Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവരൊക്കെ എന്‍റെ സ്റ്റാറാ; മമ്മൂട്ടി പറയുന്നു

mammootty-latest-83.jpg.image.784.410

സിനിമയുടെ ലാളിത്യം കഥയുടെ ലാളിത്യമാണ്. കഥയുടെ ലാളിത്യം കേന്ദ്രകഥാപാത്രത്തിന്റെ ലാളിത്യമാണ്. ‘പുള്ളിക്കാരൻ സ്റ്റാറാ’ എന്നു പറയുമ്പോൾ പുള്ളിക്കാരൻ സാറാ എന്നു കേട്ടാൽ മതി. കാരണം  ഇതിൽ ഒരു നക്ഷത്രമില്ല. മമ്മൂട്ടിയുടെ കഥാപാത്രം രാജകുമാരൻ എന്ന അധ്യാപകരുടെ അധ്യാപകനാണെങ്കിലും  പ്രേക്ഷകർക്കു മുന്നിൽ മണ്ണിൽ ചവുട്ടി നിൽക്കുന്ന പ്രജ മാത്രമാണ്. അധ്യാപകരോടുള്ള ഇഷ്ടങ്ങളും അടുപ്പവും പങ്കുവച്ച് മമ്മൂട്ടി...

പഠിക്കാൻ പഠിപ്പിച്ചവർ 

എന്റെ ഏറ്റവും പഴയ ഓർമയിലുള്ളത് നാലാം ക്ലാസിൽ പഠിപ്പിച്ച ഗ്രേസി ടീച്ചറാണ്. ഞാൻ ചെമ്പിൽ ഒരു കോൺവന്റ് സ്കൂളിലാണു പഠിച്ചത്. അവിടെ കൂടുതലും സിസ്റ്റർമാരായിരുന്നു അധ്യാപകർ. പിന്നീടങ്ങോട്ട് ആറിലും ഏഴിലും പഠിപ്പിച്ച  രാധാമണി ടീച്ചർ, സദാനന്ദൻ മാസ്റ്റർ അങ്ങനെ ഒത്തിരിയാളുകളുടെ പേര് എനിക്ക് ഓർമയുണ്ട്. ഹൈസ്കൂളിൽ വന്നപ്പോൾ സാറാമ്മ ടീച്ചർ, ജയകൃഷ്ണൻ സാർ, അയ്യർസാറ്, പുരുഷോത്തമൻ സാർ, സഹദേവൻ സാർ, ഭവാനി ടീച്ചർ അങ്ങനെ ഒത്തിരി അധ്യാപകർ. തേവര എസ്എച്ച് കോളജിലും നല്ല അധ്യാപകരുണ്ടായിരുന്നു. മഹാരാജാസ് കോളജിൽ ലീലാവതി ടീച്ചറും സാനുമാഷുമൊക്കെ പഠിപ്പിച്ചു. ലോ കോളജിൽ മാഞ്ഞൂരാൻ സാർ. പേരു പറയാൻ പോയാൽ കുറെയുണ്ട്. എന്നെ നിയമം പഠിപ്പിച്ച സീനിയർ ലോയർ വരെ എനിക്ക് ഗുരുനാഥനാണ്. എനിക്ക് എന്നും അധ്യാപകരോട് പ്രത്യേക ഒരു ഇഷ്ടം ഉണ്ടായിരുന്നു. എന്റെ ചെറിയച്ഛൻ ഞാൻ പഠിച്ച സ്കൂളിലെ തന്നെ അധ്യാപകനായിരുന്നു. ഇവരൊക്കെ എനിക്കു പ്രിയപ്പെട്ട അധ്യാപകരാണ്. എക്കാലത്തും അധ്യാപകർക്കു പ്രിയപ്പെട്ട കുട്ടിയാകാനായിരുന്നു എപ്പോഴും ശ്രമിച്ചിരുന്നത്. 

പുതുതലമുറയുടെ ഗുരുവാണോ മമ്മൂട്ടി ? 

പുതിയ ആളുകൾക്ക് ഞാൻ അവസരം നൽകുന്നത് അവരുടെ ഗുരുവാകാനല്ല. അവരിൽനിന്ന് എന്തെങ്കിലും പുതുതായി പഠിക്കാനാണ്. ഞാനല്ല, അവരാണ് എനിക്ക് ഗുരു. ഗുരു എന്നത് അറിവുള്ള ആളാണ്. അതിൽ പ്രായഭേദമൊന്നുമില്ല.

അധ്യാപക വേഷങ്ങൾ ?

ഞാനാദ്യമായി അധ്യാപകവേഷം അഭിനയിക്കുന്നതു കൊച്ചുതെമ്മാടിയിലെ മാഷാണ്. ജനുവിൻ ആയ, നാട്ടിൻപുറത്തുകാരനായ അധ്യാപകനാണ്. പട്ടാളത്തിൽനിന്ന് പിരിഞ്ഞ് അധ്യാപകനായെത്തിയ, കുട്ടികളോടു മൽസരിക്കുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന കർക്കശക്കാരനായ ആളാണ്. സ്നേഹമുള്ള സിംഹത്തിലെയും മഴയെത്തുംമുൻപേയിലെയുമൊക്കെ അധ്യാപക വേഷങ്ങളുണ്ട്. അതൊക്കെ ഇഷ്ടപ്പെട്ടിട്ടു തന്നെയാണ് അഭിനയിക്കുന്നത്. എന്നാൽ, അഭിനയിച്ചു കാണുമ്പോൾ എനിക്കത്ര തൃപ്തി തോന്നാറില്ല. 

പല ഛായകൾ...

കഥാപാത്രങ്ങളാകാൻ ഞാനാരെയും അങ്ങനെ കണ്ടുപഠിക്കാറില്ല. എല്ലാ കഥാപാത്രങ്ങളും സങ്കൽപത്തിലുള്ള ആളുകളാണ് ഒരാൾക്കു തന്നെ പലരുടെയും ഛായ ഉണ്ടാകും. ഒരു കഥാപാത്രത്തെ കിട്ടുമ്പോൾ എന്റെ മനസ്സിലെ ഒരുപാടു പേരുടെ ഛായയിലും രൂപത്തിലും പുനഃസൃഷ്ടിക്കുകയാണ്. ഒരാളെയല്ല, ഒരുപാടു പേരെ ചേർത്താണ് കഥാപാത്രമുണ്ടാകുന്നത്. ഒരുപാടു പേരെ കണ്ടുപഠിക്കുന്നുമുണ്ട്.