Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുലിമുരുകന്‍ പൂർണ തൃപ്തി നൽകിയില്ല; കാരണം വ്യക്തമാക്കി പീറ്റർ ഹെയിൻ

മോഹൻലാൽ ചൈനീസ് സിനിമയിൽ നായകനാകുമോ? മോഹൻലാലിനെ വച്ച് രാജ്യാന്തര നിലവാരത്തിലുള്ള ആക്ഷൻ സിനിമ പ്ലാൻ ചെയ്യുമെന്ന് സ്റ്റണ്ട് കൊറിയോഗ്രാഫർ പീറ്റർ ഹെയ്‌ൻ. മോഹൻലാൽ നായകനാകുന്ന വില്ലന്റെയും വി എ ശ്രീകുമാർ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം രണ്ടാമൂഴത്തിന്റെയും സ്റ്റണ്ട് നിർവഹിക്കുന്നതും പീറ്റർ ഹെയ്‌ൻ തന്നെയാണ്. പുലിമുരുകന്‍ ബോക്സ് ഒാഫീസില്‍ ചരിത്രമെഴുതുമ്പോഴും ചിത്രം പൂർണ തൃപ്തി നൽകിയില്ലെന്ന് പീറ്റർ ഹെയിൻ മനോരമ ന്യൂസിനോട് പറഞ്ഞു.  

I am not fully satisfied with action sequences in Pulimurugan says Peter Hein | Manorama News

“പുലിമുരുകൻ എന്ന ചിത്രത്തിൽ കേരളത്തിലെ പ്രേക്ഷകരെ മാത്രം ലക്ഷ്യം വച്ചുള്ള ആക്ഷൻ രംഗങ്ങൾ ചെയ്താൽ മതിയെന്നായിരുന്നു സംവിധായകൻ എന്നോട് ആവശ്യപ്പെട്ടത്. ഞാൻ അതുപോലെ തന്നെ ചെയ്തു. എന്നാൽ ഞാൻ ഉദ്ദേശിച്ച അത്രയും ചിത്രത്തിൽ കണ്ടില്ല എന്നുള്ളതാണ് സത്യം. എനിക്ക് പുലിമുരുകൻ പോലൊരു ചിത്രം അന്തർദേശീയതലത്തിൽ ലാൽ സാറുമൊത്തു ചെയ്യണമെന്നുണ്ട്. അത് ഒരു ഇന്ത്യൻ ചിത്രം എന്നതിലുപരി വിയറ്റ്നാമീസ്, ചൈനീസ്, ഇംഗ്ലീഷ് ഭാഷകളിലും പുറത്തിറങ്ങുന്ന ഒന്നായിരിക്കും.“– പീറ്റർ ഹെയ്ൻ പറഞ്ഞു

കഠിനമായ പരീക്ഷണങ്ങളെ പലപ്പോഴായി അഭിമുഖികരിക്കേണ്ടി വന്നിട്ടുണ്ട്. മുതൽവനിൽ ദേഹമാകെ തീ കൊളുത്തി കെട്ടിടത്തിൽ മുകളിൽ നിന്ന് ചാടുന്ന രംഗങ്ങൾ ഷൂട്ട് ചെയ്തപ്പോൾ ഗുരുതരമായി പൊളളൽ ഏറ്റിട്ടുണ്ട്. മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഗുരുതരമായി പരിക്കേറ്റ് പീറ്റർ ഹെയിൻ ജീവിതത്തിലേയ്ക്ക് തിരിച്ചു വരില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ സന്ദർഭം ഉണ്ടായിട്ടുണ്ട്.

സിനിമയാണ് എല്ലാം. പുലിമുരുകൻ ഹോളിവുഡ് നിലവാരത്തിൽ ഒരുക്കാൻ താത്പര്യമുണ്ട്. മോഹൻലാലിന്റെ ഊർജ്ജം തന്നെ അത്ഭുതപ്പെടുത്തിയെന്നും പീറ്റർ ഹെയിൻ പറയുന്നു.  ഇനിയും മോഹൻലാലിനൊപ്പം പ്രവർത്തിക്കാൻ താത്പര്യമുണ്ട്.അദ്ദേഹത്തെ നായകനാക്കി ഇംഗ്ലീഷ്, ചൈനീസ്, ഇന്ത്യൻ ഭാഷകളിൽ ചിത്രം ഒരുക്കാനാണ് പദ്ധതി. 

പുലിമുരുകൻ എന്ന പേരിലുളള ചിത്രത്തിൽ എന്താണ് കടുവയെ ഉപയോഗിച്ചത് എന്നത് എല്ലാവരും ചോദിക്കുന്ന ചോദ്യമാണ്. അത് എന്റെ നിർദ്ദേശമായിരുന്നു. പുലിയെവെച്ച് രംഗങ്ങൾ ചിത്രീകരിക്കുക കൂടുതൽ ശ്രമകരവും അപകടകരവുമായതിനാലാണ് കടുവയെ വെച്ച് ചിത്രീകരിച്ചതെന്ന് പീറ്റർ ഹെയിൻ പറഞ്ഞു. വളരെ വേഗത്തിൽ ഓടുന്ന മൃഗമാണ് പുലി.പുലിയോടോപ്പമുളള രംഗങ്ങൾ അപകട സാധ്യത കൂടുതൽ ഉണ്ടെന്ന തിരിച്ചറിവിലാണ് ഉപേക്ഷിച്ചത്.  80 ശതമാനത്തോളം രംഗങ്ങൾ ഒറിജിനൽ കടുവയെ വെച്ചാണ് ചിത്രീകരിച്ചത്. 

കടുവയെ എടുത്തറിയുന്ന മുതലുളള രംഗങ്ങളിലാണ് ഗ്രാഫിക്സ് ഉപയോഗിച്ചത്. ആക്ഷൻ കൊറിയോഗ്രാഫിക്ക് അവാർഡ് ഏർപ്പെടുത്തിയ വർഷം തന്നെ അത് ലഭിച്ചത് ഏറെ സന്തോഷമുണർത്തുന്ന അനുഭവമാണെന്നും പീറ്റർ ഹെയിൻ പറയുന്നു. ബാഹുബലി പോലെയുളള ചിത്രങ്ങളിൽ പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഉയർന്ന ബജറ്റ് അതിയായ സ്വാതന്ത്ര്യം നൽകുന്നുണ്ടെന്നും പീറ്റർ ഹെയിൻ പറഞ്ഞു.