Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊണ്ടിമുതലിലെ യുവകവി രാജേഷ് അമ്പലത്തറ

unni

വീട്ടുപരിസരത്തു മൊബൈൽ ടവർ സ്ഥാപിക്കാൻ അനുവാദം കൊടുത്ത അയൽക്കാരനിട്ടു രണ്ടെണ്ണം പൊട്ടിച്ച്, പണം മുഴുവൻ ബാബു സാറിനും അണുപ്രസരണം മുഴുവൻ എന്റെ കുടുംബത്തിനെന്നും  സങ്കടപ്പെടുന്നയാളാണു യുവകവി രാജേഷ് അമ്പലത്തറ. ദിലീഷ് പോത്തന്റെ ‘ദൃക്‌സാക്ഷിയും തൊണ്ടിമുതലും’ കണ്ടവരാരും മറക്കില്ല, പ്രേക്ഷകനെ സിംപിളായി ചിരിപ്പിച്ചു കടന്നു പോകുന്ന ഈ യുവകവിയെ.  

കിട്ടിയ വേഷം കൊണ്ടു കാണികളുടെയാകെ കയ്യടി നേടിയ ഉണ്ണിരാജ് മിനിസ്ക്രീനിൽ നിന്നു സിനിമയെന്ന സ്വപ്ന ഭൂമികയിലേക്കു ചുവടുവയ്ക്കുകയാണ്. ഞാൻ, എബി, ചന്ദ്രഗിരി, ഇപ്പോൾ ദൃക്സാക്ഷിയും തൊണ്ടിമുതലും എന്നീ ചുരുക്കം സിനിമകൾ കൊണ്ടു തന്നെ ഉണ്ണി ശ്രദ്ധ നേടുകയാണ്. 

കരുത്താകുന്നതു നിഷ്കളങ്കമായ ഭാഷാ ശൈലിയും മർമമറിഞ്ഞു പ്രയോഗിക്കുന്ന നർമവും. മഴവിൽ  മനോരമയിലെ മറിമായം എന്ന ഹാസ്യ പരമ്പരയിലൂടെയാണ് ഉണ്ണിരാജിനെ കലാകേരളം ആദ്യം ശ്രദ്ധിക്കുന്നത്. സിനിമയിലും സീരിയലിലും ജീവിതത്തിലും കാസർകോടൻ ശൈലിയിൽ മാത്രം സംസാരിച്ചയാൾ എന്നതിൽ  തുടങ്ങുന്നു ഉണ്ണിയുടെ പ്രത്യേകതകൾ. 

പ്രീഡിഗ്രി വരെയേ പഠിച്ചിട്ടുള്ളു, കാസർകോട് ചെറുവത്തൂർ വിവി നഗറിൽ ‍ ചൂരിക്കാടൻ കണ്ണൻ നായരുടെയും ഓമനയുടെയും മകൻ ഉണ്ണിരാജ്. അച്ഛന്റെ വഴിയേ പെയിന്റിങ് തൊഴിലാളിയായിട്ടും മോഹം കൈവിട്ടില്ല. സിനിമ കാണാൻ തുടങ്ങിയ കാലം മുതലെ ഒരാഗ്രഹമേ ഉള്ളൂ, സിനിമയിൽ  അഭിനയിക്കണം. 

സങ്കൽപ്പിക്കാവുന്നതിലും അപ്പുറമാണു സിനിമയെന്ന് അനുഭവം പലപ്പോഴും ഓർമിപ്പിച്ചിട്ടും മോഹം മനസ്സിലിട്ടു നടന്നു. ആ ഒറ്റ ബലത്തിലാണു കലോത്സവ വേദികളുടെ ഏഴയലത്തു വരാത്ത പയ്യൻ കലോത്സവ വേദികളുടെ അണിയറയിലെ താരമാവുന്നത്. കഴിഞ്ഞ 17 വർഷമായി സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ലഘുനാടകത്തിലും മൈമിലും ഉണ്ണി പരിശീലിപ്പിച്ച ടീമുകൾക്കാണു സമ്മാനം. 

ഉണ്ണിയുടെ കുട്ടികൾ സ്വന്തമാക്കിയ സമ്മാനങ്ങൾക്കും എ ഗ്രേഡുകൾക്കും കണക്കില്ല. ഒരേ സമയം ഏഴു ജില്ലകളെ വരെ പരിശീലിപ്പിച്ച ചരിത്രമുണ്ട്. മൈം എന്ന കലാരൂപത്തെ വടക്കൻ മലബാറിൽ ജനപ്രിയമാക്കിയതും ഈ യുവാവാണെന്നു പറയാം. പത്രങ്ങളിൽ വായിച്ചറിയുന്ന ആനുകാലിക സംഭവങ്ങൾ മൂകാഭിനയരൂപത്തിലാക്കി വയ്ക്കും, പരിശീലിപ്പിക്കുന്ന ഓരോ ടീമിനും ഓരോ കഥകൾ. 

ഒരാൾ ഒറ്റയ്‌ക്കൊരു മൈം എന്ന രീതിയിൽ നടത്തിയ പരീക്ഷണവും ഹിറ്റായിരുന്നു. ഇന്ത്യാ-പാക് അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്ന കാലത്ത് അതിർത്തിയിലെ പട്ടാളക്കാരന്റെ ജീവിതം കഥയാക്കിയാണു സോളോ മൈം അരങ്ങിലെത്തിച്ചത്. എൻഡോസൾഫാൻ ദുരന്തം പ്രമേയമാക്കി അവതരിപ്പിച്ച മൈമും ചർച്ചയായിരുന്നു. 

കൊല്ലം തോറും മൂന്നു മാസത്തെ കലോത്സവ കാലത്താണ് ഏറ്റവും തിരക്ക്. മറ്റു പരിശീലകർ കണക്കുപറഞ്ഞു കാശു വാങ്ങുമ്പോഴും അഭിമാനവും ആനന്ദവുമാണു വലുതെന്ന് ഉണ്ണി പറയുന്നു. കലോത്സവകാലം കഴിഞ്ഞാൽ സിനിമാവിളികൾക്കു കാതോർത്ത് ഉണ്ണിയുണ്ടാവും. 

സുഹൃത്തായ ഫിലിം എഡിറ്റർ കെ.ടി. സുധാകരനും മറിമായത്തിലെ നടി സ്നേഹ ശ്രീകുമാറും പറഞ്ഞറി‍ഞ്ഞാണു തൊണ്ടിമുതലിന്റെ ഓഡിയേഷനിലെത്തിയത്. അങ്ങനെ കൈപിടിക്കുന്ന കൂട്ടുകാരാണ്, പരിചയക്കാരാണ് ഉണ്ണിയുടെ സമ്പാദ്യം. സിനിമ കണ്ട് സുരാജ് വെഞ്ഞാറമൂട് നേരിൽ വിളിച്ചഭിനന്ദിച്ചതിന്റെ ത്രില്ലിലാണ് ഉണ്ണിയിപ്പോൾ. 

ഏഴെട്ടു കൊല്ലം മുൻപ്, കോഴിക്കോട്ടെ കലോത്സവ വേദിയിൽ നിന്നു വീട്ടിലേക്കുള്ള വരവിൽ ഉണ്ണിയെ തേടിയൊരു വാർത്തയെത്തി. ആകെയുണ്ടായിരുന്ന സമ്പാദ്യം, ഭാര്യ സിന്ധുവിന്റെ 20 പവൻ കള്ളൻ കൊണ്ടുപോയി. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ അഭിനയിക്കുമ്പോഴും സ്റ്റേഷൻ രംഗങ്ങൾ കാണുമ്പോഴും ഉണ്ണിയുടെ മനസ്സിൽ ആ നീറ്റലുണ്ടായിരുന്നു. 

സിനിമയ്ക്കൊടുവിൽ സുരാജിനും ഭാര്യയ്ക്കും മാല തിരിച്ചുകിട്ടി. ഉണ്ണിക്കിപ്പോൾ ഒരു മോഹം കൂടിയുണ്ട്, സിനിമയിലഭിനയിച്ചു കിട്ടുന്ന പണം കൂട്ടി സിന്ധുവിനൊരു മാല വാങ്ങണം! 

related stories