Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദക്ഷിണ പശ്ചിമ സേനാ കമാൻഡിന് മലയാളി മേധാവി

cherish-mathson

ന്യൂഡൽഹി ∙ ജയ്പുർ ആസ്ഥാനമായുള്ള ദക്ഷിണ പശ്ചിമ സേനാ കമാൻഡിന്റെ മേധാവിയായി (ജനറൽ ഓഫിസർ കമാൻഡിങ് ഇൻ ചീഫ്) മലയാളിയായ ലഫ്. ജനറൽ ചെറിഷ് മാത്‌സൺ നിയമിതനായി. ഈ മാസം 31ന് അദ്ദേഹം ചുമതലയേൽക്കുമെന്നു സൈനിക വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തിന്റെ പടിഞ്ഞാറൻ അതിർത്തി മേഖലയുടെ സുരക്ഷാ ചുമതലയാണു സപ്തശക്തി കമാൻഡ് എന്ന പേരിലറിയപ്പെടുന്ന സൗത്ത് വെസ്റ്റേൺ കമാൻഡ് നിർവഹിക്കുന്നത്.

നിലവിൽ, ഭോപാൽ ആസ്ഥാനമായുള്ള സുദർശൻ ചക്ര കോർ കമാൻഡറായ ലഫ്. ജനറൽ ചെറിഷ്, തിരുവല്ല ഇരവിപേരൂർ ശങ്കരമംഗലം കുടുംബാംഗമാണ്. ലഫ്.ജനറൽ അഭയ് കൃഷ്ണയുടെ പിൻഗാമിയായാണു ദക്ഷിണ പശ്ചിമ കമാൻഡിന്റെ നേതൃത്വം ചെറിഷ് ഏറ്റെടുക്കുന്നത്. അഭയ് കൃഷ്ണ കൊൽക്കത്ത ആസ്ഥാനമായുള്ള കിഴക്കൻ സേനാ കമാൻഡിന്റെ മേധാവിയാകുമെന്നാണു സൂചന. കഴക്കൂട്ടം സൈനിക സ്കൂളിൽ പഠിച്ച ചെറിഷ്, 1980ൽ ഗഡ്‌വാൾ റൈഫിൾസിൽ ചേർന്നു.

അമൃത്‌സറിൽ ഖലിസ്ഥാൻ ഭീകരവാദികൾക്കെതിരെ നടന്ന ഓപ്പറേഷൻ ബ്ലൂ സ്റ്റാർ, വടക്കു കിഴക്കൻ വിഘടനവാദികൾക്കെതിരായ സൈനിക നടപടി എന്നിവയിൽ പങ്കെടുത്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ യുദ്ധഭൂമിയായ സിയാച്ചിനിലും ജമ്മു–കശ്മീരിലെ അതിർത്തി മേഖലയിലും സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം, തിരുവനന്തപുരം പാങ്ങോട് സേനാ കേന്ദ്രത്തിന്റെ ചുമതലയും വഹിച്ചു. വിശിഷ്ട സേവാ മെഡൽ ലഭിച്ചിട്ടുണ്ട്.