Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓണം ഒരുമിച്ച് ആഘോഷിക്കാന്‍ മമ്മൂട്ടിയും മോഹന്‍ലാലും

mohanlal-mammootty

ഇത്തവണത്തെ ഓണത്തിന് സൂപ്പര്‍താരങ്ങളുടെ പോരാട്ടമായിരിക്കും ഏറ്റവും ശ്രദ്ധേയം. ഏറെ കാലത്തിന് ശേഷമാണ് ഓണത്തിന് മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഒരുമിച്ച് റിലീസിനെത്തുന്നത്. രഞ്ജിത്-മോഹന്‍ലാല്‍ ടീമിന്‍റെ ലോഹവും, കമല്‍-മമ്മൂട്ടി ചിത്രം ഉട്ടോപ്യയിലെ രാജാവുമാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന വിരുന്ന്.

റംസാന്‍ ആഘോഷം പൂര്‍ത്തിയാക്കിയ മലയാള സിനിമ ഓണത്തിന് വേണ്ടി പടയൊരുങ്ങി കഴിഞ്ഞു. ഓണത്തല്ലിന് മോഹന്‍ലാലും മമ്മൂട്ടിയും മാത്രമല്ല, പൃഥ്വിരാജിനൊപ്പം യുവതാരങ്ങള്‍ അണിനിരക്കുന്ന ഡബിള്‍ ബാരലും വിനീത്-ധ്യാന്‍ ശ്രീനിവാസന്‍റെ കുഞ്ഞിരാമായണം എന്നീ ചിത്രങ്ങളും റിലീസിനെത്തുന്നുണ്ട്.

മോഹന്‍ലാലിന്‍റെ ലോഹമാണ് ഓണത്തിന് ആദ്യം തിയറ്ററുകളിലെത്തുന്ന ചിത്രം. ആഗസ്റ്റ് 20നാണ് റിലീസ്. സ്പിരിറ്റിന് ശേഷം മോഹന്‍ലാല്‍-രഞ്ജിത് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണ്. തമിഴ്നടി ആന്‍ഡ്രിയ ആണ് നായികയായി എത്തുന്നത്. ഏറെ നിഗൂഡതകളുള്ള രാജു എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ജയന്തിയായി ആന്‍ഡ്രിയ എത്തുന്നു. ഏറെ കൗതുകകരവും ഉദ്വേഗജനകവുമായ നിരവധി മുഹൂര്‍ത്തങ്ങളിലൂടെ വികസിക്കുന്ന ലോഹം മോഹന്‍ലാലിന്റെ സ്റ്റൈലിഷ് ത്രില്ലറാണ്.

രഞ്ജി പണിക്കര്‍, ഇര്‍ഷാദ്, ഹരീഷ് പേരാടി, അബു സലിം, സിദ്ദിഖ്, അജ്മല്‍ അമീര്‍, വിജയരാഘവന്‍, മുത്തുമണി, അജു വര്‍ഗീസ്, മണിക്കുട്ടന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. നടി മൈഥിലിയാണ് ലോഹത്തിന്‍റെ സഹസംവിധായിക. ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലും നടി എത്തുന്നു. ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുന്പാവൂര്‍ ചിത്രം നിര്‍മിക്കുന്നു.

ഒമ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും കമലും ഒന്നിക്കുന്ന ചിത്രമാണ് ഉട്ടോപ്യയിലെ രാജാവ്. ആഗസ്റ്റ് 27, ഉത്രാടം ദിനത്തിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. പിഎസ് റഫീഖ് തിരക്കഥയൊരുക്കിയ ചിത്രത്തില്‍ ജുവല്‍ മേരിയാണ് നായിക.

ലിജോ ജോസിന്റെ ഡിബിള്‍ ബാരല്‍ അഥവാ ഇരട്ടക്കുഴലും തിയേറ്ററിലെത്തുന്നത് ആഗസ്റ്റ് 27 ന് മമ്മൂട്ടിയുടെ ഉട്ടോപ്യയിലെ രാജാവിനൊപ്പമാണ്. പൃഥ്വിരാജ്, ആര്യ, സണ്ണി വെയിന്‍, ഇന്ദ്രജിത്ത്, ആസിഫ് അലി തുടങ്ങിയൊരു വലിയ താരനിരതന്നെ ചിത്രത്തിലുണ്ട്. ആമേന്‍ എന്ന ചിത്രത്തിന് ശേഷം ലിജോ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും ഡബിള്‍ ബാരലിന് പ്രതീക്ഷയേറെ.

കുഞ്ചാക്കോ ബോബനെ നായകനാക്കി തോമസ് സെബാസ്റ്റിന്‍ സംവിധാനം ചെയ്യുന്ന കുടുംബ ചിത്രമാണ് ജമ്‌നാപ്യാരി. മുന്‍ മിസ് കേരളയായ ഗായത്രി സുരേഷ് നായികയാകുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, നീരജ് മാധവ്, ജോയ് മാത്യു തുടങ്ങിയവര്‍ വേഷമിടുന്നു. ഓണത്തിന് മത്സരിക്കാന്‍ ചാക്കോച്ചന്റെ ജമ്‌നാപ്യാരിയുമുണ്ട്

നവാഗതനായ ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന കോമഡി എന്റര്‍ടൈനറായ കുഞ്ഞിരാമായണവും ഓണത്തിനെത്തും. വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും നീരജ് മാധവും സൃന്ദ അഷബുമൊക്കെ തീര്‍ത്തും വ്യത്യസ്തമായെത്തുന്ന ചിത്രത്തിന്റെ പോസ്റ്ററുകളും മറ്റും ഇതിനോടകം ഹിറ്റായി കഴിഞ്ഞു.

ജയസൂര്യ, പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് അമര്‍ അക്ബര്‍ അന്തോണി. ചിത്രം ഓണത്തിന് റിലീസ് ചെയ്യുമെന്നാണ് നേരത്തെ തീരുമാനിച്ചത്. എന്നാല്‍ പൃഥ്വിയും ഇന്ദ്രനും ഒന്നിതച്ചെത്തുന്ന ഡബിള്‍ ബാരലും ഓണത്തിന് തന്നെ റിലീസ് ചെയ്യുന്നതുകൊണ്ട്, ഒരുപക്ഷേ ചിത്രത്തിന്‍റെ റിലീസ് നീട്ടിയേക്കാം. ദിലീപിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ലൈഫ് ഓഫ് ജോസൂട്ടിയും ഓണത്തിന് എത്താന്‍ സാധ്യതയുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.