Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2017 ലെ വമ്പൻ സിനിമകൾ

2017

മാറി മറയുന്ന സിനിമകൾ. ഏതു തുടങ്ങുമെന്നറിയാതെ സംവിധായകർ. എങ്കിലും സംവിധായകർ താരങ്ങളെ കാത്തിരിക്കുന്ന വർഷമാണു വരുന്നത്. താരങ്ങളുടെ ഡേറ്റ് കിട്ടാനില്ലെന്നു പറയുമ്പോഴും മികച്ച പ്രോജക്ടുകളുമായി വരുന്ന നവസംവിധായകർക്കു പോലും ഡേറ്റ് കിട്ടുന്നുമുണ്ട്.

മമ്മൂട്ടി ഇത്തവണ പഴയ സംവിധായകരെക്കാൾ കൂടുതൽ പുതിയ സംവി‌ധായകർക്കാണു ഡേറ്റ് നൽകിയിരിക്കുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുത്തൻപണത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ശ്യാ‌ംധർ, അജയ് വാസുദേവ്,വൈശാഖ് എന്നിവരുടെ ചിത്രവും തുടർന്നുണ്ടാകും. ഹനീഫ് അദേനിയുടെ ദ് ഗ്രേറ്റ് ഫാദറിന്റെ ചിത്രീകരണം പൂർത്തിയായി. ഈ വർഷം പുറത്തുവരുന്ന ആദ്യ മമ്മൂട്ടി ചിത്രം ഇതാകും.

മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ആണ് മോഹൻലാലിന്റെ ആദ്യ പുതുവർഷസിനിമ. അതു കഴിഞ്ഞാല്‍ൽ മേജർ രവിയുടെ ചിത്രം. ആദ്യ ഘട്ട ചിത്രീകരണം പൂർത്തിയായി. 10 ദിവസത്തെ ചിത്രീകരണം ബാക്കിയുണ്ട്. പവൻ കല്യാൺ നായകനായ തെലുങ്കു ചിത്രത്തിൽ അദ്ദേഹം ഈ വർ​ഷം അഭിനയിക്കും. മറ്റൊരു തെലുങ്കു സൂപ്പർസ്റ്റാർ ചിത്രവും അദ്ദേഹത്തിനുണ്ട്. ബി. ഉണ്ണികൃഷ്ണന്റെ സിനിമയിലും ഈ വർ‌ഷം അഭിനയിക്കും. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറും ഈ വർഷം തുടങ്ങാൻ സാധ്യതയുണ്ട്.

കെ. ബിജു സംവിധാനം ചെയ്യുന്ന ജോർജേട്ടൻസ് പൂരം പൂർത്തിയായിക്കഴിഞ്ഞു, ദിലീപ്. കമ്മാരസംഭവം, പ്രഫസർ ഡിങ്കൻ, തിരുട്ടു റാസ്ക്കൽ, രാംലീല തുടങ്ങിയവയാണു ദിലീപ് ചിത്ര‌ങ്ങൾ.
പൃഥ്വിരാജിന്റെ ഇസ്ര ആദ്യം എത്തും. തുടർന്നു റോഷ്നി ദിവാകര്‍ സംവിധാനം ചെയ്യുന്ന ചിത്രം, മുരളി ഗോപി എഴുതിയ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ടിയാൻ, പ്രദീപ് എം. നായരുടെ വിമാനം തുടങ്ങിയ സിനിമകളാകും പുറത്തുവരിക.

ബ്ലെസിയുടെ ആടു ജീവിതം, ആർ.എസ്. വിമലിന്റെ കർണൻ എന്നീ സിനിമകളിൽ ഒന്ന് ഈ വർഷാവസാനത്തോടെ ചിത്രീകരണം തുടങ്ങിയേക്കും. ദുൽഖർ സൽമാന്റെ പുതുവർഷത്തെ ആദ്യ സിനിമ സത്യൻ അന്തിക്കാടിന്റെ ജോമോന്റെ സുവിശേഷങ്ങളാകും. തുടർന്ന് അമൽ നീരദിന്റെ സിനിമയും. ഇതിന്റെ ചിത്രീകരണം പൂർത്തിയായി. തുടർന്നു ഷൗബിൻ സഹീറിന്റെ പറവ. ലാൽ ജോസ് ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം ചെയ്യുന്ന സിനിമയിലാണ് ഇനി ദുൽഖർ അഭിനയിക്കുക. തുടർന്നു സലാം ബുഖാരി, അനൂപ് സത്യൻ എന്നിവരുടെ സിനിമകളിലും.

പ്രണവ് മോഹൻലാലിന്റെ നായകഅരങ്ങേറ്റമായിരിക്കും ഈ വർഷം ആരാധകർ കാത്തിരിക്കുന്ന പ്രോജക്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആക്​ഷൻ ത്രില്ലറായിരിക്കുമെന്നാണ് സൂചന.

നിവിൻ പോളിക്കു രണ്ടു തമിഴ് സിനിമകളുണ്ട്. അൽത്താഫ് സംവിധാനം ചെയ്യുന്ന ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളയുടെ ചിത്രീകരണം പൂർത്തിയായി. മാർട്ടിൻ പ്രക്കാട്ടിന്റെ നിവിൻ സിനിമ ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഗപ്പി സംവിധാനം ചെയ്ത ജോൺപോൾ ജോർജിന്റെ സിനിമയിലും നിവിൻ തുടർന്നഭിനയിക്കും.

ഫഹദ് ഫാസിലിന്റെ ദിലീഷ് പോത്തൻ സിനിമയാകും ആദ്യമെത്തുക. തുടർന്നു ഫഹദ് ക്യാമറാമാൻ േവണുവിന്റെ സിനിമയിൽ അഭിനയിക്കും. അൻവർ റഷീദ്, റാഫി എന്നിവരുടെ ചിത്രങ്ങ​ളും പുതിയ വർഷം പുറത്തുവരും. ഫഹദിന്റെ തമിഴ്സിനിമയും പൂര്‍ത്തിയാവുന്നു.

കുഞ്ചാക്കോ ബോബനു മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ടേക് ഓഫ്, രഞ്ജിത്ത് ശങ്കറിന്റെ ഏദൻ തോട്ടം തുടങ്ങിയവയാണു പുറത്തു വരാനുള്ളത്. ജയസൂര്യയ്ക്കു സിദ്ധിഖിന്റെ ഫുക്രി, മിഥുൻ മാനുവൽ തോമസിസിന്റെ ആടു ഭീകര ജീവിയുടെ രണ്ടാം ഭാഗം എന്നിവയാണുള്ളത്.

ആസിഫ് അലിക്കു ഹ‌ണിബീയുടെ രണ്ടാം ഭാഗവും തൃശ്ശിവ പേരൂർ ക്ലിപ്തവുമാണു പുതിയ സിനിമകൾ. ജയറാമിന്റെ മകൻ കാളിദാസനു പൂമരമാണു പുറത്തു വരാനിരിക്കുന്ന ചിത്രം.

ഇതിലൊന്നും പെടാത്ത എട്ടോളം പുതുമുഖ​ സംവിധായകരുടെ ചിത്രങ്ങളെങ്കിലും പുറത്തുവരും. അതിൽ ചിലതിലെങ്കിലും ഈ പ്രമുഖ നടന്മാർ അഭിനയിക്കുകയും ചെയ്തേക്കും.
 

Your Rating: