Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്നു കണ്ട അതേ ആൾ: കെ എസ് ചിത്ര

ar-chithra

പണ്ട് ഇളയരാജയുടെ റെക്കോർഡിങിനായി ചിത്ര ചെല്ലുമ്പോൾ അവിടെയൊരു ചെറിയ കീബോർഡിസ്റ്റുണ്ടായിരുന്നു. ദിലീപേ എന്ന് ഇളയരാജ ഉറക്കെ വിളിക്കുമ്പോൾ മാത്രം അദ്ദേഹത്തിന്റെ അടുത്തേക്കു വന്ന് സംസാരിച്ചിരുന്നൊരാൾ. അവൻ അധികം ആരോടും വർത്തമാനം പറയുന്നതു പോലും കണ്ടിട്ടില്ല. എപ്പോഴും തന്റെ കീബോർ‍ഡിനരികെയുണ്ടാകും അല്ലാത്ത സമയം. എന്തെങ്കിലും പറയാനുണ്ടെങ്കിൽ അടുത്തേക്ക് വന്ന് പതിഞ്ഞ സ്വരത്തിൽ ബഹുമാനത്തോടെ സംസാരിച്ചു മടങ്ങിയിരുന്ന ആളിനെ ശ്രദ്ധിക്കാൻ തുടങ്ങിയതും ഈ പെരുമാറ്റ രീതികൊണ്ടായിരുന്നുവെന്ന് ചിത്ര പറയുന്നു...പിന്നീട് കുറേ നാൾ കഴിഞ്ഞ്, മണിരത്നത്തിന്റെ റോജ എന്ന ചിത്രത്തിനു പാടാനെത്തുമ്പോൾ ഒരുപാട് അമ്പരന്നു പോയതും അതുകൊണ്ടായിരുന്നു. അന്നു കണ്ട ആ ചെറിയ പയ്യനാണ് തനിക്കു മുൻപിൽ ഇരിക്കുന്നത്. ഏ ആർ റഹ്മാനായിക്കൊണ്ട്...

ചിത്രയുടെ ഗീതങ്ങളില്‍ മലയാളവും തമിഴകവും മാത്രമല്ല, ഇന്ത്യ തന്നെ ഓർത്തിരിക്കുന്ന കുറേ ഗാനങ്ങളാണ് റഹ്മാൻ സമ്മാനിച്ചത്. ആ സ്വരത്തിന്റെ ഭംഗിയെ ഏറ്റവും മനോഹരമായി ഉപയോഗപ്പെടുത്തിയ സംഗീത സംവിധായകൻ. ബേക്കൽ‌ക്കോട്ടയുടെ നെഞ്ചിൽ തട്ടി ചിന്നിച്ചിതറി പോകുന്ന തിരമാല മണിമുത്തുകൾ പോലെ മലർപൊഴിയും പോലെ ഒരു അഞ്ജലി പോലെയൊക്കയാണ് ആ സ്വരമെന്നു നമുക്കു തോന്നിയത് റഹ്മാൻ ചിത്രയ്ക്കു നൽകിയ പാട്ടുകളിലൂടെയായിരുന്നു. ഉയിരേ ഉയിരേ എന്ന പാട്ടിൽ ഹരിഹരൻ തന്റെ ഭാഗം പാടിക്കഴിയുമ്പോൾ ഒരു നിലാവു പോലെ ചിത്രയുടെ ശബ്ദമെത്തുന്നും നേരം എത്ര കേട്ടാലാണ് മതിവരിക. 

അന്ന് ഇളയരാജയുടെ സ്റ്റുഡിയോയിൽ വച്ച് ആദ്യമായി കണ്ടപ്പോൾ ഒരു അനുജനോടുള്ള അടുപ്പമാണ് തോന്നിയത്. റഹ്മാൻ സാർ എന്നു വിളിക്കുമ്പോഴും ആ അടുപ്പമുണ്ട് മനസിലിന്നും എന്നു  ചിത്ര പറയുന്നു. റെക്കോ‍ഡിങിനു ചെന്നാലും അന്നത്തെ പോലെ തന്നെയാണ്. അധികമൊന്നും മിണ്ടാറില്ല. എന്തെങ്കിലും പറയാനുണ്ടെങ്കിൽ എഴുന്നേറ്റ് നമുക്കരികിലേക്കു വരും. ബഹുമാനത്തോടെ ഭവ്യതയോടെ ചിത്രാജീ..എന്നു വിളിച്ചു സംസാരിക്കും...ചിത്ര പറഞ്ഞു...

കടലു പോലെ ജനക്കൂട്ടം എത്തിയൊരു സ്റ്റേജ് ഷോയ്ക്ക് പോയത് ഓർക്കുന്നു. ഞങ്ങൾക്കരികെ നിൽക്കുകയായിരുന്നു റഹ്മാനും. കൂട്ടത്തിൽ ആരോ പറഞ്ഞു, ദാ നോക്കൂ റഹ്മാൻ നിങ്ങളുടെ ആരാധകരാണ് അവരെല്ലാം...നിങ്ങളുടെ ഷോ ആയതുകൊണ്ടാണ് ഇത്രയും പേർ എന്നൊക്കെ...മറ്റൊരാൾ‌ ആയിരുന്നുവെങ്കിൽ ഒരുപക്ഷേ ചെറിയൊരു അഹങ്കാരമോ അഭിമാനവോ ഒക്കെ തോന്നിയേനേ...പക്ഷേ റഹ്മാൻ ചിരിച്ചു കൊണ്ട് അതു നോക്കിയിട്ട്  ദൈവത്തിനു നന്ദി പറയുകയാണുണ്ടായത്. ഈ ലാളിത്യവും ദൈവ ഭക്തിയുമൊക്കെ തന്നെയാണ് റഹ്മാനെ ഉയരങ്ങളിലേക്കു കൈപിടിച്ചതെന്നാണ് ഞാൻ വിശ്വസിക്കുന്നത്...

പ്രശസ്തരായ സംഗീതജ്ഞരോടു മാത്രമല്ല, സ്റ്റുഡിയോയിലെ ഓരോ വ്യക്തിയോടും ഇതേ ബഹുമാനത്തോടെയാണ് പെരുമാറാറ്. വാദ്യോപകരണ വിദഗ്ധരുടെയും കോറസ് പാടുന്നവരുടെയുമൊക്കെ ക്രെഡിറ്റ് പാട്ടിൽ നൽകാൻ തുടങ്ങിയതു പോലും റഹ്മാനാണ്. എല്ലാവര്‍ക്കും അദ്ദേഹത്തോടും തിരിച്ചും ഒരു പ്രത്യേക സ്നേഹമുണ്ട്. എത്രയോ പാട്ടുകാർക്കും വാദ്യോപകരണ വിദഗ്ധർക്കുമാണ് അദ്ദേഹം കാരണം ജീവിതമുണ്ടായത്. ഒരുപാടു പേരെ കൈപിടിച്ചുയർത്തിയിട്ടുണ്ട്. എത്രയോ പുതിയ പാട്ടുകാർ അദ്ദേഹത്തിലൂടെയെത്തിയിരിക്കുന്നു. എത്രയോ പേർക്ക് ജീവിതം കിട്ടിയിരിക്കുന്നു. ഈ പ്രാർഥനകള്‍ ആ ജീവിതത്തിനു നല്ലതേ വരുത്തുകയുള്ളൂ.

ഒരു കാര്യം നമ്മളോടു ചോദിച്ചാൽ ഇല്ല, എന്നു പറയാൻ തോന്നില്ല. അത്രയേറെ ബഹുമാനത്തോടെയാണു സംസാരിക്കാറ്. ഉണ്ണികൃഷ്ണൻ പാടിയ ഒരു പാട്ട് ഒരിക്കൽ എന്നോടൊരു പ്രത്യേക ഷോയ്ക്കു വേണ്ടി പാടാമോ എന്നു ചോദിച്ചു. ബാക്കിങ് വോക്കലും പിയാനോയും മാത്രമേ കാണുകയുള്ളൂ. അതിനൊപ്പം നമ്മൾ പാടണം. ചിത്രാ ജീ ഒന്നു പാടിത്തരാമോ എന്നാണു ചോദിക്കാറ്...

ഒരിക്കൽ സിംഗപ്പൂർ ഷോയ്ക്ക് റഹ്മാനൊപ്പം പോയിരുന്നു. നമ്മൾ ആ വേദിയില്‍ തന്നെ ഫുൾ സെറ്റ് ചെയ്ത് തലേ ദിവസം റിഹേഴ്സൽ തുടങ്ങിയിരുന്നു. ഞാൻ പാടിക്കഴിഞ്ഞപ്പോൾ എന്റെ അടുത്തു വന്നിട്ട് പറയുകയാണ്. ചിത്രാ ജീ..ഞാൻ റൊമ്പ നാളുക്ക് അപ്പുറം കേക്ക്റേ...വോയ്സ് റൊമ്പ ഫ്രഷായിരിക്കേ...നാളെ ഒരു പാട്ട് റെക്കോഡ് ചെയ്താലോ എന്ന്...

പിറ്റേന്ന് ആണ് ഷോ എന്ന് ഓർക്കണം. രാത്രി റിഹേഴ്സലൊക്കെ കഴിഞ്ഞ് വൈകി വന്ന് ഉറങ്ങിയ ഞാൻ എഴുന്നേറ്റിട്ടില്ല. ഞങ്ങളെല്ലാം ഒരു ഹോട്ടലിലാണു താമസിച്ചിരുന്നത് അന്ന്. രാവിലെ ആറു മണി ആയപ്പോൾ റഹ്മാൻ വിളിക്കുകയാണ് പാട്ട് റെക്കോഡ് ചെയ്യാനായി. ഞാൻ എഴുന്നേറ്റിട്ടു പോലുമുണ്ടായിരുന്നില്ല. ഞാൻ പറഞ്ഞു, എനിക്കൊരു അരമണിക്കൂർ സമയം തരാമോ കുളിക്കാതെ റെക്കോഡിങിന് പോകാറില്ല എന്ന്. അതൊരു ആൽ‌ബം ഗാനം ആയിരുന്നു. മനോഹരമായ പാട്ട്. ഞാന്‍ പാടി അത് റഹ്മാൻ കാമറയും കൊണ്ടു ചുറ്റി നടന്നു പകർത്തുകയും ചെയ്തു. റെക്കോഡിങും ഷൂട്ടിങും ഒരുമിച്ചു കഴിഞ്ഞു. അതാണ് റഹ്മാൻ...അത്രയേറെ പാഷനാണ് സംഗീതം. പുതിയ കാര്യങ്ങളോടും ഏറെ ആവേശം. റഹ്മാൻ സംഗീതത്തിനോടൊപ്പമല്ല സംഗീതം റഹ്മാനോടൊപ്പമാണ് എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്...ഈ നിമിഷങ്ങളൊക്കെ അതാണു മനസിലാക്കിത്തന്നത്...

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.