Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒറ്റയ്ക്കല്ല സോളോ! ക്ലൈമാക്സ് മാറ്റിയ ചിത്രങ്ങൾ

solo-mohanlal

ക്ലൈമാക്സ് മാറ്റുന്നതും വിവാദങ്ങളും സിനിമയിൽ ആദ്യമല്ല. സോളോ എന്ന വാക്കിന് ഒറ്റയ്ക്ക്, തനിച്ച് എന്നൊക്കെയാണ് അർഥം. എന്നാൽ, ക്ലൈമാക്സ് മാറ്റത്തിന്റെ കഥ തിരഞ്ഞാൽ സോളോ തനിച്ചല്ല. തിരുത്തിയ ക്ലൈമാക്സും തുടർന്നുള്ള മുറുമുറുപ്പും സിനിമയിൽ എന്നേ തുടങ്ങിയതാണ്.  

രണ്ടുതരത്തിൽ പാടിയ ഗ്രാമഫോൺ

കമൽ സംവിധാനം ചെയ്ത് 2003ൽ തിയറ്ററുകളിലെത്തിയ  ഗ്രാമഫോണിൽ നായകനെ വിട്ട് അകലേക്കു പറക്കുന്ന നായിക ആയിരുന്നു ആദ്യ ക്ലൈമാക്സ്. എന്നാൽ, കുറച്ചുദിവസങ്ങൾക്കു ശേഷം അവൾ തിരിച്ചുവന്നു, പുതിയ ക്ലൈമാക്സിലൂടെ. പ്രണയദുരന്തങ്ങൾ കാണാൻ പ്രേക്ഷകർക്കു താൽപര്യമില്ലെന്നു മനസ്സിലാക്കിയാണ് അവസാനരംഗങ്ങൾ മാറ്റി ചിത്രീകരിച്ചതെന്നു സംവിധായകൻ.  

കിരീടം തമിഴ് പറഞ്ഞപ്പോൾ

മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത കിരീടം, തമിഴിലേക്കു മൊഴിമാറ്റിയപ്പോൾ അജിത് നായകനായി. മലയാളത്തിലേതു പോലെ തന്നെയായിരുന്നു അവിടെയും ആദ്യം ക്ലൈമാക്സ്. പടമിറങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോൾ  ക്ലൈമാക്സ് മാറ്റേണ്ടിവന്നു. ഫാൻസ് അസോസിയേഷന്റെ ആവശ്യപ്രകാരമായിരുന്നു അത്. നായകൻ തോൽക്കാൻ പാടില്ലല്ലോ! 

മീര ഹരിയുടെയും കൃഷ്ണന്റെയും

മീര ഹരിയുടേതോ കൃഷ്ണന്റേതോ...?  ഫാൻസുകാരുടെ തർക്കം ഇനിയും തീർന്നിട്ടില്ല. ഒരേസമയം വ്യത്യസ്ത ക്ലൈമാക്സുകൾ... സൂപ്പർ ഹിറ്റായിട്ടും ഫാസിലിന്റെ ഹരികൃഷ്ണൻസിനെ വിവാദങ്ങളിലേക്കു നയിച്ചത് അതായിരുന്നു. 1998ൽ ആണ് ചിത്രം പുറത്തിറങ്ങിയത്. ചില തിയറ്ററുകളിൽ ഹരി (മമ്മൂട്ടി) മീരയെ (ജൂഹി ചൗള) സ്വന്തമാക്കി. മറ്റിടങ്ങളിൽ കൃഷ്ണനും (മോഹൻലാൽ). ഇരുതാരങ്ങളുടെയും ആരാധകരെ തൃപ്തിപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഏറെ വിമർശനങ്ങളുയർന്നു. 

പിന്നീട്, ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന മോഹൻലാൽ ചിത്രത്തിലും ഫാസിൽ പരീക്ഷണത്തിനു തയാറായി. റിലീസ് ചെയ്ത് ആറാംദിവസം, ക്ലൈമാക്സിൽ മാറ്റം വരുത്തി.  

കഥാകൃത്ത് അറിഞ്ഞില്ല

പമ്മന്റെ ചട്ടക്കാരി സേതുമാധവൻ സിനിമയാക്കിയത് 1974ൽ ആയിരുന്നു. കഥയുടെ അവസാനഭാഗം തിരുത്തിയത് തന്റെ അനുമതിയില്ലാതെയാണെന്ന പമ്മന്റെ വെളിപ്പെടുത്തൽ ഏറെ ചർച്ചയായി. പടമിറങ്ങി വർഷങ്ങൾ കഴിഞ്ഞായിരുന്നു ഇത്. 

അതായിരുന്നില്ല ശരിക്കും ഷോലെ

രമേഷ് സിപ്പിയുടെ സംവിധാനത്തിൽ 1975ൽ പുറത്തിറങ്ങിയ ഷോലെയ്ക്കും പറയാനുണ്ട് ഒരു ക്ലൈമാക്സ് കഥ. ചിത്രത്തിനായി ആദ്യമൊരുക്കിയ ക്ലൈമാക്സ് വയലൻസ് അധികമെന്നു പറഞ്ഞ് സെൻസർ ബോർഡ് വെട്ടി. ഒടുവിൽ റിലീസിന് ദിവസങ്ങൾക്കു മുൻപ് അവസാനഭാഗം മാറ്റങ്ങളോടെ ചിത്രീകരിച്ചു.