Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാസ്റ്റർപീസ് ടീസർ റിലീസ് തിയതി

MASTER-PIECE-MAMMOOTTY

ഈ വർഷം മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാസ്റ്റർപീസ്. രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവും മമ്മൂട്ടിയും ഒന്നിക്കുന്ന സിനിമയ്ക്ക് സൂപ്പർഹിറ്റ് തിരക്കഥാകൃത്ത് ഉദയകൃഷ്ണ രചന നിർവഹിക്കുന്ന‌ു. 

മാസ്റ്റർ ഓഫ് മാസസ് എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ. സിനിമയുടെ ടീസര്‍ നവംബർ 25ന് പുറത്തിറങ്ങും.  മാസ് ടീസർ തന്നെയാണ് അണിയറപ്രവർത്തകർ ഒരുക്കുന്നതെന്നാണ് സൂചന. ക്രിസ്മസ് റിലീസ് ആണ് ചിത്രം.

കാംപസ് പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രത്തിൽ കൊളേജ് പ്രൊഫസറായി മമ്മൂട്ടി എത്തുന്നത്. സ്റ്റൈലിഷ് ഗെറ്റപ്പിൽ എഡ്ഡി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്നാണ് മുഴുവൻ പേര്. ഇംഗ്ലീഷ് പ്രൊഫസറാണ്. 

കുഴപ്പക്കാരായ കോളജ് വിദ്യാർഥികൾ പഠിക്കുന്ന കൊളേജ് കാംപസിലേക്ക് അതിലേറെ കുഴപ്പക്കരാനായ പ്രൊഫസർ എത്തുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. അതേ കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയാണ് എഡ്ഡി. അവിടെ പഠിച്ചിരുന്നപ്പോള്‍ ഇത്രയും പ്രശ്നക്കാരനായ ഒരു വിദ്യാര്‍ത്ഥി വേറെ ഉണ്ടായിരുന്നില്ല. ആ സ്വഭാവം അറിയാവുന്നതുകൊണ്ടുതന്നെയാണ് എഡ്ഡിയെ പ്രിന്‍സിപ്പല്‍ കോളജിലെ ഇംഗ്ലീഷ് പ്രൊഫസറായി ക്ഷണിക്കുന്നത്!

ഭവാനി ദുര്‍ഗ എന്ന ഐ പി എസ് ഉദ്യോഗസ്ഥയായി വരലക്ഷ്മി അഭിനയിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനും ഒരു പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്നു. പൂനം ബജ്‌വ ഈ ചിത്രത്തില്‍ കോളജ് പ്രൊഫസറായി എത്തുന്നു. സന്തോഷ് പണ്ഡിറ്റും ചിത്രത്തിലുണ്ട്.

ഗോകുൽസുരേഷ് ഗോപി, മുകേഷ്, മഖ്ബൂൽ സൽമാൻ, സിജു ജോൺ, പാഷാണം ഷാജി, ബിജു കുട്ടൻ, അർജുൻ, അശ്വിൻ, ജോഗി, ദിവ്യദർശൻ, അജ്മൽ നിയാസ്, സുനിൽ സുഗദ, കൈലാഷ്, കലാഭവൻ ഷാജോൺ, ഗണേഷ് കുമാർ, ക്യാപ്റ്റൻ രാജു, ശിവജി ഗുരുവായൂർ,മഹിമ നമ്പ്യാർ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. വിനോദ് ഇല്ലംപിള്ളിയാണ് ഛായാഗ്രഹണം.

ബിഗ് ബജറ്റ് ചിത്രം റോയൽ സിനിമാസിന്റെ ബാനറിൽ മുൻ പ്രവാസിയായ സി.എച്ച്.മുഹമ്മദ് കോടികൾ ചെലവിട്ട് നിർമിക്കുന്നു. റോയൽ സിനിമാസിന്റെ ആദ്യ ചിത്രമാണിത്.