Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുജാതയും രമേശനും കണ്ട സ്വപ്നങ്ങൾ

manju-lal

നമ്മുടെ സ്വപ്നം യാഥാർഥ്യമാകുന്നതുവരെ മറ്റുള്ളവരുമായി പങ്കുവച്ചാൽ കേൾക്കുന്നവർക്ക് അത് തമാശയായിട്ടേതോന്നു. തോളിൽ ചാരികിടക്കുന്ന മകളുടെ തലയിൽ തലോടി കന്യാകുമാരിയിലെ സാഗരംസാക്ഷിയായി സുജത ഇതുപറയുമ്പോൾ മനസിൽ ഒരായിരം കടലിരമ്പുന്നുണ്ടായിരുന്നു. ഓരോ അമ്മമാരുടെയും മനസിൽ ഇതുപോലുള്ള കടലിരമ്പങ്ങളുണ്ട്– മക്കളെക്കുറിച്ചുള്ള പ്രതീക്ഷകളുടെ കടൽ. മക്കളെകണ്ടും മാമ്പൂകണ്ടും മോഹിക്കരുതെന്നാണ് പഴമൊഴി, പക്ഷെ എത്രപേർക്കത് സാധ്യമാകും. 

സുജാതയ്ക്ക് മകളെക്കുറിച്ചുള്ള സ്വപ്നം പോലെ തന്നെ മകനെക്കുറിച്ച് സ്വപ്നം കണ്ട ഒരു അച്ഛന്റെ കഥ തന്മാത്രയിലൂടെ കണ്ടിരുന്നു. സുജാത മകളെക്കുറിച്ചും രമേശൻ മക്കനെക്കുറിച്ചും കണ്ടതുപോലെ എത്രയെത്രസ്വപ്നങ്ങളാണ് ഓരോ മാതാപിതാക്കളും കാണുന്നത്. എച്ചിൽ വൃത്തിയാക്കുന്നതിന്റെ ഇടയിൽ കണ്ണീരോടെ സുജാത പറയുന്നുണ്ട് നമ്മൾ ഏത് നേരവും മക്കളെകുറിച്ചാണ് ചിന്തിക്കുന്നത്, അവർക്ക് പക്ഷെ നമ്മുടെ ആവലാതികൾ മനസിലാകുന്നുണ്ടോ? ആാാ, ആർക്കറിയാം എന്ന്. 

മക്കളെനോക്കി ഏതൊരു അച്ഛനും അമ്മയും പറഞ്ഞുപോകുന്ന വാചകമാണിത്. ചെറിയവന്റെയും വലിയവന്റെയും കുടുംബത്തിൽ മക്കളെനോക്കിയുള്ള അമ്മമാരുടെ ആത്മഗതങ്ങളുടെയും കണ്ണീരിന്റെയും നൊമ്പരങ്ങളുടെയും മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും നെടുവീർപ്പുകളുടെയും ആകെ തുകയാണ് ഉദാഹരണം സുജാത. സുജാത എന്ന അമ്മയിൽ ഓരോരുത്തർക്കും സ്വന്തം അമ്മയുടെ മുഖം കാണാം. മക്കളുടെ കണ്ണിൽ നോക്കുമ്പോൾ അവരുടെ കണ്ണിൽ തെളിയുന്ന പ്രതീക്ഷകളുടെ തിളക്കമാണ് മഞ്ജുവാര്യർ എന്ന നല്ല നടിയുടെ കണ്ണിൽകണ്ടത്. 

നമ്മുടെ ചുറ്റുനോക്കിയാൽ ഇതുപോലെയുള്ള എത്രയോ സുജാതമാരെക്കാണാം. എച്ചിൽപാത്രങ്ങളുടെ ഇടയിൽ, അച്ചാറുകമ്പനികളിൽ, കരിയുംപുകയും നിറഞ്ഞഅടുക്കളയിൽ, എയർകണ്ടീഷൻചെയ്ത ഓഫീസുകളിലെ തൂപ്പുകാരുടെ ഇടയിൽ ഒരുസുജാതയുണ്ട്. സുജാതകൃഷ്ണനെ വീട്ടിൽ കാത്തിരിക്കുന്ന ആതിരകൃഷ്ണൻ എന്ന മകളെപ്പോലെ കാത്തിരിക്കാൻ അവർക്കും ഒരു മകനോ മകളോ കാണും. സുജാതയ്ക്ക് ഒരേയൊരുസ്വപ്നമേയുണ്ടായിരുന്നുള്ളൂ, അത് മകൾ ആതിരയാണ്. നേരംപുലരുമ്പോൾ മുതൽ രാവന്തിയോളം എല്ലുമുറിയെ പണിയെടുത്തതും കടംവാങ്ങിയതും മകളെ പഠിപ്പിക്കാനാണ്. തറയിൽതെന്നിവീണപ്പോൾ കൂടെപണിയെടുക്കുന്ന ഒരാൾ വീട്ടിൽ വണ്ടിയിൽ കൊണ്ടുചെന്ന് ആക്കിയതിനെ മകൾ തെറ്റിധരിച്ചപ്പോൾ വീണതിനെക്കാൾ വേദനയുണ്ടായിരുന്നു ആ അമ്മയ്ക്ക്. നിന്റെ അമ്മ അത്ര അഴുക്കയാണെന്ന് കരുതിയോടീ? എന്ന് ചോദിക്കുമ്പോൾ മഞ്ജുവാര്യർ എന്ന നടിയെയല്ല മറിച്ച് സുജാത എന്ന കഥാപാത്രത്തെ മാത്രമാണ് കാണുന്നത്. 

മകളെ കാണാതെ അന്വേഷിച്ച് നടന്ന് അവസാനം കണ്ടെത്തുമ്പോൾ കിതപ്പിനിടയിലും നീ ഇത്രനേരം എവിടാരുന്നെടീ എന്ന് ആരായുന്ന ആ നിമിഷം മഞ്ജുവാര്യർ പഴയ മഞ്ജുവാര്യരായി മാറുകയായിരുന്നു. അഭിനയത്തിന്റെസ്ഫുരണങ്ങളുടെ തുടക്കം അവിടുന്നങ്ങോട്ടാണ്. പിന്നീട് ക്യാമറയോടൊപ്പമല്ല പ്രേക്ഷകൻ സഞ്ചരിക്കുന്നത്, ക്യാമറയിലൂടെ സിനിമയ്ക്കുള്ളിലേക്ക് അതിന്റെ ആത്മാവിലേക്ക് കടന്ന് സുജാതയ്ക്കൊപ്പം സഞ്ചരിക്കാൻ തുടങ്ങും. 

സാറൂടെപോയാൽ പിന്നെ എനിക്കാരാണ് ഉള്ളത്, എന്റെ വേവലാതികളൊക്കെ ആരോടാണ് ഞാൻ പറയേണ്ടത് എന്ന് നെടുമുടിവേണുവിന്റെ കഥാപാത്രത്തോട് ചോദിക്കുമ്പോൾ തിരികെ നെറുകയിൽ കൈവച്ച് അദ്ദേഹം പറയുന്നുണ്ട്– നീ അമ്മയാണ് മനസാന്നിധ്യം കളയരുതെന്ന്. അതെ, അമ്മമാരോളം മനസാന്നിധ്യം ആർക്കാണുള്ളത്. പ്രതീക്ഷയോടെ വളർത്തുകൊണ്ടുവരുന്ന മകൾ തിരിച്ച് കുത്തുവാക്കുകൾ പറയുമ്പോൾ തളരാതെ പിടിച്ചുനിൽക്കാൻ അമ്മയ്ക്ക്മാത്രമേസാധിക്കൂ. എന്നെങ്കിലും എല്ലാംശരിയാകും, അവൾ എന്നെ മനസിലാക്കും എന്ന് ചിന്തിക്കാൻ അമ്മയെകൊണ്ടേപറ്റൂ. 

സത്യം പറഞ്ഞാൽ ഓരോകുട്ടിയേയും കൈപിടിച്ചുനടത്തുന്നത് മാതാപിതാക്കളുടെ സ്വപ്നങ്ങളല്ലേ? വലിയവലിയ സ്വപ്നങ്ങളിൽ യാഥാർഥ്യമാക്കുന്നതിലേക്ക് അവരെ പറത്തിവിടുന്നത് ഇത്തരം പ്രതീക്ഷകളല്ലേ? തന്മാത്രയിലും സ്വപ്നങ്ങളൊക്കെയും മറവിരോഗം കവർന്നെടുത്തിട്ടും രമേശൻനായരുടെ ഉള്ളിൽ മായാതെ കിടന്ന ഒരു സ്വപ്നമുണ്ട്– മനുവിനെ ഐഎഎസ് ഓഫീസറാക്കുക. 

മരണത്തിന് കീഴടങ്ങാതെ അയാളെ പിടിച്ചുനിറുത്തിയതും ആ സ്വപ്നമായിരുന്നു. മകനെ എൻട്രൻസ്കോച്ചിങ്ങിന് വിട്ടാൽപോരെ ഈ ഐഎഎസ് ഒക്കെ എന്തിനാണെന്ന് മറ്റുള്ളവർ അഭിപ്രായംപറയുമ്പോൾ തിരിച്ചുപ്രതികരിക്കാനാവാതെ സ്വന്തം വിരൽകടിച്ചുമുറിച്ച് കണ്ണീരുപൊഴിക്കുന്ന രമേശൻനായരെ മലയാളികൾക്ക് മറക്കാനാവില്ല. സുജാതയുടെ സ്വപ്നങ്ങൾക്ക് മകൾ തന്നെ വിലങ്ങ്തടിയാകുമ്പോൾ അവർ മരിച്ചുപോയ ഭർത്താവിന്റെ ഫോട്ടോനോക്കി പൊട്ടിക്കരയുന്നത് കണ്ട് പ്രേക്ഷകന്റെ കണ്ണും അറിയാതെ നിറഞ്ഞുപോകുന്നുണ്ട്.  സുജാതയും മകൾ ആതിരാകൃഷ്ണനും പ്രേക്ഷകന് തരുന്നത് വലിയ പ്രതീക്ഷയാണ്. ചെറിയവനും സ്വപ്നങ്ങൾ കണ്ട് അതിനോടൊപ്പം സഞ്ചരിക്കാനുള്ള, അത് യാഥാർഥ്യമാക്കാനുള്ള കഴിവുണ്ടെന്ന് തെളിയിക്കുന്ന പ്രതീക്ഷയാണ് ഈ സിനിമ.  ജീവിക്കാനുള്ള വലിയ പ്രത്യാശതരുന്ന ചെറിയവലിയസിനിമയാണ് ഉദാഹരണം സുജാത.