Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തള്ളല്ല, കണാരനാണേ സത്യം !

dileep-harish

തള്ള് എന്നു കേൾക്കുമ്പോൾ ഓർമ വരുന്ന പേരാണ് ജാലിയൻ കണാരൻ. മലയാളത്തിലെ ഏറ്റവും ആസ്വദിക്കപ്പെട്ട ടെലിവിഷൻ പരിപാടിയിലൂടെ ജനമനസ്സിലെത്തിയ കണാരൻ ഇപ്പോൾ മലയാള സിനിമയിലെ കോമഡി ഫെസ്റ്റിവലാണ്. കഥാപാത്രം തള്ളിന്റെ ഉസ്താദ് ആണെങ്കിലും നടൻ ഹരീഷ് കണാരൻ ജീവിതത്തിൽ തള്ളുകാരനല്ല. മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിവലിൽ ജാലിയൻ കണാരൻ എന്ന കഥാപാത്രം അവതരിപ്പിച്ചതോടെ ഹരീഷിന് കണാരൻ എന്ന വാൽകൂടി പതിച്ചുകിട്ടി. കോഴിക്കോട് പെരുമണ്ണ ഗ്രാമത്തിന്റെ വാമൊഴിയാണു ഹരീഷ് കണാരന്റെ തുറുപ്പുചീട്ട്.

എന്തും ചെയ്യും!

കണാരനാകുന്നതിനു മുൻപ് എല്ലാ ജോലികളും ചെയ്തിട്ടുണ്ട്. തിയറ്ററിൽ ഫിലിംപ്രൊജക്ടർ ഓപ്പറേറ്ററുടെ സഹായിയായി. ഓട്ടോ ഓടിക്കൽ, പെയിന്റിങ് പണികൾ, അൻപതുരൂപ പ്രതിഫലത്തിനു സ്റ്റേജ് പ്രോഗ്രാമുകൾ... ഇങ്ങനെ ഒട്ടേറെ ജോലികൾ. പ്രോഗ്രാം കഴിഞ്ഞ് ബസ് കിട്ടാതെ കോഴിക്കോട് ബീച്ചിൽ കിടന്നുറങ്ങും. കഷ്ടപ്പാടിന്റെ കാലം മറക്കാനാവില്ല.

കോഴിക്കോട്ടെ കൊച്ചിരാജാവ്

ദിലീപിന്റെ ഫാൻസ് അസോസിയേഷനിൽ സജീവമായിരുന്നു ഞാൻ. അതുകൊണ്ട് ഓട്ടോയ്ക്ക് കൊച്ചിരാജാവ് എന്നു പേരിട്ടു. കൊച്ചി കാണുന്നത് പിന്നെയും ഏറെക്കഴിഞ്ഞിട്ടാണ്. ‘വിശ്വവിഖ്യാതരായ പയ്യൻമാർ’ എന്ന പുതിയ സിനിമയിൽ കോഴിക്കോടുനിന്നു കൊച്ചിയിലെത്തുന്ന പീപ്പി ഷിജുവായിട്ടാണ് അഭിനയിക്കുന്നത്.

നുണപറഞ്ഞു തുടക്കം

നാട്ടിൽ ക്ലബ്ബിന്റെ വാർഷികത്തിനു നുണപറച്ചിൽ മത്സരമുണ്ടായിരുന്നു. പലരും പല നുണകൾ തട്ടിവിട്ടു. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ തള്ള്. അന്നു പിറന്നുവീണതാണ് ആ പാവം ‘സ്വാതന്ത്ര്യസമരസേനാനി’ ജാലിയൻ കണാരൻ. പിന്നീട് ആ ആശയം കൂട്ടുകാരുമായി ആലോചിച്ചു കൂടുതൽ നർമം ഉൾപ്പെടുത്തി വികസിപ്പിച്ചു. ജാലിയൻ കണാരനു ശേഷം തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. രാജേഷ് കണ്ണങ്കര സംവിധാനം ചെയ്ത വിശ്വവിഖ്യാതരായ പയ്യൻമാർ ആണ് ഹരീഷ് കണാരന്റെ പുതിയ സിനിമ. അഞ്ചുയുവാക്കളുടെ കഥയാണിത്.