Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഹുബലിക്ക് മുന്നിൽ മുട്ടുമടക്കി ബോളിവുഡ്; ദംഗലിനെ തകര്‍ത്തു

dangal-pk

ബോളിവുഡിന് ഇനി ബാഹുബലിയ്ക്ക് മുന്നിൽ തലകുനിക്കാം. ഇന്ത്യൻ ബോക്സ്ഓഫീസിൽ ഏറ്റവും വലിയ പണംവാരിപ്പടമായ ബാഹുബലി 2 ബോളിവുഡിലെ മറ്റൊരു റെക്കോർഡ് കൂടി തകർത്തു. 

ബാഹുബലി 2വിന്റെ ഹിന്ദി പതിപ്പ് ആണ് ഇനി ബോളിവുഡിൽ ഏറ്റവുമധികം പണംവാരിയ ഹിന്ദി ചിത്രം. ആമിറിന്റെ ദംഗൽ ബിടൗണിൽ നിന്നു കലക്ട് ചെയ്ത ലൈഫ്ടൈം കലക്ഷൻ(387.38 കോടി) ആണ് ബാഹുബലി 2 ഹിന്ദി തകർത്തത്. വെറും രണ്ട് ആഴ്ച കൊണ്ട് ചിത്രം നേടിയത് 385 കോടിയാണ്. 400 കോടി കലക്ഷൻ നേടുന്ന ആദ്യ ഹിന്ദിചിത്രമെന്ന റെക്കോർഡും ബാഹുബലി 2 സ്വന്തമാക്കും. 1250 കോടിയാണ് ചിത്രത്തിന്റെ ആഗോളകലക്ഷൻ.

തെലുങ്കിൽ നിന്നും പുറത്തിറങ്ങിയ ഒരു ചിത്രം ബോളിവുഡിൽ റെക്കോർഡുകൾ സൃഷ്ടിക്കുക ചരിത്രത്തിൽ ഇതാദ്യമാകും. ബിടൗണിലെ രാജാക്കന്മാരായ ഷാരൂഖ്, ആമിർ, സൽമാൻ, അക്ഷയ് എന്നിവർക്കൊക്കെ കിട്ടുന്ന തിരിച്ചടി കൂടിയാണ് ബാഹുബലി 2വിന്റെ വിജയം.

കഴിഞ്ഞ ദിവസം രണ്ടുബോളിവുഡ് ചിത്രങ്ങൾ റിലീസ് ചെയ്തിട്ടും ബാഹുബലി 2 ജൈത്രയാത്ര തുടരുകയാണ്. അമിതാഭിന്റെ സർക്കാർ 3, പരിനീതിയുടെ മേരി പ്യാരി ബിന്ദു എന്നീ ചിത്രങ്ങൾക്ക് യാതൊരു ചലനവും ബോക്സ്ഓഫീസിൽ സൃഷ്ടിക്കാൻ സാധിച്ചിട്ടില്ല. 1425 സ്ക്രീനുകളിലാണ് സർക്കാർ 3 എത്തിയത്. മേരി പ്യാരി ബിന്ദു 750 സ്ക്രീനുകളിലും.