Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കല്യാണം കഴിക്കാനിരിക്കുന്നവരോട് കാവ്യയ്ക്ക് പറയാനുള്ളത്

kavya-madhavan കാവ്യ മാധവൻ

ആളുകൾ പലരും വിളിച്ച് കഥ പറയും. മുമ്പ് അഭിനയിച്ചതോ കേട്ടതോ ആയിരിക്കും പലതും. ഖൈസ് മിലൻ എന്ന ചെറുപ്പക്കാരൻ പറഞ്ഞ കഥ ദാമ്പത്യത്തിലെ അസ്വാരസ്യങ്ങളെ കുറിച്ചായിരുന്നു. അത് മുമ്പ് കേൾക്കാത്തതാണോ. എത്ര തവണ കേട്ടിരിക്കുന്നു..? എന്നിട്ടും കാവ്യ മാധവൻ അതേ കഥയുമായി ഖൈസ് മിലന്റെ ആദ്യസിനിമയിൽ നായികയായി. ആ കഥ കാവ്യ പറയും.

എന്നിൽനിന്ന് പ്രതീക്ഷിക്കാത്തത്...

'ഈ സിനിമയിലെ കഥയ്ക്കും കഥാപാത്രങ്ങൾക്കും ആരുടെയെങ്കിലും ജീവിതവുമായി ബന്ധം തോന്നിയാൽ ആരും പുറത്തു പറയരുതെന്ന് അഭ്യർഥിക്കുന്നു.' ആകാശ് വാണി എന്ന സിനിമ സ്ക്രീനിൽ തെളിയുന്നത് ഇങ്ങനെയൊരു അഭ്യർഥനയുമായാണ്. പുറത്തു പറയാതിരിക്കാൻ മാത്രം എന്ത് രഹസ്യമാണെന്ന് ചോദിക്കാം. രഹസ്യമുണ്ട്. ചില ഒളിച്ചുവയ്ക്കലുകളാണ് വലിയ ബന്ധങ്ങള്‍ തകർത്തു കളയുന്നത്.

ദാമ്പത്യപ്രശ്നങ്ങളും വിവാഹമോചനവുമൊക്കെ നമുക്ക് പുതുമയല്ലാതായിരിക്കുന്നു. പ്രശ്നങ്ങളിൽ വലിയ വ്യത്യാസമൊന്നുമില്ല. എല്ലാ ഭാര്യമാർക്കും ഭർത്താക്കൻമാർക്കുമിടയിൽ സംഭവിക്കുന്നത് ഒരേ കാര്യമാണ്. 'നീ എന്നെ മനസ്സിലാക്കുന്നില്ല' എന്നതാകും ഏത് 'ഏറ്റുമുട്ടലുകളു'ടേയും പശ്ചാത്തലത്തിൽ കേൾക്കുന്ന ഡയലോഗ്. ഭാര്യയ്ക്കും ഭർത്താവിനും ജോലിയുണ്ടെങ്കില്‍ പ്രശ്നം കൂടുകയും ചെയ്യും. 'ഒന്നിച്ചിരിക്കാൻ സമയമില്ല, കുഞ്ഞിനെ നോക്കാൻ പറ്റുന്നില്ല' അങ്ങനെ പോകും ആത്മഗതം.

ആകാശ് വാണിയുടെ കഥയിലും ഈ പ്രശ്നങ്ങളും പരാതികളുമൊക്കെയുണ്ട്. വാണി ആയി അഭിനയിക്കാനുള്ള പ്രധാന കാരണം നമ്മൾക്ക് പരിചയമുള്ള ചിലത് അതിലുണ്ട് എന്നതായിരുന്നു. ഒപ്പം ആ കഥാപാത്രത്തിന്റെ ബോൾഡ്നെസും. ജീവിതത്തെ വളരെ പ്രാക്ടിക്കലായി കാണുന്ന മാധ്യമപ്രവർത്തകയാണ് വാണി. 'ദോശയും ഇഡ്ഢലിയും ഉണ്ടാക്കിത്തരുമ്പോൾ ഭർത്താവിനോട് ദേഷ്യപ്പെടുന്ന ആദ്യത്തെ ഭാര്യയായിരിക്കും നീ' എന്ന് ഭർത്താവ് വാണിയെ കുറ്റപ്പെടുത്തുന്നുണ്ട്. അപ്പോൾ അതിന് മറുപടി പറയേണ്ടിവരും. അടി തുടങ്ങും. സ്വിച്ചിട്ടാൽ കറങ്ങുന്ന മിക്സിയാണോ ഭാര്യയെന്ന് വാണി ചോദിക്കുന്നുണ്ട് സിനിമയിൽ. പക്ഷെ ഇതിനുമപ്പുറം ചില തലങ്ങളിലേക്ക് കഥ മാറുന്നതാണ് എന്നെ ആകർഷിച്ചത്.

ജോലിയും സ്വകാര്യജീവിതവും ഇത്രയധികം ഇഴചേരുന്ന ഒരു കഥാപാത്രം ഞാൻ ചെയ്യുന്നത് ഇതാദ്യമാണ്. വാണിയായി മാറാൻ ആദ്യം ബുദ്ധിമുട്ടി. സെറ്റില്‍ എല്ലാവരും വാണി എന്ന് വിളിച്ച് തുടങ്ങിയതോടെയാണ് പൂർണമായും വാണിയാകാൻ കഴിഞ്ഞത്. വിജയ് ബാബു അടുത്ത സുഹൃത്താണ്. അതും എളുപ്പമാക്കി. എന്നിൽനിന്ന് പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത കഥാപാത്രമായിരിക്കും വാണി എന്ന് എനിക്കുറപ്പുണ്ട്.' കാവ്യ വ്യക്തമാക്കുന്നു.

വായിക്കാം, ഇ - വീക്ക് ലി

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.