Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരയുന്നോ പുഴ ചിരിക്കുന്നോ...

b-a-chidambaranath

നമ്മുടെ രാജ്യം കണ്ട ഏറ്റവും മികച്ച സംഗീത സംവിധായകൻ ആരാണ്? കൃത്യമായ ഉത്തരമില്ലാത്ത ചോദ്യം. എങ്കിലും ഏറ്റവും കുടുതൽ പേർ യോജിക്കുക ‘നൗഷാദ്’ എന്ന പേരിനോടായിരിക്കും. മഹാനായ ആ സംഗീത സംവിധായകനെ അതിശയിപ്പിച്ച ഒരു ഈണം സൃഷ്ടിക്കാൻ മറ്റൊരാൾക്കു കഴിഞ്ഞാൽ അതൊരു സംഭവമല്ലേ... അതേ, ആ സംഭവമാണു നമ്മുടെ ബി.എ.ചിദംബരനാഥ്!

ചെന്നൈയിൽ എവിഎം സ്റ്റുഡിയോയിൽ തന്റെ ഒരു പാട്ടിന്റെ റിക്കോർഡിങ്ങിനെത്തിയപ്പോഴാണ് നൗഷാദ് ആ മലയാള ഗാനം കേട്ടത്. പ്രണയാർദ്രമായ ആ മെലഡിയിൽ അലിഞ്ഞുപോയ നൗഷാദ് അപ്പോൾത്തന്നെ സംഗീത സംവിധായകൻ ചിദംബരനാഥിന്റെ അടുത്തെത്തി തന്റെ അനുമോദനവും ആഹ്ലാദവും വിസ്മയവും പങ്കുവച്ചു. പാട്ടുകളെപ്പറ്റി അഭിപ്രായം പറയുന്നതിൽ പിശുക്കു കാണിക്കുന്ന സാക്ഷാൽ നൗഷാദിൽനിന്നാണ് ഈ പ്രതികരണം ഉണ്ടായതെന്ന് ഓർമിക്കണം.

കായംകുളം കൊച്ചുണ്ണി (1966) എന്ന സിനിമയിൽ പി.ഭാസ്കരന്റെ രചനയിൽ ചിദംബരനാഥ് ഈണം നൽകിയ ‘കുങ്കുമ പൂവുകൾ പൂത്തു...’ എന്നതായിരുന്നു ആ ഗാനം. യേശുദാസിന്റെയും എസ്.ജാനകിയുടെയും മധുരാലാപനം. (ഉഷാകുമാരിക്കൊപ്പം രംഗത്ത് അഭിനയിച്ചത് യേശുദാസ്!).

കെ.രാഘവനു മുൻപേ മലയാള സിനിമയിൽ തനത് ഈണങ്ങൾ‌ക്കൊണ്ട് കയ്യൊപ്പിച്ച ബി.എ.ചിദംബരനാഥിനെ പുതിയ തലമുറ കൂടുതൽ അറിയുക മറ്റൊരു പാട്ടിലൂടെയാണ്. ‘മുറപ്പെണ്ണി’ൽ പി.ഭാസ്കരന്റെ രചനയിൽ യേശുദാസ് പാടിയ

 

‘കരയുന്നോ പുഴ ചിരിക്കുന്നോ

കരയുന്നോ പുഴ ചിരിക്കുന്നോ

കണ്ണീരുമൊലിപ്പിച്ചു കൈവഴികൾ

പിരിയുമ്പോൾ...’

നിദ്രതൻ നീരാഴി നീന്തിക്കടന്നപ്പോൾ.., കേശാദിപാദം തൊഴുന്നേൻ.., പകൽക്കിനാവിൻ സുന്ദരമാകും... (പകൽക്കിനാവ്), കടവത്ത് തോണിയടുത്തപ്പോൾ..., കളിത്തോഴിമാരെന്നെ കളിയാക്കി... (മുറപ്പെണ്ണ്), വാസന്ത റാണിക്കു വനമാല...(കള്ളിപ്പെണ്ണ്), സുറുമ നല്ല സുറുമ..., ആറ്റുവഞ്ചിക്കടവിൽ...(കായംകുളം കൊച്ചുണ്ണി), കൽപനതൻ അളകാപുരിയിൽ... (സ്‌റ്റേഷൻ മാസ്‌റ്റർ), മന്ദമന്ദം നിദ്രവന്നെൻ..., ഒരു മലയുടെ താഴ്‌വരയിൽ...(ചെകുത്താന്റെ കോട്ട), ഉദിക്കുന്ന സൂര്യൻ..., ഒരു മുല്ലപ്പൂമാലയുമായ്...(കുഞ്ഞാലി മരയ്‌ക്കാർ), നീലനീല വാനമതാ...(കളിപ്പാവ – ഗാനരചന: സുഗതകുമാരി), മാനത്തെ മണ്ണാത്തിക്കൊരു...(ജന്മഭൂമി) എന്നിവ ചിദംബരനാഥിന്റെ എക്കാലത്തേയും മികച്ച ഈണങ്ങളാണ്.

ഹിറ്റ് അയ്യപ്പ ഭക്തിഗാനങ്ങളായ ഖേദമേകും..., നീലനീല മലയുടെ..., പൊന്നും പതിനെട്ടാം... എന്നിവയും ചിദംബരനാഥിന്റേതാണ് എന്നറിയുന്നവർ ചുരുക്കം. പല കർണാടക സംഗീതകൃതികളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. യേശുദാസ് കച്ചേരികളിൽ പാടുന്ന ‘വാണീ വാഗധീശ്വരി..’ അതിലൊന്നാണ്. 1996ലെ ‘അരമനവീടും അഞ്ഞൂറേക്കറും’ എന്ന സിനിമയിൽ മകൻ രാജാമണിക്കൊപ്പമായിരുന്നു അവസാന ഈണങ്ങൾ.

നാഗർകോവിലിലെ ഭൂതപാണ്ടി ഗ്രാമത്തിൽ 1926ൽ ആണു ചിദംബരനാഥിന്റെ ജനനം. പിതാവ് അരുണാചല അണ്ണാവി സംഗീതജ്‌ഞനും നാദസ്വരവിദഗ്‌ധനുമായിരുന്നു. പിതാവിൽനിന്നു ബാലപാഠങ്ങൾ സ്വായത്തമാക്കിയശേഷം മുത്തയ്യാ ഭാഗവതരുടെ കീഴിൽ ഉപരിപഠനം. പിന്നീട് തഞ്ചാവൂരിൽ മൈസൂർ ആസ്‌ഥാനവിദ്വാൻ രാജമാണിക്കത്തിൽനിന്നും രണ്ടുവർഷം വയലിൻ അഭ്യസിച്ചു.1942-ൽ ചെന്നൈയിലെ  ചചചചചച ജെമിനി സ്‌റ്റുഡിയോയിൽ വയലിൻ ആർട്ടിസ്‌റ്റായി. 1952ൽ ആകാശവാണിയിൽ ചേർന്നെങ്കിലും 1958ൽ രാജിവച്ചു. ആകാശവാണിയിൽ ആർട്ടിസ്‌റ്റായിരുന്ന കോഴിക്കോട് സ്വദേശി തുളസിയാണു ഭാര്യ.

ഉദയാ സ്റ്റുഡിയോയുടെ ‘വെള്ളിനക്ഷത്രം’ (1949) ആണ് ആദ്യമലയാള സിനിമ. തമിഴ്, ഹിന്ദി ഈണങ്ങൾ പകർത്തിയിരുന്ന മലയാള സിനിമയുടെ പതിവി‍ൽനിന്നു വ്യത്യസ്തമായി തനി മലയാളിശൈലിയിലായിരുന്നു അതിലെ ഈണങ്ങൾ. ഇന്ന് ആരുടെയും സ്‌മരണയിലില്ലാത്ത പൊൻകുന്നം അംബുജം, ചെറായി അമ്മു, എം.ആർ.പീതാംബര മേനോൻ, കുട്ടപ്പ ഭാഗവതർ തുടങ്ങിയവർ പാട്ടുകാർ. 

‘ആശാമോഹനമേ..., പ്രേമമനോഹരമേ..., ആലോലമാല.. തുടങ്ങിയ ഗാനങ്ങൾ മലയാളത്തിനു നവീന അനുഭവമായി.

മുപ്പതോളം സിനിമകൾക്കു സംഗീതം നൽകിയ ചിദംബരനാഥിനോടു മലയാളികൾ കടപ്പെട്ടിരിക്കുന്നതു മറ്റൊരു വലിയ സംഭാവനയുടെ പേരിലാണ്. 

ഗായകൻ പി.ജയചന്ദ്രന് പിന്നണിഗാന രംഗത്ത് ആദ്യമായി അവസരം നൽകിയത് ഇദ്ദേഹമാണ്. കുഞ്ഞാലിമരയ്ക്കാർ എന്ന ചിത്രത്തിലെ ‘ഒരു മുല്ലപ്പൂ മാലയുമായി...’ എന്ന ഗാനം.!