Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒ.എൻ.വിയുടെ ഓണപ്പാട്ടുകള്‍

onv-onam-songs

ഒ.എൻ.വി കുറുപ്പിൻറെ സിനിമാഗാനങ്ങൾ മലയാളിയെ ഒരു വട്ടം കൂടി ഓർമ്മകൾ മേയുന്ന തിരുമുറ്റത്തേക്കു കൂട്ടിക്കൊണ്ടു പോവുന്നു. അവ ഹൃദയത്തിൻ തന്ത്രിയിൽ ആരോ വിരൽതൊടും മൃദുലമാം നിസ്വനം പോലെയാണ്. അവ ഉയിരിൽ അമൃദം തളിച്ച പോലെയാണ്. അദ്ദേഹത്തിൻറെ ഓണപ്പാട്ടുകളും അങ്ങനെയാണ്‌.

പൂത്തുമ്പീ പൂവൻ തുമ്പീ ...

ഓണപ്പൂത്തുമ്പിയെ അഭിസംബോധന ചെയ്തുന്നതാണ് അദ്ദേഹം  സർവ്വേക്കല്ല് (1976 ) എന്ന ചിത്രത്തിനുവേണ്ടി രചിച്ച പൂത്തുമ്പീ പൂവൻ തുമ്പീ... എന്ന ഗാനം. യേശുദാസും മാധുരിയും ചേർന്ന് പാടിയ ഗാനത്തിന്  ഈണം പകർന്നത് ദേവരാജൻ മാസറ്ററാണ്. 1976–ൽ റിലീസായ ചിത്രം സംവിധാനം ചെയ്തത് തോപ്പിൽ ഭാസി ആയിരുന്നു.

പൂത്തുമ്പീ പൂവൻ തുമ്പീ

നീയെന്തേ തുള്ളാത്തൂ തുള്ളാത്തൂ

പൂവു പോരാഞ്ഞോ

പൂക്കുല പോരാഞ്ഞോ

പൂത്തുമ്പീ പൂവൻ തുമ്പീ

നീയെന്തേ തുള്ളാത്തൂ തുള്ളാത്തൂ …

ഞായറുദിച്ചല്ലോ മണ്ണിലെ

ഞാവൽക്കനിയും തുടുത്തല്ലോ

ആറ്റിങ്കരയിലെ കാവൽ മാടത്തിൽ

ആരോ ചൂളമടിച്ചല്ലോ

പാട്ടിൻ തേൻകുടം കൊണ്ടുനടക്കുന്ന

ഞാറ്റുവേലക്കിളിയാണല്ലോ ...

മാനം തളിർത്തല്ലോ മണ്ണിലെ

മാണിക്യച്ചെപ്പും തുറന്നല്ലോ

കാണാതെ പോയൊരു പൂവുകൾ പിന്നെയും

ഓണം കാണാൻ വന്നല്ലോ

തന്നാനം മയിൽ തന്നാനം കുയിൽ

താളത്തിലാടുകയാണല്ലോ ...

‌പി മാധുരി പാടിയ വിപഞ്ചികേ... വിപഞ്ചികേ... വിടപറയും മുൻപൊരു വിഷാദഗീതം കൂടി... ആയിരുന്നു ചിത്രത്തിലെ കൂടുതൽ ജനപ്രിയമായ ഗാനം.

ആവണി പൊന്നൂഞ്ഞാലില്‍ ...

എം.ബി ശ്രീനിവാസന്‍ ഈണം പകർന്നു വാണി ജയറാം പാടിയ ആവണിപ്പൊന്നൂഞ്ഞാലില്‍ ആടി വാ കിളിപ്പെണ്ണേ ... (ഓണപ്പുടവ, 1978) എന്ന ഗാനത്തിന്റെ ആശയലോകം വയലാറിന്റെ  ഓമനത്തിങ്കളിലോണം പിറക്കുമ്പോൾ...  (തുലാഭാരം, 1968) എന്ന ഗാനത്തിന്റെ തന്നെയാണ്. 

ആവണി പൊന്നൂഞ്ഞാലില്‍

ആടി വാകിളിപ്പെണ്ണേ

പൂവായ പൂവെല്ലാം  

ചൂടിവാ കിളിപ്പെണ്ണേ -  ആടിവാ

കുറുമൊഴിപ്പൂ ചൂടി വാ ...

 

മാവേലി വാഴും കാലം

എന്നെന്നും തിരുവോണം

ശീവോതി എഴുന്നള്ളി

പൂതൂകും തിരുമുറ്റം ...

 

ഉണ്ണാനും ഉടുക്കാനും

പുന്നല്ലരി പൂമ്പട്ട്...

കിണ്ണത്തില്‍ ഒതുക്കി നീ

നെഞ്ചിലേ തുടിതാളം

 

ഈറന്‍ മിഴികളെന്തേ

ഓണപ്പൂങ്കന്യമാരെ 

ഈ നല്ല മണ്ണിലേത്തും

ഓമല്‍പൂങ്കന്യമാരെ 

പൊന്നോണം പിറന്നാലും

പൊന്നുണ്ണി പിറന്നാലും

കണ്ണീരാല്‍ ഉപ്പൊഴിച്ച

കല്ലരിക്കഞ്ഞിയാണോ ...

 

ഓണപ്പൂവേ ഓണപ്പൂവേ...

ഈ ഗാനം മറക്കുമോ(1978) എന്ന ചിത്രത്തിൽ നിന്നുള്ളതാണ് ഓണപ്പൂവേ ഓണപ്പൂവേ... എന്ന ഒ.എൻ.വി-സലിൽ ചൗധരി-യേശുദാസ് ടീമിന്റെ സൂപ്പർ ഹിറ്റ് ഗാനം. പ്രേംനസീര്‍ കുട്ടനാടന്‍ കായലിലൂടെ ബോട്ടില്‍ പാടിവരുന്ന സീൻ ഇല്ലാതെ ഈ പാട്ട് ഓർക്കാൻ കഴിയില്ല. സലില്‍ ദായടെ പുതുമയാർന്ന ഓർക്കസ്ട്രേഷൻ മലയാളികളെ അത്ഭുതപ്പെടുത്തുകയും ഗാനം അവരുടെ ഇഷ്ടഗാനമായി മാറുകയും ചെയ്തു. 

ഓണപ്പൂവേ പൂവേ പൂവേ

ഓമല്‍ പൂവേ പൂവേ പൂവേ

നീ തേടും മനോഹര തീരം ദൂരെ

മാടി വിളിപ്പൂ ഇതാ ഇതാ ഇതാ 

അന്തര്‍ദാഹ സംഗീതമായ് 

സന്ധ്യാ പുഷ്പ സൌരഭമായ് 

അനുഭൂതികള്‍ പൊന്നിതളിതളായ്

അഴകില്‍ വിരിയും തീരമിതാ …

വിണ്ണില്‍ ദിവ്യ ശംഖൊലികള്‍ 

മണ്ണില്‍ സ്വപ്ന മഞ്ജരികള്‍

കവി തന്‍ ശാരിക കളമൊഴിയാല്‍ 

നറുതേന്‍ മൊഴിയും തീരമിതാ... 

വില്ലും വീണ പൊന്‍ തുടിയും

പുള്ളോപ്പെണ്ണിന്‍ മണ്‍കുടവും

സ്വരരാഗങ്ങളിലുരുകി വരും

അമൃതം പകരും തീരമിതാ ...

ഓണാഘോഷങ്ങളിൽ പാടുന്ന ഈ പാട്ടിൽ ഓണപ്പൂവേ എന്ന ഒരു വാക്കുണ്ട് ഏന്നതൊഴിച്ചാൽ ഓണവുമായി മറ്റു ബന്ധമൊന്നുമില്ല എന്നതാണ് കൗതുകകരം.

ഒന്നാം തുമ്പി നീയോടിവാ …

സലിൽ ചൗധരി സംഗീതം നൽകി പി സുശീല പാടിയ ഒന്നാം തുമ്പീ നീയോടിവാ ... ആണ് ഓണത്തെ കുറിച്ചുള്ള മറ്റൊരു ഒ എൻ വി ഗാനം. യു.പി. ടോമി സംവിധാനം ചെയ്ത സമയമയില്ലാ പോലും എന്ന സിനിമ 1978 ഓഗസ്റ്റ് 12 നാണ് പ്രദർശനത്തിന് എത്തിയത്.

ഓണത്തിൻറെ ഗ്രാമകാഴ്ചകൾ കാണാനും ആഘോഷങ്ങളിൽ പങ്കെടുക്കാനും തുമ്പിക്കുള്ള ക്ഷണമാണ് ഈ ഗാനം.

ഒന്നാം തുമ്പീ നീയോടിവാ 

പൊന്നും തേനും നീ കൊണ്ടുവാ 

ഉണ്ണിച്ചൊടിയിൽ പൊൻപൂ വിടര്‍ത്തും 

ഉണ്ണിക്കിനാവിൻ സംഗീതമായ് വാ  …

 

ചിങ്ങപ്പെണ്ണിൻ ചിറ്റാടയിൽ 

തൊങ്ങൽ ചാർത്തി പൂഞ്ചില്ലകൾ 

ആലിന്റെ കൊമ്പത്തൊരൂഞ്ഞാലു കെട്ടി 

ആലോലമെൻ കണ്ണനാടുന്നു നീ 

ആരാരും കാണാതെ നീ പോവതെങ്ങോ 

ആരോമൽ തുമ്പീ ചഞ്ചാടി ആടിവാ … 

 

ചെല്ലച്ചെപ്പിൽ മഞ്ചാടിയും 

പൊന്നും മാലേം നീ കൊണ്ടു വാ 

പൂവായ പൂവാകെ നീ ചൂടി വാ 

പാലാട പൊന്നാട നീ ചാർത്തി വാ 

ആയില്യം കാവിലെ തേരോട്ടം കാണാ- 

നാരോമൽ തുമ്പീ ചാഞ്ചാടി ആടിവാ … 

 

തുമ്പീ വാ തുമ്പക്കുടത്തിൻ‌ ...

തുമ്പീ വാ തുമ്പക്കുടത്തിൻ‌... എന്ന സൂപ്പർ ഹിറ്റ് ഗാനം അമോൽ പലേക്കർ അഭിനയിച്ച ഓളങ്ങൾ (1982) എന്ന സിനിമയിലെയാണ്.  ഇളയരാജ കാപി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഗാനം എസ് ജാനകിയാണ് ആലപിച്ചത്. 1982  ജനുവരി 25  റിലീസായ ചിത്രം ബാലു മഹേന്ദ്ര സംവിധാനം ചെയ്തു. 

ONV Kurup ഒഎൻവി കുറുപ്പ്

ഒരു തുമ്പിയും തുമ്പക്കതിരുംകൊണ്ട് കൽപ്പനകൾ ആകാശപരപ്പിലേക്കു  ആയത്തിൽ കുതിക്കുന്നത്‌ ഈ ഗാനത്തിൽ കാണാം. തിരിച്ചുപിടിക്കാനാവാത്ത ബാല്യത്തിലേക്കു,  ഊഞ്ഞാലാട്ടത്തിൻറെ സ്വപ്നതുല്യമായ വിസ്മയാനുഭൂതികളുടെ ലോകത്തേക്ക് തുടർന്നുള്ള കല്പനകൾ കൂട്ടിക്കൊണ്ടുപോകുന്നു.

തുമ്പീ വാ തുമ്പക്കുടത്തിൻ‌ തുഞ്ചത്തായ് ഊഞ്ഞാലിടാം‌

ആകാശപ്പൊന്നാലിന്നിലകളെ ആയത്തിൽ തൊട്ടേ വരാം‌

തുമ്പീ വാ തുമ്പക്കുടത്തിൻ‌ തുഞ്ചത്തായ് ഊഞ്ഞാലിടാം‌...

മന്ത്രത്താൽ പായുന്ന കുതിരയെ മാണിക്യകയ്യാൽ‌ തൊടാം‌

ഗന്ധർവ്വൻ‌ പാടുന്ന മതിലക മന്ദാരം‌ പൂവിട്ട തണലിൽ

ഊഞ്ഞാലേ...പാടാമോ...ഊഞ്ഞാലേ പാടാമോ...

മാനത്തു മാമൻ‌റെ തളികയിൽ മാമുണ്ണാൻ പോകാമൊ നമുക്കിനി

 

പണ്ടത്തെ പാട്ടിന്റെ വരികൾ ചുണ്ടത്ത് തേൻ‌തുള്ളിയായ് 

കൽക്കണ്ട കുന്നിന്റെ മുകളിൽ കാക്കാച്ചി മേയുന്ന തണലിൽ 

ഊഞ്ഞാലേ...പാടിപ്പോയ്... ഊഞ്ഞാലേ ... പാടിപ്പോയ് ...

ആക്കയ്യിൽ ഈക്കയ്യിലൊരുപിടി കയ്ക്കാത്ത നെല്ലിക്കായ് മണി തരൂ...

 

അത്തപ്പൂവും നുള്ളി...

ജെറി അമൽ ദേവിന്റെ പാശ്ചാത്യ സംഗീതം കൊണ്ട് വ്യത്യസ്തമായ ഓണപ്പാട്ടാണ് പുന്നാരം ചൊല്ലിച്ചൊല്ലി(1985) എന്ന ചിത്രത്തിലെ യേശുദാസും കെ.എസ് ചിത്രയും ചേർന്ന് പാടിയ അത്തപ്പൂവും നുള്ളി ... എന്ന ഗാനം.

അത്തപ്പൂവും തൃത്താപ്പൂവും നുള്ളി പാട്ടും പാ‍ടി ഊഞ്ഞാലാടി വരുന്ന തെന്നൽ, തുമ്പിതുള്ളൽ, ചായുറങ്ങുന്ന ഓണത്തുമ്പിയും പൂങ്കാറ്റും, ചിങ്ങ പൂങ്കൊമ്പുകൾ, മാനോടുന്ന മേലേക്കാട്, മീനാടുന്നേ താഴേയാറ്, നെഞ്ചിൽ പാടുന്ന മാടത്ത... പാട്ടിൽ ഒ.എൻ.വി ഒരുക്കുന്ന ഓണക്കാഴ്ചകൾ ഇനിയുമുണ്ട്.

അത്തപ്പൂവും നുള്ളി തൃത്താപ്പൂവും നുള്ളി

തന്നാനം പാ‍ടി പൊന്നൂഞ്ഞാലിലാടി

തെന്നലേ വാ ഒന്നാനാം കുന്നിലോടി വാ....

ഇല്ലത്തമ്മ നീരാടി പോരും നേരം

വെള്ളിപ്പൂങ്കിണ്ണം തുള്ളി തുള്ളീ

പൂവും നീരും തൂകിതൂകി

ഏഴേഴുതോഴിമാരും വാ.... 

എന്തേ തുമ്പീ തുള്ളാത്തൂ പൂവുപോരേ

തുള്ളിപ്പാടാത്തൂ പൊന്നും പോരേ

മൺകുടത്തിൽ കാത്തു വെയ്ക്കും

മൺകുടത്തിൽ പാത്തു വെയ്ക്കും

മാണിക്കക്കല്ലും തന്നാലോ ...

ഓണത്തുമ്പീം പൂങ്കാറ്റും ചായുറങ്ങീ

ചിങ്ങപൂങ്കൊമ്പിൽ രാരിരാരോ

മാനോടുന്നെ മേലെകാട്ടിൽ

മീനാടുന്നേ താഴെയാറ്റിൽ

മാടത്ത നെഞ്ചിൽ പാടുന്നേ ...

 

പൊന്നാവണിവെട്ടം തിരുമുറ്റം മെഴുകുന്നു ...

തിരുമുറ്റം മെഴുകുന്ന ആവണിവെട്ടവും കളംവരക്കുന്ന മന്ദാരനിഴലും കാറ്റിലിളകുന്ന കരിമ്പിൻ തണ്ടുകളും പൂവും പൂന്തുമ്പികളും പുതിയ കാവും കതിരോലകളും ചേർന്ന ഒ.എൻ.വിയുടെ തനതു ഓണ ബിംബങ്ങൾ പൊന്നാവണിവെട്ടം തിരുമുറ്റം മെഴുകുന്നു ... എന്ന ഗാനത്തിലുമുണ്ട് (മുഖച്ചിത്രം, 1991). സംഗീതം മോഹൻ സിതാര. പാടിയത് യേശുദാസും സംഘവും. 

പൊന്നാവണിവെട്ടം തിരുമുറ്റം മെഴുകുന്നു

മന്ദാരത്തൂനിഴലവിടെ കളം വരയ്ക്കുന്നു

കയ്യില്‍പ്പൂക്കുല തുള്ളിത്തുള്ളി

കളത്തിലാടുവതാരോ എന്‍

കുളിരമ്പിളിനീയാരാരോ ...

 

പാല്‍ക്കരിമ്പിൻ തണ്ടുകളാൽ

കാ‍വടികെട്ടും പൂങ്കാറ്റേ

പാത്തുപതുങ്ങിപ്പോകാന്‍ വയ്യല്ലോ നിൻ

ഓട്ടുചിലമ്പുകള്‍ ചിരിച്ചുതുള്ളുമ്പോൾ

പൂവും പൂന്തുമ്പികളും നീവന്നതറിഞ്ഞല്ലോ

നീ വന്നതറിഞ്ഞല്ലോ ...

 

തേന്‍ കുറിഞ്ഞിപ്പാട്ടുകൾ നീ

തേകിനടക്കുന്നെന്‍ നെഞ്ചിൽ

ആറ്റുവക്കിലെയല്ലിമലര്‍ക്കാവിൽ പുതു

കാവും കതിരോലകളും ഹാ

കാവും കതിരോലകളും കൈനീട്ടിവിളിക്കുന്നു

കൈനീട്ടിവിളിക്കുന്നു 

 

പാതിരാക്കിളി വരൂ...

ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്ത കിഴക്കൻ പത്രോസിലെ (1992)  പാതിരാക്കിളി വരൂ പാൽക്കടൽക്കിളീ ... എന്ന ഗാനത്തിൽ  തിരുവോണത്തിനു പുലർമേടിറങ്ങി മലർകാവിലൂടെ പൂവുംനുള്ളി ആടിപ്പാടി വരാൻ, ഓണനാളിൽ കഥപറയാൻ പാൽക്കടൽക്കിളിയെ വിളിക്കുന്നുണ്ട്. കാറ്റിലാടുന്ന മുളങ്കാട്ടിനുള്ളിൽനിന്നും മുഴങ്ങുന്നത് ഓണവില്ലൊളിയാണ്. എസ് പി വെങ്കിടേഷ് സ്വതസിദ്ധമായി ചിട്ടപ്പെടുത്തിയ ഗാനം യേശുദാസ് ആണ് പാടിയിരിക്കുന്നത്.

പാതിരാക്കിളി വരൂ പാൽക്കടൽക്കിളീ

ഓണമായിതാ തിരുവോണമായിതാ

പാടിയാടി വാ പുലർമേടിറങ്ങി വാ

പൂവു നുള്ളി വാ മലർ കാവിലൂടെ വാ

കാറ്റിലാടുമീ  മുളങ്കാട്ടിനുള്ളിലും

ഓണവില്ലൊളി മുഴങ്ങുന്നു

പാതിരാക്കിളി വരൂ പാൽക്കടൽക്കിളി

ഓണം പരാമര്‍ശിക്കപ്പെന്ന  മറ്റു ഒ എൻ വി പാട്ടുകള്‍

ആയിരം പൊൻപണം വീണു കിട്ടി എന്ന പാട്ടിൽ (സൃഷ്ടി, 1976)) പൊന്നുകൊണ്ടുള്ള ഓണാക്കാഴ്ചയെക്കുറിച്ചു ഒ.എൻ.വി പറയുന്നുണ്ട്. എന്റെ നീലാകാശം (1979) എന്ന ചിത്രത്തിലെ തെക്കു തെക്കു തെക്കു നിന്നൊരു തേക്കുപാട്ട്...  എന്ന ഗാനത്തിൽ ഒ എൻ വിയും കെ രാഘവൻ മാഷും  ഓണം ഇങ്ങനെയാണ് ആഘോഷിച്ചിരിക്കുന്നത്. 

അത്തം പത്തോണം

പുത്തരി കൊണ്ടോണം

പുത്തൻ പൊന്നോണം

ഓണപ്പൂ വില്ലു കൊട്ടി തൈ തൈ തൈ

ഞാണിന്മേൽ മണി കെട്ടി തൈ തൈ തൈ

താളത്തിൽ വില്ലു കൊട്ടീ തൈ തൈ തൈ

ഓണപ്പൂവില്ലു കൊട്ടു ഞാണിന്മേൽ മണി കെട്ടി

ഒരായിരം കൈകൾ വില്ലു കൊട്ടി

ഭും ഭും ഭും ഭും

തെക്കു തെക്കു തെക്കു നിന്നൊരു തേക്കുപാട്ട് ...

മന്ദാരക്കാട്ടില്‍ വിരുന്നുറങ്ങിയ മഞ്ഞും കുളിരും, കുഞ്ഞിക്കിളിയും, നൃത്തമാടിയ ചിങ്ങനിലാവും, ചിത്തിരപൂവും  ഇളയരാജ സംഗീതം പകർന്ന മറ്റൊരു ഒ.എൻ.വി ഗാനത്തിലുണ്ട് (സന്ധ്യക്കു വിരിഞ്ഞ പൂവ്, 1983). ആറ്റക്കുരുവി കുഞ്ഞാറ്റ കുരുവി ... എന്ന പാട്ടിൽ (തോരണം, 1987) പുള്ളുവവീണയും പൂത്തുമ്പിയും മൂളി പറന്നുവന്ന നല്ലോണക്കാലമുണ്ട്. 

ഒ.എൻ.വിയും ജോൺസൻ മാസ്റ്ററും ചേർന്നൊരുക്കിയ ഗാനവും അതിനു ഭരതൻ എന്ന പ്രതിഭാശാലി തീർത്ത രംഗങ്ങളും യേശുദാസിന്റെയും ലതികയുടെയും ആലാപനവും ഒന്നുചേർന്നപ്പോൾ ഉണ്ടായതാണ് ഒരു മിന്നാമിനുങ്ങിന്‍െറ നുറുങ്ങുവെട്ടം(1987) എന്ന സിനിമയിലെ പൂവേണം പൂപ്പട വേണം പൂവിളി വേണം... എന്ന പാട്ട്. പൂവുടലാകെ പൂമൂടാൻ പോരുമൊരോണം പൂക്കുല തുള്ളീ കളമാകെ നിറയൂ ഓണനാളിൽ നീ കഥയൊന്നു ചൊല്ലി വാ... എന്ന് പാടിയാണ് അത്തിവരമ്പില്‍ തത്തകൾ പാടും എന്ന സംഘഗാനം (ഭാഗ്യവാൻ,1994) അവസാനിക്കുക.

ഒ.എൻ.വിയുടെ അതിരുകളില്ലാത്ത ഭാവനയുടെ അനന്താകാശം അദ്ദേഹത്തിന്‍റെ ഓണപ്പാട്ടുകളിലും കണ്ടെത്താനാകും. സിനിമയുടെ കഥാസന്ദർഭത്തിന് ഭാവതീവ്രത നൽകിയ ഈ ഗാനങ്ങൾ സിനിമയുടെ ഇതിവൃത്തത്തെയും ഗാനത്തിന്റെ രൂപശില്പത്തെയും അതിജീവിച്ചു സ്വതന്ത്രവും മൗലികവുമായ ഓണപ്പാട്ടുകളായും നിലനിൽക്കുന്നു.