Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ പാട്ടുകളുടെ വിജയമല്ലേ ഏറ്റവും വലിയ അംഗീകാരം

gopi-sundar1

തീര്‍ത്തും വിഭിന്നമായ ഈണങ്ങളെ കൂട്ടിയോജിപ്പിച്ച് മലയാള സംഗീതത്തിൽ വ്യത്യസ്തമാർന്നൊരിടം നേടിയെടുത്തു കഴിഞ്ഞു ഗോപീ സുന്ദർ 2014ൽ ഈണമിട്ടത് ബാംഗ്ലൂർ ഡേയ്സ്, 1983, ഹൗ ഓൾഡ ്ആർ യൂ, തുടങ്ങിയ 22 സിനിമകളിൽ. 2015 ഏറെ കേട്ടാസ്വദിച്ച മുക്കത്തെ പെണ്ണ് എന്ന ഗാനവും ഇനിയും കാതുകളിൽ നിന്നിറങ്ങിപോയിട്ടില്ലാത്ത ചാർളിയിലെ ഗാനങ്ങളുമടക്കം പതിനെട്ട് ചിത്രങ്ങളിൽ. ഇനി ചെയ്യാനിരിക്കുന്നതും വമ്പൻ പ്രോജക്ടുകൾ. ദക്ഷിണേന്ത്യൻ ചലച്ചിത്രത്തിലെ അതികായൻമാരായ നാഗചൈതന്യയും നാഗാർജുനയും അഭിനയിക്കുന്ന ചിത്രങ്ങളിലേക്ക് വരെ ഗോപീ സുന്ദർ പാട്ടുകളുമായി കടന്നുചെന്നു കഴിഞ്ഞു. തെലുങ്കിലും ചുവടുറപ്പിക്കുന്നു. ഗോപീ സുന്ദർ സംസാരിക്കുന്നു പുതിയ പാട്ടനുഭവങ്ങളെ കുറിച്ച് വീണ്ടും നിരാശപ്പെടുത്തിയ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തെ കുറിച്ച്.

സംസ്ഥാന അവാർഡ് ഇത്തവണയും കിട്ടിയില്ലല്ലോ?

അതെല്ലാം ജൂറിയുടെ തീരുമാനമല്ലേ. എനിക്കതിൽ എതിരഭിപ്രായമൊന്നുമില്ല. ബഹുമാനമേയുള്ളൂ. എന്തുകൊണ്ടാണ് എപ്പോലും ഞാൻ തഴയപ്പെടുന്നതെന്നറിയില്ല. അതിനെ കുറിച്ച് ചിന്തിക്കുന്നുമില്ല. ചാർളിയ്ക്കും മൊയ്തീനും ഇത്രയും അവാർഡ് കിട്ടിയിട്ടും അതിലെ സംഗീതത്തിന് പുരസ്കാരം കിട്ടിയിട്ടില്ല. പ്രതീക്ഷയുണ്ടായിരുന്നു എനിക്ക്. ഒരുപാട് അംഗീകരിക്കപ്പെട്ട സംഗീതമായിരുന്നുവല്ലോ അതിലെയെല്ലാം. എന്നു നിന്റെ മൊയ്തീനിലെ മുക്കത്തെ പെണ്ണേ...എന്ന ഗാനമൊക്കെ ജനമനസുകൾ ഒരുപാട് പാടിയാഘോഷിച്ചതാണ്. പലരും പറഞ്ഞിരുന്നു ഇത്തവണയും അവാർഡുണ്ടാകുമെന്ന്. ഉസ്താദ് ഹോട്ടിലിലെ പാട്ടുകളെ സംബന്ധിച്ചും എല്ലാവരുമിങ്ങനെ പറഞ്ഞിരുന്നു. അന്നുമുണ്ടായില്ല സംസ്ഥാന പുരസ്കാരം. 1983 എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് ദേശീയ പുരസ്കാരം കിട്ടിയപ്പോഴും സംസ്ഥാന അവാർ‍ഡുണ്ടായിരുന്നില്ല. എന്തുകൊണ്ടാണ് ഈ പാട്ടുകളെ ജൂറി കാണാതെ പോയതെന്ന് അറിയില്ല. എല്ലാവർഷവും ഇത് ആവർത്തിക്കപ്പെടുന്നതെന്നുമറിയില്ല.

പക്ഷേ ജനപക്ഷത്തു നിന്ന് ആ സ്നേഹം ഞാൻ അറിയുന്നുണ്ട്. എന്റെ പുതിയ പാട്ട് ഏതാണ് എന്നാണ് എത്തുകയെന്നൊക്കെ അറിയാൻ ഫേസ്ബുക്കിലൂടെയും മറ്റും എന്നും അന്വേഷണങ്ങൾ വരാറുണ്ട്. എന്റെ പാട്ടിനായി പ്രതീക്ഷയോടെ ആകാംഷയോടെ ജനങ്ങൾ കാത്തിരിക്കുന്നുവെങ്കിൽ അത് തന്നെയാണ് എന്റെ ഏറ്റവും വലിയ നേട്ടവും. ‌‌

എല്ലാത്തിലും വലിയ പുരസ്കാരം ജനങ്ങളുടേതാണ്. അപ്പങ്ങളെമ്പാടും പാട്ടുകേട്ട് കുഞ്ഞുമക്കൾ ഭക്ഷണം കഴിക്കുന്നുവെങ്കിൽ, ഓലഞ്ഞാലി കുരുവി കേട്ടുകൊണ്ട് അവര്‍ക്കുറങ്ങാനാകുന്നുണ്ടെങ്കിൽ ജോണി മോനോ ജോണി കേട്ട് അവർ കളിക്കുന്നുവെങ്കിൽ തന്നെയാണ് ഏതൊരു സംഗീതജഞ്നും കിട്ടുന്ന ഏറ്റവും വലിയ പുരസ്കാരം. അതിനപ്പുറമൊന്നില്ല.

ദേശീയ അവാർഡ് കിട്ടിയിട്ടും നമ്മുടെ കുഞ്ഞ് സംസ്ഥാനം സമ്മാനിക്കുന്ന പുരസ്കാരം എനിക്കു കിട്ടിയില്ല എന്നതൊരു സങ്കടമല്ലേ. ദേശീയ തലത്തിൽ എത്രയധികം ചിത്രങ്ങളോട് മത്സരിച്ചിട്ടാണ് നമുക്ക് പുരസ്കാരം ലഭിക്കുന്നത്. നാഷണല്‍ അവാർഡൊന്നും ഇവിടൊരു കാര്യമേയല്ല. എനിക്കിതിലൊന്നും പരാതിയില്ല. ആ അവസ്ഥയെ കുറിച്ച് ആലോചിച്ച് പോകുന്നുവെന്നു മാത്രം.

അതുപോലെ ചാർളിയിലെ പാട്ടുകളെ കുറിച്ചെടുത്ത് പറയണം. ജനങ്ങളിൽ നിന്ന് എനിക്ക് കിട്ടിയ സ്നേഹമാണ് ആ പാട്ടുകൾ. കാരണം ഈ പാട്ടുകളെല്ലാം ഞാനെനിക്കു വേണ്ടി ചെയ്തതാണ്. മുൻപെപ്പോഴും ജനങ്ങൾക്കെന്താണോ വേണ്ടത് സിനിമയ്ക്കെന്താണോ ആവശ്യം എന്നു നോക്കി ചെയ്യുമായിരുന്നു. ഇവിടെ പക്ഷേ പൂർണമായും ഞാൻ എനിക്കു വേണ്ടിയാണ് ഈണമിട്ടത്. അത് ജനങ്ങൾക്കേറെ ഇഷ്ടമാകുകയും ചെയ്തു.

മലയാളത്തിൽ നിന്ന് തെലുങ്കിലേക്ക്. എങ്ങനെയുണ്ട് ആ അനുഭവം

തെലുങ്കിൽ ഇതിനോടകം മൂന്ന് സിനിമകളാണ് ചെയ്തത്. ആ ചിത്രങ്ങളിലെ പാട്ടുകളെല്ലാം ജനശ്രദ്ധ നേടിയിരുന്നു. തെലുങ്കിൽ നിന്ന് പുരസ്കാരവും ലഭിച്ചിരുന്നു. ഊപ്പിരിയാണ് ഏറ്റവുമൊടുവിൽ ഞാൻ സംഗീതം നൽകിയ ചിത്രം. ഇത്രയും നാൾ തെലുങ്കിന്റെ പൾസ് എന്താണോ അതിനനുസരിച്ചുള്ള ഈണങ്ങളാണ് ചെയ്തത്. പക്ഷേ ഈ ചിത്രത്തിൽ പൂർണമായും എന്റെ ക്രിയാത്മകതയാണ്. ചിത്രത്തിന് വേണ്ടത് പൂർണമായും എന്റെ ക്രിയാത്മകതയിലൂടെയാണ് ചെയ്തെടുതത്ത. ഊപ്പിരി മാത്രമല്ല തമിഴ് പതിപ്പായ തോഴയും എനിക്കേറെ പ്രിയപ്പെട്ടതു തന്നെ. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കെല്ലാം പാട്ട് ഏറെയിഷ്ടമായിക്കഴിഞ്ഞു. പിന്നെ തോഴയിലേയും ഊപ്പിരിയിലേയും സംഗീതം വ്യത്യസ്തമായ അനുഭവം തന്നെയായിരിക്കും.

നമ്മൾ മലയാളത്തിൽ 20 സിനിമ ചെയ്യുന്നതിന്റെ അതേ ഫലം ഇവിടെ ഒരു സിനിമയിൽ കൂടി കിട്ടും. കാരണം അത്രയധികം വലിയ ഇൻഡസ്ട്രിയാണ്. പിന്നെ അവിടത്തെ ജനങ്ങൾക്ക് സിനിമയെന്നാൽ ആരാധനയാണ്. ഞാനുൾപ്പെടെയുള്ള മലയാളികൾക്ക് എൻറർടെയ്ൻമെന്റും. അതിന്റെ വ്യത്യാസമുണ്ട്.

ഏത് തരം സംഗീതത്തിനാണ് പ്രാധാന്യം നൽകുന്നത് തെലുങ്കിൽ?

നമ്മളേത് ഇൻഡസ്ട്രിയിലേക്കും കടന്നു ചെല്ലുമ്പോൾ സ്വഭാവികമായും അവിടുത്തെ ജനങ്ങളുടെ ആസ്വദനത്തെ കുറിച്ചൊരു പഠനം നടത്തും. ഇവിടെയും അതുണ്ടായി. എന്തൊക്കെ തരം പാട്ടുകളാണ് ജനങ്ങൾക്ക് കൂടുതൽ സ്വീകാര്യമാകുന്നതെന്നതിനെ കുറിച്ച്. മെലഡികള്‍ തന്നെയാണ് തെലുങ്കിലും കൂടുതൽ കാലം നിലനിൽക്കുന്നത്. കീരവാണി ഇളയരാജ എന്നിവര്‍ വര്‍ഷങ്ങൾക്ക് മുൻപേ ചെയ്ത മെലഡികൾ പോലും ഇന്നുമവരുടെ മനസിലുണ്ട്. മെലഡിയിൽ തന്നെയാണ് ഞാനും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

തെലുങ്കിൽ ചുവടുറപ്പിക്കുകയാണ് അല്ലേ?

തെലുങ്കിലും തമിഴിലും പ്രതീക്ഷകളുണ്ട്. കൂടുതൽ പാട്ടുകൾ ചെയ്യാൻ എനിക്കിഷ്ടവുമാണ്. പക്ഷേ എനിക്കെന്നും എന്റെ മലയാളം തന്നെയാണ് വലുത്. ഒരു കാൽ മലയാളത്തിൽ ചവിട്ടിയുറപ്പിച്ചുകൊണ്ടു തന്നെയാണ് ഇവിടെ രണ്ടിടത്തേക്കും പോകുന്നത്. അല്ലാതെ ചെയ്യാനെനിക്കാകില്ല. നമ്മുടെ നാട്ടിൽ കിട്ടുന്ന അംഗീകാരം തന്നെയാണല്ലോ ഏറ്റവും വലുത്.

ഈണങ്ങൾ കോപ്പിയടിച്ചുവെന്ന ആരോപണം നേരിടേണ്ടി വരുമ്പോൾ?

അതൊന്നും എന്നെ ബാധിക്കാൻ പോകുന്നില്ല. നമ്മൾ നല്ല പാട്ടുകൾ ചെയ്യുന്നിടത്തോളം കാലം നമുക്ക് നിലനിൽപ്പുണ്ടാകും. പിന്നെ കോപ്പിയടിച്ചിട്ടുണ്ടെങ്കിൽ അതെനിക്ക് തുറന്ന് പറയാനൊരു മടിയുമില്ല. പാട്ടുകളിലൂടെ മാത്രമേ അതിന് പറയാനാകൂ. ആരോപണങ്ങളെ തള്ളിപ്പറഞ്ഞിട്ട് കാര്യമില്ല. ഞാനും അത് തന്നെയാണ് ചെയ്യുന്നത്.

കൈനിറയെ ചിത്രങ്ങൾ. എന്താണ് ഈ സ്വീകാര്യതയ്ക്ക് പിന്നിൽ? വിജയത്തിനു പിന്നിൽ?

വിജയിച്ചു, എവിടെയെങ്കിലുമെത്തി എന്ന് ഞാൻ കരുതുന്നേയില്ല. അങ്ങനെ ചിന്തിച്ചാൽ ഞാനവിടെ തീരുമല്ലോ. എന്നെ സംബന്ധിച്ച് അങ്ങനെയല്ല. കൂടുതൽ നല്ലതായി ചെയ്തുകൊണ്ടുള്ള യാത്രയാണ്. അത് നന്നായി പോകുന്നതിനു കാരണം ഓരോ കാര്യങ്ങളാണ്. ഒന്ന് പ്രൊഫഷണലിസം. പിന്നെ ഓരോ സമയത്തും ഞാനെടുത്ത തീരുമാനങ്ങൾ, ശരിയായ തീരുമാനങ്ങൾ, മാറ്റങ്ങളെ പെട്ടന്ന് ചിന്തയിൽ ഉൾക്കൊള്ളാനുള്ള കഴിവ്, ശരിക്കു പറഞ്ഞാൽ ഓന്ത് നിറം മാറുന്ന പോലെ മനസിനെ മാറ്റിയെടുക്കാനുള്ള കഴിവ് അതൊക്കെയാകാം കാരണം. ഒരു മൂഡിലുള്ള പാട്ടിൽ നിന്ന് തീർത്തും വ്യത്യസ്തമായ മറ്റൊന്നിലേക്കെനിക്ക് എളുപ്പം മാറാനാകും. അത് കലാകാരൻമാർക്ക് വേണ്ട ഗുണങ്ങളിലൊന്ന് തന്നെയാണ്.

വേഗത്തിൽ എനിക്ക് ഈണമിടാനാകും. തെലുങ്കിൽ പോയപ്പോൾ‌ ഒരുപാട് സമയം തന്നതാണ്. പക്ഷേ ഞാൻ വളരെ പെട്ടെന്ന് മൂന്നും നാലും പാട്ടുകൾ ചെയ്ത് തീർത്തു. സംഗീത ജീവിതമെന്നത് ഒരു ഒഴുക്കാണ്. ഇത് എനിക്ക് പറക്കാനുള്ള സമയമാണ്. അന്നേരം ഞാനത് നന്നായി ചെയ്യണം. ആലോചിച്ചിരുന്നിട്ട് കാര്യമല്ല.

അതുകൊണ്ടാകാം വ്യത്യസ്ത ഈണങ്ങളെ വേഗം ചെയ്യാനാകാുന്നത്. ഒരീണത്തിൽ നിന്ന് തീർത്തും വ്യത്യസ്തമായ ഒന്നിലേക്ക് എനിക്ക് പെട്ടെന്ന് മാറാനാകും. പ്രൊഫഷണലിസം, വേഗത്തിൽ പാട്ടു ചെയ്ത് കൊടുക്കുന്നത് ഇതെല്ലാം കാരണമാകാം കുറേയധികം ചിത്രങ്ങള്‍ ചെയ്യാനാകുന്നത്.

പുതിയ സിനിമകൾ?

കലി, അമൽ നീരദ്-ദുൽഖർ സൽമാൻ ചിത്രം, ജെയിംസ് ആൻഡ് ആലിസ്, ഷാജഹാനും പരീക്കുട്ടിയും, കർണൻ, പ്രേമത്തിന്റെ തെലുങ്ക് പതിപ്പ്, ഈഗാ നാനിയുടെ ഒരു സിനിമ, അങ്ങനെയുള്ള കുറേ ചിത്രങ്ങൾ. അൽപം വലിയ പ്രോജക്ടുകൾ തന്നെയാണെല്ലാം.