Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2016:തമിഴകം പ്രണയിച്ച പത്ത് പാട്ടുകൾ

tamil-love-songs-2016

പാട്ടുകളില്‍ വസന്തം തീര്‍ക്കുന്ന ഭാഷയാണ് തമിഴ്. റാപ്പും റോക്കും നാടനും വെസ്‌റ്റേണും ദപ്പാകുത്തുമൊക്കെ നിറയുന്നതാണ് തമിഴകത്തിന്റെ സംഗീതം. 2016ലെ പ്രണയഗാനങ്ങളിലൂടെയുള്ള ഒരു സഞ്ചാരമാണിത്. ഏറ്റവും മികച്ച പത്തു പാട്ടുകള്‍ തിരഞ്ഞെടുക്കുക ഏറെ ശ്രമകരമാണെന്നു പറയാതെ വച്ച.

തള്ളി പോകാതൈ എന്നൈ തള്ളി പോകാ സൊല്ലാതൈ....

ആക്ഷന്‍ത്രില്ലറാണെങ്കിലും പ്രണയചിത്രമാണെങ്കിലും ഗൗതം വാസുദേവ് മേനോന്റെ ചിത്രങ്ങള്‍ പാട്ടുകളാല്‍ സമ്പന്നമാണ്. ഗൗതം-ഹാരിസ്-താമര ത്രയം തമിഴകത്തെ ഏക്കാലത്തെയും മികച്ച കോംമ്പിനേഷനാണ്. ഇടയ്ക്കു ഹാരിസ് ജയരാജുമായി പിണങ്ങി എ.ആര്‍. റഹ്മാനും ഇളയരാജക്കുമൊപ്പം കൂട്ടുകുടിയപ്പോഴും അദ്ദേഹം പാട്ടുകളുടെ കാര്യത്തില്‍ വീട്ടുവീഴ്ച ചെയ്തിട്ടില്ല. നടുനിസി നായ്ക്കള്‍ എന്ന അദ്ദേഹത്തിന്റെ സൈക്കോളജിക്കല്‍ ത്രില്ലറില്‍ മാത്രം പാട്ടും പശ്ചാത്തല സംഗീതവും ഉണ്ടായില്ല. ആ ചിത്രമൊഴിച്ചു നിര്‍ത്തിയാല്‍ മിന്നലൈയില്‍ തുടങ്ങി അച്ചം എണ്‍പത് മടമൈയടാ വരെ എത്തി നില്‍ക്കുന്ന സിനിമകളെല്ലാം മ്യൂസിക്കല്‍ ഹിറ്റുകളാണ്. എ.ആര്‍ റഹ്മാന്‍ എന്ന സംഗീത സംവിധായകനു വിശേഷണങ്ങളുടെ ആവശ്യമില്ല. കാലത്തിനാനുസരിച്ച് തന്റെ സംഗീതത്തേയും നവീകരിക്കുന്ന അതുല്യ പ്രതിഭയാണ് അദ്ദേഹമെന്നതില്‍ ആര്‍ക്കും തര്‍ക്കവുമില്ല. വിണൈ താണ്ടി വരുവായാ എന്ന മ്യൂസിക്കല്‍ ഹിറ്റിനു ശേഷം അദ്ദേഹം ഗൗതം മേനോനൊപ്പം ഒന്നിച്ചപ്പോള്‍ 2016 ഏറ്റവും മികച്ച തമിഴ് ആല്‍ബങ്ങളിലൊന്നായി അച്ചം എണ്‍പത് മടമൈയടാ മാറി. പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്തു ഉയരാന്‍ ഗൗതം മേനോനു കഴിഞ്ഞില്ലെങ്കിലും പാട്ടുകളെല്ലാം ഉന്നത നിലവാരം പുലര്‍ത്തുന്നു. 

താമരയുടെ കവിത തുളുമ്പുന്ന വരികളാല്‍ സമ്പന്നമായ തള്ളി പോകാതെ എന്ന ഗാനം പോയവര്‍ഷത്തെ ഏറ്റവും മികച്ച പ്രണയഗാനങ്ങളിലൊന്നാണ്. ആദ്യ കേള്‍വിയില്‍ അത്ഭുതങ്ങള്‍ ഒന്നും അനുഭവപ്പെടുത്താത്ത ഗാനം പിന്നീടുള്ള ഓരോ കേള്‍വിയിലും സംഗീതപ്രേമികളുടെ ഹൃദയം നിറക്കുന്ന ഈണമായി മാറുന്നു. എല്ലാ അര്‍ത്ഥത്തിലും ഒരു സ്ലോ പൊയിസണ്‍. ആരോഹണ-അവരോഹണങ്ങളിലൂടെ വരികളെ വിന്യസിച്ചിരിക്കുന്ന റഹ്മാന്റെ സംഗീതം തന്നെയാണ് പാട്ടിന്റെ ഹൈലൈറ്റ്. ആദ്യാമധ്യാന്തം പ്രണയം നിറക്കുന്നു വരികളില്‍ താമരൈ എന്ന അനുഗ്രഹിത കലാകാരി. സിദ്ധ് ശ്രീറാമിന്റെ വ്യത്യസ്തമായ ആലാപനശൈലിയാണ് പാട്ടിന്റെ പ്രാണന്‍. ദിനേശ് കന്‍ങരത്‌നത്തിന്റേതും അപര്‍ണ നാരായണന്റേതുമാണ് ബാക്കിങ് വോയ്‌സ്. ചിത്രത്തിലെ റാസാലി, അവളും ഞാനും എന്നീ ഗാനങ്ങള്‍ തീര്‍ച്ചയായും ആദ്യ പത്തില്‍ ഇടം കണ്ടെത്താന്‍ തീര്‍ച്ചയായും അര്‍ഹതയുള്ള ഗാനങ്ങളാണ്. 

അടിയേ അഴകേ...എന്‍ അഴകേ അടിയേ...വലിയെ ഒലിയേ...

വിവാഹത്തെ ഒറ്റ ദിവസത്തെ കലാപരിപാടിയായി പരിഹസിക്കുന്ന റൊമന്റിക് കോമഡി ത്രില്ലറാണ് നവാഗതനായ നെല്‍സണ്‍ വെങ്കടേഷന്റെ ഒരു നാള്‍ കൂത്ത്. ആറു പേരുടെ വിവാഹ സ്വപ്‌നങ്ങളിലൂടെ സമാന്തരമായി കഥപറയുന്നു ചിത്രം. പ്രണയവും പ്രണയത്തിനിടയിലെ ചെറിയ കലഹങ്ങളും തെറ്റിധാരണകളും എല്ലാ മനോഹരമായി ആവിക്ഷകരിക്കുന്നു അടിയേ അഴകേ...എന്‍ അഴകേ അടിയേ എന്ന പ്രണയഗാനത്തിലൂടെ സംവിധായകന്‍. കുഞ്ഞിരാമയാണത്തിലൂടെ മലയാളത്തിനു പരിചിതനായ ജസ്റ്റിന്‍ പ്രഭാകരന്റേതാണ് മനോഹരമായ ഈ ഈണം. പശ്ചാത്തലത്തിലെ വാദ്യവിന്യാസത്തില്‍ മിതത്വം പാലിക്കുന്ന ജസ്റ്റിന്‍ പോയ വര്‍ഷത്തെ ഏറ്റവും മികച്ച മെലഡികളിലൊന്നായി ഈ ഗാനത്തെ മാറ്റുന്നു. വിവേകിന്റേതാണ് വരികള്‍. സിയാന്‍ റോള്‍ഡനും പത്മലതയും ചേര്‍ന്നു പാട്ടിനെ സംഗീതസാന്ദ്രമാക്കുന്നു. 

കണ്‍കളെല്ലാം ഇമ്പം കൂടി കണ്ണീര്‍ ആകുതൈ

2016ലെ ബ്ലോക്ബസ്റ്ററായിരുന്നു രജനികാന്തിന്റെ പാ. രഞ്ചിത്ത് ചിത്രം കബാലി. കബാലി ഡാ എന്ന പഞ്ച് ഡയലോഗ് ഉള്‍പ്പെട്ട ട്രെയിലറും നെരുപ്പ് ഡാ എന്ന പാട്ടുമൊക്കെ റിലീസിങിനു മുമ്പേ തരംഗമായിരുന്നു. ഒരു ഗ്യാങ്‌സന്റര്‍ മ്യൂവിയില്‍ പ്രണയഗാനം പ്രത്യക്ഷപ്പെടുക അപൂര്‍വ്വമായിട്ടാണ്. മായാ നദിയെ എന്ന ഗാനത്തില്‍ നമ്മുക്കു സൂപ്പര്‍ സ്റ്റാര്‍ രജനിയേയോ കബാലി എന്ന ഗ്യാങ്‌സന്ററെയോ കാണാന്‍ കഴിയില്ല, കബാലിശ്വരനും അദ്ദേഹത്തിന്റെ പ്രിയപത്‌നി കുമുദവല്ലിയും തമ്മിലുള്ള നിത്യ പ്രണയത്തിന്റെ അടയാളപ്പെടുത്തലാണ് മനോഹരമായ ഈ ഗാനം. ഉമാദേവിയുടെ നദിപോലെ സ്വച്ചമായി ഒഴുകിയെത്തുന്ന വരികള്‍ക്കു സന്തോഷ് നാരായണന്റെ ആര്‍ദ്രമായ സംഗീതം. രജനിയും രാധിക ആപ്തയും മത്സരിച്ച് അഭിനയിക്കുന്ന ഗാനത്തിന്റെ പിന്നണിയില്‍ അനന്തു, പ്രദീപ് കുമാര്‍ എന്നിവര്‍ക്കൊപ്പം മലയാളത്തിന്റെ പ്രിയ ഗായിക ശ്വേത മോഹനും ശബ്ദ സാന്നിധ്യമാകുന്നു. 

അഴകേ ഓവിയമേ...കനവേ കാവ്യയമേ....

ഇന്ത്യന്‍-വെസ്‌റ്റേണ്‍ സംഗീതങ്ങളെ മനോഹരമായി സമന്വയിപ്പിക്കുന്നതില്‍ സമര്‍ത്ഥനാണ് ഹാരിസ് ജയരാജ് എന്ന സംഗീത സംവിധായകന്‍. വിക്രത്തിന്റെ ഇരട്ടവേഷത്തിലൂടെ ശ്രദ്ധ നേടിയ ഇരുമുഖനിലെ ഹലന ഹല ഹല ഹലന എന്ന ഗാനവും ഒരു ഇന്ത്യന്‍-വെസ്റ്റേണ്‍ ബ്ലന്‍ഡാണ്. ഹാരിസ് ജയരാജിന്റെ തന്നെ മറ്റു പല ഈണങ്ങളോടും ഈ പാട്ടിനു സാദ്യശ്യം ഉണ്ടെങ്കിലും ഒറ്റ കേള്‍വിയില്‍ തന്നെ ആസ്വാദക ഹൃദയങ്ങളെ കീഴടക്കുന്ന ഒരു അഡ്രിനാല്‍ റഷിങ് സോങാണിത്. മദന്‍ കര്‍ക്കിയുടെ വരികള്‍ക്കു പിന്നണി തീര്‍ക്കുന്നത് അഭയ് ജോദ്പുര്‍ക്കര്‍, ഉജ്ജയിനി റോയ്, ക്രിസ്റ്റഫര്‍ സ്റ്റാന്‍ലി എന്നിവര്‍ ചേര്‍ന്നാണ്. 

ഉന്നാലേ എന്നാളും എന്‍ ജീവന്‍ വാഴുതൈ....

ഇളയദളപതി വിജയിയുടെ അറ്റ്‌ലി ചിത്രം തെരിയില്‍ എന്‍ ജീവന്‍ എന്നു തുടങ്ങുന്ന ഗാനം പോയ വര്‍ഷത്തെ മികച്ച പ്രണയഗാനങ്ങളിലൊന്നാണ്. അന്തരിച്ച പ്രശസ്ത ഗാനരചയിതാവ് നാ. മുത്തുകുമാറിന്റേതാണ് വരികള്‍. ജി.വി. പ്രകാശ് കുമാറിന്റെ മറ്റൊരു മനോഹരമായ മെലഡി. ശബ്ദത്തില്‍ എന്നും പ്രണയവും യൗവനവും കാത്തുവെക്കുന്ന ഹരിഹരനൊപ്പം സൈന്തവിയും മലയാളിയുടെ അഭിമാനം വൈക്കം വിജയലക്ഷമിയും ഒന്നിക്കുന്നു പിന്നണിയില്‍

ഉന്‍ വിഴിയാല്‍ മൊഴിയാല്‍ പൊഴിന്തായ് എല്ലമേ

രണ്ടേ രണ്ടു തമിഴ് ചിത്രങ്ങള്‍ക്കാണ് എ.ആര്‍. റഹ്മാന്‍ 2016ല്‍ ഈണം നല്‍കിയത്. രണ്ടു ചിത്രങ്ങളിലെയും ഗാനങ്ങള്‍ ഒന്നിനൊന്നു മികച്ചതും. സൂര്യ നിര്‍മ്മിച്ച് അദ്ദേഹം ഇരട്ടവേഷങ്ങളിലെത്തിയ സയന്‍സ് ഫിക്ഷന്‍ ഡ്രാമ മ്യൂവിയായിരുന്നു 24. ചിത്രം ബോക്‌സ് ഓഫിസില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചില്ല. എങ്കിലും 2016 മികച്ച പ്രണയഗാനങ്ങളിലൊന്നാണ് മെയ് നിഗര എന്നു തുടങ്ങുന്ന ഗാനം. മദന്‍ കര്‍ക്കിയുടേതാണ് വരികള്‍. റഹ്മാന്റെ പരീക്ഷണ സ്വാഭവമുള്ള സംഗീതം. ഒരിക്കല്‍കൂടി സിദ്ധ് ശ്രീറാം ലീഡ് വോയ്‌സില്‍. സനഗ് മൊയ്ട്ടൂട്ടിയും ജോനിത ഗാന്ധിയും ബ്ലാക്കിങ് വോയ്‌സില്‍. സൂര്യയുടെ ഭാവപ്രകടനങ്ങള്‍ കൊണ്ടു സമ്പന്നമാണ് പാട്ടിന്റെ ദൃശ്യങ്ങള്‍.   

ഓ മേലേ ഒരു കണ്ണ് നീ താനെ യെന്‍ മൊറപൊണ്ണ് 

ശിവകാര്‍ത്തികേയനും മലയാളി താരം കീര്‍ത്തി സുരേഷും ഒന്നിച്ച ചിത്രമാണ് രജനി മുരുകന്‍. യുഗഭാരതിയുടെ വരികള്‍ക്കു ഡി. ഇമ്മന്‍ ഈണം നല്‍കിയ ഓ മേലേ ഒരു കണ്ണ് എന്ന ഗാനം ഏറെ ഹൃദ്യമാണ്. പാശ്ചാത്യസംഗീതത്തിന്റെ അതിപ്രസരം നിറഞ്ഞു നില്‍ക്കുന്ന തമിഴകത്ത് വേറിട്ടൊരു ഈണമാകുന്നു ഈ ഗാനം. തമിഴ്‌നാടിന്റെ തനത് സ്പര്‍ശമുള്ള ഗാനം ആലപിച്ചിരിക്കുന്നത് ജിതിന്‍രാജും മഹാലക്ഷമി അയ്യരും ചേര്‍ന്നാണ്. 

ഉന്‍ സോകം ഒരു മേഘം ഞാന്‍ സൊന്നാല്‍ അതു പോകും

2016 വിജയ് സേതുപതിയെന്ന നടന്റെ വര്‍ഷമാണെന്ന് പറയാം. അര ഡസനോളം ചിത്രങ്ങളാണ് അദ്ദേഹത്തിന്റെതായി പുറത്തുവന്നത്. അദ്ദേഹം ഡോക്ടറായി വേഷമിട്ട ധര്‍മ്മദൂരൈ എന്ന ചിത്രത്തിലെ എന്ത പക്കം കാണുംപോതും എന്നു തുടങ്ങുന്ന ഗാനം പോയവര്‍ഷത്തെ മറ്റൊരു മനോഹരമായ പ്രണയഗാനമാണ്. വൈരമുത്തുവിന്റെ വരികള്‍ക്കു യുവന്‍ ശങ്കര്‍ രാജായുടെ ഈണം. പിന്നണിയില്‍ രാഹുല്‍ നമ്പ്യാരും ചിന്‍മയി ശ്രീപദയും ഒന്നിക്കുമ്പോള്‍ പാട്ട് പൂര്‍ണതയില്‍ എത്തുന്നു. ചിത്രത്തിലെ അണ്ഡിപട്ടി എന്ന ഗാനവും ഏറെ ഹൃദ്യമാണ്. 

കൊഞ്ചമാകെ പാര്‍ത്താല്‍ മഴസാറല്‍ വീശുതടീ...

മലയാളിതാരം രമ്യ നമ്പീശനും വിജയ് സേതുപതിയും ഒന്നിച്ച ചിത്രമാണ് സേതുപതി. പോയവര്‍ഷത്തെ മികച്ച പ്രണയഗാനങ്ങളില്‍ ഇടം കണ്ടെത്തുന്നത് ചിത്രത്തിലെ കൊഞ്ചി പേസവെണാ എന്നു തുടങ്ങുന്ന ഈണമാണ്. നാ. മുത്തുകുമാറാണ് ഈ പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. നിവാസ് കെ. പ്രസന്നയുടെ പുതുമയുള്ള ഈണത്തിനു പിന്നണി തീര്‍ത്തിരിക്കുന്നത് ശ്രീറാം പാര്‍തസാരഥിയും മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയും ചേര്‍ന്നാണ്. 

എന്‍ വരമേ..എന്‍ നിറമേ...എഴഴകാ വളനച്ചവളേ...

റെഡ് ജെയിന്റ് മ്യൂവിസിന്റെ ബാനറില്‍ ഉദയനിധി സ്റ്റാലിന്‍ നിര്‍മ്മിച്ചു അദ്ദേഹം നായകനും ഹന്‍സിക നായികമായി എത്തിയ ചിത്രമാണ് മനിതന്‍. വിവേകിന്റെ തൂലികയില്‍ നിന്ന് മറ്റൊരു മനോഹരമായ പ്രണയഗാനം. ഹിറ്റ്ചാര്‍ട്ടില്‍ തന്റേതായി ഒരു ഈണം കൂടി എഴുതി ചേര്‍ക്കുന്നു സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍. പ്രദീപും പ്രിയ ഹേമേഷും ചേര്‍ന്നു ആലപിച്ചിരിക്കുന്നു ഈ ഗാനം.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.