Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൃഥ്വിയുടെ അഭിനയം കണ്ട് അത്ഭുതപ്പെട്ട് പോയി: ചാന്ദിനി

chandini-prithviraj

അമേരിക്കയിൽ നിന്ന് ഒരു റിയാലിറ്റി ഷോ വഴി തമിഴ് സിനിമയിലേക്ക് പിന്നെ തെലുങ്കിലേക്ക് ഒടുവിൽ മലയാളത്തിലേക്ക്. ചാന്ദിനി ശ്രീധരനെന്ന നായികയുടെ വഴികളിങ്ങനെയായിരുന്നു. കെഎൽ പത്തിലെ തട്ടമിട്ട പെൺകുട്ടിയിൽ ഡാർവിന്റെ പരിണാമത്തിൽ പൃഥ്വിരാജിന്റെ നല്ലപാതിയായി എത്തിനിൽക്കുമ്പോൾ ചാന്ദിനിയെന്ന ചാന്ദിനി സംസാരിക്കുന്നു.

പൃഥ്വിക്കൊപ്പമുള്ള സിനിമാ അഭിനയം എങ്ങനുണ്ടായിരുന്നു?

പൃഥ്വിയാണ് ചിത്രത്തിലെ നായകനെന്ന് അറിഞ്ഞപ്പോൾ അൽപം ടെൻഷനുണ്ടായിരുന്നു. ഇതിന്റെ ഷൂട്ടിങിനാണ് ആദ്യം കാണുന്നതും. ഇതിൽ ഭാര്യയും ഭർത്താവുമായിട്ടാണ് അഭിനയിക്കുന്നത്. ആദ്യം ഞാൻ അൽപം നെർവസ് ആയിരുന്നു. പക്ഷേ അദ്ദേഹത്തിനൊപ്പമുള്ള അഭിനയം ഒരുപാട് കംഫർട്ടബിൾ ആയിരുന്നു. നമ്മളോടിങ്ങോട്ട് നന്നായി സംസാരിക്കുന്ന വ്യക്തിയാണ്. അതുകൊണ്ട് തന്നെ ആദ്യം തോന്നിയ പേടിയൊക്കെ പെട്ടെന്ന് മാറി.

ജെന്റിൽമെൻ ആയ വ്യക്തി. ഓൺ ദി സ്പോട്ട് ആക്ടർ. ശരിക്കും ഞാൻ അത്ഭുതപ്പെട്ടു അദ്ദേഹത്തിന്റെ അഭിനയം കണ്ടിട്ട്. അത്രയ്ക്ക് റിയിലിസ്റ്റിക് ആണ് അത്. നമുക്കൊപ്പം അഭിനയിക്കുന്നയാൾ ഒരുപാട് നന്നായി ചെയ്യുമ്പോൾ നമ്മൾടെ പ്രതികരണവും അതേപോലെയാകും. കുറേ മെച്ചപ്പെടും. ഈ സിനിമയിൽ എനിക്ക് അങ്ങനെയാണ് അനുഭവപ്പെട്ടത്.

prithvi-chandini

കെഎൽ10 പത്തിലെ വേഷത്തിൽ നിന്ന് ഡാർവിന്റെ പരിണാമത്തിലെത്തുമ്പോൾ എന്ത് തോന്നുന്നു?

ഓരോ വേഷത്തിനും അതിന്റേതായ പ്രത്യേകതയുണ്ടല്ലോ. കെഎൽ10 പത്തിലെ ഷാദിയ സ്പെഷ്യൽ ആണ്. എനിക്കിപ്പോഴും പ്രിയപ്പെട്ടതു തന്നെ. പക്ഷേ ഡാർവിന്റെ പരിണാമത്തിൽ കുറേ കൂടി അഭിനയ പ്രാധാന്യമുള്ള വേഷമാണ്. കരിയറിലെ ഏറ്റവും വലിയ പ്രോജക്ട്. എന്റെ അഭിനയത്തിൽ കുറച്ച് കൂടി പുരോഗതി വന്നെന്ന് എനിക്ക് തന്നെ ഫീൽ ചെയ്തു. സംവിധായകരിൽ നിന്നും അണിയറ പ്രവർത്തകരിൽ നിന്നും നല്ല ഫീഡ്ബാക്ക് ആണ് കിട്ടിയത്. സംവിധായകൻ ജിജോ ആൻറണിയും സഹസംവിധായകനും ഒരുപാട് സഹായിച്ചു. ഓരോ സീൻ കഴിയുമ്പോഴും നല്ല നിർദ്ദേശങ്ങൾ തരും. ചാന്ദിനി നന്നായി ചെയ്തു. അടുത്തത് കുേറ കൂടി നല്ലതാക്കുവാൻ ശ്രമിക്കണം എന്ന നിർദ്ദേശം തരുമായിരുന്നു. അത് ആത്മവിശ്വാസം കൂട്ടി.

chandini-img കെഎൽ പത്ത് എന്ന ചിത്രത്തിൽ ചാന്ദ്നി

ഈ ചിത്രത്തിൽ അൽപം ഡൾ മേക്കപ് ആണ് ചെയ്തിരിക്കുന്നത്. കണ്ണിനു താഴെ ഡാർക്ക് ഷെയ്ഡ് ഒക്കെ ചെയ്ത്. കഥാപാത്രത്തിന് ആഡംബരത്തിലുള്ള മേക്കപ് ആവശ്യമില്ലാത്തതുകൊണ്ട് മനപൂർവം ചെയ്തതാണ്. പക്ഷേ അത് സ്ക്രീനിൽ നന്നായിട്ട് ചേരുന്നുണ്ട്.

ഡാർവിന്റെ പരിണാമത്തിലെ വേഷം എങ്ങനെയുള്ളതാണ്?

അനില എന്നാണ് കഥാപാത്രത്തിന്റെ പേര്. അനില കുറച്ച് ബോൾഡ് ആണ്. പക്ഷേ മെന്റലി സ്ട്രോങ് ആയ കാരക്ടർ. ഇടത്തരം ഫാമിലിയുടെ കഥയാണ്.

Chandini

കുടുംബം അമേരിക്കയിലല്ലേ. ഷൂട്ടിങിന് വന്നിരുന്നോ? പഠനം?

ഇല്ല. അവർ അമേരിക്കയിൽ തന്നെയാണ്. ചിത്രം റിലീസിനെത്തുമ്പോൾ അവരൊരുപാട് എക്സൈറ്റഡ് ആണ്. ഞാൻ നാട്ടിലാണ് കൊച്ചിയിൽ. ഇവിടെ തന്നെ നൃത്തവും സംഗീതവും പഠിക്കുന്നുണ്ട്.

മലയാളത്തിലെ ചില നായികമാരുടെ ഛായയുണ്ടെന്ന പറച്ചിൽ വിഷമിപ്പിക്കുന്നുണ്ടോ?

ആ സംസാരം മാറി വരുന്നുവെന്ന് പറയാം. ആദ്യമൊക്കെ അതേ കേൾക്കാനുണ്ടായിരുന്നുള്ളൂ. എന്നെക്കണ്ടിട്ട് ആരെയൊക്കെയോ പോലിരിക്കുന്നുവെന്നൊക്കെയായിരുന്നു പറയാറ്. പക്ഷേ ഇപ്പോള്‍ അത് മാറി. പുറത്തൊക്കെയിറങ്ങുമ്പോൾ ആളുകൾ പഴയപോലെ പറയാറില്ല. സന്തോഷമുണ്ട് അക്കാര്യത്തിൽ.

Your Rating: