Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നായികയാണ് ഗായികയുമാണ്; അപർണ രണ്ടിലും സൂപ്പർ

aparna-balamurali-films-and-songs

നായികയായാണ് അപർണ ബാലമുരളി മലയാള സിനിമയിലേക്കെത്തിയത്. ഗ്രാമീണ മുഖമുള്ള സുന്ദരിയെ ഓർത്തു ബുദ്ധിമുട്ടണ്ട, "മഹേഷിന്റെ പ്രതികാരം" എന്ന പോത്തേട്ടൻ സിനിമയിലെ നാടൻ സുന്ദരിയുടെ മുഖം ഓർമ വരുന്നില്ലേ? ജിംസി എന്ന കഥാപാത്രത്തെ അത്രമേൽ ഉൾക്കൊണ്ടു ചെയ്ത അപർണയെ എങ്ങനെ മറക്കാനാണ്! നായികയായി വന്ന പെൺകുട്ടി ഗായികയുമായ കഥയാണ് അപർണയുടേത്

"മൗനങ്ങൾ മിണ്ടുമൊരീ നേരത്ത്...

മോഹങ്ങൾ പെയ്യുമൊരീ തീരത്ത്...

ഇതുവരെ തിരയുവതെല്ലാം...

മനസിനിതളിൽ അരിയ ശലഭമായ് വരവായ്...

ഇന്നെൻ നെഞ്ചം നീലാകാശം..."

മഹേഷിന്റെ പ്രതികാരത്തിലെ ഈ ഗാനം വിജയ് യേശുദാസിന്റെ ഒപ്പം പാടിയ മനോഹരമായ ശബ്ദമായിരുന്നു അപർണയുടേത്. പാലക്കാട് ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർക്കിടെക്ചർ വിദ്യാർഥിനിയായ അപർണയുടെ അച്ഛൻ ബാലമുരളി സംഗീതജ്ഞനാണ്. അപർണ പണ്ടേ പാട്ടുകാരിയാണ്. മകൾ അഭിനേത്രിയായതിൽ ഏറെ സന്തോഷം, അതിലേറെ സന്തോഷമായിരുന്നു ഗായിക കൂടിയാകാൻ കഴിഞ്ഞതിൽ വീട്ടുകാർക്കുണ്ടായിരുന്നതെന്ന് അപർണ തന്നെ പറഞ്ഞിട്ടുണ്ട്. ഏറ്റവും പുതിയ ചിത്രം സൺഡേ ഹോളിഡേയ്സിലുമുണ്ട് അപർണയുടെ പാട്ട്. നായികയാകുകയും ചെയ്തു പാടുകയും ചെയ്തു. നല്ല ചിത്രങ്ങളിൽ നായികയാകാനും ആ സിനിമകളിൽ ഒരു പാട്ടു പാടാനും സാധിക്കുകയെന്നത് വലിയ കാര്യമല്ലേ. നല്ല മലയാളിച്ചന്തവും തനി മോഡേൺ ലുക്കും ഒരുപോലെയിണങ്ങുന്ന അപർണയ്ക്കുള്ളത് ഈ പ്രത്യേകത കൂടിയാണ് 

ഒരു സെക്കൻഡ് ക്ലാസ്സ് യാത്ര എന്ന ചിത്രത്തിൽ നിന്നാണ് അപർണയുടെ സിനിമയിലെ തുടക്കം. ഓഡിഷനൊടുവിൽ ചിത്രത്തിലേക്ക് വിനീതിന്റെ ജോഡിയായി അരങ്ങേറുമ്പോൾ അപർണയ്ക്കത് നല്ലൊരു തുടക്കമായിരുന്നു. 

"അമ്പാഴം തണലിട്ടൊരിടവഴിയിൽ 

കുമ്മായം കുറിതൊട്ട മതിലരികിൽ.. 

കണ്ണാടിക്കാവിലെ കുറുമൊഴിയേ.. 

ഇനി ചെമ്മാനം ചോക്കുമ്പം തുണവരുമോ 

ഒളി മങ്ങാത്ത ചങ്ങാത്ത ചിരി തരുമോ ..

ചമ്പാവു പാടത്തെ ചെറുകിളിയേ ..

വരിനെല്ലായ് മുന്നാഴി കനവുതരൂ 

മിഴിചിമ്മാതെ ഒന്നെന്റെ അരികെ വരൂ"

ക്ലാസ് റൂമിന്റെ പുറകു വശത്തെ മതിലിനോട് ചേർന്ന് അവനോടൊപ്പം നിൽക്കുമ്പോൾ പ്രണയത്തിന്റെ മഴ പെയ്യുന്നുണ്ടായിരുന്നു. സ്‌കൂളിൽ പഠിക്കുമ്പോൾ ഏറ്റവും ഇഷ്ടം തോന്നിയ ആ ആൾ ആരാവും? ഓരോരുത്തർക്കുമുണ്ടാവില്ലേ അങ്ങനെയൊരു കൂട്ടുകാരൻ? ഒപ്പം പഠിക്കാനും നടക്കാനും മയിൽപ്പീലി കാണിക്കാനും മോഹിച്ചൊരു ആൺ സുഹൃത്ത്. അവൾക്കുമുണ്ടായിരുന്നു അങ്ങനെയൊരാൾ. പക്ഷേ സ്‌കൂൾ പരീക്ഷ കഴിഞ്ഞ് പലരും പല ദിക്കിലേക്ക് പായുമ്പോൾ കല്ലായികാറ്റിൻ കൊലുസിട്ട ചിറകുകളായ് അവൾക്ക് മറയേണ്ടതുണ്ടായിരുന്നു. ജീവിതം അങ്ങനെയൊക്കെയല്ലേ എന്ന് ആരോ പാടുന്നുണ്ടോ!!!

ബി.കെ. ഹരിനാരായണന്റെ വരികൾക്ക് ഗോപീസുന്ദറിന്റെ സംഗീതത്തിൽ വിനീത് തന്നെയാണ് ഗാനം പാടുന്നത്. 

‘ഒരു മുത്തശ്ശി ഗദ’ എന്ന ചിത്രത്തിൽ അപർണ ഒരേ സമയം വ്യത്യസ്തമായ രണ്ടു വേഷങ്ങളിലാണ് തിരയിലെത്തിയത്. അപർണയ്ക്ക് ഏറ്റവുമധികം ചേരുന്ന നാടൻ പാവാടയും ജാക്കറ്റുമിട്ടും പുതിയ തലമുറയിലെ പെൺകുട്ടിയുടെ വസ്ത്രങ്ങളിലും രൂപ ഭാവങ്ങളിലും. ഇരു വേഷങ്ങളും തന്റെ കയ്യിൽ ഭദ്രമാണെന്നും ആ സിനിമയിലൂടെ അപർണ തെളിയിച്ചു.

"തെന്നൽ നിലാവിന്റെ കാതിൽ ചൊല്ലി

മണ്ണിൽ മഴത്തുള്ളി മെല്ലെ ചൊല്ലി

തേനൂറും ആ വാക്ക് നിൻ കാതിലായ്

ചൊല്ലാം ഞാൻ ... 

രാക്കിനാവിൻ തീരങ്ങളിൽ എന്നെന്നോ വന്നു നീ

കാത്തിരുന്നു ജന്മങ്ങളായ് നിന്നെ ഞാൻ"

ബി.കെ. ഹരിനാരായണന്റെ വരികൾക്ക് ഷാൻ റഹ്‌മാന്റെ സംഗീതത്തിൽ വിനീത് തന്നെയാണ് ഈ ഗാനവും പാടിയത്.

പ്രണയം മണക്കുന്ന കത്തുകളിലെ വരികൾക്കായി വേഴാമ്പൽ പോലെ കാതോർത്തിരുന്ന ഒരു പ്രായം ഈ സിനിമയിലും ഓർമിക്കപ്പെടുന്നു. ഇരുവശത്തേക്കും മുടി കെട്ടിയിട്ട് പാവാടയും ജാക്കറ്റുമിട്ട് വയലിറമ്പിലൂടെ നടന്നു പോകുന്ന സുന്ദരിയായ പെൺകുട്ടിയുടെ മുഖം അപർണയ്ക്ക് കൊടുക്കുന്നത് തൊട്ടടുത്തുള്ള ഏതോ പെൺകുട്ടിയെ ഈ നടി ഓർമിപ്പിക്കുന്നതുകൊണ്ടാണ്. 

"വേഴാമ്പൽ പോലെ ഞാൻ

കാതോർക്കേ സഖീ...

സ്നേഹത്തിൻ തൂമഞ്ഞായ് ഏകാമോ മൊഴി

ഓമലേ.. ചൊല്ലാമോ ..

ആരാരും.. ആരാരും.. കാണാതെ നീ"

നാട്ടിൻപുറത്തുകാരിപ്പെൺകുട്ടിയായി കടന്നു വന്ന് മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച നിരവധി നടിമാരുടെ കൂട്ടത്തിലേക്കാണ് അപർണ്ണയും ഇപ്പോൾ ചേക്കേറുന്നത്.

അപർണയുടെ ഏറ്റവും പുതിയ ചിത്രം ആസിഫ് അലിയുടെ ഒപ്പുള്ള "സൺഡേ ഹോളിഡേ" ആണ്. മനോഹരമായൊരു പ്രണയഗാനമാണ് അപർണയുടേതായി ചിത്രത്തിലുമുള്ളത്. ആസിഫിന്റെ നായികയായി അഭിനയിച്ച ഈ ഗാനത്തിന്റെ സംഗീത സംവിധാനം ദീപക് ദേവും രചന ജിസ് ജോയിയുമാണ്. പാടിയത് അരവിന്ദ് വേണുഗോപാലും അപർണ ബാലമുരളിയും. 

"മഴ പാടും കുളിരായി

വന്നതാരോ ഇവളോ

തെന്നലായി തണലായി 

ഇനിയാരോ ഇവളോ.."

ജനപ്രിയ ഗായകൻ ജി. വേണുഗോപാലിന്റെ മകനാണ് അരവിന്ദ് എന്നതിനപ്പുറം വേണുഗോപാലിന്റെ സ്വരശുദ്ധി ഒന്ന് ആധുനികവത്കരിച്ചാൽ അരവിന്ദിന്റെ ശൈലിയാകുമെന്നു പറയാം. അപർണയുടെ രണ്ടാമത്തെ സിനിമാ ഗാനമാണ് ഇത്. നായിക മാത്രമല്ല, മൃദുവായ ശബ്ദവും കൊണ്ട് ഗായികയായും മാറുമ്പോൾ മമ്തയുടെയും മഞ്ജു വാര്യരുടെയും ഒക്കെ ഗണത്തിലേക്കു തന്നെയാണ് അപർണ്ണയും കയറിയിരിക്കുന്നത്. 

അഭിനയിക്കാൻ ചെന്ന അപർണയ്ക്ക് പാടാനുള്ള അവസരം ലഭിക്കുന്നത് യാദൃച്ഛികമായാണ്. മഹേഷിന്റെ പ്രതികാരത്തിന്റെ ലൊക്കേഷനിലെ ഇടയ്ക്കുള്ള പാട്ടുകളുടെ ആലാപനം സിനിമയുടെ സംഗീത സംവിധായകനായ ബിജിബാലിന്റെ അരികിലെത്തുകയും അങ്ങനെ അപർണ ഗായികയാവുകയുമായിരുന്നു.

"ഹൃദയമിതെതോ... പ്രണയനിലാവിൽ...

അലിയുകയായീ വെൺമേഘമായ്...

ഒരു ചെറു സൂര്യൻ പോലെ മിനുങ്ങീ...

ഹിമകണമാമെൻ മോഹം മെല്ലേ...

ആഴത്തിൽ മീനായ്‌ നീന്തി വരൂ നീ...

ആകാശം നീളെ പാറി വരൂ നീ...

പടരുകയാണെങ്ങും തെളിയുകയാണെൻ 

മിഴിയോരത്തിൽ നിന്റെ രാഗോന്മാദം...

ഇന്നെൻ നെഞ്ചം നീലാകാശം..."

ബിജിബാലിന്റെ സംഗീതത്തിൽ റഫീക്ക് അഹമ്മദ് വരികളെഴുതുമ്പോൾ ഒരിക്കലും അപർണ ഓർത്തിട്ടുണ്ടാവില്ല ഈ ഗാനം തനിക്കു വേണ്ടി ഒരുക്കപ്പെട്ടതാണെന്ന്. നായികയായതിനേക്കാൾ സന്തോഷം ഗായികയായതിലാണെന്ന് അപർണ പലയിടത്തും പറഞ്ഞിട്ടുമുണ്ട്. സംഗീതജ്ഞനായ ഒരു അച്ഛന്റെ മകൾക്ക് അത്തരമൊരു ചിന്ത സ്വാഭാവികവുമാണല്ലോ. നാടൻ മുഖം, അതിനേക്കാൾ ആർദ്രവും ഇമ്പവുമുള്ള സ്വരവും... അപർണ ഇനിയും സിനിമാലോകത്ത് നായികയായും ഗായികയായും തിളങ്ങുമെന്ന് ഉറപ്പിക്കാം.

Read More:പുതിയ ചിത്രങ്ങൾ പുതിയ പാട്ടുകൾ പുതിയ പാട്ടുകാർ...കേൾക്കാം അറിയാം