Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ഞുപൊഴിയുന്ന കാരള്‍ഗാനങ്ങള്‍

xmas

ക്രിസ്മസിന്റെ ഓര്‍മകളിലെല്ലാം മഞ്ഞുപൊഴിയുന്ന ഒരു രാവിന്റെ ശാന്തതയും വിശുദ്ധിയും പരന്നൊഴുകുന്നുണ്ട്. എവിടെ നിന്നെല്ലാമോ ഉയരുന്ന കാരള്‍ ഗീതത്തിന്റെ പല്ലവികള്‍ കാതുകളില്‍ അലയടിക്കുന്നുണ്ട്. എല്ലാ രാവുകളെക്കാളും ക്രിസ്മസ് രാവ് മനോഹരമാകുന്നത് കാരള്‍ ഗാനത്തിന്റെ അനുരണനങ്ങള്‍ കൊണ്ടു കൂടിയാണ്. കാരള്‍ ഇല്ലാതെ നമുക്കെന്ത് ക്രിസ്മസ് എന്ന് ആരും ചോദിച്ചുപോകും.

  

മലയാള സിനിമയിലുമുണ്ട് ഒരുപിടി ശ്രദ്ധേയമായ കാരള്‍ ഗാനങ്ങള്‍. അവയില്‍ മുമ്പില്‍ നില്ക്കുന്നതാണ് 1979 ല്‍ പുറത്തിറങ്ങിയ തുറമുഖം എന്ന സിനിമയിലെ ഗാനം. വിശ്വപ്രസിദ്ധമായ സൈലന്റ് നൈറ്റ് ഹോളി നൈറ്റിന്റെ വരികളുടെ നേര്‍തര്‍ജ്ജമ എന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ളതാണ് ഈ ഗാനത്തിലെ ആദ്യവരികള്‍.

ശാന്ത രാത്രി

തിരുരാത്രി

തുടര്‍ന്നുള്ള വരികള്‍  ഇങ്ങനെയാണ്.

വിണ്ണിലെ താരക ദൂതരിറങ്ങിയ

മണ്ണിന്‍ സമാധാന രാത്രി

ഉണ്ണി പിറന്നു, ഉണ്ണി യേശു പിറന്നു

ഉണ്ണി പിറന്നു, ഉണ്ണി യേശു പിറന്നു

ഉണ്ണി പിറന്നു ഉണ്ണി യേശു പിറന്നു (ശാന്ത)

ആ...ആ..ആ

 

ദാവീദിന്‍ പട്ടണംപോലെ

പാതകള്‍ നമ്മളലങ്കരിച്ചു (2)

വീഞ്ഞു പകരുന്ന മഞ്ഞില്‍ മുങ്ങീ

വീണ്ടും മനസ്സുകള്‍ പാടീ

ഉണ്ണി പിറന്നു ഉണ്ണി യേശു പിറന്നു

ഉണ്ണി പിറന്നു ഉണ്ണി യേശു പിറന്നു

ഉണ്ണി പിറന്നു ഉണ്ണി യേശു പിറന്നു (ശാന്ത)

കുന്തിരിക്കത്താലെഴുതി

സന്ദേശ ഗീതത്തിന്‍ പൂ വിടര്‍ത്തി (2)

ദൂരെ നിന്നായിരം അഴകിന്‍ കൈകള്‍

എങ്ങുമാശംസകള്‍ തൂകി

ഉണ്ണി പിറന്നു ഉണ്ണിയേശു പിറന്നു

ഉണ്ണി പിറന്നു ഉണ്ണി യേശു പിറന്നു

ഉണ്ണി പിറന്നു ഉണ്ണി യേശു പിറന്നു (ശാന്ത)

ക്രിസ്മസിന്റെ അര്‍ഥവും അനുഭവവും വെളിവാക്കുന്ന ഈ വരികള്‍ എഴുതിയിരിക്കുന്നത് പൂവച്ചല്‍ ഖാദറാണ്. എം.കെ അര്‍ജുനന്റേതാണ് സംഗീതം. ജോളി എബ്രഹാമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഈ ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത് അംബിക, സോമന്‍, സുകുമാരന്‍, പപ്പു എന്നിവരാണ്.

ഫാസിലിന്റെ ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രത്തിലുമുണ്ട് മനോഹരമായ ഒരു ക്രിസ്മസ് ഗാനം, കാരളിന്റെ പശ്ചാത്തലത്തില്‍. ആ ഗാനം ഇങ്ങനെയാണ്.

 

ആരാധന നിശാസംഗീത മേള

വരൂ വരൂ ദേവന്‍ പിറന്നിതാ

തൊഴാം തൊഴാം നാഥന്‍ പിറന്നിതാ

 

ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ

കമ്പിത്തിരി മത്താപ്പോ (2)

മനസ്സേ ആസ്വദിക്കൂ ആവോളം

വര്‍ണ്ണക്കതിരോ സ്വര്‍ണ്ണപതിരോ

കണ്ണാടിച്ചില്ലിന്റെ കന്നിപ്പൊരിയോ

വര്‍ണ്ണക്കതിരോ സ്വര്‍ണ്ണപതിരോ

കണ്ണാടിച്ചില്ലിന്റെ കന്നിപ്പൊരിയോ

ഉള്ളിന്റെ ഉളളിലാരാരോ കത്തിച്ച

മാലപ്പടക്കോ താലപ്പൊലി ( ലാത്തിരി)

jingle jingle bells

uncle santa claus

come come come

In our herats and homes (2)

ഈ നക്ഷത്രക്കുന്നില്‍

ഈ പുല്‍ക്കുടിലിനുള്ളില്‍

മഴവില്‍ക്കൊടികള്‍

മണിഗോപുരമിട്ടൊരു

മച്ചകമേടയിതില്‍ ( ജിങ്കിള്‍)

ശാന്തമാം യാമിനി പുണ്യയാം മേദിനി

കന്യമാതാവിന്‍ പൂങ്കരത്തില്‍

മണ്ണിനും വിണ്ണിനും ഏക നാഥന്‍

ഉണ്ണീശോ മിശിഹാ

സൗമ്യനായ് വീണുറങ്ങി

ചിത്രയുടെ സ്വരത്തിലുള്ള ഈ ഗാനത്തിന്റെ ശില്പികള്‍ ജെറി അമല്‍ദേവും ബിച്ചു തിരുമലയുമാണ്.

ഓരോ കാരള്‍ഗാനവും ഇന്നലെകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. നഷ്ടസ്മൃതികളുടെ പൂങ്കാവനങ്ങള്‍ അത് നമുക്കു കാണിച്ചുതരുന്നു. ഗൃഹാതുരത്വത്തിന്റെ മഞ്ഞുപൊഴിയുന്നവയാണ് ഈ ഗാനങ്ങളെല്ലാം. ഗ്രാമവഴികളിലൂടെ കാരള്‍സംഘത്തിനൊപ്പം പോയത്, മണ്ണെണ്ണവിളക്കുകളില്‍ പ്രകാശിക്കുന്ന വര്‍ണ്ണനക്ഷത്രങ്ങൾ, തണുത്തുവിറയ്ക്കുന്ന രാവുകള്‍.. അതെ കാരള്‍ഗാനങ്ങളില്‍ പൊയ്പ്പോയകാലത്തിന്‍റെ മുഴുവന്‍  ഓര്‍മകളുമുണ്ട്. അതുകൊണ്ടാണ് അവ വീണ്ടും വീണ്ടും കേള്‍ക്കാന്‍ നാം ആഗ്രഹിക്കുന്നതും.