Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രസകരമാണ് ഈ അഞ്ചു പുതിയ പാട്ടുകൾ

best-new-malayalam-films-songs

ഇത് റമസാന്റെ മാസമാണ്. കഠിനമായ വ്രതാനുഷ്ഠാനങ്ങൾക്കു ശേഷമെത്തുന്ന റമസാൻ ആഘോഷങ്ങളിൽ സിനിമ ലോകത്തു നിന്ന് ഒരുപിടി നല്ല ചിത്രങ്ങളാണുള്ളത്. അവയിലെ പാട്ടുകളും ട്രെയിലറും നമ്മൾ കണ്ടുകൊണ്ടിരിക്കുകയുമാണ്. കുറേ നല്ല പാട്ടുകളുണ്ട് ഇക്കൂട്ടത്തിൽ. കേൾക്കാം അവയിൽ ഏറെ ശ്രദ്ധ നേടിയ അഞ്ചു പുതിയ ഗാനങ്ങളെ.

ഒഴുകിയൊഴുകി

ബിജിബാലിന്റെ മെലഡികളുടെ കൂട്ടത്തിലൊരെണ്ണം. കാടിൻ നടുവിലെ ഒരു ചെറു അരുവിയുടെയത്രയും വിശുദ്ധിയുള്ള കുറേ മെല‍ഡികളാണ് അടുത്തിടെ സിനിമയിൽ ബിജിബാൽ സൃഷ്ടിച്ചത്. അക്കൂട്ടത്തിലൊരെണ്ണമാണ്. റഫീഖ് അഹമ്മദ്-ബിജിബാൽ കൂട്ടുകെട്ടിൽ പിറന്ന മറ്റൊരു മനോഹരമായ ഈ പാട്ട് വിനീത് ശ്രീനിവാസനും രജിഷ വിജയനും അഭിനയിച്ച ഒരു സിനിമാക്കാരൻ എന്ന ചിത്രത്തിലേതാണ്. പ്രണയത്തേയും അതിന്റെ മനോഹാരിതയേയും കുറിച്ചു പാടിയ പാട്ടിലെ രജിഷയുടെ അഭിനയവും ലുക്കും പ്രത്യേകം ശ്രദ്ധ നേടിയിരുന്നു.

അക്കന തിക്കന

ചില പാട്ടുകൾ കേട്ടാൽ അത് മുൻപ് എപ്പോഴോ നമുക്കൊപ്പം കൂടിയതാണെന്നു തോന്നിപ്പോകും. നമ്മൾ ജനിച്ചു വളർന്ന ചുറ്റുപാടിൽ നിന്ന് നാട്ടിലെ ഇടവഴികളിൽ നിന്നുള്ള പാട്ടാണ് അതെന്നു തോന്നും. അങ്ങനെയൊരു ഗാനമാണ് അയാൾ ശശി എന്ന ചിത്രത്തിൽ വി.വിനയ കുമാർ രചിച്ച അക്കന തിക്കന എന്ന പാട്ട്. എടീ നീയൊരു പാട്ടു പാട് എന്ന് ശ്രീനിവാസൻ അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്നതിനു പിന്നാലെയെത്തുന്ന ഗാനത്തിന്റെ വരികൾ ആദ്യ കേൾവിയിലേ നമുക്കൊപ്പം കൂടും. ബേസിൽ സി.െജയുടേതാണു സംഗീതം. 

ഇരവിൽ വരുഗിര

മലയാളി സംഗീത സംവിധായകനായ ഇഷാൻ ദേവ് സംഗീതം ചെയ്ത ഒരു തമിഴ് ചിത്രത്തിൽ ശ്രേയ ഘോഷാൽ പാടിയ ഗാനവും ഇതിനോടകം ശ്രദ്ധ നേടിയതാണ്. കെ.പി ജഗന്റെ എൻ ആളൊടെ സിരുപ്പാ കാണോം എന്ന ചിത്രമാണിത്. സിനിമയിൽ ശ്രേയ പാടിയ ഇരവിൽ വരുഗിര എന്ന ഗാനം ഒരു മെലഡിയാണ്. വിജയ് സാഗറിന്റേതാണു സംഗീതം. 

തിൻകാ തിൻകാ ദിൽ മേരാ

യുദ്ധത്തിൽ പങ്കെടുക്കാൻ പോകുന്ന ഒരു സഹോദരന് എങ്ങനെയാണ് യാത്രയയപ്പ് നൽകുക. ഹൃദയഭേദകമാണ് അത്. ആ നോവ് എല്ലാമുണ്ട് ഈ പാട്ടിൽ. തിൻകാ തിന്‍കാ ദിൽ മേരാ എന്ന പാട്ട് പ്രേക്ഷകർ കാത്തിരിക്കുന്ന സൽമാൻ ഖാൻ ചിത്രം ട്യൂബ്‍ലൈറ്റിലേതാണ്. പ്രിതം ആണു സംഗീതം. രാഹെത് ഫത്തേ അലീ ഖാന്റേതാണു ഹൃദയത്തിൽ ചേർന്നു നിൽക്കുന്ന ആലാപനം. കൗസർ മുനീറിന്റേതാണു വരികൾ. 

തേച്ചില്ലേ പെണ്ണേ....

ഗോപി സുന്ദർ സംഗീതത്തില്‍ പിറന്ന മറ്റൊരു പുതിയ ഹിറ്റ് ഗാനം. ഫഹദ് ഫാസിൽ പാടി അഭിനയിക്കുന്ന ഈ പാട്ട് കുറേ ദിവസമായി യുട്യൂബിൽ ട്രെൻ‍‍ഡിങ് ആണ്. തേച്ചില്ലെ പെണ്ണേ...എന്നു തുടങ്ങുന്ന ഗാനത്തിന്റെ വരികളിലുള്ള കുസൃതിത്തരമാണ് ഏറ്റവും വലിയ ആകര്‍ഷണം. പറ്റിച്ചിട്ടു പോകുന്ന കാമുകിമാരെ ന്യൂജെൻ പിള്ളേർ വിശേഷിപ്പിക്കുന്ന തേപ്പ് എന്ന വാക്കിലാണ് പാട്ട് എഴുതിയിരിക്കുന്നത്. ബി.കെ.ഹരിനാരായണന്റേതാണു വരികൾ. ഗോപി സുന്ദറിനൊപ്പം നിരഞ്ജ് സുരേഷാണ് ഈ വികൃതിപ്പാട്ട് പാടിയത്. റോൾ മോഡൽസ് എന്ന ചിത്രത്തിലേതാണീ ഗാനം.