ആർഭാടങ്ങളും ആഘോഷങ്ങളും നിറഞ്ഞ ജീവിതമാണ് സിനിമാക്കാരുടേതെന്ന് പൊതുവേ പറയാറുണ്ട്. ചെറിയ പരിപാടികള്‍ക്ക് പോലും ലക്ഷങ്ങള്‍ ചിലവിടുന്നവരാണ് ഇവരിൽ കൂടുതലും.
മലയാളത്തിന്റെ യുവതാരം നിവിൻ പോളിയുടെ മകൻ ദാദ (ദാവീദ്)യുടെ നാലാം പിറന്നാൾ ആയിരുന്നു ഇന്ന്. ആഘോഷങ്ങളോ താരപരിവേഷമോ ഒന്നുമില്ലാതെ നിവിൻ മകൻ ദാദയുടെ പിറന്നാൾ ആഘോഷിച്ചത് തൃശൂർ മെഡിക്കൽ കൊളേജിൽ. പതിവ് പോലെ ദാദയെ സ്കൂളിലേക്ക് പറഞ്ഞയച്ച നിവിൻ മെഡിക്കൽ കൊളേജിലെ 350ഓളം വരുന്ന കാൻസർ രോഗികൾക്ക് ഭക്ഷണം നൽകിയാണ് മകന്റെ പിറന്നാൾ ആഘോഷിച്ചത്.
നിവിൻ ഭക്ഷണം വിളമ്പികൊടുക്കുകയും അവരോടൊപ്പം അൽപസമയം ചിലവഴിക്കുകയും ചെയ്തു. സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സമയം കണ്ടെത്തി പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത്.
സംവിധായകനായ സിദ്ധാർത്ഥ് ശിവ, ഛായാഗ്രാഹകൻ ജോർജ് സി വില്യംസ്, നടിമാരായ ഗായത്രി സുരേഷ് , ഐശ്വര്യ രാജേഷ്, നടൻ അൽത്താഫ്, നിർമാതാവ് ബി രാഗേഷ്, സത്യൻ അന്തിക്കാട്, നിവിന്റെ അമ്മ, തൃശൂർ മെഡിക്കൽ കൊളേജ് സൂപ്രണ്ട് എന്നിവരും സന്നിഹിതരായിരുന്നു.