ഞുലൈബ്രറിയുണ്ട്. പ്രിയ എഴുത്തുകാരന്‍ അമേരിക്കന്‍ നോവലിസ്റ്റ് ഖാലിദ് ഹുസൈനി.

നല്ല പുസ്തകങ്ങള്‍ നമ്മെ ഇങ്ങോട്ട് തേടിവരും. അതുപോലെയാണു നല്ല സിനിമകളും. ടൊവിനോ പറയുന്നു. തീയറ്ററില്‍ ആളെക്കയറ്റുന്ന മാസ് സിനിമകളെക്കാള്‍ തരംഗവും ഗപ്പിയും പോലുള്ള പരീക്ഷണ ചിത്രങ്ങള്‍ ചെയ്യാനാണ് ഇഷ്ടം. പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുന്നതുപോലെയാണു ടൊവിനോ സിനിമകളും തിരഞ്ഞെടുക്കുന്നത്. മറ്റു യുവതാരങ്ങളില്‍നിന്നു ടൊവിനോ തോമസ് വ്യത്യസ്തനാകുന്നതും അങ്ങനെ തന്നെ.

വഴിമാറി നടക്കാനിഷ്ടം

ഒറ്റയ്ക്ക് നൂറാളുകളെയൊക്കെ ഇടിച്ചിടുന്ന ചിത്രം വേണമെങ്കില്‍ ചെയ്യാവുന്നതേയുള്ളൂ. അതിനു പറ്റിയ ശരീരപ്രകൃതിയൊക്കെയാണ്. പക്ഷേ, എനിക്ക് വഴിമാറി നടക്കാനാണിഷ്ടം. എല്ലാക്കാലത്തും ഒരേ സിനിമകള്‍ കൊടുത്തുകൊണ്ടിരുന്നാല്‍ പ്രേക്ഷകര്‍ക്കു മടുക്കും. ആളുകള്‍ക്ക് ഫോര്‍മുല സിനിമകളേ ഇഷ്ടപ്പെടൂവെന്നുള്ളതു തെറ്റായ ധാരണയാണ്. ഈ ചിന്തയില്‍നിന്നാണു തരംഗം പോലൊരു സിനിമയുടെ തുടക്കം. മാസ് മൂവികള്‍ കാലാകാലം നിലനില്‍ക്കില്ല. തീയറ്ററില്‍ വലിയ വിജയമായിരുന്നില്ലെങ്കിലും എന്നെ ഇപ്പോഴും പ്രേക്ഷകരില്‍ പലരും ഓര്‍ക്കുന്നത് ഗപ്പി സിനിമയുടെ പേരിലാണ്. അതില്‍ ഏറെ സന്തോഷിക്കുകയും ചെയ്യുന്നു. നായകന്‍, വലിയ താരം എന്നീ ലേബലുകളിലൊതുങ്ങാതെ നല്ല സിനിമകള്‍ ചെയ്ത് നല്ല നടനായി അറിയപ്പെടാനാണിഷ്ടം.

tovino-audi-q7-4

ഗോദയുടെ രാഷ്ട്രീയം

നായികാപ്രാധാന്യമുള്ള ചിത്രമാണു ഗോദ. എന്റെ കഥാപാത്രത്തിന് കുറച്ചുകൂടി ഹൈപ്പ് നല്‍കുന്ന തരത്തില്‍ ഗോദയുടെ സ്ക്രിപ്റ്റ് തിരുത്താമായിരുന്നു. പക്ഷേ അങ്ങനെ ചെയ്യുന്നതു സ്വാര്‍ഥതയാണ്. ഗോദയുടെ കഥയും കഥാപാത്രങ്ങളും ആ സിനിമ പറയുന്ന രാഷ്ട്രീയവും ഇഷ്ടപ്പെട്ടു തന്നെയാണ് ആ സിനിമ ചെയ്യുന്നത്. എന്നെ ഏല്‍പ്പിച്ച ജോലി അഭിനയമാണ്. അതു വൃത്തിയായി ചെയ്യുകയെന്നതാണ് എന്റെ കടമ. 

basil-godha-tovino

ഫെയ്സ്ബുക്കിൽ ഇനി പ്രതികരിക്കില്ല

സാമൂഹികവിഷയങ്ങളില്‍ ഫെയ്സ്ബുക്കിലൂടെയുള്ള പ്രതികരണം ഞാന്‍ അവസാനിപ്പിച്ചു. നമ്മള്‍ അഭിപ്രായം പറഞ്ഞതുകൊണ്ടൊന്നും ആരും മാറില്ലെന്ന് ബോധ്യപ്പെട്ടു. ഇനി സിനിമകള്‍ പ്രമോട്ട് ചെയ്യാന്‍ ഫെയ്സ്ബുക്ക് ഉപയോഗിക്കും. അത്രയേയുള്ളൂ. ഒഴിവുസമയം കിട്ടുമ്പോള്‍ മൊബൈല്‍ഫോണില്‍ ഗെയിം കളിച്ചാലും ഫെയ്സ്ബുക്കില്‍ കയറില്ല. അല്ലെങ്കില്‍ ഏതെങ്കിലും പുസ്തകം വായിച്ചുകൊണ്ടിരിക്കും.

tovino

ഗ്രൂപ്പുകളിക്കാനില്ല

ഞാനങ്ങനെ ഒരു ഗ്രൂപ്പിലും പെടുന്നയാളല്ല. സിനിമയിലുണ്ടെന്നു പറയപ്പെടുന്ന എല്ലാ ഗ്രൂപ്പുകളുമായും നല്ല സൗഹൃദമുണ്ട്. ഇവരുടെയൊക്കെ കീഴില്‍ സിനിമ ചെയ്യാന്‍ ആഗ്രഹവുമുണ്ട്. ഏതെങ്കിലും ഒരു ഗ്രൂപ്പില്‍ ഒതുങ്ങിപ്പോയാല്‍ നമ്മുടെ എല്ലാ കഴിവുകളും ഉപയോഗിക്കാന്‍ പറ്റിയെന്നുവരില്ല. അപ്ഡേറ്റ‍ഡ് ആകാനും കഴിയില്ല.

ധനുഷിന്റെ നിര്‍മാണം

എല്ലാവര്‍ക്കും പെട്ടെന്നു ദഹിക്കാത്ത ഒരു കണ്‍സെപ്റ്റാണ് തരംഗത്തിന്റേത്. അതു ചെയ്യാന്‍ നല്ലൊരു പ്രൊഡ്യൂസറെ ആവശ്യമായിരുന്നു. കാക്കമുട്ടൈ, വിസാരണൈ തുടങ്ങി ധനുഷിന്റെ വണ്ടര്‍ബാര്‍ പ്രൊഡക്ഷന്‍സ് നിര്‍മിച്ച സിനിമകളെല്ലാം വ്യത്യസ്തമാണ്. വണ്ടര്‍ബാര്‍ പ്രൊഡക്‌ഷന്‍സിലെ എക്സിക്യുട്ടീവ് പ്രൊഡ്യൂസറായ സുകുമാര്‍ തെക്കേപ്പാട്ടിനെ നേരത്തെ പരിചയമുണ്ട്. സംവിധായകന്‍ ഡൊമിനിക് അരുണ്‍ പോയി കഥ പറഞ്ഞു. കേട്ടപ്പോഴേ അദ്ദേഹം ഇംപ്രസ്ഡായി.

പുതിയ സിനിമകള്‍

ടൊവിനോയുടെ ആദ്യ തമിഴ്ചിത്രം അബി അന്‍ഡ് അനു നവംബര്‍ മൂന്നിന് റിലീസ് ചെയ്യും. ആഷിഖ് അബു സംവിധാനം ചെയ്യുന്ന  മായാനദി ഡിസംബറിലും തീയറ്ററുകളിലെത്തും.

tovino

ആരോടും മല്‍സരിക്കാനില്ല

തീവ്രം സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായിരിക്കുന്ന കാലം തൊട്ടേ ദുല്‍ക്കറിനെ അറിയാം. ആ സൗഹൃദം ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. അകന്ന ബന്ധു കൂടിയാണു നിവിന്‍. എനിക്ക് ഏറെ ഇഷ്ടമുള്ള നടനാണ്. ഫഹദ് ഫാസിലും മികച്ച നടനാണ്. ഇവരൊടൊന്നും മല്‍സരിക്കാനില്ല. എല്ലാവരും നല്ല സിനിമകള്‍ ചെയ്യണം എന്നുതന്നെയാണ് ആഗ്രഹം. ആരോഗ്യകരമായ മല്‍സരം സ്വാഭാവികമായും സിനിമാ ഇന്‍ഡസ്ട്രിയെ സഹായിക്കും. ഇന്‍ഡസ്ട്രി നന്നാകുന്നത് എനിക്കും മെച്ചമാണല്ലോ. മറ്റുള്ളവരുടെ വര്‍ക്ക് മോശമാകുമ്പോഴല്ല നമ്മള്‍ ഉയര്‍ന്നുവരേണ്ടത്. മറ്റുള്ളവരുടെ പരാജയത്തിലല്ല നമ്മള്‍ വിജയം കാണേണ്ടതും.

related stories