Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാള സിനിമയ്ക്ക് ഉണർവ്; പുത്തൻ ചിത്രങ്ങൾ എത്തിത്തുടങ്ങി

chunkzz-varnayma

മലയാള സിനിമയ്ക്ക് ഉണർവ് പകർന്നു പുത്തൻ ചിത്രങ്ങൾ എത്തിത്തുടങ്ങി. കടംകഥ, ഹിമാലയൻകശ്മലൻ എന്നിവ ബുധനാഴ്ച  എത്തിയപ്പോൾ കുഞ്ചാക്കോ ബോബൻ ചിത്രം വർണ്യത്തിൽ ആശങ്ക, ബാലുവർഗീസ്, ധർമജൻ, ഹണി റോസ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചങ്ക്സ് എന്നിവ ഇന്ന് എത്തും. 

കൂടെ വമ്പൻ റീലിസായി ഷാറൂഖ് ഖാൻ ചിത്രം ജബ് ഹരി മെത് സജൽ എത്തും. നേരത്തെ റിലീസ് ചെയ്ത ചിത്രങ്ങളിൽ തൊണ്ടി മുതലും ദൃക്സാക്ഷിയും മാധവൻ സേതുപതി ചിത്രം വിക്രം വേദ, ആസിഫ് അലി ചിത്രം സൺഡേ ഹോളിഡേ എന്നിവയും പ്രദർശനം തുടരുന്നുണ്ട്. 

ഇംതിയാസ് അലി സംവിധാനം ചെയ്ത ജബ് ഹരി മെത് സജലിൽ ഷാറൂഖിന്റെ ജോടിയായി അനുഷ്ക ശർമയാണ് എത്തുന്നത്. റൊമാന്റിക് കോമഡി ഡ്രാമ ചിത്രമാണെന്നാണു സൂചന. തലസ്ഥാനത്ത് കൃപ സിനിമാസ്, ന്യൂ തിയറ്റർ, പേയാട് എസ്പി സിനിമാസ്, എരീസ് പ്ളക്സ്  എന്നിവിടങ്ങളിൽ ചിത്രമെത്തും. റയാസിനു ശേഷമുള്ള ഷാറൂഖ് ചിത്രമെന്ന നിലയിൽ വൻ പ്രതീക്ഷയാണ് ആരാധകരവൃന്ദങ്ങൾക്ക് ഉള്ളത്. 

ബാലുവർഗീസ്, ധർമജൻ ബോൾഗാട്ടി, ഗണപതി  ഹരേഷ് കണാരൻ, ഹണി റോസ് തുടങ്ങിയവർ അഭിനയിച്ച ചങ്ക്സ് കോമഡി ചിത്രമാണെന്നാണു സൂചന. ഒമർ  സംവിധാനം ചെയ്ത ചിത്രം വൈശാഖ് രാജനാണു നിർമിച്ചിരിക്കുന്നത്. ഗോപിസുന്ദറാണു സംഗീതം. ന്യൂ തിയറ്റർ, ആറ്റിങ്ങൽ വൈശാഖ തിയറ്റർ തുടങ്ങിയ സെന്ററുകളിൽ ചിത്രമെത്തും. 

സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന വർണ്യത്തിൽ ആശങ്കയിൽ കുഞ്ചാക്കോ ബോബൻ, ചെമ്പൻ വിനോദ്, സുരാജ് വെഞ്ഞാറമൂട്, മണികണ്ഠൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവരാണു പ്രധാന താരങ്ങൾ. ഏരീസ് പ്ളക്സ്, കാട്ടാക്കട ജനവിനായക തുടങ്ങിയ സെന്ററുകളിൽ ചിത്രമെത്തും. വളരെ വ്യത്യസ്തമായ ലുക്കിലും കഥാപാത്രത്തിലുമാണു കുഞ്ചാക്കോ ബോബൻ ചിത്രത്തിലെത്തുന്നത്. 

ബുധനാഴ്ച തിയറ്ററുകളിൽ എത്തിയ കടംകഥയിൽ വിനയ് ഫോർട്ട്, ജോജു ജോർജ്, രൺജിപണിക്കർ തുടങ്ങിയവരാണു താരങ്ങൾ. സെന്തിൽ രാജൻ സംവിധാനം ചെയ്ത ചിത്രം ശ്രീവിശാഖ്. എസ്പി സിനിമാസ് പേയാട്, ഏരീസ് പ്ളക്സ് തുടങ്ങിയ തിയറ്ററുകളിലാണു പ്രദർശിപ്പിക്കുന്നത്. ഇതിനൊപ്പം എത്തിയ ഹിമാലയത്തിലെ കശ്മലൻ കൈരളി, ഏരീസ് പ്ളക്സ് തുടങ്ങിയ തിയറ്റകളിലാണു പ്രദർശിപ്പിക്കുന്നത്. അഭിരാം സുരേഷാണു ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജിൻസ് ഭാസ്കർ, അനൂപ് രമേഷ് തുടങ്ങിയവരാണു താരങ്ങൾ.

നേരത്തെ തിയറ്ററുകളിൽ എത്തിയ ചിത്രങ്ങളിൽ ഫഹദ് ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷിയും, സൺഡേ ഹോളിഡേ, വിക്രം വേദ എന്നിവ മുന്നേറ്റം തുടരുകയാണ്. തൊണ്ടി മുതലും ദൃക്സാക്ഷിയും ഏരീസ് പ്ളക്സ്, കൈരളി കോംപ്ളക്സ്, കഴക്കൂട്ടം ഹരിശ്രീ, കഠിനംകുളം ജീട്രാക്സ് തുടങ്ങിയ കേന്ദ്രങ്ങളിലാണു പ്രദർശനം തുടരുന്നത്. മാധവനും വിജയ് സേതുപതിയും അഭിനയിച്ച തമിഴ് ചിത്രം വിക്രം വേദ കേരളത്തിലും നേട്ടമുണ്ടാക്കുകയാണ്. ശ്രീകുമാർ തിയറ്റർ, എസ്പി സിനിമാസ് പേയാട്, ന്യൂ തിയറ്റർ തുടങ്ങിയ കേന്ദ്രങ്ങളിലാണു പ്രദർശനം. അസിഫ് അലി ചിത്രം സൺഡേ ഹോളിഡേ ഏരീസ്, കാട്ടാക്കട ജയവിനായക, കഴക്കൂട്ടം ഹരിശ്രീ തുടങ്ങിയ സെന്ററുകളിലാണു തുടരുന്നത്.