Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൂർദ്‌ഭവനിലെ മക്കൾക്ക് അപ്രതീക്ഷിത സമ്മാനങ്ങളുമായി മമ്മൂട്ടി

mammootty-fans

ഇക്കുറി ഓണസമ്മാനം ആരാധകരുടെ വകയല്ല , സാക്ഷാൽ മെഗാസ്റ്റാറിന്റെ വകയാണ് എന്നറിഞ്ഞപ്പോൾ ലൂർദ്ഭവനിലെ അന്തേവാസികൾ ആദ്യം ഒന്ന് ഞെട്ടി. ഓണ സമയത്തു തന്നെയാണ് അദ്ദേഹത്തിന്റെ ജന്മദിനം എന്നറിഞ്ഞപ്പോൾ അവർ തീരുമാനിച്ചു , സമ്മാനവുമായി യെത്തുന്നവരെയും ഒന്ന് ഞെട്ടിക്കണം ! ലൂർദ്‌ഭവന്റെ നടത്തിപ്പുകാരനായ ജോസ് ആന്റണിയുടെ അകമഴിഞ്ഞ പ്രോത്സാഹനവും കൂടി ആയപ്പോൾ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും "നന്മ "നിറഞ്ഞ ആഘോഷമായി അത് മാറുകയും ചെയ്തു.

ലൂർദ്‌ഭവന്റെ ആരംഭവർഷം തുടങ്ങി മമ്മൂട്ടിയുടെ ജന്മദിന ദിവസം മമ്മൂട്ടി ഫാൻസുകാർ സ്ഥിരമായി ലൂർദ്‌ഭവനിൽ അന്തേവാസികൾക്ക് സമ്മാനമായി എത്തുന്ന പതിവുണ്ടായിരുന്നു. പിന്നീട് ലൂർദ്ഭവനിലെ സേവന പ്രവർത്തനങ്ങൾ മനസ്സിലാക്കിയ മമ്മൂട്ടി ഈ തിരുവോണത്തിന് അന്തേവാസികൾക്കായി ഓണസദ്യയും പുത്തനുടുപ്പുകളും സമ്മാനങ്ങളും എല്ലാം തന്റെ വക നേരിട്ട് സമ്മാനിക്കാൻ തീരുമാനിക്കുകയായിരുന്നു.

അതിനായി കെയർ ആൻഡ് ഷെയർ ഇന്റർനാഷ്ണൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴയെയും കെയർ ആൻഡ് ഷെയർ ഡയറക്ടറും മമ്മൂട്ടിയുടെ പി ആർ ഓ യുമായ റോബർട്ട് കുര്യാക്കോസിനെയും ചുമതലപ്പെടുത്തുകയായിരുന്നു . ഇതിനിടയിൽ മമ്മൂട്ടിയെ സന്ദർശിച്ച തിരുവനന്തപുരം ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രെട്ടറിയും മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസ്സോസ്സിയേഷൻ ഇന്റർനാഷനലിന്റെ രക്ഷാധികാരിയും കൂടിയുമായസ്വാമി ഗുരുരത്നം ജ്ഞാന താപസ്വിയോടും ലൂർദ്‌ഭവൻ അന്തേവാസികളെ പോയി നേരിൽ കാണണം എന്ന് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു .

അടുത്ത ദിവസം പ്രിയതാരത്തിന്റെ ജന്മ ദിനമാണന്നു അറിഞ്ഞ അന്തേവാസികൾ " സ്നേഹനിധിയായ ഞങ്ങളുടെ വല്യേട്ടൻ മമ്മൂക്കക്ക് ജന്മദിന ആശംസകൾ "എന്നെഴുതിയ ഫ്‌ളെക്‌സും ജന്മദിന കെയ്ക്കും എല്ലാം കരുതി വച്ചിരുന്നു . അന്തേവാസികൾക്ക് സമ്മാനം കൈമാറുന്ന സ്വകാര്യ ചടങ്ങായി മാത്രം പ്ലാൻ ചെയ്തുവന്ന മമ്മൂട്ടിയുടെ ആളുകൾ ജന്മദിന ആഘോഷങ്ങളുടെ ഒരുക്കം കണ്ടു അക്ഷരാർത്ഥത്തിൽ ഞെട്ടി. കൂട്ടത്തിൽ മുതിർന്ന കുമാർ ആണ് കെയ്ക്ക് മുറിക്കാനും പായസം വിളമ്പാനും എല്ലാം മുൻപിൽ നിന്നത് ." ഹാപ്പി ബർത്ഡേ മമ്മൂക്ക " എന്ന് പാടിക്കൊണ്ടിരുന്ന അന്തേവാസികൾ കണ്ടുനിന്ന എല്ലാവരുടെയും ഹൃദയം കീഴടക്കുന്ന കാഴ്ചയായിരുന്നു .

ഒരുകാലത്തു മാനസിക വൈകല്യങ്ങൾ ഉണ്ടായിരുന്നവരോ ശാരീരികമായി വലിയ വെല്ലുവിളികൾ നേരിടുകയോ ചെയ്യുന്ന , ഉറ്റവരും ഉടയവരും ഉപേക്ഷിച്ചവരുമായ നൂറിൽ കൂടുതൽ ആളുകളാണ് അന്തേവാസികളായി ഇവിടെയുള്ളത് . പതിനെട്ട് വർഷങ്ങളായി പ്രവർത്തിക്കുന്ന ലൂർദ്‌ഭവനിലൂടെ ആയിരക്കണക്കിന് ആളുകളാണ് ജീവിതത്തിലേക്ക് തിരികെ എത്തിയത് . മാനേജിങ് ട്രസ്റ്റി ജോസ് ആന്റണിയുടെ നേതൃത്വത്തിൽ ഒരു ഡസനോളം ആളുകൾ രാവും പകലുമില്ലാതെ ഈ അന്തേവാസികൾക്കായി സേവനം ചെയ്യുന്നുണ്ട് .

പള്ളിക്കത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജി അഞ്ചാനിയും തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിലെ സ്വാമി ഗുരുമിത്രയും ചടങ്ങുകളിൽ പങ്കെടുത്തു.