Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊതു വിദ്യാലയങ്ങൾ: ഒന്നാം ക്ലാസിൽ വർധിച്ചത് 10,078 കുട്ടികൾ

തിരുവനന്തപുരം∙ പൊതു വിദ്യാലയങ്ങളിലെ ആറാം പ്രവൃത്തി ദിവസത്തെ കണക്കെടുപ്പു പൂർത്തിയായപ്പോൾ ഒന്നു മുതൽ ഒൻപതു വരെ ക്ലാസുകളിൽ പുതിയതായി എത്തിയത് 1,85,971 കുട്ടികൾ. ഒന്നാം ക്ലാസിൽ  ഇക്കൊല്ലം കൂടുതലായി എത്തിയത് 10,078 കുട്ടികളാണ്.

വിദ്യാർഥികൾ വർധിച്ചതിനനുസരിച്ച് അധ്യാപക തസ്തിക വർധിക്കുമോയെന്ന് അറിയണമെങ്കിൽ അധ്യാപകരുടെ തസ്തിക നിർണയ നടപടികൾ പൂർത്തിയാകണം. എല്ലാ ജില്ലകളിലും ഒന്നാം ക്ലാസിൽ കുട്ടികൾ വർധിച്ചു. ഏറ്റവും കൂടുതൽ കുട്ടികൾ വർധിച്ചതു മലപ്പുറത്താണ്. 5009 കുട്ടികൾ (49.7%). കഴിഞ്ഞ വർഷം പുതിയതായി എത്തിയ 1,45,208 കുട്ടികളെക്കൂടി ഉൾപ്പെടുത്തിയാൽ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം തുടങ്ങി രണ്ടു വർഷത്തിനുള്ളിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പുതിയതായി എത്തിയ വിദ്യാർഥികളുടെ എണ്ണം 3,31,179 ആയി. സർക്കാർ സ്കൂളുകളിൽ ഇക്കൊല്ലം 6.3 ശതമാനവും (70,644 കുട്ടികൾ) എയ്ഡഡ് സ്കൂളുകളിൽ 5.4 ശതമാനവും (1,15,327) വിദ്യാർഥികൾ വർധിച്ചു. എന്നാൽ അൺഎയ്ഡഡ് മേഖലയിൽ 33,174 കുട്ടികൾ(എട്ടു ശതമാനം) കുറയുകയാണു ചെയ്തത്.

സർക്കാർ സ്കൂളുകളിൽ ഒന്നുമുതൽ 10 വരെ ക്ലാസുകളിൽ കുട്ടികൾ കൂടി. എയ്ഡഡ് സ്കൂളുകളിൽ പത്താംക്ലാസിൽ ഒഴികെ എല്ലാ ക്ലാസിലും  വർധിച്ചു. എന്നാൽ അൺഎയ്ഡഡ് സ്കൂളുകളിൽ എല്ലാ ക്ലാസിലും കുട്ടികൾ കുറഞ്ഞു.

സംസ്ഥാനതലത്തിൽ ഏറ്റവുമധികം കുട്ടികൾ പുതിയതായി പ്രവേശനം നേടിയത് അഞ്ചാം ക്ലാസിലാണ്– 45,702 പേർ(24.57%). എട്ടാം ക്ലാസിൽ പുതിയതായി എത്തിയവരുടെ എണ്ണം 37,724 (20.28%). 

പൊതു വിദ്യാലയങ്ങളിലെ മൊത്തം വിദ്യാർഥികളുടെ എണ്ണം കഴിഞ്ഞ 25 വർഷത്തെ ചരിത്രത്തിൽ ആദ്യമായി വർധിച്ചതായി പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻകുമാർ അറിയിച്ചു. ഈ വർഷം 32,349 കുട്ടികളുടെ വർധനയാണുള്ളത്. കഴിഞ്ഞ 25 വർഷവും വിദ്യാർഥികളുടെ എണ്ണം മുൻ വർഷത്തെക്കാൾ കുറഞ്ഞുവരികയായിരുന്നു. എല്ലാ ജില്ലകളിലെയും പൊതു വിദ്യാലയങ്ങളിൽ കുട്ടികൾ കൂടി. ഏറ്റവും കൂടുതൽ വർധന മലപ്പുറത്ത് (32,964) ആണ്. കോഴിക്കോട്(20,043), പാലക്കാട്(17,197), കണ്ണൂർ (16,802), കൊല്ലം(16,720), തിരുവനന്തപുരം(15,777) ജില്ലകളാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. കഴിഞ്ഞ വർഷം സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിൽ ആകെ 36.81 ലക്ഷം കുട്ടികൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇക്കൊല്ലം മൂന്നു മേഖലയിലുമായി  37.04 ലക്ഷമായി.