Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐ.വി. ശശിക്ക് പാട്ടുകൊണ്ടൊരു പ്രണാമം

iv-sasi-films-songs

പുതുമ നശിക്കാത്ത ഗാനങ്ങളും അവയുടെ വർണ്ണാഭമായ ചിത്രീകരണവും ഐ വി ശശി സിനിമയുടെ അടയാളമാണ്. ചിത്രങ്ങൾ ബോക്‌സോഫീസ് ഹിറ്റുകളായപ്പോൾ പാട്ടുകൾ സൂപ്പര്‍ ഹിറ്റുകളായി.

ഐ വി ശശി. താരക്കണ്ണിലൂടെ സിനിമ കാണുന്ന ഇക്കാലത്ത് അങ്ങനെയും ഒരു സംവിധായകന്‍ ഇവിടെയുണ്ടായിരുന്നു എന്ന് മലയാളിയെ ഓർമ്മിപ്പിക്കുന്ന ട്രെൻഡ് സെറ്ററായ ഈ മാസ്റ്റർ ക്രാഫ്റ്റ്‌സ്   മാൻ. 1980  കളിൽ വാണിജ്യസിനിമകളിലൂടെ പുതിയ ഭാവുകത്വംകൊണ്ടും ജനപ്രിയതകൊണ്ടും മലയാളിയെ വിസ്മയിപ്പിച്ചു. നൂറോളം കഥാപാത്രങ്ങളും ആയിരക്കണക്കിനു ജനക്കൂട്ടവും ചിത്രീകരിക്കുമ്പോഴും ആരുടെയും പ്രസക്തി നഷ്ടപ്പെടാതെ കാഴ്ചയൊരുക്കിയ ആൾക്കൂട്ടത്തിന്റെ സംവിധായകൻ.

പാട്ടിന്റെ സിനിമക്കാഴ്ചക്കു പുതിയ ദൃശ്യവ്യാകരണം തീർത്ത കലാകാരന് അദ്ദേഹത്തിന്റെ സിനിമകളിലെ ഗാനങ്ങൾ കൊണ്ടൊരു ആദരം. 

   

പാട്ടുകളുടെ അണിയറ ശിൽപികൾ

മലയാളത്തിൽ വിവിധ ഓൺലൈൻ ഡേറ്റാ ബേസുകളിൽ 1975 നവംബർ 21 നു നാല് ഗാനങ്ങളുമായി പുറത്തുവന്ന ഉത്സവം മുതൽ .2009  മെയ് 15  നു  റിലീസായ വെള്ളത്തൂവൽ വരെ 101 സിനിമകളാണ് ഐ വി ശശിയുടെതായി രേഖപ്പെടുത്തിയിരിക്കുന്നത്. ബിച്ചു തിരുമലയായിരുന്നു കൂടുതൽ ഐ വി ശശി സിനിമകൾക്കും പാട്ടെഴുതിയത് (27). ശ്രീകുമാരൻ തമ്പി (15), യൂസഫലി കേച്ചേരി (14) എന്നിവർ  തൊട്ടുപിന്നിലും.

ശ്യാമായിരുന്നു ശശിയുടെ 28  സിനിമകളിലെ ഗാനങ്ങൾക്ക്   ഈണം പകർന്നത്. ജി  ദേവരാജനും (18), എ ടി ഉമ്മറു (12) മായിരുന്നു മറ്റു പ്രിയ സംഗീത സംവിധായകര്‍.  ദേവരാജൻ ഈണം പകർന്ന അയല്ക്കാരി എന്ന ചിത്രത്തിലെഇലഞ്ഞിപ്പൂമണമൊഴുകി വരുന്നുഎന്ന ഗാനം  സൂപ്പർ ഹിറ്റായി. 1977  ൽ  മാത്രം12  ഐ വി ശശി സിനിമകളാണ് പുറത്തു വന്നത്.

ഗായകരിൽ യേശുദാസ് കൂടുതൽ ഗാനങ്ങൾ പാടിയെങ്കിൽ ഗായികമാരിൽ എസ്.ജാനകിയും കെ.എസ്.ചിത്രയുമാണ് കൂടുതൽ സോളോ പാടിയിട്ടുള്ളത്.

ആദ്യ ചിത്രത്തിലെ ഗാനങ്ങൾ

ഐ.വി. ശശി ആദ്യമായി സംവിധാന ചെയ്ത ഉത്സവം അതിലെ ഗാനങ്ങൾകൊണ്ട് ശ്രദ്ധേയമായ ചിത്രമായിരുന്നു.ആദ്യസമാഗമ ലജ്ജയില്‍..., സ്വയംവരത്തിന് പന്തലൊരുക്കി..., കരിമ്പുകൊണ്ട്..., ഏകാന്തതയുടെ കടവില്‍... ഇങ്ങനെ നാലു പാട്ടുകളും സൂപ്പർ ഹിറ്റുകൾ. സംഗീതസംവിധായകനായ എ ടി ഉമ്മറും ഗാനരചയിതാവായ പൂവച്ചൽ ഖാദറും പരസ്പരം കാണാതെയാണ് ഇതിലെ ഗാനങ്ങള്‍ ഒരുക്കിയത്. ഒരു വർഷത്തിനു ശേഷമാണ് അവർ  നേരില്‍ കണ്ടത്. 

ഏകാന്തതയുടെ കടവിൽ രാവിൻ നീലപ്പടവിൽ പ്രേമവതീ ഞാൻ നിന്നെ കാത്തൂ എന്ന് യേശുദാസിനെക്കൊണ്ടും കരിമ്പു കൊണ്ടൊരു നയമ്പുമായെൻ കരളിൻ കായലിൽ വന്നവനേ എന്നു മാധുരിയെക്കൊണ്ടും പാടിച്ച ഐ.വി.ശശി പിന്നീട് നൂറോളം സിനിമകളിലൂടെ ഗാനങ്ങള്ക്ക്  ഭാവപൊലിമയുള്ള അഭ്രഭാഷക്ക് ആദ്യക്ഷരി കുറിച്ചു.

പാട്ടു വിവാദങ്ങള്‍

അവളുടെ രാവുകളിലെ ഗാനങ്ങളുടെ ഈണവും അതിന്റെ പേരിലുള്ള വിവാദങ്ങളും പറഞ്ഞു പറഞ്ഞു പഴകിയത്. രാകേന്ദു കിരണങ്ങൾ സ്വാമിയിലെ രാകേഷ് റോഷൻ ഈണമിട്ട് ലതാമങ്കേഷ്കർ പാടിയ പൽ ഭർ മേരെ എന്ന പാട്ടിന്റെ പകർപ്പ്. ഉണ്ണി ആരാരിരോ ത്ധീൽ കേ  ഉപ്‌സാർ  എന്ന സിനിമക്ക് വേണ്ടി ആർ ഡി ബർമൻ ചിട്ടപ്പെടുത്തി ലത തന്നെ പാടിയ കഹ് രഹെ ഹേ യേ ആംസുവിന്റേയും. 

ബിച്ചു തിരുമല രചിച്ച പാട്ട് റെക്കാർഡ് ചെയ്യുമ്പോൾ സംഗീത സംവിധായകനായ എ ടി ഉമ്മർ ദുബായിലായിരുന്നത്രെ. ഹിന്ദി പാട്ടുകളുടെ ട്രാക്കുകൾ മലയാളത്തിൽ ഉപയോഗിക്കാമെന്ന് തീരുമാനിച്ചത് നിർമ്മാതാവ് രാമചന്ദ്രനും സംവിധായകനായ ഐ വി ശശിയും ചേർന്ന്. യേശുദാസ് പാടിയ അന്തരിന്ദ്രിയ രാഗങ്ങൾ ... എന്ന ഗാനത്തിൻറെ ഈണമൊരുക്കുന്ന ചുമതല മാത്രമാണ് എ ടി ഉമ്മറിന് അവശേഷിച്ചത്. 

പാട്ടൊരുക്കിയ വർണ്ണക്കാഴ്ചകള്‍

അവളുടെ രാവുകളിലെ രാകേന്ദു കിരണങ്ങള്‍ ഒളിവീശിയില്ല  ഗാനചിത്രീകരണത്തിലും സിറ്റുവേഷൻ സോങ്ങുകളുടെ നിർവചനത്തിലും സംവിധായകൻ വ്യത്യസ്തത കൊണ്ടുവന്നു. അന്തരിന്ദ്രിയ ദാഹങ്ങൾ  ... എന്ന ഗാനം അവളുടെ രാവുകൾ എന്ന സിനിമയിലെ അതിതീഷ്ണമായ ഗാനാവിഷ്‌ക്കാരമാണ്. മനുഷ്യൻറെ  അന്തരിന്ദ്രിയ ദാഹങ്ങളെയും മനസ്സിലെ അസുലഭ മോഹങ്ങളെയും അതിനകമ്പടിയായ മദിപ്പിക്കുന്ന അനുഭൂതികളുടെ മേളങ്ങളെയും മയക്കുന്ന അതിശയ താളങ്ങളെയും ഐ.വി.ശശി ഓർമ്മിപ്പിക്കുന്നു. കേൾക്കുമ്പോൾ കാണുമ്പോൾ  തേങ്ങലോടെ കരളിൽ കൊളുത്തുന്നതാണ് ഉണ്ണി ആരാരിരോ എന്ന താരാട്ട്.

അംഗീകാരത്തിൽ നീലജലാശയത്തില്‍ നീരാടുന്ന ബിച്ചുതിരുമലയുടെ ഹംസ ഭാവനകളെ എസ് ജാനികയുടെ മധുരസ്വരത്തില്‍ ലയിപ്പിച്ചു വ്യത്യസ്തമായ അനുഭവമായി. 

കൊമ്പില്‍ കിണുക്കു കെട്ടിയ കാളകളെയും കൊണ്ടു നാട്ടുവഴികളിലൂടെ, കണ്ണില്‍ വിളക്കുംവച്ച് പെണ്ണൊരുത്തി കാത്തിരിക്കുന്ന കൂരയിലേക്കു മടങ്ങുന്ന വണ്ടിക്കാരനെ നാട്ടുപാട്ടിലെ താളവും പ്രാസവും തുകൽ വാദ്യ വാദനവും കൊണ്ട്  കരിമ്പനയിലെ പാട്ട് എന്നും ഇഷ്ടഗാനമാക്കുന്നു.

തുള്ളിക്കൊരു കുടം പേമാരി ... എന്ന ഗാനത്തിന്റെ ചിത്രീകരണം കേൾവിക്കൊപ്പം കാഴ്ചയിലും ഉള്ളിലൊരു തുടം തേന്മാരിയായി പടർന്നു കേറും. കാറ്റുതാരാട്ടുന്ന കിളിമരത്തോണിയിലേറിയ (അഹിംസ,)പോലെ പ്രണയ രംഗങ്ങൾ... ഇങ്ങനെ എത്രയെത്ര വ്യത്യസ്തങ്ങളായ ജീവിത കാഴ്ചകൾക്കാണ്‌ ഐ വി ശശി ശബ്ദവും സംഗീതവും വർണപ്പകിട്ടും പകർന്നത്‌.

പാട്ടു പിറന്ന കൂട്ടുകെട്ടുകൾ

വെണ്ണയോ വെണ്ണിലാവുറഞ്ഞതോ..., രാസലീല ...രാസലീല ...രതി മന്മഥലീല ... മൃദുലവികാരം പുളകം ചൂടും മദനോത്സവ വേള ... ഇവ രണ്ടും ഇതാ ഇവിടെ വരെ എന്ന ശശി ചിത്രത്തിനുവേണ്ടി ദേവരാജന്‍, യൂസഫലി കേച്ചേരി, യേശുദാസ് ടീം തീർത്ത അനശ്വരഗാനങ്ങളാണ്.

പ്രണയ സരോവരതീരത്ത് , പ്രദോഷ സന്ധ്യാനേരത്ത് പ്രകാശ വലയമണിഞ്ഞ സുന്ദരി പ്രസാദപുഷ്പമായി വിടർന്നതും വികാരമണ്ഡലത്തിൽ പടർന്നതും വർണിക്കുന്നു ഇന്നലെ ഇന്ന് എന്ന ചിത്രത്തിലെ പ്രണയസരോവര തീരം ... എന്ന ഗാനം (ജി ദേവരാജന്‍, ബിച്ചു തിരുമല, യേശുദാസ്,  1977).

വാണി ജയറാമിന്റെണ പ്രണയം തുളുമ്പുന്ന മനോഹരശബ്ദവും  എം കെ അർജ്ജുനന്റെ അതുല്യ സംഗീതവും സീമന്ത രേഖയിൽ ചന്ദനം ചാർത്തിയ ഹേമന്ദ നീല നിശീഥനീ...... (ആശീർവ്വാദം,1977, ഭരണിക്കാവ് ശിവകുമാര്‍)എന്ന ഗാനം . യൂസഫലി കേച്ചേരിയുടെ ഭാവനക്ക് ജി ദേവരാജന്‍ ഈണമിട്ട  ഉല്ലാസപ്പൂത്തിരികള്‍ ...  (മീൻ, 1980 ) ,  ശ്യാമിന്റെ ഈണത്തിൽ  യേശുദാസും എസ് ജാനകിയും ചേർന്ന് പാടിയ മഞ്ഞേ വാ... (തുഷാരം, 1981) എന്നീ ഗാനങ്ങള്‍ തുറന്ന ആലാപനം മികച്ച ചിത്രീകരണം ഇവകൊണ്ട് ശ്രദ്ധേയമായി. 

  

അങ്ങാടി സിനിമയിലെ മധുരമൂറുന്ന പാവാട വേണം , മേലാട വേണം പഞ്ചാരപ്പനങ്കിളിക്ക് ... , തൃഷ്ണ എന്ന സിനിമയിലെ മൈനാകം കടലില്‍ നിന്നുയരുന്നുവോ... തുടങ്ങി ശ്യാം, ബിച്ചു തിരുമല, യേശുദാസ് ടീമിന്റെ നിരവധി ഗാനങ്ങൾ ശശി സിനിമകളിലുണ്ട്. കൗമാര ചാപല്യങ്ങളുടെ കഥ പറഞ്ഞ ഇണ (1982) എന്ന സിനിമയിലെ കൃഷ്ണചന്ദ്രന്‍ പാടിയ വെള്ളിച്ചില്ലും വിതറി ...  ആണ് എ ടി ഉമ്മര്‍,  ബിച്ചു തിരുമല ടീമിൻറെ മറ്റൊരു ജനപ്രിയഗാനം.

എ ടി ഉമ്മര്‍, ബിച്ചു തിരുമല എന്നിവർ ചേർന്നൊരുക്കി, യേശുദാസ് പാടിയതാണ് വാകപ്പൂ മരം... (അനുഭവം, 1976), നീലജലാശയത്തിൽ, (അംഗീകാരം, 1977), സാന്ദ്രമായ ചന്ദ്രികയിൽ... (മനസാ വാചാ കർമ്മണാ, 1979), കൊമ്പിൽ കിലുക്കും കെട്ടി ... (കരിമ്പന, 1980 ), കാറ്റു താരാട്ടും ... (അഹിംസ, 1982), എന്നി ഗാനങ്ങള്‍. മനസാ വാചാ കർമണാ എന്ന ചിത്രത്തിലെതന്നെ പ്രഭാതം പൂമരക്കൊമ്പിൽ തൂവൽ കുടഞ്ഞു ... എന്ന പാട്ട് എസ് ജാനകിയുടെ ശബ്ദസൗകുമാര്യവും കാട്ടിത്തരുന്നു.

ഐ വി ശശിക്കൊപ്പം ഗിരീഷ് പുത്തഞ്ചേരിയും എം.ജി. രാധാകൃഷ്ണനും ഒരുമിച്ചപ്പോഴാണ് എം.ജി.ശ്രീകുമാർ പാടിയ സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ ... (ദേവാസുരം)എന്ന ഗാനം പിറന്നത്. വർണ്ണപ്പകിട്ടിൽ (1997) ഗിരീഷ് പുത്തഞ്ചേരിയും വിദ്യാസാഗറും ചേർന്നപ്പോൾ ദൂരേ മാമര കൊമ്പില്‍ ... (കെ എസ് ചിത്ര/ എം ജി ശ്രീകുമാർ), വെള്ളിനിലാ തുള്ളികളോ ...  (എം ജി ശ്രീകുമാര്‍, കെ എസ് ചിത്ര) എന്നീ മനോഹരഗാനങ്ങളും പിറന്നു. 

പാട്ടില്ലാ പടങ്ങൾ

അടിയൊഴുക്കുകൾ(1984), ആവനാഴി 1986 ), അടിമകള്‍ ഉടമകള്‍ (1987),  മുക്തി (1988), അര്ഹ‍ത(1990), മിഥ്യ(1990), ഇന്‍സ്പെക്ടർ ബൽറാം (1991) ഇവയാണ് പാട്ടില്ലാത്ത ഐ വി ശശി ചിത്രങ്ങൾ.

അബ്കാരിയിൽ ഒരു ഗാനം മാത്രം. പൂവച്ചല്‍ ഖാദർ രചിച്ചു ശ്യാം സംഗീതം നൽകി യേശുദാസും, കൃഷ്ണചന്ദ്രനും ചേർന്ന് പാടിയ കാണുന്നു നിങ്ങളീ കാലത്തിന്‍ വൈഭവം ... എന്ന ഗാനം. 

എങ്ങനെയാണ് ഐ വി  ശശിയുടെ സിനിമകൾ പാട്ട് ചരിത്രത്തില്‍ അടയാളപ്പെടുത്തുക ? ഭരതൻ, പത്മരാജൻ, കമൽ, രഞ്ജിത്ത് ... അടക്കമുള്ള പിൻതലമുറകൾക്ക് ഗാനചിത്രീകരണത്തിന്റെ മിഴിവാർന്ന മാതൃകകളായിരുന്നു 1970 കൾ മുതൽ തന്റെ സിനിമകളിൽ ഐ വി ശശിയൊരുക്കിയ പാട്ട് കാഴ്ച്ചകൾ. ആ അടിത്തറയിൽനിന്ന് സാങ്കേതികവിദ്യക്കൊപ്പം പ്രതിഭയും ചേർന്ന് വികസിച്ചതാണ് പിൽക്കാല മലയാള സിനിമയിലെ മികച്ച ഗാനരംഗങ്ങൾ.  .

ഐ വി ശശി സിനിമകളിലെ ചില ജനപ്രിയഗാനങ്ങൾ

ആദ്യസമാഗമ ലജ്ജയിൽ, ഉത്സവം, 1975, എ ടി ഉമ്മര്‍, പൂവച്ചല്‍ ഖാദര്‍, കെ ജെ യേശുദാസ് , എസ് ജാനകി 

വാകപ്പൂ മരം, അനുഭവം, 1976, എ ടി ഉമ്മര്‍, ബിച്ചു തിരുമല, കെ ജെ യേശുദാസ് 

ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു, അയൽക്കാരി, 1976, ജി ദേവരാജന്‍, ശ്രീകുമാരൻ തമ്പി, കെ ജെ യേശുദാസ്

വെണ്ണയോ വെണ്ണിലാവുറഞ്ഞതോ, ഇതാ ഇവിടെ വരെ, 1977, ജി ദേവരാജന്‍ യൂസഫലി കേച്ചേരി, യേശുദാസ്

രാസലീല, ഇതാ ഇവിടെ വരെ, 1977, ജി ദേവരാജന്‍, യൂസഫലി കേച്ചേരി, യേശുദാസ്

സന്ധ്യതൻ അമ്പലത്തിൽ, അഭിനിവേശം, 1977, ശ്യാം, ശ്രീകുമാരൻ തമ്പി, യേശുദാസ്

നീലജലാശയത്തിൽ, അംഗീകാരം, 1977, എ ടി ഉമ്മര്‍, ബിച്ചു തിരുമല, യേശുദാസ്

പ്രണയസരോവര,                ഇന്നലെ ഇന്ന്, 1977, ജി ദേവരാജന്‍, ബിച്ചു തിരുമല, യേശുദാസ്

തുള്ളിക്കൊരുകുടം, ഈറ്റ, 1978, ജി ദേവരാജന്‍, യൂസഫലി കേച്ചേരി, യേശുദാസ്, പി മാധുരി.

രാഗേന്ദു കിരണങ്ങള്‍, അവളുടെ രാവുകൾ, 1978, എ ടി ഉമ്മര്‍, ബിച്ചു തിരുമല, എസ് ജാനകി 

സീമന്ത രേഖയിൽ ചന്ദനം ചാർത്തിയ, ആശീർവ്വാദം,1977, എം കെ അർജ്ജുനൻ,ഭരണിക്കാവ്, ശിവകുമാര്‍, വാണി ജയറാം

പ്രഭാതം പൂമരക്കൊമ്പിൽ, മനസാ വാചാ കര്മ്മ ണാ, 1979, എ ടി ഉമ്മര്‍, ബിച്ചു തിരുമല, എസ് ജാനകി

സാന്ദ്രമായ ചന്ദ്രികയിൽ, മനസാ വാചാ കര്മ്മ ണാ, 1979, എ ടി ഉമ്മര്‍, ബിച്ചു തിരുമല, യേശുദാസ്

പാവാട വേണം മേലാട വേണം, അങ്ങാടി 1980, ശ്യാം ബിച്ചു തിരുമല, യേശുദാസ്

കൊമ്പിൽ കിലുക്കും കെട്ടി, കരിമ്പന, 1980 , എ ടി ഉമ്മര്‍, ബിച്ചു തിരുമല, യേശുദാസ് ,കോറസ്‌

ഉല്ലാസപ്പൂത്തിരികള്‍, മീൻ, 1980 , ജി ദേവരാജന്‍, യൂസഫലി കേച്ചേരി, യേശുദാസ്

മൈനാകം കടലില്‍ നിന്നുയരുന്നുവോ, തൃഷ്ണ, 1981, ശ്യാം, ബിച്ചു തിരുമല, യേശുദാസ്

ശ്രുതിയില്‍ നിന്നുയരും(F/M)തൃഷ്ണ, 1981, ശ്യാം, ബിച്ചു തിരുമല, എസ് ജാനകി, 

മഞ്ഞേ വാ,തുഷാരം, 1981 , ശ്യാം, യൂസഫലി കേച്ചേരി, യേശുദാസ്, എസ് ജാനകി

വെള്ളിച്ചില്ലും വിതറി, ഇണ, 1982, എ ടി ഉമ്മര്‍,  ബിച്ചു തിരുമല, കൃഷ്ണചന്ദ്രന്‍

ജലശംഖുപുഷ്പം, അഹിംസ, 1982, എ ടി ഉമ്മര്‍, ബിച്ചു തിരുമല, എസ് ജാനകി

കാറ്റു താരാട്ടും,അഹിംസ, 1982,എ ടി ഉമ്മര്‍, ബിച്ചു തിരുമല, യേശുദാസ് , എസ് ജാനകി 

ഒരു മധുരക്കിനാവിൻ ലഹരി, നാണയം, 1983, ശ്യാം, ബിച്ചു തിരുമല, യേശുദാസ്

 കറുത്ത തോണിക്കാരാ, അക്ഷരങ്ങള്‍,1984,ശ്യാം,ഓ എന്‍ വി കുറുപ്പ്, പി ജയചന്ദ്രൻ, എസ് ജാനകി

തൊഴുതു മടങ്ങും, അക്ഷരങ്ങള്‍,1984, ശ്യാം, ഓ എന്‍ വി കുറുപ്പ്, ഉണ്ണി മേനോൻ

സൂര്യകിരീടം,ദേവാസുരം, 1993, എം ജി രാധാകൃഷ്ണന്‍, ഗിരീഷ് പുത്തഞ്ചേരി, എം ജി ശ്രീകുമാര്‍

ദൂരേ മാമര കൊമ്പില്‍, വർണ്ണപ്പകിട്ട് 1997, വിദ്യാസാഗര്‍ ഗിരീഷ് പുത്തഞ്ചേരി, കെ എസ് ചിത്ര / എം ജി ശ്രീകുമാർ 

വെള്ളിനിലാ തുള്ളികളോ, വർണ്ണപ്പകിട്ട്, 1997, വിദ്യാസാഗര്‍, ഗിരീഷ് പുത്തഞ്ചേരി, എം ജി ശ്രീകുമാര്‍, കെ എസ് ചിത്ര