മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മോഹൻലാലും സുരേഷ് ഗോപിയും കാമറയ്ക്ക് മുന്നിൽ വീണ്ടും ഒന്നിക്കുന്നു. കസ്റ്റംസ് നിർമിച്ച ഹ്രസ്വ ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്.
ഇന്ത്യൻ കസ്റ്റംസ് എല്ലാ ശരികളിലും നിങ്ങളോടൊപ്പം എന്ന സന്ദേശമാണ് ഹ്രസ്വ ചിത്രം നൽകുന്നത്. ചിത്രത്തിൽ കസ്റ്റംസ് നിയമങ്ങളെ കുറിച്ചാണ് മോഹൻലാൽ പറയുന്നത്. കസ്റ്റംസ് നിയമങ്ങളുടെ അജ്ഞത മൂലം യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാനാണ് ചിത്രം തയാറാക്കിയിട്ടുള്ളത്. ഇതിൽ യാത്രക്കാരായി സുരേഷ്ഗോപി എംപി, ഗോപിനാഥ് മുതുകാട് എന്നിവരും അഭിനയിക്കുന്നു.
എം.ജയചന്ദ്രനാണ് സംഗീതം. വിദേശയാത്രക്കാർക്കായുള്ള ഒരു ഇംഗ്ലിഷ് അനിമേഷൻ ചിത്രവും കസ്റ്റംസ് ഒരുക്കിയിട്ടുണ്ട്.ഈ ഹ്രസ്വ ചിത്രങ്ങൾ വിമാനത്താവങ്ങളിലെ വിഡിയോ സ്ക്രീനുകൾ വഴി പ്രദർശിപ്പിക്കാനാണ് തീരുമാനം. ഫെയ്സ് ബുക്ക്, യു ട്യൂബ്, വാട്സ് ആപ് എന്നിവയിലും ഇത് അപ്‌ലോഡ് ചെയ്യും. കിൻഫ്ര പാർക്കിലെ ഔൾ ഇ അനിമേഷനും ത്രിശൂലുമാണ് സാങ്കേതിക സഹായം നൽകിയിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഹ്രസ്വ ചിത്രം പ്രകാശനം ചെയ്തത്.
കസ്റ്റംസ് കമ്മിഷണർ ശ്രീധർ റെഡ്ഡി, ജോയിന്റ് കമ്മിഷണർ സെന്തിൽ നാഥൻ, ഡപ്യൂട്ടി കമ്മിഷണർമാരായ പാർവ്വതി, വാഗീഷ്കുമാർ, സുപ്രണ്ടുമാരായ ബോബി അലോഷ്യസ്, കെ.ബാലചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.