Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിതത്തിൽ ഞാനിങ്ങനെ ബൈക്ക് ഓടിക്കില്ല: ഉണ്ണി മുകുന്ദൻ

style2.jpg.image.784.410

ചിത്രീകരണവുമായി ബന്ധപ്പെട്ടു ഞാൻ പാലക്കാടാണ്. ഇവിടെയെത്തിയ ദിവസങ്ങളിൽ തന്നെ തൊട്ടടുത്തു രണ്ടു ബൈക്ക് അപകടങ്ങൾ കണ്ടു. രണ്ടിടത്തും ബൈക്ക് യാത്രികർ തൽക്ഷണം മരിച്ചു !

ഗ്രാമീണസ്വഭാവമുള്ള പാലക്കാടിന്റെ സ്ഥിതി ഇതാണെങ്കിൽ മെട്രോ നഗരമായ കൊച്ചിയിലെ അവസ്ഥ ഭയപ്പെടുത്തുന്നതാണ്. ഇന്നലെയും കൊച്ചിയിൽ ബൈക്ക് അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി അറിഞ്ഞു.

പണ്ടത്തെപ്പോലെ 100 സിസി ബൈക്കുകളുടെ കാലമല്ല. ആയിരത്തിലും അതിലും മേലെയും കരുത്തുള്ള ബൈക്കുകൾ നിരത്തിലൂടെ പായുന്നു. ഈ ബൈക്കുകളൊന്നും ഓടാൻ പാകത്തിൽ മികവുള്ളതല്ല നമ്മുടെ റോഡുകൾ. ആകെ വാഹനപെരുപ്പമാണ്. അതിനിടയിൽ കാൽനടയാത്രികരും. ബൈക്ക് ഒന്നു സ്പീഡെടുത്താൽ തന്നെ അടുത്ത ജംക്‌ഷനിലെ കുരുക്കിലെത്തും. കാത്തിരിക്കാനൊന്നും ചെറുപ്പക്കാരുടെ മനസ്സു തയാറാവില്ല. എങ്ങനെയും കുത്തിക്കയറ്റി മുന്നിലെത്തി ചീറിപ്പോകാൻ നോക്കും. വണ്ടി പായുന്നതിന്റെ ഹരം, പിന്നെ മറ്റുള്ളവർ ശ്രദ്ധിക്കുന്നതിന്റെ അഭിമാനം- ഇതൊക്കെയാകുമ്പോൾ കണ്ണും മൂക്കുമില്ലാതെയായിരിക്കും പാച്ചിൽ.

എന്റെ ബുള്ളറ്റ് നല്ല വേഗത്തിൽ ഓടിക്കാൻ ഇഷ്ടപ്പെടുന്നയാളാണു ഞാൻ. ഇതുവരെയും അപകടത്തെ മുഖാമുഖം നേരിടേണ്ടി വന്നിട്ടില്ല. അതു ഡ്രൈവിങ്ങിലെ മികവുകൊണ്ടല്ല, റോഡ് നിയമങ്ങൾ അനുസരിക്കുന്നതുകൊണ്ടും ഹെൽമറ്റ് ഉൾപ്പെടെയുള്ള സുരക്ഷാമാർഗങ്ങൾ സ്വീകരിച്ചതുകൊണ്ടുമാണ്.

ബൈക്ക് ഓടിക്കുമ്പോൾ മറ്റു വാഹനങ്ങളുടെ സഞ്ചാരത്തെ തടസ്സപ്പെടുത്തും വിധം അവയ്ക്കിടയിലൂടെ കുത്തിക്കയറ്റിയിട്ടില്ല. കയറിപ്പോകണമെന്നാഗ്രഹിച്ചു ഹോൺ മുഴക്കിയവരെ ഒരിക്കലും ബ്ലോക്ക് ചെയ്തിട്ടില്ല.

‘സ്റ്റൈൽ’ എന്ന സിനിമയിൽ ഞാൻ സാഹസികമായി ബൈക്ക് കൈകാര്യം ചെയ്യുന്നുണ്ട്. ഒന്നുറപ്പിച്ചുപറയാം, അതു സിനിമ. അതു കണ്ട് അനുകരിക്കരുത്. ഒരുപാടു സുരക്ഷാസംവിധാനങ്ങളോടെയാണ് അവിടെ സാഹസികത ചിത്രീകരിക്കുന്നത്. ജീവിതത്തിൽ അതു കാണിച്ചാൽ ദു:ഖിക്കേണ്ടിവരും. നമ്മൾ മാത്രമല്ല, നമ്മളെ പ്രതീക്ഷിച്ചു കഴിയുന്ന ഒരു കുടുംബവും കണ്ണീരിലാകും.

കാറിൽ യാത്ര ചെയ്യുന്നവർക്കറിയാം, ചല ബൈക്ക് യാത്രക്കാർ സിഗ്‌നലിലും മറ്റും മുന്നിൽ വട്ടം വന്നു നിൽക്കും. ഇതു നമ്മുടെ രാജ്യത്തുമാത്രമുള്ള കാഴ്ചയാണ്. ജംക്‌ഷനുകളിലും സിഗ്‌നലിലും കാത്തുകിടക്കുന്ന വാഹനങ്ങളുടെ നിര തെറ്റിക്കുന്നതു സംസ്കാരശൂന്യതയാണ്. മുന്നിൽ ഒരു വണ്ടി മാത്രമാണുള്ളതെങ്കിൽക്കൂടിയും ക്യൂ തെറ്റിക്കാൻ പാടില്ല.

ലണ്ടനിൽ ഫോൺ റീചാർജ് ചെയ്യാൻ നിൽക്കുമ്പോഴുണ്ടായ ഒരനുഭവം പറയാം. ഷോപ്പിന്റെ കൗണ്ടറിൽ ഒരാൾ മാത്രം. അയാൾക്കൊപ്പം കൗണ്ടറിലേക്കു കയറിനിൽക്കെ കടക്കാരനുൾപ്പെടെ തെല്ല് അദ്ഭുതത്തോടെയും അതൃപ്തിയോടെയും നോക്കി. ഞാൻ ചെയ്ത പ്രവൃത്തി ആ നാട്ടിൽ വലിയ അപമര്യാദയാണ്. സേവനത്തിനായോ അവകാശത്തിനായോ ഒരിടത്തു കാത്തുനിൽക്കുമ്പോൾ മുന്നിൽ ഒരാളാണ് ഉള്ളതെങ്കിൽപ്പോലും അയാളുടെ പുറകിലേ നിൽക്കാവൂ. ഇതു സംസ്കാരത്തിന്റെ ഭാഗമാണ്. റോഡിലും ഇതു പാലിക്കണം.

നഗരത്തിൽ ഈയിടെ ഒരു ബസ് വലിയ വേഗത്തിൽ വളവു തിരിയുന്നതു കണ്ടു. വണ്ടിയിലും റോഡിലുള്ളവരും ഒരുപോലെ ഭയന്നിരിക്കുന്നു. ഡ്രൈവർക്ക് ഒരു കുലുക്കവുമില്ല. ഇതേപ്പറ്റി ആരും പരാതി പറയുന്നുമില്ല. ഇതു പതിവുകാഴ്ചയാണെന്നു കൂടെയുള്ള സുഹൃത്തു പറഞ്ഞു. ഇതിലൊന്നും ആരും പ്രതിഷേധിക്കാത്തതെന്തു കൊണ്ടാണെന്നു പിടികിട്ടുന്നില്ല.

നിസാരമായ കാര്യങ്ങൾക്കു വേണ്ടിയാണു നാട്ടിൽ സമരങ്ങളും പ്രതിഷേധ ധർണകളും നടക്കുന്നത്. യഥാർഥത്തിൽ റോഡിലെ ഇത്തരം അതിക്രമങ്ങൾക്കെതിരെയല്ലേ സമരം വേണ്ടത്? ബൈക്കോടിക്കുന്ന ചങ്ങാതിമാരോടുപറയാനുള്ളത് ഇത്രമാത്രം : നമ്മളും നമ്മുടെ വണ്ടിയും നൂറുശതമാനം ഫിറ്റ് ആയിരിക്കാം. പക്ഷെ റോഡിൽ നമുക്കു പിറകെ വരുന്നവരും മുന്നിൽ പോകുന്നവരും അങ്ങനെയാകണമെന്നില്ല. നമ്മുടെ സാന്നിധ്യം ആർക്കും അസൗകര്യമാകരുത്. നമ്മുടെ സുരക്ഷയ്ക്കൊപ്പം മറ്റുള്ളവരുടെ സുരക്ഷയ്ക്കു വേണ്ടിയും ചിന്തിച്ചുതുടങ്ങാം. അധികൃതരോടും ഒന്നു പറഞ്ഞോട്ടെ, വാഹനമോടിക്കുന്നവരുടെ ശ്രദ്ധതിരിക്കുന്ന പരസ്യബോർഡുകളും മറ്റും ദേശീയപാതകളിൽ നിന്നും നീക്കിക്കൂടേ...?

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.