Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംഗീത പ്രതിഭ ബാലമുരളീകൃഷ്ണ അന്തരിച്ചു

balakrishnamurali

പ്രശസ്ത കർണാട്ടിക് സംഗീതജ്ഞൻ എം. ബാലമുരളീകൃഷ്ണ (86) അന്തരിച്ചു. ചെന്നൈ രാധാകൃഷ്ണൻ ശാലയിലുള്ള വസതിയിൽ ഉറക്കത്തിനിടെയായിരുന്നു മരണം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നു കുറച്ചു ദിവസങ്ങളായി വസതിയിൽ വിശ്രമത്തിലായിരുന്നു. കവി, സംഗീത സം‌വിധായകൻ എന്നീ നിലകളിലും ശ്രദ്ധേയയിരുന്ന ബാലമുരളീകൃഷ്ണ ദക്ഷിണേന്ത്യന്‍ സംഗീതത്തിന്റെ വികസനത്തിന് നിര്‍ണായക സംഭാവനകള്‍ നല്കിയിട്ടുണ്ട്. തെലുങ്ക്, സംസ്കൃതം, കന്നട, തമിഴ് ഭാഷകളിലായി 400 ഓളം ഗാനങ്ങൾക്ക് സംഗീതം നൽകി.

രാജ്യം പത്മശ്രീ, പത്മവിഭൂഷൺ പുരസ്കാരങ്ങൾ നൽകി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഫ്രഞ്ച് സർക്കാരിന്റെ ഓർ‌ഡർ‌ ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്സ് നേടിയ ഏക കർണാട്ടിക് സംഗീതജ്ഞനും ബാലമുരളീകൃഷ്ണയാണ്. 2012ൽ കേരളം സ്വാതിസംഗീത പുരസ്കാരം നൽകി ആദരിച്ചിരുന്നു.

ആന്ധ്രപ്രദേശിലെ ശങ്കരഗുപ്തം എന്ന ഗ്രാമത്തിൽ 1930 ജൂലൈ ആറിനാണ് മംഗലംപള്ളി ബാലമുരളീകൃഷ്ണയുടെ ജനനം. അമ്മയുടെ മരണശേഷം അമ്മായി സുബ്ബമ്മയാണ് ബാലമുരളിയെ വളർത്തിയത്. സംഗീതത്തിന്റെ ആദ്യപാഠങ്ങൾ അച്ഛനിൽനിന്നു പഠിച്ചശേഷം ത്യാഗരാജസ്വാമികളുടെ നേർപരമ്പരയിൽ പെട്ട പാരുപ്പള്ളി രാമകൃഷ്ണയ്യ പന്തുലുവാണ് ബാലമുരളിയിലെ സംഗീതജ്ഞനെ വികസിപ്പിച്ചെടുത്തത്. എട്ടാം വയസ്സിൽ ബാലമുരളി സുദീർഘമായ തന്റെ സംഗീതയാത്രയുടെ അരങ്ങേറ്റം കുറിച്ചു. പതിനാലാം വയസ്സിൽ 72 മേളകർത്താരാഗങ്ങളിൽ പ്രാവീണ്യംനേടി. 

പതിനഞ്ചാം വയസ്സിൽ സ്വതന്ത്രമായി കൃതികൾ രചിക്കാൻ ആരംഭിച്ചു. ഇരുപത്തി ഒന്നാം വയസ്സിൽ അദ്ദേഹത്തിന്റെ സംഗീതഗ്രന്ഥമായ ‘ജനകരാഗമഞ്ജരി’ പ്രസിദ്ധീകരിച്ചു. 

വായ്പാട്ടിലെ അസാമാന്യ വൈഭവത്തിനു പുറമെ, വയലിൻ, വയോള, വീണ, മൃദംഗം, ഗഞ്ചിറ എന്നിങ്ങനെ ഏത് സംഗീതോപകരണങ്ങളും ബാലമുരളീകൃഷ്ണയ്ക്കു സ്വായത്തമായിരുന്നു. സ്വന്തമായി 25ലേറെ രാഗങ്ങൾക്കു രൂപംകൊടുത്തു. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, ഒറിയ, മറാഠി, ഫ്രഞ്ച് എന്നിങ്ങനെ നാനാഭാഷകളിലായി 400 കൃതികൾ, 250 കസെറ്റുകൾ. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി 25000 കച്ചേരികൾ. വിവിധ സർവകലാശാലകളിൽ നിന്നായി നാലോളം ഡിലിറ്റ്, പിഎച്ച്ഡി, ഡിഎസ്ടി, ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയർ, കാളിദാസ സമ്മാൻ, സംഗീത കലാനിധി, പത്മശ്രീ, പത്മവിഭൂഷൻ... തുടങ്ങിയവയും അദ്ദേഹത്തെ തേടിയെത്തി.

കീഴ്‌വഴക്കങ്ങളിൽ സ്വയം പരിമിതപ്പെടുത്തുന്നതല്ല ഡോ. ബാലമുരളിയുടെ സംഗീതദർശനം. സാമ്പ്രദായികതയെക്കുറിച്ചും പരീക്ഷണങ്ങളെക്കുറിച്ചും സൗന്ദര്യശാസ്ത്രത്തെക്കുറിച്ചും വ്യത്യസ്തമായ കാഴ്ചപ്പാടായിരുന്നു ബാലമുരളിക്കുണ്ടായിരുന്നത്.