സ്നേഹത്തിന്റെ അമ്മപ്പാട്ടുമായി ബിജിബാലിന്റെ മക്കൾ. അമ്മയുടെ സ്നേഹത്തെയും കരുതലിനേയും കുറിച്ചുള്ള വരികൾ എഴുതിയത് ബിജിബാലിന്റെ സഹോദരന്റെ മകളാണ്. കൈ പിടിച്ച് എന്നു തുടങ്ങുന്ന ഗാനം കേട്ടിരിക്കുമ്പോള്‍ അമ്മ നൽകുന്ന അതിരില്ലാത്ത സ്നേഹത്തിന്റെ കരുതൽ മനസോടു ചേർന്നുവരും. അത്രമേൽ ഹൃദയംതൊടുന്നു ഈ കുട്ടികളുടെ ആലാപനം.
ബിജിബാൽ തന്നെയാണു പാട്ടിനുള്ള വയലിൻ വായിച്ചത്. മക്കളായ ദയയും ദേവദത്തും സഹോദരന്റെ മകൾ ലോലയും ചേർന്നു പാടി. സംഗീതം നൽകിയത് ദേവദത്താണ്. മൂന്നു പേരും ഒരുമിച്ച് നിന്നു പാടുന്ന ദൃശ്യങ്ങളാണ് പാട്ടിന്റെ വിഡിയോയിലുള്ളത്. സന്ദീപ് മോഹനാണ് ഗിത്താർ വായിച്ചത്. ബിജിബാലിന്റെ സ്റ്റുഡിയായ ബോധി സൈലന്റ് സ്കേപ് ആണു പാട്ട് പുറത്തിറക്കിയത്.
ദയ സിനിമകളിലും ആൽബങ്ങളിലും മുൻപ് പാടിയിട്ടുണ്ട്. ദയ പാടിയ ഓണം വന്നല്ലോ...എന്ന പാട്ട് ഏറെ ശ്രദ്ധ നേടിയിരുന്നു.
ബിജിബാലിന്റെ ഭാര്യ ശാന്തി അടുത്തിടെയാണ് മസ്തിഷ്ക സംബന്ധമായ രോഗത്തെ തുടർന്ന് അന്തരിച്ചത്. നൃത്ത രംഗത്ത് സജീവമായിരുന്ന ശാന്തിയാണ് രാമന്റെ ഏദൻ തോട്ടം എന്ന ചിത്രത്തിനായി നൃത്തം ചിട്ടപ്പെടുത്തിയത്. ഈ ചിത്രത്തിനു വേണ്ടി ശാന്തി ചെയ്ത ഒരു നൃത്ത ശകലത്തിന്റെ വിഡിയോയും അടുത്തിടെയാണ് യുട്യൂബിലെത്തിയത്.