Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് ഹൃദയത്തിൽ നിന്നുള്ള പാട്ട്; വൈറലായി വീഥിയിൽ നിന്നെത്തിയ വിഡിയോ

priya-sumesh-singer

ചില യാത്രകളിൽ ഏതെങ്കിലുമൊക്കെയിടങ്ങളിൽ വണ്ടി നിർത്തുമ്പോൾ നമ്മുടെ കാതിലേക്ക് അറിയാതെ ചില പാട്ടുകൾ കയറിക്കൂടും. വഴിയരികിൽ നിന്ന് ആരെങ്കിലും പാടുന്നതാകുമത്. എന്തിനാണ് അവർ പാടുന്നതെന്ന് മനസിലാക്കാനുള്ള സാവകാശമൊന്നും കിട്ടാറില്ലെങ്കിലും ആ കാഴ്ച മനസില്‍ നിന്ന് പോകുകയേയില്ല. സോഷ്യൽ മീഡിയയിൽ ഇടയ്ക്കെത്താറുണ്ട് അങ്ങനെയുള്ള ചില വിഡിയോകൾ. അക്കൂട്ടത്തിലൊന്നാണിത്. അതിമനോഹരമാണ് ഈ ആലാപനം. ആടി വാ കാറ്റേ പാറി വാ കാറ്റേ എന്ന പാട്ടാണ് പാടുന്നത്. ഒരു വരിയെങ്കിലും കേട്ടാൽ അറിയാൻ തോന്നും ആരാണീ പാട്ടുകാരിയെന്ന്. പാട്ട് മുഴുവനും കേട്ടിട്ടു പോകാനും തോന്നും. ഹൃദയത്തിൽ നിന്നുള്ള ആലാപനം തന്നെയാണിത്. 

എറണാകുളത്തെ എളമക്കരയിലുള്ള പ്രിയ സുമേഷ് എന്ന പാട്ടുകാരിയാണിത്. പാട്ട് പഠിച്ചിട്ടൊന്നുമില്ല. പക്ഷേ സംഗീത രംഗത്ത് വർഷങ്ങളായുണ്ട്. കുറച്ചു ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചിട്ടുമുണ്ട്. മഴയെന്നോ വെയിലെന്നോ ഇല്ലാതെ വഴിയരികിൽ നിന്ന് പ്രിയ ഇങ്ങനെ പാടുന്നത് തനിക്കു വേണ്ടിയല്ല. അതുകൊണ്ടു കൂടിയാണ് നേരത്തെ പറഞ്ഞത് ഹൃദയത്തിൽ നിന്നുള്ള ആലാപനം തന്നെയാണിത്.

രണ്ടു കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി പൈസ കണ്ടെത്താൻ വേണ്ടിയാണ് പ്രിയയുടെ പാട്ട്. ദൈവം തന്ന സ്വരമാണിത്. ഞാനും ഒരു അസുഖത്തിൽ നിന്ന് രക്ഷപ്പെട്ടെത്തിയതാണ്. അതുകൊണ്ട് ചികിത്സിയ്ക്കു പൈസയില്ലാതെ വരുമ്പോഴുള്ള ബുദ്ധിമുട്ടിനെ കുറിച്ച് നന്നായിട്ട് അറിയാം. എനിക്കു മറ്റുള്ളവരെ സഹായിക്കാൻ ഈ വഴിയെ അറിയുള്ളൂ. ഈശ്വരൻ തന്ന സംഗീതം മാത്രമേയുള്ളൂ. അതുവഴി എന്നെക്കൊണ്ടു കഴിയുന്നത് ഞാൻ ചെയ്യുന്നു. അത്രേയുള്ളൂ. പ്രിയ പറയുന്നു. ഭര്‍ത്താവ് സുമേഷ്. അദ്ദേഹത്തിന് ഡ്രൈവിങ് ആണ്. ഭർത്താവും അദ്ദേഹത്തിന്റെ അമ്മയുമാണ് എനിക്ക് എല്ലാ പിന്തുണയും നൽകുന്നത്. പിന്നെ സുഹൃത്തുക്കളും. 

കടുത്ത വേനൽ കാലത്തു പ്രിയ വഴിയരികിൽ നിന്നു പാടുന്നത് കേട്ടിട്ട് ചിലർ ചോദിച്ചിട്ടുണ്ട്, നാണമില്ലേ ഇങ്ങനെ വെയിലത്ത് റോഡിൽ നിന്ന് പാടാനെന്ന്. പ്രിയ അതൊന്നും കാര്യമായെടുക്കുന്നില്ല. കേട്ടതായി പോലും നടിക്കുന്നില്ല. നല്ല മനുഷ്യരേയും കണ്ടിട്ടുണ്ട് ഒരുപാട്. അങ്ങനെ കുറേ പേരുടെ സഹായം കൊണ്ടാണ് മുൻപൊരിക്കൽ വേറൊരു കുട്ടിയ്ക്ക് ചികിത്സയ്ക്കു വേണ്ടി രണ്ടു ലക്ഷം രൂപ നൽകാൻ കഴിഞ്ഞതെന്ന് പ്രിയ പറയുന്നു. 

പാട്ട് പഠിക്കാനൊന്നും പ്രിയയ്ക്ക് കഴിഞ്ഞിട്ടില്ല. അച്ഛൻ അതിമനോഹരമായി പാടുമായിരുന്നു ആ കഴിവാണ് പ്രിയയ്ക്കും കിട്ടിയത്.  നല്ല സ്വരമാണ് എന്ന് എല്ലാവരും പറഞ്ഞിട്ടുണ്ട്. പ്രിയ പറയുന്നു. സാജു, ജിബു വിജയൻ എന്നീ സുഹൃത്തുക്കളാണ് പ്രിയ പാടുന്ന വിഡിയോ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതും പിന്നീട് അത് വൈറലായതും. ഭർത്താവ് സുമേഷും ബാബു, ഷിബു എന്നീ സുഹൃത്തുക്കളുമാണ് പ്രിയയ്ക്കൊപ്പം പാടി നടക്കുന്നത്. ഇവരാണ് തന്റെ ആത്മവിശ്വാസവും സന്തോഷവും എന്നാണു പ്രിയയുടെ പക്ഷം. 

സ്നേഹത്തിന്റെ സംഗീതമാണ് പ്രിയ‌ പാടുന്നത്. പ്രസരിപ്പുള്ള വർത്തമാനവും. തിരക്കുകളുടെ ലോകത്തിങ്ങനെ പാറിപ്പറന്ന് ജീവിക്കുന്നവർക്കിടയിലെ വിഭിന്നതയുടെ അനേകം പേരുകളിലൊന്നാണ് പ്രിയ. രക്തബന്ധത്തിനും ആത്മബന്ധത്തിനുമപ്പുറമുള്ളവർക്കു വേണ്ടി മനസാക്ഷിയെ മാത്രം സാക്ഷിയാക്കി പോരാടുന്നവരിലൊരാൾ. പ്രിയയുെട സ്വരത്തിലെ ആ മനോഹാരിത ആ പോരാട്ടത്തിന്റെ മൂർച്ചയുടേതും കൂടിയാണ്. പ്രിയയെ പോലെ തെരുവിൽ നിന്നു പാടുന്നവർ ഒരുപാടു പേരുണ്ട്. അവർക്കെല്ലാം ഇതുപോലെ ഹൃദയസ്പർശിയായ കുറേ കഥകൾ പറയാനുണ്ട് എന്ന ഓർമപ്പെടുത്തൽ കൂടിയാണ് ഈ പാട്ട്.