Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

8 മാസം കാത്തിരിക്കും ഇല്ലെങ്കിൽ ഞാനും ചെയ്യും കുഞ്ഞാലി മരയ്ക്കാർ 4: പ്രിയദർശൻ

mohanlal-priyadarshan

മലയാള സിനിമയില്‍ രണ്ട് കുഞ്ഞാലി മരയ്ക്കാരുടെ ആവശ്യമില്ലെന്നും താന്‍ ഈ പ്രോജക്ടില്‍ നിന്നും പിന്മാറുന്നെന്നും പറഞ്ഞ സംവിധായകൻ പ്രിയദർശൻ നിലപാട് മാറ്റുന്നു. അടുത്ത എട്ട് മാസം കൊണ്ട് സന്തോഷ് ശിവൻ – മമ്മൂട്ടി ടീമിന്റെ പ്രോജക്ട് യാഥാർഥ്യമായില്ലെങ്കിൽ മോഹൻലാലിനെ വെച്ച് താന്‍ പ്രഖ്യാപിച്ച  കുഞ്ഞാലിമരയ്ക്കാർ ചെയ്യുമെന്ന് വ്യക്തമാക്കിയിരിക്കുന്നു പ്രിയദര്‍ശന്‍.

‘‘മൂന്ന് വര്‍ഷം മുൻപ് ഈ ചിത്രം ചെയ്യുമെന്ന് എന്നോട് അവർ പറഞ്ഞിരുന്നു. എട്ട് മാസം വരെ ഞാൻ കാത്തിരിക്കും. അവര്‍ ഇനിയും അത് വൈകിപ്പിക്കുകയാണെങ്കില്‍ ഞാന്‍ എന്റെ പ്രോജക്ടുമായി മുന്നോട്ട് പോകും. ഇനി അതല്ല അവര്‍ കുഞ്ഞാലി മരയ്ക്കാര്‍ ചെയ്യുന്നുണ്ടെങ്കില്‍ ഞാന്‍ ഇതില്‍ നിന്നും പിന്മാറാന്‍ തയ്യാറാണ്. കാരണം ഇതുപോലൊരു മേഖലയില്‍ അനാരോഗ്യകരമായ മത്സരങ്ങള്‍  അനാവശ്യമാണ്"- പ്രിയദര്‍ശന്‍ പറഞ്ഞു. 

‘ഒരേപ്രമേയം ചർച്ച ചെയ്ത സിനിമകൾ ഒരുമിച്ച് റിലീസ് ചെയ്ത സംഭവം ബോളിവുഡിൽ ഉണ്ടായിട്ടുണ്ട്. അന്ന് ഭഗത് സിംഗിന്റെ ജീവിതമായിരുന്നു ഇരു സിനിമകളുടെയും പ്രമേയം. 2002–ല്‍ പുറത്തിറങ്ങിയ അജയ് ദേവ്ഗണിന്റെ ലെജന്റ് ഓഫ് ഭഗത് സിങ്ങും ബോബി ഡിയോളിന്റെ 23 മാര്‍ച്ച് 1931 എന്ന സിനിമയും വന്‍ പരാജയങ്ങളായിരുന്നു. അത് മാത്രമല്ല അത് ഇരുകൂട്ടരുടെയും സൗഹൃദത്തെ പോലും ഈ മത്സരം ബാധിച്ചു.  ഇതേ അവസ്ഥ മലയാള സിനിമയില്‍ ഉണ്ടായിക്കാണാന്‍ എനിക്ക് താല്പര്യമില്ല.–അദ്ദേഹം പറഞ്ഞു. 

‘നാല് കുഞ്ഞാലി മരയ്ക്കാര്‍മാരെയാണ് ചരിത്രം രേഖപ്പെടുത്തുന്നത്. അതില്‍ കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്റെ ഇതിഹാസ ജീവിതമാണ് ഞാനും വെള്ളിത്തിരയിലെത്തിക്കാന്‍ ഉദ്ദേശിക്കുന്നത്. ഏറ്റവും ഉദ്വേഗജനകമായ കഥ കുഞ്ഞാലി മരയ്ക്കാർ നാലാമന്റേതാണ്. സാമൂതിരിമാര്‍ക്കെതിരെ പട നയിച്ച് ഒടുവില്‍ തൂക്കിലേറ്റപ്പെട്ടവനാണ് കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്‍. കടല്‍ സിനിമയുടെ പ്രധാനഭാഗമാണ്. കടലില്‍ വെച്ച് ചിത്രീകരണം നടത്താന്‍ എളുപ്പമല്ല. രാജ്യാന്തര നിലവാരം പുലര്‍ത്തുന്ന ചിത്രീകരണത്തോടൊപ്പം മലയാളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ഭാഷയ്ക്കപ്പുറമുള്ള വലിയൊരു വിഭാഗം പ്രേക്ഷകരെ കൂടി ആകര്‍ഷിക്കുന്ന തരത്തിലാണ് ഞാന്‍ ഈ ചിത്രം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. മലയാളത്തിന്  പുറത്തുനിന്നുള്ള കലാകാരന്മാരും ഈ ചിത്രത്തിലുണ്ടാകും.–അദ്ദേഹം കൂട്ടിച്ചേർത്തു.