Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർഷകനായി കാർത്തി; പണമിറക്കാൻ സൂര്യ

kadaikutty

'കൊമ്പൻ' എന്ന ചിത്രത്തിനു ശേഷം കാർത്തി ഗ്രാമീണനായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആക്​ഷൻ ചിത്രമാണ് 'കടൈക്കുട്ടി സിങ്കം' .യുവ സംവിധായകരിൽ ശ്രദ്ധേയനായ പാണ്ടിരാജ് രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം 2ഡി  എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ നിർമ്മിയ്ക്കുന്നത് സൂര്യയാണ്. 

സായിഷാ,പ്രിയാഭവാനി,അർത്ഥന എന്നിങ്ങനെ കാർത്തിക്ക് മൂന്നു നായികമാരാണ് ചിത്രത്തിലുള്ളത്. സത്യരാജ് കാർത്തിയുടെ പിതാവിന്റെ വേഷമിടുന്നു.കൂടാതെ ദക്ഷിണേന്ത്യൻ സിനിമയിലെ പ്രഗത്ഭരായ വലിയൊരു താര നിര തന്നെ 'കടൈക്കുട്ടി സിങ്ക' ത്തിലെ മറ്റു കഥാപാത്രങ്ങൾക്കായി അണിനിരക്കുന്നു എന്നതും ശ്രദ്ധേയം.

kadaikutty-1

കൃഷിയെ ജീവനുതുല്യം സ്നേഹിയ്ക്കുന്ന നായക കഥാപാത്രമാണ് കാർത്തിയുടേത്. എൻജിനീയർമാരും ഡോക്ടർമാരും തങ്ങളുടെ പേരിനു പിന്നിൽ അലങ്കാരമായി ഡിഗ്രി ചേർത്ത് അഭിമാനിക്കുന്ന പോലെ കാർത്തിയുടെ കഥാപാത്രവും തന്റെ പേരിനു പിന്നിൽ ഫാർമർ (കർഷകൻ)എന്ന് വിശേഷണം നൽകി അഭിമാനം കൊള്ളുന്നു. ഈ സിനിമയോടെ ഐടി കമ്പനി ജോലി ചെയ്യുന്ന ചെറുപ്പക്കാരും കൃഷിയിൽ ആകൃഷ്ടരാവും. അത്രത്തോളം സിനിമയിൽ കൃഷിയുടെ ആവശ്യകതയ്ക്ക് പ്രാധാന്യം നൽകുന്ന ഒരു സന്ദേശവും 'കടൈക്കുട്ടി സിങ്ക'ത്തിൽ ഉണ്ടെന്ന് സംവിധായകൻ.

kadaikutty-2

കഥ കേട്ട സൂര്യ ,വളരെ നാളുകൾക്കു ശേഷമാണ് ഇത്രയും മനോഹരമാവും വൈകാരികവുമായ ഒരു കുടുംബ കഥ കേൾക്കുന്നത് എന്നു പറഞ്ഞു കൊണ്ടാണ് ഈ സിനിമ താൻ തന്നെ നിർമിക്കുവാൻ തീരുമാനിച്ചതത്രെ. സൂര്യയുടെ അനുജനാണ് കാർത്തി എന്നതു കൊണ്ടോ ആരാധകർ സൂര്യയെ സിങ്കമായി വിശേഷിപ്പിയ്ക്കുന്നതു കൊണ്ടോ അല്ല സിനിമയ്ക്ക് 'കടൈക്കുട്ടി സിങ്കം' എന്ന് പേരിട്ടത്. അഞ്ച് ചേച്ചിമാർക്കു ശേഷം പിറന്ന ഏറ്റവും ഇളയവനായ ഏക സഹോദര കഥാപാത്രമാണ് കാർത്തിയുടേത് എന്നതു കൊണ്ടാണെന്നും പാണ്ടിരാജ് പറഞ്ഞു. ഗ്രാമീണപശ്ചാത്തലത്തിൽ ആക്ഷൻ,വൈകാരികത, പ്രണയം എന്നിവ സമന്വയിപ്പിച്ച് ദൃശ്യവൽക്കരിക്കപ്പെടുന്ന ബ്രഹ്മാണ്ഡ ചിത്രമായ 'കടൈക്കുട്ടി സിങ്ക'ത്തിന്റെ ഛായാഗ്രാഹകൻ സംവിധായകൻ കൂടിയായ ആർ.വേൽരാജാണ്.

ഡി.ഇമാൻ സംഗീതം. സൂര്യയുടെ 2ഡി എന്റർടെയിൻമെന്റ്സ് നിർമ്മിയ്ക്കുന്ന 'കടൈക്കുട്ടി സിങ്ക' ത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസർ രാജശേഖർ കർപൂരപാണ്ഡ്യനാണ്.