Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ നവംബറിന്റെ നക്ഷത്രം

mammootty-alappey മമ്മൂട്ടി, ആലപ്പി ഷെരീഫിനൊപ്പം കബീർ

1980 ലെ നവംബർ മലയാളത്തിനു നൽകിയത് ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നായിരുന്നു–ജയന്റെ വിയോഗം. അതേ നവംബർ മലയാളത്തിന് അതിലും വലിയൊരു താരോദയത്തെ സമ്മാനിച്ചു; അതും ഈ ആലപ്പുഴയുടെ മണ്ണിൽവച്ച്. സംഭവം ആലപ്പുഴ ഗവ. റെസ്റ്റ് ഹൗസിലെ നാലാം നമ്പർ മുറിയിൽ. ജയൻ മരിച്ചു ദിവസങ്ങൾക്കകം. 

ജയൻ, വിജയ മൂവീസ് ബാബു, ഷീല, കെ.ജെ.തോമസ് എന്നിവർ പാർട്ണർമാരായാണു ‘സ്ഫോടനം’ എന്ന സിനിമ നിർമിക്കാൻ തീരുമാനിച്ചത്. സംവിധാനം പി.ജി.വിശ്വംഭരൻ. തിരക്കഥ ആലപ്പി ഷെരീഫ്. ജയനും സുകുമാരനും പ്രധാന വേഷങ്ങളിൽ. പക്ഷേ, ജയന്റെ ആകസ്മിക വിയോഗത്തോടെ പദ്ധതികളെല്ലാം തകിടം മറിഞ്ഞു. 

mammootty songsVala kilukkam Kelkkanallo - Sphodanam (1981) -

ജയനു വച്ച വേഷം സുകുമാരനു കൊടുത്തു. സുകുമാരന്റെ വേഷത്തിൽ അഭിനയിക്കാൻ രവി മേനോനെയും രവികുമാറിനെയുമൊക്കെ ആലോചിച്ചു. പേരുകൾ പലതു വരുന്നതിനിടയിൽ വിജയ മൂവീസ് ബാബു പറഞ്ഞു: ‘വിൽക്കാനുണ്ട് സ്വപ്നങ്ങളിലും മേളയിലും അഭിനയിച്ച മമ്മൂട്ടിയായാലോ?!’ 

ബാബു, വിശ്വംഭരൻ, ഷെരീഫ്, സഹോദരൻ കലാം, കെ.ജെ.തോമസ്, ബാബുവിന്റെ പിതാവ് സേവ്യർ (ജോളി ഫിലിംസ്) എന്നിവരാണ് ഇന്റർവ്യൂ പാനലിൽ. ബാബുവിന്റെ അനിയൻ സേവിച്ചനെ ട്രങ്ക് കോളിൽ വിളിച്ചു മമ്മൂട്ടിയെ എത്തിക്കാൻ ഏർപ്പാടാക്കിയ പ്രൊഡക്‌ഷൻ മേൽനോട്ടക്കാരൻ എ. കബീറിന് ആ ദിവസം മറക്കാൻ വയ്യ. മമ്മൂട്ടിയെ മുറിയിൽ വിളിച്ചു സംസാരിച്ച ശേഷം ഒരു വട്ടം കൂടി ചർച്ച. 

‘ആള് ഹാൻഡ്സമാണ്. അഭിനയിക്കുമെങ്കിൽ ഓകെ’ എന്നു ഷെരീഫ്.  ‘അഭിനയിക്കുമെന്ന് എനിക്കുറപ്പുണ്ട്’ എന്നു ബാബുവിന്റെ കയ്യൊപ്പ്.  ‘എന്നാൽ ഓകെ’ എന്നു ഷെരീഫിന്റെ മുദ്ര.  ‘ഷെരീഫിക്ക പറഞ്ഞാൽ എനിക്കും ഓകെ’ എന്നു വിശ്വംഭരനും. 

മമ്മൂട്ടിയും സുകുമാരനും സോമനും ചേർന്ന ത്രയം മുൻനിരയിൽ അഭിനയിച്ച ‘സ്ഫോടനം’ മമ്മൂട്ടിയുടെ സിനിമാത്തുടക്കത്തിലെ സുപ്രധാന വഴിത്തിരിവുകളിലൊന്നായി. 37 വർഷം പിന്നിടുമ്പോഴും സിരകളിൽ സ്ഫോടനമുണ്ടാക്കുന്ന അന്നത്തെ ഓർമയിൽ കബീറിനു മറ്റൊരു സന്തോഷം കൂടിയുണ്ട്. ‘കാർകുഴലിൽ പൂവുചൂടിയ കറുത്ത പെണ്ണേ...’ എന്ന ഈ ചിത്രത്തിലെ പ്രസിദ്ധമായ ഗാനം പാടി അഭിനയിച്ചതു കബീറായിരുന്നു. പല സിനിമകളിൽ വേഷമിട്ടിട്ടുണ്ടെങ്കിലും കബീർ പാടി അഭിനയിച്ച ഏക രംഗം. 

ഷെരീഫിന്റെ ഒരുറച്ച വാക്കിലായിരുന്നിരിക്കാം അന്നാ താരപ്പിറവി വിധി ഒളിച്ചുവച്ചിരുന്നത്. തിരക്കഥയ്ക്കും തിരക്കഥാകൃത്തിന്റെ വാക്കിനും സിനിമയിലുണ്ടായിരുന്ന ആ ശക്തിയുടെ ഓർമയായി, നാളെ ആലപ്പി ഷെരീഫിന്റെ രണ്ടാം ചരമവാർഷികമെത്തുകയാണ്. 

related stories