Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോസഫ് അലക്സ് - തൊട്ടാല്‍ തീ പാറും ‘കലക്ടര്‍ ബ്രോ’

mammootty

കോഴിക്കോട്ടെ ‘കലക്ടര്‍ ബ്രോ’ യുവജനങ്ങള്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും ഇന്ന് സൂപ്പര്‍സ്റ്റാറാണ്. അന്നത്തിന് വകയില്ലാത്തവര്‍ക്ക് അന്നം വിളമ്പാന്‍ ഓപ്പറേഷന്‍ സുലൈമാനി എന്ന പദ്ധതി ആവിഷ്കരിച്ചാണ് കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് ഐഎഎസ് ചരിത്രമെഴുതിയത്. ജനങ്ങള്‍ ഒന്നടങ്കം പറയുന്നത് - ‘ഇങ്ങനെയാവണം കലക്ടര്‍‍’ എന്നാണ്. ഈ കലക്ടര്‍ നിലപാടുകളുടെ കാര്യത്തിലും വികസനപദ്ധതികളുടെ കാര്യത്തിലും കോഴിക്കോട്ടെ മറ്റൊരു കലക്ടറെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. അത് മറ്റാരുമല്ല, തേവള്ളിപ്പറമ്പില്‍ അലക്സാണ്ടറുടെ മകന്‍ ജോസഫ് അലക്സ്! 

ഇതുപോലെയുള്ള നല്ല കാര്യങ്ങള്‍ സമൂഹത്തില്‍ സംഭവിക്കുമ്പോള്‍, ഏതെങ്കിലും ഒരു സര്‍ക്കാരുദ്യോഗസ്ഥന്‍ നല്ലതെന്തെങ്കിലും ചെയ്യുമ്പോള്‍ മലയാളികള്‍ ചിന്തിക്കുന്നത് അങ്ങനെതന്നെയാണ് - ജോസഫ് അലക്സിനെപ്പോലെ ഒരാണ്‍കുട്ടി! ‘ദി കിംഗ്’ എന്ന സിനിമയിറങ്ങി രണ്ടുപതിറ്റാണ്ട് കഴിഞ്ഞിട്ടും അതിന്‍റെ ഹാംഗോവര്‍ മലയാളികളെ വിട്ടൊഴിഞ്ഞിട്ടില്ല. 

"മാനാഞ്ചിറ മൈതാനം അലക്കിവെളുപ്പിച്ച് മനോഹരമായ പുല്‍‌ത്തകിടിയും പുറമതിലും അലങ്കാര വിളക്കുകളും മ്യൂസിക്കല്‍ ഫൌണ്ടനും പിന്നെ... സായാഹ്‌നങ്ങളില്‍ ടിക്കറ്റുവച്ച് നഗരസൌന്ദര്യവാണിഭം... സോറി.. ദാറ്റ്സ് നോട്ട് മൈ സ്റ്റൈല്‍ ഓഫ് ഡെവലപ്മെന്‍റ്... പകരം... ഓടകളേക്കാള്‍ പുഴുത്തുനാറി കൃമി നുരയ്ക്കുന്ന കോളനികളുണ്ട് ഈ നഗരത്തില്‍... അവിടെ നിന്നാരംഭിക്കണം നഗരവികസനം. കുടിവെള്ളമില്ലാത്തവന്‍റെ നഗരത്തിന് സംഗീതം പൊഴിക്കുന്ന ജലധാരയല്ല വേണ്ടത്... ഇറ്റ്സ് ലക്‍ഷ്വറി... ഇറ്റ്സ് എക്സ്ട്രവാഗന്‍സ... ഇവിടെ കിടപ്പാടമില്ലാത്തവന് ഒരു കൂര വേണം... പബ്ലിക് ഫെസിലിറ്റീസ് വേണം... ഈച്ചയും കൊതുകും കൂത്താടിയുമില്ലാത്ത ശുചിത്വം വേണം... ചാലിയാറിലേക്കൊഴുകുന്ന വിഷം തടയണം... ദാറ്റ്സ് മൈ കണ്‍സെപ്ട് ഓഫ് ക്ലീന്‍ സിറ്റി. അല്ലാതെ പൊടിക്കൈകളും പത്രത്തില്‍ പടവും പബ്ലിസിറ്റി സ്റ്റണ്ടുമല്ല എനിക്ക് കലക്ടര്‍ഷിപ്പ്” - ജോസഫ് അലക്സിന്‍റെ ഈ ഡയലോഗിന് സാധാരണക്കാരന്‍റെ കൈയടിയുണ്ട്. അത് പാവപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കുന്ന ഒരു കളക്ടറുടെ ചങ്കൂറ്റത്തിനും, രാഷ്ട്രീയ മേലാളന്‍‌മാരുടെ തോന്ന്യാസത്തിനെതിരെയുള്ള പടപ്പുറപ്പാടിനുമുള്ള കൈയടിയാണ്.

പാവങ്ങള്‍ക്കൊപ്പം നിലയുറപ്പിച്ച് അവര്‍ക്കുവേണ്ടി സംസാരിച്ചതുകൊണ്ടാണ് ജോസഫ് അലക്സ് തേവള്ളിപ്പറമ്പില്‍ മലയാള സിനിമാപ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമായത്. അയാള്‍ ഒരു രാഷ്ട്രീയക്കാരന്‍റെയും മന്ത്രിയുടെയും പാദസേവകനല്ല. അക്ഷരാര്‍ത്ഥത്തില്‍ ജനസേവകനാണ്. എസി കാറും കളക്‍ടര്‍ ബംഗ്ലാവും അധികാരത്തിന്‍റെ സുഖശീതളിമയുമൊന്നും അയാളെ ആകര്‍ഷിക്കുന്നില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച കൃഷ്ണേട്ടനെപ്പോലെയുള്ള പാവങ്ങളെയാണ് അയാള്‍ എന്നും ചേര്‍ത്തുപിടിക്കുന്നത്.

രണ്‍‌ജി പണിക്കരുടെ അഗ്നിച്ചൂടുള്ള സംഭാഷണങ്ങള്‍ക്ക് അതികായനായ മമ്മൂട്ടി ജീവന്‍ പകര്‍ന്നപ്പോള്‍ അത് ഷാജി കൈലാസ് എന്ന മാസ്റ്റര്‍ ഡയറക്ടറുടെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി. ജനങ്ങള്‍ക്കുവേണ്ടി സംസാരിക്കുന്ന കഥാപാത്രം എന്ന നിലയില്‍ ആഘോഷിക്കപ്പെട്ടപ്പോള്‍ ജോസഫ് അലക്സ് അനശ്വരനുമായി. ഒരു കലക്ടര്‍ എങ്ങനെയായിരിക്കണമെന്ന് എന്നും എപ്പോഴും ഏത് കൊച്ചുകുട്ടിക്കും ചൂണ്ടിക്കാണിക്കാനുള്ള ഉദാഹരണമായി ജോസഫ്. അയാള്‍, മന്ത്രിമാര്‍ക്ക് ചരമപ്രസംഗമെഴുതിക്കൊടുത്തും സെക്രട്ടേറിയറ്റിലെ ഗുഹകളിലിരുന്ന് ജനങ്ങളോട് നിഴല്‍ യുദ്ധം നടത്തിയും സമാധിയടയുന്ന ഗ്ലോറിഫൈഡ് സ്റ്റെനോഗ്രാഫര്‍ മാത്രമായ ഒരു ഐ എ എസുകാരനല്ല‍. അയാളില്‍ ഒരു വിപ്ലവകാരിയുണ്ട്, ഒരു പൊലീസ് ഉദ്യോഗസ്ഥനുണ്ട്. ഒരു പള്ളിവികാരിയുടെ സാത്വികഭാവവും. 

king-mammooty

കാക്കി വേണോ കളക്‍ടറാവണോ എന്ന് മുമ്പെങ്ങോ സംശയിച്ചുപോയതിന്‍റെ ഹാംഗോവര്‍ ജോസഫ് അലക്സിലുണ്ട്. അതുകൊണ്ടുതന്നെ മറ്റുള്ളവര്‍ക്ക് അയാള്‍ പലപ്പോഴും പരിധികള്‍ ലംഘിക്കുന്ന കളക്‍ടറാണ്. അതാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതും. ഒരു നല്ല ഉദ്യോഗസ്ഥന്‍ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടി ചിലപ്പോള്‍ അയാളുടെ പരിമിതികള്‍ മറികടന്നേക്കാം. അതിനെ പരിധി ലംഘനമായി കാണുന്നവര്‍ക്ക് അങ്ങനെ, എന്തായാലും സാമാന്യ ജനത്തിനുമുന്നില്‍ അത് ഹീറോയിസമാണ്. നല്ല കൈയടി കിട്ടുന്ന ഹീറോയിസം.

ജനങ്ങള്‍ക്ക് ഉപകാരം കിട്ടുന്ന വല്ലതുമൊക്കെ ചെയ്യാനുള്ള തോന്നല്‍ പെട്ടെന്നൊരു ദിവസം ജോസഫ് അലക്സിന്‍റെ തലയില്‍ ഉദിച്ചതായിരുന്നില്ല. അയാളുടെ ജീവിതത്തിന്‍റെ തുടക്കകാലത്തുതന്നെ ഒരു വിപ്ലവകാരിയുടെ ഫയര്‍ കൊളുത്തപ്പെട്ടുകഴിഞ്ഞിരുന്നു. സമൂഹത്തിലെ അനീതികളെ തച്ചുടയ്ക്കാനുള്ള വെറി അയാളില്‍ നുരഞ്ഞുനിന്നിരുന്നു. പള്ളീലച്ചനാകാന്‍ സെമിനാരിയില്‍ പഠിക്കുമ്പോള്‍ തിരുസഭയ്ക്കും തിരുമേനിമാര്‍ക്കുമെതിരെ കലാപം നടത്തിയതിന് ജോസഫ് അലക്സിനെ പുറത്താക്കുന്നു. പിന്നീട് നടക്കാവ് പൊലീസ് സ്റ്റേഷന്‍ ബോംബാക്രമണക്കേസിലെ മുഖ്യപ്രതികളില്‍ നാലാമത്തെ പേരുകാരനായി മാറിയപ്പോള്‍ പിതാവായ അലക്സാണ്ടര്‍ രംഗത്തിറങ്ങി. അലക്സാണ്ടറിന്‍റെ പണത്തിനും പവറിനും മുന്നില്‍ നട്ടെല്ലുവളച്ച് നിയമവും നീതിയും നിന്നപ്പോള്‍ മീശമുളയ്ക്കാത്തവന്‍റെ വിപ്ലവവിഭ്രാന്തികള്‍ക്ക് നിരുപാധികം മാപ്പുലഭിക്കുകയും ചെയ്തു. മണിയും മാനിപ്പുലേഷനും കൊണ്ട് വിലയ്ക്കെടുക്കപ്പെട്ട സ്വാതന്ത്ര്യം. അന്നുതീര്‍ന്നു, പിന്നീടൊരിക്കലും പിതാവിന്‍റെ പണത്തിനും രാഷ്ട്രീയത്തിനും ജോസഫ് പിടികൊടുത്തിട്ടില്ല. സത്യം പറഞ്ഞുജീവിക്കാന്‍, നീതിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ജോസഫ് ഡല്‍ഹിയിലേക്ക് പറന്നു. അവിടെ തുടങ്ങുകയാണ് ജോസഫ് അലക്സ് എന്ന നീതിമാനായ കലക്ടറിലേക്കുള്ള യാത്ര. 

സ്റ്റേറ്റ് സര്‍വീസില്‍ കാലുകുത്തിയ നാള്‍ മുതല്‍ നടത്തിയ ഒറ്റയാന്‍ യുദ്ധങ്ങളിലൂടെ ജോസഫ് അലക്സ് വളരുകയായിരുന്നു. ഏത് ഉന്നതന്‍റെയും മുഖത്തുനോക്കി സംസാരിക്കാനും തെറ്റുകണ്ടാല്‍ അത് തെറ്റാണെന്ന് പറയാനും അയാള്‍ മടിച്ചില്ല. അപ്പോള്‍ മന്ത്രിമാര്‍ അടക്കമുള്ളവര്‍ കുറ്റപ്പെടുത്തി - ഒരെല്ല് കൂടുതലുള്ളവന്‍! 

ആ വിശേഷണം ഒരലങ്കാരമായിത്തന്നെ കരുതുന്നു ജോസഫ്. ഒരു രാഷ്ട്രീയ മേലാളന്‍റെയും കരുത്തിന്‍റെ കാല്‍‌ക്കീഴിലിട്ട് ചവിട്ടിയരയ്ക്കാന്‍ തന്‍റെ തല വിട്ടുകൊടുക്കാതിരിക്കാന്‍ അയാള്‍ക്ക് കഴിയുന്നു. ഒഫിഷ്യല്‍ ഡ്രസ് കോഡ് മാറ്റിവച്ച് മുണ്ടുടുക്കാനും അത് മടക്കിക്കുത്താനും മടിക്കാത്ത നാടന്‍ കളക്‍ടര്‍. അയാളോട് മുട്ടുമ്പോള്‍ ഏത് വമ്പനും മുട്ടിടിക്കും. ജോസഫ് അലക്സ് എന്ന കഥാപാത്രത്തിന്‍റെ ചെറിയൊരോര്‍മ്മ പോലും മലയാളികളെ ആവേശഭരിതരാക്കുന്നതിന്‍റെ കാരണം അതാണ്. 

രുദ്രാക്ഷം എന്ന ഫ്ലോപ്പിന്‍റെ ക്ഷീണം തീര്‍ക്കാന്‍ ഷാജി കൈലാസിന് ഒരു മെഗാഹിറ്റ് ആവശ്യമായിരുന്ന സമയത്താണ് ഒരു കളക്ടറുടെ ഔദ്യോഗികജീവിതത്തിലെ വെല്ലുവിളികള്‍ സിനിമയാക്കാന്‍ അദ്ദേഹം തീരുമാനിക്കുന്നത്. ഷാജിയുടെ ആഗ്രഹത്തിന് അനുസരിച്ച് ഉശിരനൊരു സ്ക്രിപ്റ്റ് രണ്‍‌ജി എഴുതിനല്‍കുകയും ചെയ്തു. അങ്ങനെയാണ് ‘ദി കിംഗ്’ സംഭവിച്ചത്. 

മലയാള സിനിമയെ കിടിലം കൊള്ളിച്ച വിജയമായിരുന്നു ദി കിംഗ് നേടിയത്. മമ്മൂട്ടിയും മുരളിയും വിജയരാഘവനും രാജന്‍ പി ദേവും ഗണേഷും ദേവനും വാണി വിശ്വനാഥുമെല്ലാം തകര്‍ത്തഭിനയിച്ച ചിത്രത്തില്‍ സുരേഷ്ഗോപി അതിഥിതാരമായെത്തി. ഷാജി കൈലാസിന്‍റെ ഫ്രെയിം മാജിക്കിന്‍റെ പരകോടിയായിരുന്നു ദി കിംഗ്. ആ സിനിമയോടെ ഷാജി കൈലാസ് - രണ്‍ജി പണിക്കര്‍ ടീം പിരിഞ്ഞു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ജോസഫ് അലക്സിനെ വീണ്ടും തിരശീലയിലെത്തിക്കാന്‍ വേണ്ടിയാണ് ഷാജി - രണ്‍‌ജി ടീം മടങ്ങിയെത്തിയത്. എന്നാല്‍ അപ്പോള്‍ അവര്‍ക്ക് ചുവടുപിഴച്ചു. വലിയ പ്രതീക്ഷകളുണര്‍ത്തി, കാടിളക്കി വന്ന ‘ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍’ കനത്ത പരാജയമായി. കോഴിക്കോടിന്‍റെ ചൂടന്‍ രാഷ്ട്രീയ മണ്ഡലത്തില്‍ തിളയ്ക്കുന്ന വാക്കുകളും നീക്കങ്ങളുമായി ജ്വലിച്ചുനിന്ന ജോസഫ് അലക്സിനെ ഡല്‍ഹിയിലേക്ക് പറത്തിവിടാന്‍ മലയാളികള്‍ ആഗ്രഹിക്കാതിരുന്നതാണ് കിംഗ് ആന്‍റ് കമ്മീഷണറുടെ വീഴ്ചയ്ക്ക് പ്രധാന കാരണമായത്.

ജോസഫ് അലക്സ് എന്ന കഥാപാത്രം ഇപ്പോഴും ഷാജിയെയും രണ്‍‌ജിയെയും മോഹിപ്പിക്കുന്നുണ്ടാകണം. പറയാനുള്ള കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയാന്‍, അനീതിക്കെതിരെ ശബ്‌ദിക്കാന്‍, ഏതുകൊടിയ വില്ലനെയും നേരിടാന്‍, പ്രോട്ടോക്കോളിന്‍റെ വാളോങ്ങിക്കൊണ്ട് തന്നെ അനാവശ്യമായി ഭരിക്കാന്‍ വരുന്ന മന്ത്രിപുംഗവന്‍റെ മുഖത്തുനോക്കി ‘കളി എന്നോടും വേണ്ട സാര്‍’ എന്നു പറയാന്‍ ഒരു ജോസഫ് അലക്സേ ഉള്ളൂ. വര്‍ഗീയ കലാപം നടക്കുന്ന സ്ഥലത്തേക്ക് പൊലീസ് സേനയ്ക്കൊപ്പം ധൈര്യസമേതം ഓടിക്കയറുന്ന, ഒരു കുറ്റാന്വേഷകന്‍റെ മനസോടെ കേസ് അന്വേഷിക്കുന്ന, പാവപ്പെട്ടവന്‍റെ കുഞ്ഞുസങ്കടങ്ങളെപ്പോലും തന്‍റെ ഇടം‌ചുമലിലേക്ക് താങ്ങിനിര്‍ത്തി ആശ്വസിപ്പിക്കുന്ന തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്സ്.

ഷാജിയും രണ്‍‌ജിയും മമ്മൂട്ടിയും ചേര്‍ന്ന് സൃഷ്ടിച്ചത് വെറുമൊരു കൊമേഴ്സ്യല്‍ തട്ടുപൊളിപ്പന്‍ കഥാപാത്രത്തെയല്ല. നാടിനാവശ്യമുള്ള ഒരു മാതൃകാപുരുഷനെയാണ്. അക്ഷരങ്ങള്‍ അച്ചടിച്ചുകൂട്ടിയ പുസ്തകത്താളുകളില്‍ നിന്നല്ല, അനുഭവങ്ങളില്‍ നിന്നാണ് ഇന്ത്യയെ അറിയേണ്ടതെന്ന് പഠിപ്പിക്കുന്ന കഥാപാത്രം. ഇന്ത്യയെ അറിയാനാണ് ജനങ്ങളെ സേവിക്കുന്ന ഓരോ ഉദ്യോഗസ്ഥനും ശ്രമിക്കേണ്ടത്. കോടിക്കണക്കായ പട്ടിണിക്കാരുടെയും നിരക്ഷരുടെയും കൂട്ടിക്കൊടുപ്പുകാരുടെയും വേശ്യകളുടെയും തോട്ടികളുടെയും കുഷ്ഠരോഗികളുടെയും ഇന്ത്യയെ മനസിലാക്കണം. ജഡ്ക വലിച്ചുവലിച്ച് ചുമച്ച് ചോരതുപ്പുന്നവന്‍റെ ഇന്ത്യയെ തിരിച്ചറിയണം.

മക്കള്‍ക്ക് ഒരുനേരം വയറുനിറച്ച് വാരിയുണ്ണാന്‍ വകതേടി സ്വന്തം ഗര്‍ഭപാത്രം വരെ വില്‍ക്കുന്ന അമ്മമാരുടെ ഇന്ത്യയെ തൊട്ടറിയണം. ഇന്ത്യയെന്ന മഹാരാജ്യത്തിന്‍റെ ആ ആത്മാവ് തൊട്ടറിയാനുള്ള സെന്‍സും സെന്‍‌സിബിലിറ്റിയും സെന്‍‌സിറ്റിവിറ്റിയുമാണ് ഓരോ പൌരനും വേണ്ടത്. ഈ നാടിനേക്കുറിച്ച് തനിക്ക് മുന്‍‌വിധികളുണ്ടെന്ന് നെഞ്ചില്‍തട്ടി പറയുന്ന ജോസഫ് അലക്സ് മലയാളത്തിലെ പ്രേക്ഷകലക്ഷങ്ങളുടെ മനസില്‍ ഇന്നും ഫയര്‍ബ്രാന്‍ഡാണ്. അയാളെ മറികടക്കാന്‍ പോകുന്ന, തീയില്‍ കുരുത്ത ആണൊരുത്തന്‍ ഇനി ഉണ്ടാകേണ്ടിയിരിക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.