Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേഷത്തിനായി കെഞ്ചിയിട്ടില്ല

lena-784-410

ഇനി എന്താകുമെന്നു പറയാനാകില്ല. ലെനയുടെ കാര്യങ്ങൾ എപ്പോഴും അങ്ങിനെയാണ്. കുപ്പായം മാറ്റുന്നതുപോലെ ഇമേജു മാറ്റി പ്രത്യക്ഷപ്പെടുന്ന നടി. മലയാളത്തിൽനിന്നു നേരെ തമിഴിൽ ധനുഷിന്റെ സിനിമയിലേക്ക്. അവിടെനിന്നു നേരെ മുംൈബയിലേക്ക് അക്ഷയ് കുമാറിന്റെ കൂടെ അഭിനയിക്കാൻ. തിരിച്ചുവന്നു മലയാളത്തിലെ രണ്ടു ദിവസം മാത്രമുള്ള ചെറിയ വേഷം ചെയ്യുന്നു. നല്ല തിരക്കുള്ളപ്പോൾ സിനിമ വിട്ടു പോകുക. പിന്നെ തീരുമാനം മാറ്റി തിരിച്ചെത്തുക. സിനിമയ്ക്കു കാത്തുനിൽക്കാതെ ടിവി പരമ്പരയിൽ അഭിനയിക്കുക. വീണ്ടും സിനിമയിൽ വരിക– ഇതൊക്കെയാണ് ലെന.

സിനിമയിൽ തിരിച്ചെത്തുമെന്നു കരുതിയിരുന്നോ?

സിനിമയിൽ തിരക്കുള്ള സമയത്തു പോസ്റ്റ്ഗ്രാജുവേഷൻ ചെയ്യാൻ പോയപ്പോൾ എംഫിലും ഡോക്ടറേറ്റും നേടി ഇന്ത്യക്കു പുറത്തു സെറ്റിൽ ചെയ്യാൻ തീരുമാനിച്ചിരുന്നു. പക്ഷെ രണ്ടു വർഷംകൊണ്ടു മനസ്സിലായി അഭിനയിച്ചില്ലെങ്കിൽ ഞാൻ ശ്വാസംമുട്ടി ചത്തുപോകുമെന്ന്. അന്നാണ് അറിയുന്നത് എന്റെ ഉള്ളിൽ ഇത്രയേറെ മമത അഭിനയത്തോട് ഉണ്ടെന്ന്. തിരിച്ചു വന്നപ്പോൾ കിട്ടിയത് ടിവി പരമ്പരയാണ്. അതു ഹിറ്റായതോടെ തിരിച്ചു സിനിമയിലെത്തി.

98ൽ വന്ന ലെനയ്ക്കു ജീവൻ നൽകിയത് 2011ൽ റിലീസ് ചെയ്ത ട്രാഫിക്കാണ്. അതിനു മുൻപുള്ള ലെനയും ശേഷമുള്ള ലെനയും വ്യത്യസ്തമാണല്ലോ?

ട്രാഫിക്ക് എനിക്കു നൽകിയ ഇമേജ് ചെറുതല്ല. ഞാൻ വ്യത്യസ്തമായി അഭിനയിച്ചതുകൊണ്ടുണ്ടായതല്ല. അതിലെ ക്യാരക്ടറിന്റെ ശക്തികൊണ്ടാണ്. അതിനു ശേഷം അത്തരം വേഷങ്ങൾ വന്നു. യുവനടികളുടെ അമ്മയായി പലരും വിളിച്ചു. അപ്പോഴാണ് അതിലെ അപകടം അറിയുന്നത്. അതോടെ അമ്മ വേഷത്തിൽനിന്നു വിട്ടുനിന്നു.

akshay-lena

13 വർഷം ഞാൻ ആരുടെ മുന്നിലും വേഷത്തിനായി കെഞ്ചിയിട്ടില്ല. കിട്ടയത് പരമാവധി നന്നായി ചെയ്തു. ആരുടെ മുന്നിലും അനാവശ്യമായി കീഴടങ്ങിക്കൊടുക്കരുതെന്ന് അച്ഛനും അമ്മയും പറയുമായിരുന്നു. ഞാൻ ക്ഷമയോടെ കാത്തിരുന്നു. ആ ക്ഷമയ്ക്കു ദൈവംതന്ന സമ്മാനമാണ് 2011ൽ ട്രാഫിക്കിനു ശേഷം കിട്ടിയ നല്ല വേഷങ്ങളും അവാർഡുകളും അഭിനന്ദനങ്ങളും. നല്ല സമയം, ഭാഗ്യം, ദൈവത്തിന്റെ സമ്മാനം ഇതൊക്കെയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.

ട്രാഫിക്കിനു ശേഷം കിട്ടിയത് ഉസ്താദ് ഹോട്ടലിലാണ്. ട്രാഫിക്കിലെ ഇമേജ് അതു ബ്രേക്ക് ചെയ്തുതന്നു. അതിനു ശേഷം സ്പിരിറ്റിലെ തന്റേടിയായ യുവതിയുടെ വേഷം. പിന്നീടു ലെഫ്റ്റ് റൈറ്റിലെ നെ‍ഞ്ചൂക്കുള്ള അനിതയുടെ വേഷം. പിന്നെ എന്നു നിന്റെ മൊയ്തീനിലെ പാത്തുമ്മയുടെ വേഷം. ഇതൊന്നും ഞാൻ ആസൂത്രണം ചെയ്തതല്ല. ദൈവം ആസൂത്രണം ചെയ്തതാണ്. വലിയ കുഴപ്പമില്ലാതെ വേഷങ്ങൾ ചെയ്യുമെന്നു സംവിധായകർക്കും എഴുത്തുകാർക്കും അറിയാമായിരുന്നു. അതിനുവേണ്ടി അവരുടെ മുന്നിൽ അപേക്ഷിക്കാത്തതുകൊണ്ടാണ് പിന്നീട് അവർ എനിക്കുവേണ്ടി വേഷങ്ങൾ തന്നത്. വ്യക്തി ജീവിതത്തിലെ നമ്മുടെയൊരു ക്യാരക്ടർ വലിയ ഘടകമാണ്. അതു സൂക്ഷിക്കാൻ ശ്രമിച്ചു.

ധനുഷിനൊപ്പം തമിഴ് സിനിമ ചെയ്യുന്നു, അക്ഷയ് കുമാറിനൊപ്പം ഹിന്ദി സിനിമ ചെയ്യുന്നു. നായികയായല്ലാതെ മലയാളത്തിലെ നടി വളർച്ചയുടെ തിരമാറ്റം നടത്തുകയാണ്.

അഭിനയം തുടങ്ങി 17 വർഷത്തിനു ശേഷമാണ് ഇതെല്ലാം വരുന്നത്. അവർ എന്റെ വേഷങ്ങൾ കണ്ടു വിളിച്ചതാണ്. അതിന്റെ സമയമായി എന്നു പറയാം. അല്ലാതെ ഞാൻ പെട്ടെന്നു വലിയ നടിയായതല്ല. എയർലിഫ്റ്റ് വലിയൊരു സിനിമയായിരുന്നു. രാജ്യസ്നേഹം നിറഞ്ഞു തുളുമ്പുന്ന ഇത്തരമൊരു സിനിമയുടെ ഭാഗമായതു സന്തോഷമാണ്. രാജസ്ഥാൻ മരുഭൂമിയിൽ 500 ജൂനിയർ ആർട്ടിസ്റ്റുകളെയും പത്തിലേറെ വലിയ നടീനടന്മാരെയും സംവിധായകൻ രാജ മേനോനും എട്ടു സഹായികളും ചേർന്ന് ഒരു ബഹളവുമില്ലാതെ നിയന്ത്രിക്കുന്നതു കണ്ടാൽ അന്തംവിട്ടുപോകും. ഒരു വർഷമായി അവർ ഈ സിനിമയ്ക്കുവേണ്ടി ഒരുങ്ങുകയായിരുന്നു. ആ സിനിമ കണ്ടു പല കാസ്റ്റിങ് ഡയറക്റ്റേഴ്സും എന്നെ വീണ്ടും ഹിന്ദിയിലേക്കു വിളിക്കാമെന്നു പറഞ്ഞിട്ടുണ്ട്.

lena-akshaykumar

തിരിച്ചു വന്ന ശേഷം മലയാളത്തിൽ അഭിനയിക്കുന്നതു നാലോ അഞ്ചോ സീനിൽ വരുന്ന ചില വേഷങ്ങളിൽ. എന്തിനാണിത്?

എനിക്കു എത്ര സീനുണ്ട് എന്നതു പ്രശ്നമേ അല്ല. കുതിരവട്ടം പപ്പു സാർ ഒരു സീനിൽ വന്നു മടങ്ങുന്ന എത്രയോ സിനിമകളില്ലെ. ആ ഒരു സീൻ കൊണ്ട് അദ്ദേഹം ചെയ്യുന്ന വേഷം നമുക്കു മറക്കാൻ പറ്റാത്തതാക്കുന്നു. ഞാൻ രണ്ടു സീൻ ചെയ്ത സിനിമ ആയാൽപ്പോലും ആ വേഷത്തിന് ആ സിനിമയിൽ എന്തെങ്കിലും ചെയ്യാനുണ്ടാകും എന്നാണ് ഞാൻ കരുതുന്നത്. കഴിഞ്ഞ രണ്ടുവർഷമായി എന്നെ അത്തരം വേഷങ്ങൾക്ക് എഴുത്തുകാരും സംവിധായകരും ക്ഷണിക്കുന്നു എന്നതു ഭാഗ്യമാണ്.

വലിയ ക്യാരക്ടേഴ്സ് ഇനി.....

ജൂഡ് ആന്റണിയുടെ സിനിമയിൽ നല്ല വലിയ വേഷമാണ്. അവർ തന്നതുകൊണ്ടു മാത്രമായില്ല. എനിക്കും കൂടെയുള്ളവർക്കും അതു വിജയിപ്പിക്കാൻകൂടിയാകണം.

lena-aakruti

പലരും പറയാൻ മടിക്കുന്നതു ലെന തുറന്നു പറയുന്നതു കേട്ടിട്ടുണ്ട്.

ഇതുവരെ സിനിമയിലെ ആരെയും വേദനിപ്പിക്കുന്ന ഒരു തുറന്നു പറച്ചിലും ഞാൻ നടത്തിയിട്ടില്ല. ഞാൻ പറയുന്നതിനെ ആരും എതിർത്തിട്ടുമില്ല. അവർക്കറിയാം ഞാൻ ശരിയാണ് പറയുന്നതെന്ന്. എനിക്കു പറ്റിയ തെറ്റു തിരുത്തുകയും ചെയ്യും. നമ്മുടെ കൈകൾ ശുദ്ധമായിരുന്നാൽ പറയാനുള്ള ധൈര്യമുണ്ടാകും. ഞാൻ തുറന്നു പറയുന്നതുകൊണ്ട് ആരും വേഷം തരാതിരുന്നിട്ടില്ല. മോശമായി പെരുമാറിയിട്ടുമില്ല.

ഏതെങ്കിലും വേഷം ശ്രദ്ധിക്കപ്പെടാതെ പോയതിൽ വേദനയുണ്ടോ?

ലാൽജോസ് സാറിന്റെ രണ്ടാം ഭാവത്തിലെ വേഷം ശ്രദ്ധിക്കപ്പെടാതെ പോയതിൽ ഇന്നും വേദനയുണ്ട്. അന്ന് എല്ലാവരും പറഞ്ഞു ഇതോടെ ലെന മലയാളത്തിന്റെ നായികയാകുമെന്ന്. അതുണ്ടായില്ല. സമയം മോശമാണ് എന്നു കരുതി അധ്വാനിക്കാതിരിക്കരുത്. ജോലി ചെയ്തുകൊണ്ടേയിരിക്കുക. സമയം നന്നാകുമ്പോൾ അതിന്റെയെല്ലാം ഗുണം നമ്മെ തേടിവരും. എന്റെ ജീവിതം എന്നെ പഠിപ്പിച്ചത് അതാണ്.

Your Rating: