Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമാ സ്ത്രീ സംഘടനയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിൽ വിഷമം; ഭാഗ്യലക്ഷ്മി

bhagyalakshmi-01

മലയാളസിനിമയിലെ പുതിയ വനിതാകൂട്ടായ്മയുടെ പ്രാഥമികചർച്ചകളുടെ ഭാഗമായിട്ടും അവസാനഘട്ടത്തിൽ ഒഴിവാക്കപ്പെട്ടതിൽ വിഷമമുണ്ടെന്ന് ഭാഗ്യലക്ഷ്മി. 

‘ഇങ്ങനെയൊരു സംഘടന ഉണ്ടാക്കുന്ന കാര്യത്തെച്ചൊല്ലി മാസങ്ങളായി ഞാനും മഞ്ജുവുമൊക്കെ ചർച്ച ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഒരു മീറ്റിങ് നടന്നതും മുഖ്യമന്ത്രിയെ കാണാൻ പോയതും ഞാനറിഞ്ഞില്ല, എന്നെ ആരും അറിയിച്ചുമില്ല. ഇങ്ങനെയൊരു സംഘടന വന്നതിൽ സന്തോഷമുണ്ട്. തീർച്ചയായും അത് ആവശ്യമാണ്.

സ്ത്രീകൾക്ക് എപ്പോഴും സ്ത്രീകളോട് പരാതി പറയാനായിരിക്കും ധൈര്യം വരുന്നത്. അതുകൊണ്ടുതന്നെ സംഘടന വന്നതിൽ സന്തോഷവും അതിൽ‌ നല്ല വിശ്വാസവും ഉണ്ട്. എന്നെ എന്തുകൊണ്ട് അറിയിച്ചില്ല എന്ന് മനസ്സിലാകുന്നില്ല. ചിലപ്പോൾ എന്തെങ്കിലും കാരണമുണ്ടാകാം. ആദ്യം ഞാൻ ഇതിനെ കാര്യമാക്കിയെടുത്തില്ല. എന്നാൽ ഒരുപാട് ആളുകൾ ചേച്ചി ഇല്ലേ എന്നു ചോദിച്ചു തുടങ്ങിയപ്പോഴാണ് ഞാനില്ലേ എന്ന വിഷമം തോന്നിത്തുടങ്ങിയത്.–ഭാഗ്യലക്ഷ്മി പറഞ്ഞു.

മഞ്ജു വാര്യര്‍, ബീനാ പോള്‍, പാര്‍വതി തിരുവോത്ത്, ദീദി ദാമോദരന്‍,വിധു വിന്‍സെന്റ്, റിമാ കല്ലിങ്കല്‍, സജിതാ മഠത്തില്‍ എന്നിവര്‍ ഉള്‍പ്പെടെ പതിനഞ്ചംഗ കോര്‍ കമ്മിറ്റിയാണ് സംഘടനാ രൂപീകരണത്തിന് മുന്‍കയ്യെടുത്തത്. നടിമാരുൾപ്പടെ സിനിമയിലെ വിവിധമേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ ഈ സംഘടനയുടെ ഭാഗമാണ്. സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായി കോര്‍ കമ്മിറ്റി അംഗങ്ങള്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. ചലച്ചിത്ര മേഖലയിലുള്ള സ്ത്രീകളുടെ സുരക്ഷിതത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യുകയും സിനിമാമേഖലിയിൽ സ്ത്രീ സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തു.