Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൈസയായിരുന്നു ലക്ഷ്യം എന്നു തോന്നി; ഇനിയൊരു വിവാഹം അടുത്തില്ല

അടുത്തിടെ മലയാളം ഏറ്റവുമധികം ചർച്ച ചെയ്ത പേരുകളിലൊന്നാണ് വൈക്കം വിജയലക്ഷ്മി. അവർ പാടിയൊരു ഗാനത്തിന്റെ മനോഹാരിത കൊണ്ടോ അതിശയിപ്പിച്ച പ്രകടനം പുറത്തെടുത്തൊരു സ്റ്റേജ് പരിപാടി കൊണ്ടോ ആയിരുന്നില്ല അത്. അവർ തന്റെ വ്യക്തി ജീവിതത്തിൽ സ്വീകരിച്ച ഒരു നിലപാടു കൊണ്ടായിരുന്നു. നിബന്ധനങ്ങളും ഉപാധികളും ഒരുപാട് അനുസരിച്ചു കൊണ്ട് ഒരു വിവാഗ ജീവിതം വേണ്ടെന്ന വച്ച ആ തീരുമാനം എല്ലാ പെൺകുട്ടികൾക്കുമുള്ളൊരു മാതൃകയായിരുന്നു. ആ തീരുമാനത്തിനു പിന്നാലെ ഗായത്രിവീണ വായിച്ച് ലോക റെക്കോര്‍ഡുമിട്ടു വിജയലക്ഷ്മി. നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്നു പിൻമാറാൻ തീരുമാനിച്ച നിമിഷത്തേയും ആ തീരുമാനത്തേയും കുറിച്ച് വൈക്കം വിജയലക്ഷ്മി മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ എന്ന പരിപാടിയിൽ സംസാരിച്ചിരുന്നു. അവരുടെ വാക്കുകളിലേക്ക്.

വിവാഹത്തിനു മുൻപ് എന്റെ സംഗീത ജീവിതത്തിന് എല്ലാ പിന്തുണയും നൽകുമെന്നാണു പറഞ്ഞിരുന്നു. എന്റെ വീട്ടിൽ വന്നു താമസിക്കാം എന്നും. പക്ഷേ വിവാഹനിശ്ചയത്തിന് ശേഷം പെരുമാറ്റം ക്രൂരമായിരുന്നു. ഓരോ നിമിഷവും എനിക്ക് സങ്കടമായിരുന്നു. പൂജാമുറിയിൽ പ്രാർഥിക്കുമ്പോഴും ഇത് വേണ്ട വേണ്ട എന്ന് മനസുപറഞ്ഞു. ഞാനത് കേൾക്കുക മാത്രമാണ് ചെയ്തത്. ആദ്യം വീട്ടുകാരോടാണ് ചോദിച്ചത്, അവർക്ക് വിഷമം ആകരുതല്ലോ. ഇത് വേണ്ട എന്നു പറഞ്ഞപ്പോൾ ഞങ്ങൾക്ക് വിഷമം ആകില്ല മോൾ തീരുമാനം എടുത്തോളൂ എന്നാണ് വീട്ടുകാർ പറഞ്ഞത്. കല്യാണത്തെ കുറിച്ചോർത്ത് ആദ്യം ടെൻഷനുണ്ടായിരുന്നു,  പിന്നീട് അദ്ദേഹത്തിന്റെ നല്ല പെരുമാറ്റം കാരണം ടെൻഷൻ മാറി, പക്ഷേ നിശ്ചയം കഴിഞ്ഞപ്പോൾ അതിനേക്കാൾ ഇരട്ടി സങ്കടമായി. 

പണത്തിനു വേണ്ടിയായിരുന്നു വിവാഹാലോചന എത്തിയത് എന്നു പിന്നീട് തോന്നി. ഇത്രയും വലിയ തീരുമാനങ്ങളെടുക്കാനുള്ള ധൈര്യം കിട്ടിയത് ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണ്. കാഴ്ച കിട്ടണം എന്നു പ്രാർഥിക്കുന്നതല്ലാതെ ദൈവത്തോട് മറ്റൊരു പരാതിയും പറയാറില്ല. വിവാഹം വേണ്ടെന്നു വച്ചതിനു ശേഷം വലിയ ആശ്വാസം തോന്നുന്നു. മനസ്സ് ഫ്രീ ആയ പോലെ. കല്യാണത്തിന്റെ ടെൻഷനോ മറ്റു ചിന്തകളോ ഇല്ലാതെ പൂർണമായി അർപ്പിച്ച് വീണ വായിക്കാനായി. ആ ചിന്തകളോടെയാണ് ഞാനിരുന്നതെങ്കിൽ ഇത്രയും നന്നാകുമായിരുന്നോ എന്നു സംശയമുണ്ട്. സ്ത്രീയുടെ കലാജീവിതം പൂർണതയിലെത്താൻ വിവാഹം തടസ്സമാകുമെന്നാണിപ്പോൾ തോന്നുന്നത്. മറിച്ച് സംഭവിക്കണമെങ്കിൽ അത്രയും അർപ്പണമനോഭാവമുള്ള പങ്കാളിയെ കിട്ടണം. നമ്മളെ അറിയുകയും മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന മനസ്സുള്ള ഒരാളായാൽ കുഴപ്പമില്ല. എല്ലാ ബന്ധങ്ങളും നമ്മളെ പിന്തുണയ്ക്കണമെന്നില്ല.  ഈ വിവാഹം വേണ്ടെന്നുവയ്ക്കുന്നതു വരെ ടെൻഷനായിരുന്നു. വിജയലക്ഷ്മി പറഞ്ഞു. 

ആഗ്രഹവും പ്രതീക്ഷയും ഉണ്ടായിരുന്നിട്ടും അത്രയും വേദനിച്ചതു കൊണ്ടാണ് വിവാഹം വേണ്ടെന്നു തീരുമാനിച്ചത്. അതുകൊണ്ട് ഉടനേ ഏതായാലും മറ്റൊരു വിവാഹം ചിന്തയിലില്ല. എന്റെ സംഗീതത്തെയും കഴിവിനെയും അംഗീകരിക്കാൻ പറ്റുന്ന ആളാണെന്നു ബോധ്യപ്പെടണം. അങ്ങനെ ബോധ്യം വന്നാൽ ചിലപ്പോൾ ആലോചിച്ചേക്കാം. അല്ലെങ്കിൽ വിവാഹം വേണ്ട എന്നു തീരുമാനിക്കും. വിവാഹം വേണ്ടെന്നത് എന്റെ സ്വന്തം തീരുമാനമായിരുന്നു. നമ്മളാരെയും പേടിച്ച് ജീവിക്കേണ്ട കാര്യമില്ല. സ്വന്തം ജീവിതത്തെക്കുറിച്ച് സ്വന്തമായിത്തന്നെ തീരുമാനങ്ങളെടുക്കുക. അതിൽ മടി വിചാരിക്കരുത്. കഴിവുകൾ തിരിച്ചറിയാനും അത് വേണ്ടപോലെ പ്രയോജനപ്പെടുത്താനും ധൈര്യം കാണിക്കണം. വിജയലക്ഷ്മി പറഞ്ഞു.